ADVERTISEMENT

“ഹാ, വിജിഗീഷു മൃത്യുവിന്നാമോ

ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താൻ?” (വൈലോപ്പിള്ളി, കന്നിക്കൊയ്ത്ത്)

ഏതു യോദ്ധാവിനു മുന്നിലും (അത് മരണമായാലും) ജീവിതത്തിന്‍റെ കൊടിപ്പടം ഉയര്‍ത്തിപ്പിടിക്കുന്ന മഹാകവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍. കഴിഞ്ഞ മേയ് 11 അദ്ദേഹത്തിന്‍റെ നൂറ്റിപ്പന്ത്രണ്ടാം ജന്മദിനമായിരുന്നു. 

ആദ്യ കവിതാസമാഹാരത്തിൽത്തന്നെ മൃത്യുവിനു മുന്നില്‍ ജീവിതത്തിന്‍റെ അജയ്യമായ ശക്തിചൈതന്യം അവതരിപ്പിച്ച കവിയാണ് വൈലോപ്പിള്ളി. ഓരോ കവിതയിലും ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിച്ച അദ്ദേഹം നൈരാശ്യത്തെയും മരണത്തെയും വെല്ലുവിളിച്ചു. അതുവഴി മലയാള കവിതയില്‍ വേറിട്ട ഒരു കാവ്യഭാവുതകത്വം സൃഷ്ടിച്ചു. മൃത്യുവിനു കീഴടങ്ങുകയെന്ന അനിവാര്യതയെ പുല്‍കാനാണ് മനുഷ്യര്‍ പൊതുവെ തയാറെടുക്കുന്നത്. എന്നാൽ, വൈലോപ്പിള്ളിയിലെ അഹംബോധവും ശുഭാപ്തിവിശ്വാസവും മരണത്തിനു കീഴടങ്ങാൻ വിസമ്മതിക്കുന്നു. അതേസമയം അദ്ദേഹത്തിന്‍റെ ദാര്‍ശനികത ആത്മീയമല്ല. ശാസ്ത്രബോധത്തിലൂടെയാണ് കവി മൃത്യവിനെ ജയിക്കുന്നത്. മരണാനന്തര ജീവിതത്തില്‍ തനിക്കു വിശ്വാസമില്ലെന്ന് വൈലോപ്പിള്ളി തുറന്നുപറഞ്ഞിട്ടുണ്ട്. 

“മൃതിയൊടുകേളിയിൽ വെല്ലും ജീവിത-

ചതുരംഗക്കരുവാണെല്ലാം” (ചേറ്റുപുഴ) 

എന്ന് ജീവിതത്തിന്‍റെ വിജയത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുന്നു. ഈ വരികളിലും ജീവിതവും മൃതിയും തമ്മിലുള്ള ചതുരംഗക്കളിയിൽ ജീവിതം മൃതിയെ വെല്ലുന്നതായി കവി സ്ഫുടീകരിക്കുന്നു.

vyloppilly-sreedhara-menon
വൈലോപ്പിള്ളി ശ്രീധര മേനോൻ

മരണത്തെ ജയിക്കാനുള്ള അഭിനിവേശം ‘നര്‍ത്തകി’ എന്ന കവിതയിലെ നായിക പ്രകടിപ്പിക്കുന്നത് ഇങ്ങനെ:

“എന്നേക്കുമായ് നടനമൊന്നിവളാടിടട്ടെ

പിന്നെക്കറുത്ത മൃതിതന്‍ മധു ഞാന്‍ കുടിക്കാം!”

എന്നതാണ് നര്‍ത്തകിയുടെ തത്ത്വശാസ്ത്രം.

