നീർമാതളപ്പൂക്കൾ ചൂടിയ ഓർമ

HIGHLIGHTS
  • മാധവിക്കുട്ടിക്ക് പതിനാലാം ചരമവാർഷിക ദിനത്തിൽ സ്മരണാഞ്ജലി
madhavikkutty-memoir
മാധവിക്കുട്ടി, ഡോ. മധു വാസുദേവൻ
SHARE

'പ്രേമിക്കുന്നുണ്ടോ?'

'ഇല്ല.'

'സ്ത്രീകളെ ഇഷ്ടമല്ലേ?'

'അതല്ല.'

'ഭംഗിയുള്ളവളെ തിരയുകയാണോ?

'ഞാൻ ഭംഗി നോക്കാറില്ല.'

'വളരെ നല്ലത്. ലോകത്തിൽ സുന്ദരിമാരെ മാത്രമേ ദൈവം സൃഷ്ടിച്ചിട്ടുള്ളൂ. പൂക്കളെ നോക്കൂ. കാട്ടുപൂവായാലും തോട്ടക്കാരുടെ പരിപാലനത്തിൽ വളരുന്ന പൂവായാലും ഏതു നിറത്തിലുള്ളതായാലും കാണാൻ എന്ത് ഭംഗിയാണ്!'

'എന്റെ പ്രശ്‍നം അതൊന്നുമല്ല, ആരെങ്കിലും വന്നു കിട്ടണ്ടേ?'

'ഇതാണ് മെയിൽ ഷോവിനിസം. ചില മുരട്ട് കാരണവന്മാരെപ്പോലെ. കല്യാണം നടക്കണം, പക്ഷേ ഞങ്ങൾ അങ്ങോട്ടുപോയി ആലോചിക്കില്ല. തറവാട്ടു മഹിമ നോക്കണം.'

'അങ്ങോട്ടു ചെന്നിട്ട് ഇതുവരെ പ്രയോജനം ഉണ്ടായിട്ടില്ല.'

'ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാം. പെണ്ണുങ്ങൾ ഇതൊന്നും വെളിപ്പെടുത്താറില്ല. ഇങ്ങോട്ടുവന്ന്, തേനൂറുന്ന വാക്കുകളൊക്കെ പറഞ്ഞ്, കൊഞ്ചിച്ച്, പ്രേമത്തിനുവേണ്ടി ക്ഷമയോടെ പിന്നാലെ നടക്കുന്നവരെയാണ് സ്ത്രീകൾക്കിഷ്ടം. അങ്ങനെ കുറെ നടക്കുമ്പോൾ പുരുഷന്റെ ഈഗോ ഇല്ലാതെയാകും. ഈഗോയോടുകൂടി പ്രേമിച്ചാൽ മുഴുവൻ ഡ്രെസ്സോടുംകൂടെ ആലിംഗനംചെയ്യുന്നതുപോലെയാകും. അതിൽ എന്ത് രസമാണുള്ളത്?'

മാധവിക്കുട്ടി അവരുടെ സംഗീതമധുരമായ സ്വരത്തിൽ പഠിപ്പിക്കുകയാണ്. മുന്നിൽ ഒരു വിദ്യാർഥിയെപ്പോലെ ഞാനിരുന്നു. ഇതൊരപൂർവ ഭാഗ്യം. അവർ എഴുതിയതു മുഴുവനും വായിച്ചിട്ടുണ്ടെന്നു കരുതുന്നയാളാണ്. ഇപ്പോൾ എഴുതാത്ത വരികൾ നേരിട്ടു വായിച്ചുകൊണ്ടിരിക്കുന്നു. അവർ എഴുന്നേറ്റുപോയപ്പോൾ വായന തടസപ്പെട്ടു.

kamala-das
മാധവിക്കുട്ടി

ഈ സമയത്തെല്ലാം ഞാൻ  മാധവിക്കുട്ടിയുടെ, രവിപുരത്തെ പാർപ്പിട സമുച്ചയത്തിലാണ്. ഇനി ഇവിടെ എങ്ങനെ വന്നുപെട്ടു എന്നു പറയാം. രാവിലെ, വടക്കു ദിക്കിൽ സംഘടിപ്പിക്കപ്പെട്ട ഒരു വനിതാ സാഹിത്യ സംഗമത്തിൽ കേൾവിക്കാരനായി പങ്കെടുത്തു. മലയാളത്തിലെ കുറച്ചധികം എഴുത്തുകാരികൾ എത്തിയിരുന്നു. ചിലരെ ആദ്യമായി കണ്ടു. ചിലരുമായുള്ള പരിചയം പുതുക്കി. സ്ത്രീപക്ഷ സൈദ്ധാന്തിക ചർച്ചകൾ ധാരാളം കേട്ടു. അടുത്തതായി മാധവിക്കുട്ടിയുടെ ഊഴം. സിദ്ധാന്തങ്ങളോ ഉദ്ധരണികളോ ഒന്നുമില്ല, അനുഭവംമാത്രം. ഹൃദയത്തിൽനിന്നുള്ള വാക്കുകൾ. അതിങ്ങനെ അരുവിപോലെ കളരവം മുഴക്കിയൊഴുകുന്നു. ഞാനതിൽ ഇറങ്ങിനിന്നു, മനസാകെ കുളിർത്തു.

