ADVERTISEMENT

ലണ്ടനിൽ, ഒരു കൊച്ചു കുന്നിന് ചുറ്റുമായി പച്ച പിടിച്ചു നിൽക്കുന്നു പ്രിംറോസ് ഹിൽ. അതൊരു പൊതു ഉദ്യാനമാണ്, കുറച്ചു കൂടി തെക്ക് മാറിയുള്ള റീജന്റ് പാർക്ക് പോലെ മറ്റൊന്ന്. പാർക്കിന്റെ നടുവിൽ ഉയർന്നു നിൽക്കുന്ന കുന്നിനെ ഒഴിവാക്കിയാൽ, ഒരു പാട് പ്രത്യേകതകളൊന്നുമില്ല ഈ ഉദ്യാനത്തിന്‌. വലിയ ഒരു ഓക്ക് മരം നില്പുണ്ട് ആ പാർക്കിൽ, കാഴ്ചയിൽ മറ്റേത് ഓക്ക് വൃക്ഷത്തേയും പോലെ തന്നെ, അതിനടുത്തെത്തിയാൽ ഒരു ഫലകം കാണാം, അതിൽ "ഷേക്സ്പിയർ വൃക്ഷം'' (Shakespeare Tree) എന്നെഴുതിയിരിക്കുന്നു. പ്രിംറോസ് ഹില്ലിന് പറയാനുള്ള ഏറ്റവും വലിയ കഥയും ഇതിനെ കുറിച്ചു തന്നെ. 

1864 ഏപ്രിൽ 23ന് ഒരു ലക്ഷത്തിനടുത്ത് ആളുകൾ പ്രിംറോസ് ഹില്ലിലേക്ക് ഒരു ജാഥ നടത്തിയിരുന്നു. ഉദ്ദേശ്യം ഒരു വൃക്ഷം നടുക, ഏവണിലെ കവിയുടെ മൂന്നൂറാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി. അവരാ വൃക്ഷത്തിന് ഒരു പേരുമിട്ടു, "ഷേക്സ്പിയർ വൃക്ഷം." കാലക്രമേണ ആ മരം ക്ഷയിച്ചു, അതിന് പകരമായി 1964ൽ ഒരു ഓക്ക് മരത്തൈ നട്ടു. ഇന്ന് ആ പാർക്ക് സന്ദർശിക്കുന്നവർക്ക് കാണാനാവുക ഈ വൃക്ഷമാണ്.

engels-marx-dylan
ഫ്രെഡറിക് ഏംഗൽസ്, കാൾ മാർക്സ്, ഡൈലൻ തോമസ്

ഷേക്സ്പിയറെ കുറിച്ചെഴുതാനല്ല എന്റെ ഉദ്ദേശ്യമായിരുന്നത്, എന്നാൽ ഇംഗ്ലീഷ് ഭാഷയിലെ എഴുത്തിനെ കുറിച്ചാലോചിച്ചാൽ അവിടുന്നല്ലേ തുടങ്ങാനാവൂ. പ്രിംറോസ് ഹില്ലിന്റെ പരിസരങ്ങളിലായി ഓരോരോ കാലങ്ങളിൽ മറ്റു ചില പ്രമുഖരും അവരുടെ പ്രത്യക്ഷം കാണിച്ചിരുന്നു. ഒരുദാഹരണം ഡൈലൻ തോമസ്, 1950 കളുടെ തുടക്കത്തിൽ, അദ്ദേഹം കുറെക്കാലം പാർക്കിന് അടുത്തൊരിടത്ത് താമസിച്ചിരുന്നു. മരണത്തിന് മുമ്പുള്ള വർഷങ്ങൾ മാർക്സും സുഹൃത്തായ എംഗൽസും ജീവിച്ചിരുന്നതും പ്രിംറോസ് ഹിൽ പാർക്കിനടുത്താണ്. ഇനിയൊരാൾ കൂടിയുണ്ട്, വില്യം ബട്ലർ യേറ്റ്സ്. പാർക്കിനടുത്തുള്ള ഫിറ്റ്സ്റോയ് റോഡിലെ 23ാം നമ്പർ വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്, കുഞ്ഞായിരിക്കുമ്പോൾ അഞ്ചു വർഷത്തോളം. 