‘മരണം കനിഞ്ഞോതി’ (ഓണപ്പാട്ടുകാർ) എന്ന കവിതയിലും മരണത്തിനു മുന്നില്‍ ജീവിതത്തിന്‍റെ വിജയഭേരി മുഴങ്ങുന്നു. മൃത്യുവിനോടൊപ്പം പോയ കവി തന്‍റെ കാമുകിയുടെ മധുരസ്മരണകളും കൊണ്ടുപോയിരുന്നു. വെറ്റിലത്തരി പോലെ കവി അതു നുണഞ്ഞുകൊണ്ടിരുന്നപ്പോൾ, ചുറ്റിലും മാമ്പൂവിന്‍റെ മണം ചിന്നിയപ്പോൾ മരണം ഞെട്ടി. എന്നിട്ട് ചോദിച്ചു: ‘എന്തിതു ചതിച്ചോ നീ?’ കവിയുടെ കവിൾ തുടുക്കുകയാണ്. മിഴി തിളങ്ങുകയാണ്. കരൾ മിടിക്കുകയാണ്. കവി ജീവിച്ചിരിക്കുന്നു! മികച്ച ഒരു ഭാവചിത്രമാണിത്. 

യൗവനത്തിന്‍റെ തീക്ഷ്ണമായ വികാരവും ഉറച്ച ശുഭാപ്തിവിശ്വാസവും ഉരുക്കിയൊഴിച്ച കവിതയാണ് ‘ഒരു ഗാനം’ (ശ്രീരേഖ). ഒറ്റയായ മനുഷ്യന്‍റെ ശക്തിയുടെ ശബ്ദം ഈ കവിതയിലും മുഴങ്ങുന്നു. “അത്രയേറെ ഞാൻ സ്നേഹിക്കയാലേ മൃത്യുവുമൊരു മുത്തമായ്തോന്നി”. എന്ന് ഉറക്കെ പറയാൻ ജീവിതത്തെ സ്നേഹിക്കുന്ന, കവിതയെ പ്രണയിക്കുന്ന, മരണത്തെ തോല്‍പിക്കുന്ന ഒരു കവിക്കു മാത്രമേ സാധിക്കൂ. 

kuttikrishna-marar
കുട്ടിക്കൃഷ്ണ മാരാർ

ആധുനിക കവിത്രയം അവശേഷിപ്പിച്ച കാവ്യപാരമ്പര്യത്തിന്‍റെ അനന്തരാവകാശി എന്ന നിലയിലാണ് വൈലോപ്പിള്ളി കാവ്യരംഗത്തേക്കു കടന്നുവന്നത്. എന്നാല്‍ അദ്ദേഹം തികഞ്ഞ കാല്‍പനികനല്ല. മറിച്ച് കാല്‍പനികതയുടെ പരിഷ്കര്‍ത്താവായിരുന്നു. മലയാളസാഹിത്യത്തിലെ ‘ആധുനിക കവിത്രയ’മാണ് കാല്‍പനികതയുടെ ആദ്യതരംഗം സൃഷ്ടിച്ചത്. കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ എന്നിവരാണ് ആ മൂന്നു കവികള്‍. ആധുനിക കവിത്രയത്തെ പിന്‍പറ്റിവന്ന ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോന്‍, പി. കുഞ്ഞിരാമന്‍ നായര്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവന്‍പിള്ള തുടങ്ങിയവരാണ് മലയാളത്തിലെ രണ്ടാംനിരക്കാരായ കാല്‍പനികകവികള്‍. കാല്‍പനിക കവികളില്‍ ആശയഗാംഭീര്യത്തില്‍ മികച്ചുനില്‍ക്കുന്ന കുമാരനാശാന്‍റെ പിന്‍തുടര്‍ച്ചക്കാരനായി കുട്ടികൃഷ്ണമാരാര്‍ വൈലോപ്പിള്ളിയെ കാണുന്നു.