മാധവിക്കുട്ടി തിരിച്ചുപോകാൻ വണ്ടിയുടെ സമീപമെത്തി. എറണാകുളത്തേക്കാണ്. ഇതിൽ കയറിയാൽ കളമശ്ശേരിയിൽ ഇറങ്ങാം, വഴിക്കൂലി ലാഭം. ഈ ഗൂഢ ഉദ്ദേശ്യത്തോടെ കാറിനെ ചുറ്റിപ്പറ്റി നിന്നപ്പോൾ, കൊണ്ടുവിടാൻ നിൽക്കുന്നയാൾ എന്ന തെറ്റിദ്ധാരണയിലാകണം അവർ പറഞ്ഞു-

'ഇങ്ങോട്ടു കയറിക്കോളൂ.’

ഓഫർ വിട്ടുകളഞ്ഞില്ല. മറ്റാരോകൂടി ഒപ്പമുണ്ടായിരുന്നു. ഓർമ കിട്ടുന്നില്ല. സംസാരിക്കുന്നതിനിടെ അവർ പേരു ചോദിച്ചു. കുസാറ്റിൽ ഗവേഷണ വിദ്യാർഥിയാണെന്നു പറഞ്ഞുകൊടുത്തു. ഒരു പരിചയക്കുറവും കാട്ടാതെ അവർ സംസാരം തുടർന്നു. ഡ്രൈവറോടും വിശേഷങ്ങൾ ചോദിക്കുന്നുണ്ട്. ചില പൊതുമിത്രങ്ങൾ സംഭാഷണത്തിൽ കടന്നുവന്നതോടെ കുറഞ്ഞ നേരത്തിനകം ഒരടുപ്പമുണ്ടായതായി തോന്നി. അതുകൊണ്ടാവാം, ഫ്ലാറ്റിലെത്തി അവർ മുകളിലേക്കു കയറിയപ്പോൾ സ്വപ്നാടനത്തിൽ എന്നപോലെ ഞാനും പിന്നാലെ നീങ്ങി. ഇതുവരെ വന്നതല്ലേ കയ്യൊപ്പോടുകൂടിയ ഏതെങ്കിലും പുസ്തകം തരാതിരിക്കില്ല, മനസു പറഞ്ഞു. പക്ഷേ അങ്ങനെയൊരെണ്ണം മുറിയിലെങ്ങും കണ്ടില്ല. അവർ വരച്ചതെന്നു തോന്നിച്ച ഒരു രാധാകൃഷ്ണചിത്രം കണ്ണിൽപ്പെട്ടു. അതിൽ മുഴുകിയിരുന്നപ്പോഴാണ് യാതൊരു മുഖവുരയുമില്ലാതെ അവർ ചോദിച്ചത്-

‘പ്രേമിക്കുന്നുണ്ടോ?’

തുടർന്നുണ്ടായ സംഭാഷണങ്ങൾ നിങ്ങൾ കേട്ടല്ലോ? അതങ്ങനെ പിന്നെയും മുന്നോട്ടുപോയി. അവർക്കു തിരക്കുണ്ടായിരുന്നില്ല അഥവാ സംസാരിക്കാനുള്ള മനസികാവസ്ഥയിലായിരുന്നു. സന്ദർഭം മുതലെടുക്കാതിരിക്കുന്നതെങ്ങനെ? ഞാൻ മിന്നിക്കയറി.

‘കമലേടത്തി എഴുതിവച്ചിട്ടുള്ളത് വായിച്ചാൽ ഹൃദയത്തിൽ ഒരുപാട് വിങ്ങലുകൾ ഒളിപ്പിക്കുന്നതായി തോന്നും. ഇങ്ങനെ സംസാരിക്കുമ്പോ, അകമേ കടലുകൾ വഹിക്കുന്ന യാതൊരു ലക്ഷണവുമില്ല!’