ഇഷ്ടികപ്പണി പുറത്തു കാണാവുന്ന തരത്തിലുള്ള ആ വീടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ആ വീട്ടിൽ താമസിച്ചിട്ടുള്ള കവി, യേറ്റ്സ് മാത്രമല്ല, മറ്റൊരാൾ കൂടിയുണ്ട്. 

yeats-sylvia
വില്യം ബട്ലർ യേറ്റ്സ്, സിൽവിയ പ്ലാത്ത്

"എന്റെ ശ്വാസകോശങ്ങളിൽ പ്രകൃതി - വായുവും മലകളും മരങ്ങളും മനുഷ്യരും എല്ലാം - വന്ന് നിറഞ്ഞത് ഞാനറിഞ്ഞു, 'സന്തോഷമായിരിക്കുക എന്ന് പറഞ്ഞാൽ ഇതല്ലേ,' എന്നെനിക്ക് തോന്നി" (I felt my lungs inflate with the onrush of scenery - air, mountains, trees, people. I thought, "This is what it is to be happy."). നിങ്ങളീ വരികൾ വായിച്ചിട്ടുണ്ടാവും, "ബെൽ ജാർ" എന്ന പ്രശസ്ത നോവലിൽ. അത് നിങ്ങളെ ഒരു തണുത്തുറഞ്ഞ ശിശിരരാത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ടോ? 

ഫെബ്രുവരി 10, 1963. ലണ്ടൻ നഗരത്തിന്റെ ചരിത്രത്തിൽ ശൈത്യം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട രാത്രികളിലൊന്ന്. കൂട്ടുകാരിയായ ജിലിയനെ സന്ദർശിച്ചു തിരിച്ചുവരികയാണാ യുവതി. കൂടെ അവളുടെ രണ്ട് കുട്ടികളും. ജിലിയന്റെ ഭർത്താവ്, ജെറിയാണ് കാർ ഓടിക്കുന്നത്. യുവതിയുടെ മനസ്സിൽ മറ്റൊന്നുമില്ല, മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി അവളേയും കുട്ടികളേയും ഉപേക്ഷിച്ച ഭർത്താവിനോടുള്ള ദ്വേഷ്യവും സങ്കടവുമല്ലാതെ. ഇടയ്ക്കെപ്പോഴോ സഹിക്കവയ്യാതെ അവൾ കരഞ്ഞു പോയി. ജെറിയുടെ ആശ്വാസവാക്കുകൾക്ക് മേലേ അവൾ പിന്നെയും കരഞ്ഞുകൊണ്ടിരുന്നു. 

അടുത്ത പ്രഭാതം, ഏഴു മണിയായിക്കാണും. അവൾ എഴുന്നേറ്റ്, കുട്ടികളെ ഒന്നുകൂടി പുതപ്പിച്ചു. അവർക്കുള്ള പ്രഭാത ഭക്ഷണം തയ്യാറാക്കി വച്ചു. അടുക്കളയിൽ ചെന്ന്, കതകും ജനാലകളും അടച്ചു. മാസ്ക്കിങ്ങ് ടേപ്പ് കൊണ്ട് കതകിന്റെയും ജനാലകളുടേയും പഴുതുകൾ മൂടി. ഒവനിന്റെ ഗാസ് നോബ് തുറന്നു വച്ചു. പിന്നെ, തണുത്ത തറയിൽ നീണ്ട് നിവർന്ന് കിടന്നു. ബെൽ ജാറിൽ താനെഴുതിയ ആ വരികൾ അവളുടെ മനസ്സിൽ അപ്പോൾ വന്നു കാണണം. "എന്റെ ശ്വാസകോശങ്ങളിൽ പ്രകൃതി - വായുവും മലകളും മരങ്ങളും മനുഷ്യരും എല്ലാം - വന്ന് നിറഞ്ഞത് ഞാനറിഞ്ഞു, 'സന്തോഷമായിരിക്കുക എന്ന് പറഞ്ഞാൽ ഇതല്ലേ,' എന്നെനിക്ക് തോന്നി" 

sylvia-hughes-bell-jar
സിൽവിയ പ്ലാത്ത്, ടെഡ് ഹ്യൂസ്, ദ ബെൽ ജാർ

സിൽവിയ പ്ലാത്തിന് അന്ന് മുപ്പത് വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. 

ജീവിതനിഷേധം മലയാള സാഹിത്യലോകത്ത് നിറഞ്ഞു നിന്നിരുന്ന ഒരു കാലത്താണ് സിൽവിയ പ്ലാത്തിനെ കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത്. എഴുപതുകളുടെ മദ്ധ്യത്തിനും എൺപതുകളുടെ മദ്ധ്യത്തിനുമിടയിലുള്ള ഒരു ദശകം, അസ്തിത്വവാദവും കലാപവുമായിരുന്നു അന്നത്തെ രീതികൾ. കെ.പി.അപ്പന്റെ ഒരു ലേഖനത്തിന്റെ തലക്കെട്ട് തന്നെ "നിരാസത്തിന്റെ ചിരി" എന്നായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. ഈയൊരു മാനസികാവസ്ഥ സിൽവിയ പ്ലാത്തിനെ പോലെ ജീവിതം കയ്യിലെടുത്തു പിടിച്ച ഒരു സാഹിത്യകാരിയുടെ ആകർഷണം ഇരട്ടിയാക്കിയിരിക്കണം. ആ ഭ്രമത്തിന്റെ ഇടയിൽ കാണാതെ പോയത് ഇത്തരം ജീവിതങ്ങൾക്കുള്ളിലെ ദുരന്തങ്ങളേയാണ്. 

സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽ ജനനം, ജീവശാസ്ത്രപണ്ഡിതനായിരുന്നു പിതാവ്, ഷഡ്പദങ്ങളെ കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ട് അദ്ദേഹം. വൈഷമ്യങ്ങളൊന്നുമില്ലാത്ത ശൈശവവും ബാല്യവും. കോളേജ് വിദ്യാഭ്യാസത്തിനിടയിലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആത്മഹത്യയാണ് വഴിയെന്ന് സിൽവിയ അക്കാലത്തു തന്നെ തിരിച്ചറിഞ്ഞിരുന്നു. ഒരിക്കൽ അവൾ കാലുകൾ കത്തികൊണ്ട്‌ വരഞ്ഞു, മറ്റൊരിക്കൽ ഉറക്കഗുളികകൾ കഴിച്ചു. ഒന്നിലധികം തവണ മനശാസ്ത്ര ചികിത്സയ്ക്ക് വിധേയയായി. പിന്നെയാണ് വിവാഹം, "പിറന്നാൾ കത്തുകൾ" എഴുതിയ പ്രശസ്ത കവി ടെഡ് ഹ്യൂസുമായി, 1956ൽ. പിന്നെയാണ് ഫ്രീഡ എന്നും നിക്കോളസ്   എന്നും പേരുകളുള്ള രണ്ട് കുട്ടികളുണ്ടാകുന്നത്. പിന്നെയാണ് സാഹിത്യലോകത്തിന് നെടുകെ ഒരു മുറിവേൽപ്പിച്ച 1963ലെ ആ തണുത്ത പ്രഭാതം. 

ഭർത്താവിന്റെ പരസ്ത്രീ ബന്ധമാണ് സിൽവിയയുടെ മരണത്തിന്റെ പ്രത്യക്ഷ കാരണമെന്ന് നമ്മൾ അറിയുന്നു. ആ പരസ്ത്രീ ആയിരുന്നു ആസ്യ വെവിൽ എന്ന സുന്ദരി. അവരെ ആദ്യം കണ്ടതിനെ കുറിച്ച് ഹ്യൂസ് എഴുതിയതിങ്ങനെയാണ് "എന്നിലെ സ്വപ്നജീവി, കണ്ട നിമിഷം മുതൽ അവളെ പ്രണയിച്ചു തുടങ്ങി, അത് ഞാൻ തിരിച്ചറിയുകയും ചെയ്തു." സിൽവിയയുടെ മരണത്തിനു ശേഷം ടെഡ് ആസ്യയെ വിവാഹം കഴിച്ചുവെന്നും, അവർക്ക് ഒരു മകൾ ജനിച്ചുവെന്നും, കുഞ്ഞിന് ഷൂറ എന്ന് പേരിട്ടുവെന്നും, കുഞ്ഞിന്റെ ജനനത്തിനു് ശേഷവും ടെഡ് പുതിയ ബന്ധങ്ങളിൽ ചെന്ന് പെട്ടുവെന്നും നമ്മൾ അറിയുന്നു, ആസ്യയെ അത് വല്ലാതെ ബാധിച്ചുവെന്നും. 

മാർച്ച് 23, 1969, ലണ്ടനിൽ മഞ്ഞുകാലം മാറി വരുന്നേയുള്ളൂ. നാലു വയസ്സ് മാത്രം പ്രായമുള്ള ഷൂറയേയുമെടുത്ത് ആസ്യ അടുക്കളയിൽ ചെന്നു. കുറെ ഉറക്കഗുളികകൾ ഒരു ഗ്ലാസ് വെള്ളത്തിൽ അലിയിച്ച ശേഷം, മേമ്പൊടിയ്ക്കെന്നോണം കുറച്ച് മദ്യവുമൊഴിച്ചു കുടിച്ചു. പിന്നെ വാതിലും ജനലുകളും അടച്ച്, ടേപ്പൊട്ടിച്ച് ഭദ്രമാക്കി. ഭർത്താവിന്റെ ആദ്യ ഭാര്യ ആറു കൊല്ലം മുമ്പ് ചെയ്തതു പോലെ, ഗാസ് തുറന്നു വച്ചു. തറയിൽ ഒരു തുണി വിരിച്ച് നിവർന്നു കിടന്നു, കുഞ്ഞു ഷൂറയെ ചേർത്തു പിടിച്ചു കൊണ്ട്. അന്നവർക്ക് 42 വയസ് തികഞ്ഞിരുന്നില്ല. 

buried-stone-assia-shura
ആസ്യയുടെയും ഷൂറയുടെയും ശവകുടീരം

ആസ്യയുടെ മൃതദേഹം, ഷൂറയുടേയും, ദഹിപ്പിക്കുകയാണുണ്ടായത്, അവരുടെ ആഗ്രഹം അടക്കം ചെയ്യണം എന്നായിരുന്നെങ്കിലും. എന്നാൽപ്പോലും അവർക്കുമിന്നൊരു ശവകുടീരമുണ്ട്, ഹെപ്പ്റ്റൺസ്റ്റാളിൽ സിൽവിയയുടെ കുഴിമാടം സ്ഥിതി ചെയ്യുന്ന തോമസ് ബെക്കറ്റ് പള്ളി ശ്മശാനത്തിൽ നിന്ന് രണ്ടു ഫർലോങ്ങ് മാറി. അതിനു മുകളിൽ, അവരുടെ നിർദ്ദേശമനുസരിച്ചു തന്നെ, ഇങ്ങനെ കൊത്തിവച്ചിരിക്കുന്നു, "ഇവിടെ ശയിക്കുന്നു, യുക്തിരാഹിത്യത്തിൻ്റെ പ്രണയിനി, ഒരു ബഹിഷ്കൃത" (Here lies a lover of unreason and an exile). 

സിൽവിയയുടെ മകൾ, ഫ്രീഡ, ഒരു കവിയാണ്, ചിത്രകാരിയാണ്, ബാലസാഹിത്യകാരിയാണ്. മൂന്ന് വിവാഹങ്ങൾ കഴിഞ്ഞു, മൂന്നും പിരിഞ്ഞു, കുട്ടികളില്ല, വെയ്ൽസിൽ ജീവിക്കുന്നു. 

മകൻ, നിക്കോളസ്, മുത്തച്ഛന്റെ വഴിയെ ജീവശാസ്ത്രകാരനായി. ഓക്സ്ഫോഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദം, അലാസ്ക ഫെയർ ബാങ്ക്സ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്, അവിടെത്തന്നെ അദ്ധ്യാപകവൃത്തി, അവിവാഹിതൻ, സൈക്ളിംഗ്, ബോട്ടിംഗ്, മരപ്പണി, കളിമൺ പാത്രനിർമ്മാണം, പാചകം അങ്ങനെ ഒരുപാട് താത്പര്യങ്ങൾ, ആകെ തിരക്കിട്ട ജീവിതം. അതിനിടയിൽ ഒരിക്കൽ, കൃത്യമായി പറഞ്ഞാൽ 2009 മാർച്ച് 16ാം തിയതി, 47ാം വയസ്സിൽ, ഒരു കയറിന്റെ കുരുക്കിനപ്പുറം, ഇനിയൊന്നും വേണ്ടെന്നു വച്ചു. വർഷങ്ങൾക്കു മുമ്പ്, "നിക്കും മെഴുകുതിരിക്കാലും" (Nick and the Candlestick) എന്ന കവിതയിൽ, "പുൽക്കൂട്ടിലെ കുഞ്ഞാണ് നീ" (you are the baby in the barn) എന്ന് സിൽവിയ പ്ലാത്ത് പാടിയത് അലാസ്കയിലെ വീട്ടിൽ, അന്ന് കയറിൽ തൂങ്ങിയാടിയ ആ മനുഷ്യനെ കുറച്ചായിരുന്നു.  

ദുരന്തങ്ങൾ ഒരു കുടുംബത്തെ വിടാതെ കൂടുന്നത് ചരിത്രത്തിൽ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്. "കെന്നഡി ശാപം" (Kennedy Curse) എന്ന് നമ്മളറിയുന്ന സംഭവപരമ്പരയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കുടുംബത്തിലെ 14 പേരാണ് അപകടങ്ങളിൽ, ആത്മഹത്യയിൽ, മറ്റനിഷ്ടസംഭവങ്ങളിൽ മരണപ്പെട്ടത്‌. നെഹ്റു കുടുംബത്തിലെ ഒരമ്മയും രണ്ട് മക്കളും ദാരുണമായി ഇല്ലാതായത് ഒരു രാഷ്ട്രത്തിൻ്റെ ഗതി മാറ്റിയതും നമ്മൾ കണ്ടതാണ്‌. എന്നാൽ സിൽവിയ പ്ലാത്തിന്റെ കുടുംബത്തിലെ ദുരന്തങ്ങൾ, ഒരു കുടുംബശാപം എന്നതിലുപരി, അവർ എഴുതാതെ പോയ വരികളുടെ ഭാരം കൊണ്ട് നമ്മെ തളർത്തുന്നു. കീറ്റ്സ് എഴുതിയതു പോലെ, "കേട്ട ശീലുകൾ മധുരതരം, കേൾക്കാത്തവയോ അതിമധുരം."

Content Summary: Varantha column by Jojo Antony about Sylvia Plath's house and Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com