vyloppilli-kumaranashan
വൈലോപ്പിള്ളി ശ്രീധര മേനോൻ, കുമാരനാശാൻ

കൗമാരത്തില്‍ വള്ളത്തോളിന്‍റെയും ഉള്ളൂരിന്‍റെയും കവിതകള്‍ ‘കോരിക്കുടിച്ച’ തനിക്ക് ആത്മീയാനുഭൂതി ഏറ്റവുമധികം ഉണ്ടായത് ആശാന്‍റെ കവിതകളില്‍ നിന്നാണെന്ന് വൈലോപ്പിള്ളി തുറന്നു പറയുന്നു (എന്‍റെ കവിത, വിത്തും കൈക്കോട്ടും, 1956). എന്നാല്‍ ‘വീണപൂവ്’ അത്ര പഥ്യമായില്ലെന്നും രേഖപ്പെടുത്തുന്നുണ്ട്. ഇടശ്ശേരിക്കവിതയോടുള്ള ഇഷ്ടവും വൈലോപ്പിള്ളി തുടക്കത്തിലേ തുറന്നു സമ്മതിച്ചിട്ടുണ്ട്. കാല്‍പനികതയില്‍നിന്ന് വാസ്തവികതയിലേക്കും അനുരഞ്ജന മനോഭാവത്തില്‍നിന്ന് സമരമനോഭാവത്തിലേക്കുമുള്ള ഒരു യുഗപ്പകര്‍ച്ചയാണ് വൈലോപ്പിള്ളിക്കവിതകളുടെ അന്തസ്സത്ത. കാല്‍പനിക കവിതയിലെ ഒരു സംക്രമപുരുഷനായിരുന്നു അദ്ദേഹം. കവിതയിലെ ക്ലാസിക് പാരമ്പര്യത്തെക്കാള്‍ അദ്ദേഹത്തെ സ്വാധീനിച്ചത് റിയലിസമാണെന്നു കാണാം. എന്നാല്‍ തികച്ചും കാല്‍പനിക രീതിയില്‍ അദ്ദേഹം കവിതകള്‍ എഴുതിയിട്ടുണ്ടുതാനും. കാല്‍പനികതയുടെ വൈകാരിക പരിസരത്തുനിന്ന് വാസ്തവികതയുടെ വിചാരപരിസരത്തേക്കുള്ള കവിയുടെ ഭാവപ്പകര്‍ച്ച അത്യന്തം കൗതുകകരമാണ്. 

“തുടുവെള്ളാമ്പല്‍പ്പൊയ്കയല്ല, ജീവിതത്തിന്‍റെ

കടലേ കവിതയ്ക്കു ഞങ്ങള്‍ക്കു മഷിപ്പാത്രം” (യുഗപരിവര്‍ത്തനം)

എന്ന് സ്വന്തം പ്രത്യയശാസ്ത്രം കവി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതക്കടലെന്ന അനുഭവപ്രപഞ്ചത്തെ നെഞ്ചേറ്റുവാന്‍ ആഗ്രഹിക്കുന്ന കവി കാല്‍പനികതയേക്കാള്‍ വാസ്തവികതയോടാണ് കൂറുപുലര്‍ത്തുന്നത്. 

‘കന്നിക്കൊയ്ത്ത്’ എന്ന ആദ്യ കവിതാസമാഹാരത്തോടെ, ഇരുത്തം വന്ന കവിയാണ് വൈലോപ്പിള്ളിയെന്നു സാഹിത്യലോകം മനസ്സിലാക്കി. വായനക്കാരെ ആര്‍ദ്രമായ ഒരു ഭാവതലത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന വിശിഷ്ട കവിതകളായ മാമ്പഴം, സഹ്യന്‍റെ മകന്‍, അരിയില്ലാഞ്ഞിട്ട്, ആസ്സാം പണിക്കാര്‍ എന്നിവ ഈ സമാഹാരത്തെ സമ്പന്നമാക്കുന്നു. ‘മാമ്പഴ’ത്തില്‍ മനുഷ്യജീവിതത്തിന്‍റെ നൈമിഷികതയെ അതിഭാവനയില്ലാതെതന്നെ കവി ലളിതമായി സ്ഫുടീകരിക്കുന്നു. ഭാവനയെ ജീവിതവുമായി അതിവേഗം ബന്ധിപ്പിക്കുന്ന ഒരു ക്രാഫ്റ്റാണ് വൈലോപ്പിള്ളിയുടേത്. ഒരു കാവ്യസങ്കല്‍പത്തെ എത്രകണ്ട് ജനകീയമായി അവതരിപ്പിക്കാം എന്നതിനു മകുടോദാഹരണാണ് ‘മാമ്പഴം’. 