‘കുട്ടീ, ശാന്തതയെ നമ്മൾ നിർവചിക്കുന്നതുപോലെയിരിക്കും. അതിന് പ്രത്യേകമായ രൂപഭാവങ്ങൾ ഒന്നുമില്ല. കണ്ണുകൾ കണ്ടാൽ അതിനുള്ളിൽ ഒരു തടാകത്തിലുള്ളത്രയും ജലമുണ്ടെന്നു തോന്നുമോ! പ്രേമം നഷ്ടപ്പെടുന്നവർ, പ്രിയപ്പെട്ടവരെ വേർപ്പെടുന്നവർ, ഏകാന്തതയിൽ അകപ്പെട്ടുപോകുന്നവർ  എന്തുമാത്രം  കരയുന്നു! പുറമെ കരച്ചിലൊന്നും വരാത്ത ദുഃഖങ്ങളുമുണ്ട്. കാമുകനായ കൃഷ്ണൻ മിണ്ടാതെ കടന്നുപോയപ്പോൾ രാധ കരഞ്ഞില്ല. രാധയുടെ സങ്കടം വേറൊരു തരത്തിലാണ് പുറത്തുവന്നത്. ദുഃഖങ്ങളെ ചുരത്താൻ ഒത്തിരി വഴികൾ ഞാൻ പരീക്ഷിക്കുന്നുണ്ട്. ഇങ്ങനെ ചിരിക്കുന്നതും  ഒരു പരീക്ഷണമാണ്. വളരെ നന്നായി തോന്നുന്നു.’

ഈ വർത്തമാനത്തിനിടയിൽ ഉയരം കുറഞ്ഞ അലമാരയുടെ മുകളിൽ വച്ചിരുന്ന മയിൽപ്പീലികൾ ഞാൻ ശ്രദ്ധിച്ചു.

‘ആരോ കൊണ്ടുവന്നു വച്ചതാണ്. എനിക്ക് അത്രയൊന്നും ഇഷ്ടമല്ല. മയിൽപീലിയുടെ ആ നോട്ടം കണ്ടില്ലേ, ഭയം വരുന്നു. കവിതകളിൽ എവിടെയോ ഞാൻ മയിൽപീലികളെപ്പറ്റി വർണിച്ചത്  വായിച്ചിട്ട് കരുണതോന്നി സമ്മാനമായി തന്നതാണ്. ഒരു മയിൽക്കുഞ്ഞിനെയും തരാമെന്നു പറഞ്ഞു. നമുക്ക് മയിലുകളെ വീട്ടിൽ വളർത്താൻ അനുവാദമില്ലല്ലോ! വലിയ കുഴപ്പമാകും. എന്തൊരു കഷ്ടമാണല്ലേ? ആഗ്രഹമുള്ളവർ വളർത്തട്ടെ, സന്തോഷിക്കട്ടെ. നമ്മുടെ നാട്ടിൽ ആഗ്രഹിക്കാനും  സന്തോഷിക്കാനും  ആനന്ദിക്കാനും പലപ്പോഴും മറ്റുള്ളവരുടെ അനുവാദം വേണം. അതിനുവേണ്ടി  കാത്തിരിക്കണം. കിട്ടണമെന്നുമില്ല. നല്ല പ്രയാസമാണ്.’

മറ്റെന്തൊകൂടി ഉദ്ദേശിച്ചു പറഞ്ഞ വാക്കുകളെ അവർ അവിടെവിട്ടു. മയിലുകളിലേക്കു മടങ്ങി.

Kamala-Surayya01
മാധവിക്കുട്ടി

‘എനിക്ക് മയിലുകളെ വെറുതെ കാണുന്നതിൽ പ്രത്യേക രസമില്ല എനിക്ക് അവരോടൊപ്പം ഉൾവനങ്ങളിൽ പോയി രാപകൽ താമസിക്കണം. മഴ പെയ്യുമ്പോൾ പീലിവിരിച്ചു നിൽക്കുന്ന അതീവ സുന്ദരന്മാരായ ആൺമയിലുകളോടൊപ്പം നൃത്തം ചെയ്യണം. വസ്ത്രങ്ങൾ ആവശ്യമില്ലാത്ത തരത്തിൽ എന്റെ ശരീരത്തിലെമ്പാടും മയിൽപീലികൾ വളർന്നു നിറയണം. നിറയെ മയിപ്പീലികൾ ചൂടിയ പെൺമയിൽ! അപ്പോൾ എന്നെ കാണാൻ നല്ല ഭംഗിയുണ്ടാവും അല്ലേ?’

‘ഇപ്പോഴും നല്ല ഭംഗിയുണ്ടല്ലോ കമലേടത്തീ, എത്രയോ പേർ അനുകരിക്കുന്നു! എഴുതിത്തുടങ്ങുന്ന ചെറിയ പെൺകുട്ടികൾപോലും വട്ടപ്പൊട്ടു തൊട്ടും കട്ടിയിൽ കണ്ണും പുരികവും എഴുതിയും മുടി അഴിച്ചിട്ടും മൂക്കുത്തി ധരിച്ചും തോളിലൂടെ പട്ടുസാരി വലിച്ചിട്ടു പുതച്ചും  മൃദുവായി സംസാരിച്ചും മാധവിക്കുട്ടിയാകാൻ ശ്രമിക്കുന്നു.’

‘അതെയോ? ശരിക്കും അങ്ങനെയുണ്ടോ? എന്തോ ഞാൻ കണ്ടിട്ടില്ല. എനിക്ക് പക്ഷേ എന്നെക്കാൾ ഇഷ്ടം സ്വർണനിറമുള്ളവരോടാണ്. വിസ്കിയുടെ നിറമുള്ള സ്ത്രീകളെയും ഇഷ്ടമാണ്. കാണുമ്പോഴേ അൽപം ലഹരിയൊക്കെ ഉണ്ടാവും. അവർക്ക് കുറെക്കൂടി പ്രേമങ്ങൾ ലഭിക്കും. ശരിയല്ലേ, നിങ്ങൾക്കെന്തു തോന്നുന്നു?’

‘അതിപ്പോഴും നിറയെ കിട്ടുന്നുണ്ടല്ലോ?’

‘ഉണ്ടാവാം. കഷ്ടം, പലതും എനിക്ക് വേണ്ടപ്പോഴല്ല ലഭിക്കുന്നത്. അപ്പോൾപ്പിന്നെ സ്വീകരിക്കാൻ  നിവൃത്തിയില്ല. സങ്കടമാണ്, എന്നാലും ഒട്ടും ദയവില്ലാതെ ഉപേക്ഷിച്ചു കളയേണ്ടിവരുന്നു. ക്രൂരതയാണ്.’

വർത്തമാനത്തിനിടെ അകത്തേക്കുപോയ മാധവിക്കുട്ടി ഉടനെ തിരികെ വന്നു. കയ്യിൽ ബ്രിട്ടീഷ് ബ്രാൻഡ് ‘555’ സിഗരറ്റിന്റെ രണ്ടു ഗോൾഡൻ പാക്കറ്റുകൾ. അവർ അതു വച്ചുനീട്ടി.

‘പുകവലിക്കാരനാണെന്നറിയാം. ഗന്ധത്തിൽ ടുബാക്കോ ഉണ്ട്. ഇപ്പോൾ ഉപയോഗിക്കുന്നത് മാറ്റൂ. അതു വളരെ പ്രകൃതമാണ്. അന്വേഷണം വൃഥാവാകും.’

ഇതു പറഞ്ഞ് അവർ അമർത്തി പുഞ്ചിരിച്ചു. സത്യം, അത്രയും സൗന്ദര്യമുള്ള ചിരി ഞാൻ ഇന്നോളം അനുഭവിച്ചിട്ടില്ല. പൂജാരിയിൽനിന്നു പ്രസാദം വാങ്ങുന്ന ഭക്തിഭാവത്തോടെ പാക്കറ്റുകൾ ഏറ്റുവാങ്ങിയ നിമിഷം, അവരുടെ ഉദാരതകളെപ്പറ്റി യാതൊരു മുന്നറിവും ഇല്ലാതിരുന്ന ഞാൻ, 'മാധവിക്കുട്ടിക്ക് എന്നോടിത്രയും സ്നേഹമോ' എന്ന് ആത്മഹർഷം കൊണ്ടു! ഒരു സ്ത്രീ താമസിക്കുന്ന വീട്ടിൽ സിഗററ്റുകൾ സൂക്ഷിക്കുന്നതിലെ പ്രാചീന യുക്തി ചിന്താവിഷയവുമായില്ല.