“അങ്കണത്തൈമാവില്‍ നി-

ന്നാദ്യത്തെ പഴം വീഴ്കെ

അമ്മതന്‍ നേത്രത്തില്‍ നി-

ന്നുതിര്‍ന്നു ചുടുകണ്ണീര്‍” 

എന്ന ‘മാമ്പഴ’ത്തിന്‍റെ തുടക്കംതന്നെ ഏതു വായനക്കാരനിലും ജിജ്ഞാസയുണര്‍ത്തുന്നു. കാവ്യത്തിന്‍റെ പദസൗകുമാര്യതയും ആര്‍ദ്രീകരണശേഷിയും അസാധാരണവും ആസ്വാദ്യകരവുമായ ഒരു ഭാവതലം സൃഷ്ടിക്കുന്നു. വിരുദ്ധ കല്‍പനകളിലൂടെ കാവ്യത്തെ വേറിട്ട അനുഭൂതിയാക്കുന്നു. തൈമാവില്‍നിന്ന് ആദ്യത്തെ പഴം വീഴുമ്പോള്‍ കരയാന്‍ വിധിക്കപ്പെട്ട അമ്മയും തുടര്‍ന്നുള്ള ഭാവസംഘര്‍ഷവും അതുവരെയില്ലാത്ത ഒരു അനുഭൂതിമണ്ഡലത്തെയാണ് വികസിപ്പിച്ചെടുത്തത്. 

‘മാമ്പഴ’ത്തില്‍ പ്രത്യക്ഷപ്പെടുന്ന ആര്‍ദ്രത മറ്റൊരു രീതിയില്‍ ‘സഹ്യന്‍റെ മകൻ’ എന്ന കവിതയിലും ദൃശ്യമാണ്. ക്ഷേത്രോത്സവത്തിനിടെ മദംപൊട്ടിയ ഒരു ആനയുടെ ദുരന്തമാണ് ഹൃദയസ്പൃക്കായി കവിതയില്‍ അവതരിപ്പിക്കുന്നത്. ആനയുടെ പരാക്രമത്തില്‍ അനേകമാളുകൾ കൊല്ലപ്പെട്ട് അമ്പലം, കൊലക്കളമായി. പിറ്റേന്നു രാവിലെ ഒരു പട്ടാളക്കാരൻ മദിച്ച ആനയെ വെടിവച്ചു കൊല്ലുന്നു. എന്നാല്‍ അതിമനോഹരമായ ഒരു ഭാവതലം കവിതയില്‍ സൃഷ്ടിക്കപ്പെടുന്നു. മദപ്പാടില്‍ ഉന്മാദത്തിലായ ആനയുടെ ഭാവനാലോകം അതിമനോഹരമായാണ് കവി ചിത്രീകരിക്കുന്നത്. ഒടുവില്‍ പട്ടാളക്കാരന്‍റെ വെടിയേറ്റ് ഒരു കൊടിയ നിലവിളിയോടെ ആന പിടഞ്ഞു വീഴുമ്പോള്‍ വായനക്കാരന്‍റെ ഹൃദയത്തില്‍ വേദനയുടെ കൊളുത്തുവീഴുന്നു. 

“ദ്യോവിനെ വിറപ്പിക്കുമാ വിളികേട്ടോ, മണി-

ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം?

എങ്കിലുമതു ചെന്നു മാറ്റൊലിക്കൊണ്ടു, പുത്ര-

സങ്കടം സഹിയാത്ത സഹ്യന്‍റെ ഹൃദയത്തിൽ” 

എന്ന് കവിത അവസാനിക്കുമ്പോള്‍ അപൂര്‍വസുന്ദരമായ ആഖ്യാനസൗന്ദര്യം എന്തെന്ന് നാം മനസ്സിലാക്കുന്നു. 

“കരയുന്നതിനിട-

യ്ക്കോതിനാള്‍ കുടുംബിനി 

അരിയുണ്ടെന്നാലങ്ങോ-

രന്തരിക്കുകില്ലല്ലോ?” (അരിയില്ലാഞ്ഞിട്ട്) 

എന്ന വരികള്‍ക്ക് സമൂഹത്തെ വേട്ടയാടുന്നതിനുള്ള ശേഷിയുണ്ട്. ഇല്ലായ്മയുടെ യഥാർഥ മുഖമാണ് വൈലോപ്പിള്ളി ഇക്കവിതയില്‍ മറയില്ലാതെ ആവിഷ്കരിക്കുന്നത്. 

വൈലോപ്പിള്ളിയുടെ പുരോഗമനാത്മകമായ കാവ്യദര്‍ശനം തെളിഞ്ഞു പ്രകാശിക്കുന്ന കവിതയാണ് ‘പന്തങ്ങള്‍’. ഒറ്റവായനയില്‍ത്തന്നെ യുവതലമുറയോടുള്ള ഒരു വിപ്ലവാഹ്വാനമാണ് ഈ കവിത എന്നു ബോധ്യമാകും. ചോരതുടിക്കും ചെറുകൈകള്‍ വന്ന് ‘പന്തങ്ങള്‍’ അഥവാ പ്രതീക്ഷയുടെ തീനാളങ്ങള്‍ പേറണമെന്നാണ് കവിയുടെ ആഹ്വാനം. തികച്ചും പ്രതീക്ഷാനിര്‍ഭരമായ ഭാവിലോകത്തിനുവേണ്ടി പോരാടാന്‍ യുവാക്കളെ കവി ആഹ്വാനം ചെയ്യുന്നു. തികഞ്ഞ ശുഭാപ്തിവിശ്വാസമാണ് കവി പ്രകടിപ്പിക്കുന്നത്. 

“വരട്ടേ ദുരിതങ്ങൾ, കേരളത്തിനുമേലും

ചിരിക്കാൻ മറക്കാതെയിരിക്കാൻ കഴിഞ്ഞെങ്കിൽ” (കേരളത്തിന്‍റെ ചിരി)

എന്ന് ആശംസിക്കുന്ന കവി, ഭയമോ പാരവശ്യമോ അറിയാത്ത പൗരുഷത്തിന്‍റെയും പ്രസാദാത്മകത്വത്തിന്‍റെയും ഉൽകർഷകമായ സന്ദേശമാണു നൽകുന്നത്. ‘

രാഷ്ടീയമണ്ഡലത്തിലെ കാപട്യങ്ങളും സമൂഹത്തെ മറന്നുകൊണ്ടുള്ള അധികാരദുരകളും വൈലോപ്പിള്ളിയുടെ പരിഹാസത്തിനു നിമിത്തമായിട്ടുണ്ട്. അഴിമതിയും കവിയെ ചൊടിപ്പിച്ചിട്ടുള്ള സംഗതിയാണ്. “രാഷ്ട്രീയക്കാറ്റിന്‍ ഗതി ഗണിച്ചോരോരോ പാര്‍ട്ടിതന്‍ പട്ടം പറത്തലാ”യി കക്ഷിരാഷ്ട്രീയത്തെ കവി പരിഹസിക്കുന്നു. ഗാന്ധിജി വധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ പില്‍ക്കാലത്തെ രാഷ്ടീയജീര്‍ണതയില്‍ മനം നൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്തേനെയെന്നും കവി പറയുന്നുണ്ട്!

vyloppilli-poem-kudiyozhikkal

സാമൂഹിക പരിവർത്തനം മുഖ്യവിഷയമായി അദ്ദേഹം ചില കവിതകളെഴുതിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട രചനകളാണ് ‘കുടിയൊഴിക്കൽ’, ‘യുഗപരിവർത്തനം’, ‘കടല്‍ക്കാക്കകള്‍’ എന്നിവ. വൈലോപ്പിള്ളിയുടെ സാമൂഹികബോധം മാതൃകാപരമായി പ്രതിഫലിക്കുന്ന കവിതയാണ് ‘കുടിയൊഴിക്കല്‍’. ഏഴു ഖണ്ഡങ്ങളുള്ള ഒരു ഖണ്ഡകാവ്യമാണത്. എല്ലാ ജഗച്ഛക്തികളെയും കുലുക്കിയുണർത്താൻ പോന്ന ഒരു ഹൃദയമഥനത്തിന്‍റെ കഥയായി ഇതിനെ പ്രഫ. എം.എൻ.വിജയൻ വിശേഷിപ്പിക്കുന്നു. ആത്മാവിനെ അടിയോടെ പിടിച്ചുകുലുക്കിയ കൃതിയായി ഡോ. എം.ലീലാവതിയും, ‘കവികർമത്തിന്‍റെ പാരമ്യ’മായി പ്രഫ. വിഷ്ണു നാരായണൻ നമ്പൂതിരിയും വിശേഷിപ്പിക്കുന്നു. എന്നാല്‍ ‘കാലഘട്ടത്തിന്‍റെ ട്രാജഡി’യെന്നാണ് എൻ.വി. കൃഷ്ണവാര്യർ നിരീക്ഷിക്കുന്നത്.

“മതജാതികള്‍ ചൊല്ലി, തത്വസംഹിതകള്‍ ചൊല്ലി-

ക്ഷിതിഭാഗത്തെച്ചൊല്ലി കക്ഷികള്‍ കലഹിക്കെ

നിന്‍ തടവനങ്ങളിലുള്ളതിലേറെ ദുഷ്ട-

ജന്തുവര്‍ഗ്ഗമീനാട്ടിലലറിക്കലമ്പുന്നു”.

മനുഷ്യര്‍ക്കിടയിലെ ജാതി- മത- രാഷ്ട്രീയ ഭിന്നതകളും ശത്രുതയും മൂലം കാട്ടുമൃഗങ്ങളെക്കാള്‍ ദുഷ്ടരായ ജന്തുക്കള്‍ നാട്ടില്‍ അലറിക്കലമ്പുന്നു എന്ന കവിയുടെ തീക്ഷ്ണ വിമര്‍ശനത്തില്‍ ഉദാത്തമായ മാനവികദര്‍ശനമാണ് പ്രതിഫലിക്കുന്നത്.

വൈലോപ്പിള്ളിക്കവിതയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന സ്വരം മനുഷ്യസ്നേഹിയായ ഒരു ശാസ്ത്രജ്ഞന്‍റേതാണ്. ശാസ്ത്രബോധമുള്ള കവിയാണ് താനെന്ന് വൈലോപ്പിള്ളി സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ശാസ്ത്രവീക്ഷണത്തിന് ഏറ്റവും ശക്തിയുള്ള ഉദാഹരണമാണ് ‘സർപ്പക്കാട്’ (വിത്തും കൈക്കോട്ടും). ഈ കവിതയിൽ കവിയുടെ പുതിയ സൗന്ദര്യബോധമുണ്ട്, വിപ്ലവവീര്യമുണ്ട്, പുതിയ തലമുറയ്ക്കുള്ള സന്ദേശമുണ്ട്. സര്‍പ്പക്കാട് അന്ധവിശ്വാസത്തിന്‍റേയും പഴമയുടെയും പ്രതീകമാണ്. 

“പണ്ടൊരു സര്‍പ്പക്കാവെന്‍ വീട്ടിന്‍ 

പിന്നില്‍ പകലുമിരുട്ടിന്‍ വീടായ്” എന്ന കവിതയുടെ തുടക്കംതന്നെ പകല്‍വെട്ടത്തിലും അന്ധവിശ്വാസത്തിന്‍റെ ഇരുട്ടു പരത്തുന്ന മനുഷ്യന്‍റെ അശാസ്ത്രീയതയെ കുറ്റപ്പെടുത്തുന്നു. 

17 സമാഹാരങ്ങളിലായി വൈലോപ്പിള്ളിയുടെ കാവ്യരചനകള്‍ നീണ്ടുപടര്‍ന്നു കിടക്കുന്നു. 1911 മേയ് 11ന് എറണാകുളം ജില്ലയില്‍ ജനിച്ചു. കൊച്ചുകുട്ടന്‍ കര്‍ത്തയും നാണിക്കുട്ടിയമ്മയുമാണ് മാതാപിതാക്കള്‍. സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം 1966 ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. 1985 ഡിസംബര്‍ 22ന് തൃശൂരില്‍ അന്തരിച്ചു.

Content Summary: Writings of Vyloppilli Sreedhara Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com