പുറത്തിറങ്ങിയ ഞാൻ തോക്കിൽനിന്നു ചീറ്റിയ വെടിയുണ്ടയുടെ വേഗത്തിൽ ‘സനാതന’യിൽ എത്തി. മുറിയിൽ കയറി വാതിൽ ബോൾട്ടിട്ടു. ഒരുത്തനും കയറിവന്നുകൂടാ. പലകയുടെ ഉറപ്പിൽ സംശയം ഉണ്ടായിരുന്നതിനാൽ മേശയും കുറുകെ ഇട്ടു. ആഷിഖ് സുബഹാനി, പ്രവീൺ കുമാർ, പ്യാരിലാൽ, ഷാജിത്, രാജേഷ് ബാബു- പൊടിയൻ, അബ്ദുൽ റഹിം, പി.ആർ. ബിജു, അബ്ദുൽ ഷുക്കൂർ, അരുൺ ശ്രീകുമാർ തുടങ്ങിയ പ്രിയ സന്ദർശകമിത്രങ്ങളൊന്നും പുകവലിക്കാരല്ല. എന്നാലും വേണ്ട, ചുമ്മാ ഒരു പേടി. നല്ല വലിക്കാർ വേറെയുണ്ടല്ലോ. കരളും കാതലുമൊക്കെയാണ്. സമ്മതിച്ചു. പക്ഷേ ഇപ്പോൾ വരണ്ട! കയ്യിലിരിക്കുന്നത്, മാധവിക്കുട്ടി സമ്മാനംതന്ന സിഗരറ്റാണ്. ആദ്യത്തെ രണ്ടെണ്ണം ഒന്നിനു പുറകെ ഒന്നായി വലിച്ചുതീർത്തു. എന്തൊരനുഭൂതി! രണ്ടാം ദിവസമായപ്പോൾ ആദ്യത്തെ പാക്കറ്റ് തീർന്നു. ഇനി അങ്ങനെ സംഭവിക്കരുത്. ആറു മാസമെങ്കിലും കയ്യിലിരിക്കണം. അതിൽപ്പിന്നെ പകുതി വലിക്കും, കെടുത്തി വയ്ക്കും. ചിലപ്പോൾ വെറുതെ സിഗരറ്റു കവറിനെ ഒമാനിച്ചിരിക്കും, തീരരുതല്ലോ!

ചങ്ങാതിമാർ പലരും ശ്രദ്ധിച്ചുതുടങ്ങി. ആരോടും പറഞ്ഞില്ല. അഞ്ചാമത്തെ ദിവസമായി.  ഇനി ഒരെണ്ണംമാത്രം ബാക്കി. കദനഭാരത്തോടുകൂടി വലിച്ചുകൊണ്ടിരിക്കെ ഓഫീസിലെ ക്ലർക്ക് പ്രമോദ് കുമാർ കയറിവന്നു. പ്രശസ്ത സാഹിത്യനിരൂപകന്റെ ബന്ധു. അദ്ദേഹത്തെ പേടിക്കണ്ട, വലിയില്ല. മേശപ്പുറത്തെ ഒഴിഞ്ഞ ‘555’ പാക്കറ്റുകൾനോക്കി പ്രമോദ് ചോദിച്ചു-

‘ഇതെവിടുന്ന്?’

ഒരു മഹാനടന്റെ മേൽനോട്ടത്തിൽ, മാധവിക്കുട്ടിയുടെ കവിതകളിൽ ഗവേഷണം ചെയ്യുന്ന വ്യക്തിയാണേ ചോദിക്കുന്നത്! ആ നിലവാരത്തിൽ പ്രതികരിക്കണം. അതോർത്തുകൊണ്ട് ഞാൻ പറഞ്ഞു-

‘ഒരു രാജകുമാരി തന്നത്.’

‘ഏത് രാജകുമാരി, ഷിപ്ടെക്‌നോളജിയിലെ ആ പെണ്ണാണോ, കവിതയൊക്കെ എഴുതുന്ന ഉണ്ടപ്പക്രു?’

അതിനുള്ള മറുപടി ഉടൻ കൊടുത്തു, ശബ്ദം ഒട്ടും പുറത്തുകേൾക്കാത്ത തരത്തിൽ.

‘പ്രമോദ് കുമാർ സാറേ, താങ്കൾക്ക് ഇതൊക്കെയേ അറിയൂ. താങ്കൾ മാധവിക്കുട്ടിയുടെ കൺഫെഷണലിസത്തിൽ മുങ്ങിക്കുളിക്കുക. തല തുവർത്തിവന്നശേഷം  വേഗം ഗവേഷണപ്രബന്ധം പൂർത്തിയാക്കുക, സർവകലാശാല താങ്കൾക്ക് ഡോക്ടർ ബിരുദം തരും. പക്ഷേ, അതിനെക്കാൾ മൂല്യമുള്ളത് മാധവിക്കുട്ടി എനിക്കു തന്നുകഴിഞ്ഞു- രണ്ടു പാക്കറ്റ് സ്റ്റേറ്റ് എക്സ്‌പ്രസ്സ് 555.’

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറുമാണ്. )

Content Summary: Memoir about Malayalam Writer Madhavikkutty shared by Dr. Madhu Vasudevan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS