ADVERTISEMENT

ജൂൺ 19നാണു വായനാദിനം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ.പണിക്കരുടെ ഓർമദിനമാണു മലയാളികൾ വായനാദിനമായി ആഘോഷിക്കുന്നത്. രാജ്യാന്തര പുസ്തകദിനവും വായനാദിനവുമൊക്കെയുണ്ടെങ്കിലും ഒരു സംസ്ഥാനവും ഒരു ഭാഷയും തനിച്ച് വായനയ്ക്കായി ഒരു ദിവസമാഘോഷിക്കുന്നത്, ഒരാഴ്ച ആ ആഘോഷം നീണ്ടുനിൽ‍ക്കുന്നത് ഒരുപക്ഷേ, കേരളത്തിൽ മാത്രമായിരിക്കും. ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമേതാണെന്നും അതിനെപ്പറ്റി എഴുതാമോയെന്നും കുറച്ച് എഴുത്തുകാരോടു ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം മലയാളിവായനയുടെ ബഹുസ്വരത വിളിച്ചോതുന്നതായിരുന്നു. ആ ഗംഭീര വായനാനുഭവങ്ങളാണു ചുവടെ. 

നല്ല വായനക്കാർ കൂടിയാണ് നമ്മുടെ എഴുത്തുകാർ. മലയാള സാഹിത്യത്തിലെയും ഇംഗ്ലിഷ് സാഹിത്യത്തിലെയും ഏറ്റവും പുതിയ പുസ്തകങ്ങൾ വരെ തേടിപ്പിടിച്ചു വായിക്കുകയും ആസ്വദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നവരാണവർ. സാഹിത്യത്തിലെ മുൻതലമുറയുടെ സംഭാവനകളിൽ ആഴത്തിലുള്ള അവഗാഹം ഉണ്ടായിരിക്കുമ്പോൾ തന്നെ പുതിയ തലമുറയുമായും അവർക്കു വ്യക്തമായ സംവേദനം സാധ്യമാകുന്നുണ്ട്. പുതുചലനങ്ങളെ കൃത്യമായി പിന്തുടരുന്നതു കൊണ്ടും അവരുമായി ഒരു ജൈവബന്ധം സൂക്ഷിക്കുന്നതുകൊണ്ടുമാണത്. മലയാളത്തോടൊപ്പം തന്നെ ലോകസാഹിത്യത്തെയും അവർ തങ്ങളുടെ വായനാപരിധിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എൻ. പ്രശാന്തിനെയും സോമൻ കടലൂരിനെയും വായിക്കുന്നതിനൊപ്പം തന്നെ ആ വായനാമേശയിൽ അബ്ദുൽ റസാഖ് ഗുർണയും സൽമാൻ റുഷ്ദിയും ഇടംപിടിക്കുന്നതങ്ങനെയാണ്. ഈ എഴുത്തുകാരുടെ വായനയോടുള്ള അഭിനിവേശവും പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള ആവേശപൂർണമായ സംഭാഷണവുമെല്ലാം ഒരു സാധാരണ വായനക്കാരനു വലിയ സന്തോഷം പകരുന്ന അനുഭവങ്ങളാണ്. 

പുസ്തകം വാങ്ങുന്നത് ഒരു ഭ്രാന്തുപോലെയായിട്ടുണ്ടെന്നാണു പി.എഫ്. മാത്യൂസ് പറയുന്നത്. മൂവായിരത്തിലേറെ പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുള്ളത്. ഓൺലൈൻ വായന ഉപാധിയായ കിൻഡിലിലും കുറേയേറെയുണ്ട്. ഒരേസമയം ഒന്നിലേറെ പുസ്തകങ്ങൾ വായിക്കുന്ന ശീലവും പിഎഫിനുണ്ട്. കെ.ജി.ശങ്കരപ്പിള്ളയുടെ മരിച്ചവരുടെ മേട്, വിജു വി. നായരുടെ മഷിമുനയിലെ ബ്ലാക്ഹോൾ എന്നിവ അദ്ദേഹം ഇക്കഴിഞ്ഞ ദിവസം സ്വന്തമാക്കിയ പുസ്തകങ്ങൾ. പുസ്തകങ്ങളോടൊപ്പം ജീവിക്കാനാണിഷ്ടം എന്നും പറഞ്ഞുവയ്ക്കുന്നു പി.എഫ്. മാത്യൂസ്. എറണാകുളത്തു ജോലി ചെയ്തിരുന്ന സമയത്ത് എറണാകുളം പബ്ലിക് ലൈബ്രറിയിലും വിരമിച്ച ശേഷം വെളിയനാട് ഗ്രാമീണവായനശാലയിലുമുള്ള അംഗത്വം വായനയ്ക്കുള്ള ഇന്ധനമാക്കി മാറ്റിയയാളാണ് രമേശൻ മുല്ലശേരി. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങുക മാത്രമല്ല, വായനയിഷ്ടമുള്ള ചങ്ങാതിമാർക്ക് അവ വായിക്കാൻ നൽകാനും അദ്ദേഹത്തിനു മടിയില്ല. പുസ്തകങ്ങൾ ആവശ്യത്തിനു കിട്ടാത്ത കാലത്ത് അതിനോടുണ്ടായിരുന്ന അഭിനിവേശം ഇപ്പോഴില്ലായെന്നു പറയുന്നു കവി എസ്.കലേഷ്. ഇപ്പോൾ അത് ഇഷ്ടപ്പെട്ട പുസ്തകങ്ങളോടു മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വായിക്കണമെന്നാഗ്രഹമുള്ള പുസ്തകങ്ങൾ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങൾ, യാത്രകൾ, ഓൺലൈനിൽ പുസ്തകം ബുക് ചെയ്തുള്ള കാത്തിരിപ്പ്, ആ പുസ്തകം പാതിവായിച്ചും, വായിക്കാതെയും കൂടെ കൊണ്ടുനടക്കൽ ഇതെല്ലാമാണ് കലേഷിന് ആനന്ദകരമായ വായനാനുഭവങ്ങൾ. കിട്ടാത്ത പുസ്തകങ്ങൾ, പലപ്പോഴും ഒരു കോപ്പി മാത്രം അവശേഷിക്കുന്നവ ഫോട്ടോകോപ്പി എടുത്ത് വായിക്കുന്നത്ര വായനാഭ്രാന്തനാണു രാംമോഹൻ പാലിയത്ത്. വിപണിയിൽ കിട്ടാനില്ലാത്ത ആനി തയ്യിലിന്റെ ആത്മകഥ ‘ഇടങ്ങഴിയിലെ കുരിശ്’, കേരള രാഷ്ട്രീയം ഒരസംബന്ധനാടകം തുടങ്ങിയവ അങ്ങനെ ഈയടുത്ത് രാംമോഹൻ കോപ്പി എടുത്തവയാണ്. ഒരേസമയം അഞ്ചു പുസ്തകങ്ങൾ വരെ വായിക്കുന്നതാണു ശീലം. കിൻഡിൽ വായനയും നന്നായുണ്ട്. ശാസ്ത്രം, ബിസിനസ്, ഹിസ്റ്ററി, ഫിലോസഫി, കവിത, നോവൽ എന്നീ ജോണറുകളിലുള്ളവയാണ് എപ്പോഴും വായിച്ചുകൊണ്ടിരിക്കുക. താൽപര്യമുള്ള ഈ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ വീട്ടിൽ അവിടവിടെയൊക്കെ വച്ചിട്ടുണ്ടാകും. സമയമുള്ളപ്പോഴൊക്കെ അതെടുത്തു വായിക്കുന്ന ശീലമാണു രാംമോഹന്റേത്. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനായ അനീസ് സലീമിന്റേത് പുസ്തകങ്ങൾ സ്വന്തമായ വാങ്ങി വായിക്കുന്ന ശീലമാണ്. ഇഷ്ടമുള്ള പുസ്തകങ്ങളെല്ലാം വാങ്ങും. വീട്ടുലൈബ്രറിയിലെ പുസ്തകങ്ങളെല്ലാം വായിച്ചുതീർത്തവയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മനോജ് വെങ്ങോല എവിടെപ്പോയാലും കയ്യിലൊരു പുസ്തകമുണ്ടായിരിക്കും. സമയം കിട്ടുമ്പോഴൊക്കെ അതെടുത്തു വായിക്കും. പി.കെ. ഗോപാലകൃഷ്ണൻ എഴുതിയ കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന പുസ്തകമാണ് ഇപ്പോൾ മനോജിന്റെ ബാഗിലുള്ളത്. പ്രധാനമായും വെണ്ണിക്കുളം കലാസാംസ്കാരിക സംഘം വായനശാല, തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറി, ചെമ്മനാട് പബ്ലിക് ലൈബ്രറി എന്നിവയുമായി ബന്ധപ്പെട്ടാണ് ട്രൈബി പുതുവയലിന്റെ വായനയിലേറെയും. അയർലൻഡിലെ ഗവ. ആശുപത്രിയിൽ നഴ്സ് ആയി സേവനമനുഷ്ഠിക്കുന്ന എഴുത്തുകാരി അശ്വതി പ്ലാക്കൽ അവധിക്കു നാട്ടിലെത്തി മടങ്ങുമ്പോൾ ഒരു പെട്ടി മുഴുവനായി പുസ്തകങ്ങൾക്കായി മാറ്റിവയ്ക്കും. കൂടാതെ, അയർലൻഡിലെ വായന ഇഷ്ടപ്പെടുന്ന മലയാളികളുടെ ഒരു കൂട്ടായ്മയിലെ അംഗങ്ങൾ പരസ്പരം പുസ്തകങ്ങൾ പങ്കുവയ്ക്കുന്നതും അശ്വതിയുടെ വായനയെ മുന്നോട്ടുകൊണ്ടുപോകുന്നു. ഏറെ തിരക്കും ഉത്തരവാദിത്തവുമുള്ള സർക്കാർ പദവിയിലിരിക്കുന്ന ഡോക്ടർ കൂടിയായ എഴുത്തുകാരൻ നിഖിലേഷ് മേനോന്റെ വായനയും എഴുത്തും രാത്രി 12 മണിക്കു ശേഷമാണ്. അയ്യായിരത്തോളം പുസ്തകങ്ങൾ വീട്ടുലൈബ്രറിയിലുള്ള അദ്ദേഹം ഇഷ്ടപുസ്തകങ്ങളെല്ലാം സ്വന്തമായി വാങ്ങുന്ന സ്വഭാവക്കാരനാണ്. എറണാകുളത്തും തിരുവനന്തപുരത്തുമുള്ള സെക്കൻഡ് ഹാൻഡ് പുസ്തകശാലകൾ കയറിയിറങ്ങി ഇഷ്ടപുസ്തകങ്ങൾ സംഘടിപ്പിക്കുന്ന ശീലമാണു സിവിക് ജോണിന്റേത്. പുതിയ ഇംഗ്ലിഷ് പുസ്തകങ്ങൾ കിൻഡിലിലും വായിക്കും. ‘തോർച്ച’ എന്ന സമാന്തര മാസിക നടത്തിയിരുന്ന കവി ബിജോയ് ചന്ദ്രന് മലയാളത്തിലിറങ്ങുന്ന മിക്കവാറും പുതിയ പുസ്തകങ്ങളുടെയെല്ലാം ഒരു പകർപ്പ് ഇപ്പോഴും കിട്ടാറുണ്ട്. എഴുത്തുകാരുമായി വ്യാപക സൗഹൃദവുമുള്ളതിനാൽ പുസ്തകങ്ങൾ ബിജോയിയെ തേടിവരും. അയ്യായിരം പുസ്തകങ്ങൾ കവിഞ്ഞ വീട്ടുലൈബ്രറിയിൽ നിന്ന് വായനകഴിഞ്ഞവ ബിജോയ് ഇപ്പോൾ ഗ്രാമീണ വായനശാലകൾക്കു നൽകുകയും ചെയ്യുന്നു.  

അസാധ്യസൗന്ദര്യം

∙പി.എഫ്.മാത്യൂസ്

∙∙മഹാലാഘവം – രവി

തുടർച്ചയിൽ അഭിരമിക്കാത്ത, വിശ്വസിക്കാത്ത ഒരേയൊരു മലയാള നോവൽ രവിയുടെ ‘മഹാലാഘവ’മായിരിക്കും. പലരും ചേർന്നെഴുതിയതാണെന്ന തോന്നലുണ്ടാക്കുന്ന, വൈവിധ്യത്തിന്റെ അസാധ്യസൗന്ദര്യമുള്ള ഒരു നോവൽ. ‘ഒരു കഥാപാത്രത്തിന്റെ പ്രസക്തിയൊക്കെയേ കർത്താവിനും ഉള്ളൂ’ എന്ന് ഉറപ്പിച്ചിരിക്കുകയാണ് നോവലിസ്റ്റ്. ഒരു ഖണ്ഡത്തിൽ മക്ബെത്തിലെ ദുർമന്ത്രവാദിനികൾ പോലും വരുന്നുണ്ട്. റേഡിയോയിലെ മഹിളാലയം പംക്തിയിൽ വിദുരൻ, കുന്തി, ഗാന്ധാരി എന്നിവരുടെ ചർച്ചയും കാണാം. പരിശുദ്ധമായ പരിഹാസത്തിൽ നിന്നുറവയെടുത്ത ഈ കൃതി നിലവിലുള്ള നോവൽ സങ്കൽപ്പങ്ങളെ തകിടംമറിക്കുന്നു. നാടകീയമായ കഥകൊണ്ട് നിർമിച്ചെടുക്കുന്ന സകല നോവലുകളെയും വെല്ലുവിളിക്കുന്ന ഈ കൃതിയെക്കുറിച്ച് ഏതാനും വാക്യങ്ങളിൽ വിവരിക്കുന്നത് അസാധ്യം.  വായനയിൽ മാത്രം വിട്ടുതരുന്ന ഒരനുഭവമാണത്. 

PF-Mathews

കഥപറച്ചിലിന്റെ വശ്യത

∙രമേശൻ മുല്ലശേരി

∙∙കുത്തിക്കൊലയുടെ കലാരഹസ്യങ്ങൾ – ബിജു സി.പി.

കുത്തിക്കൊല്ലുന്നതും ഒരു കലയാണോ? തീർച്ചയായും. ചേർത്തുപിടിക്കാൻ സ്വാതന്ത്യമുള്ളിടത്താണല്ലോ കുത്തിക്കൊല്ലാൻ എളുപ്പം. പല കൊലകളും വെട്ടിക്കൊലകളാകുന്നതും മരിച്ചെന്ന് ഉറപ്പുവരുത്താൻ എതിരാളിയെ വെട്ടി വികൃതമാക്കുന്നതും കാണുന്ന നമ്മൾ പലപ്പോഴും കുത്തിക്കൊലയുടെ കലാരഹസ്യങ്ങൾ കാണാതെ പോകുന്നു.

ബിജു സി.പിയുടെ ‘കുത്തിക്കൊലയുടെ കലാരഹസ്യങ്ങൾ’ എന്നപേരുള്ള കഥാസമാഹാരം വായിച്ചു കഴിഞ്ഞിട്ട് പുസ്തകം താഴെ വയ്ക്കുമ്പോൾ മറ്റൊരാളും കാണാത്ത കലാപരതയോടെ അത്യപൂർവ വിഷയങ്ങളെ മനോഹര കഥകളാക്കി ആവിഷ്കരിച്ച കൃതഹസ്തനായ ഒരു കഥാകൃത്തിന്റെ കരവിരുത് വായനക്കാരന് അനുഭവിക്കാനാവുന്നു. പ്രകൃതിയിൽ നിന്നോ നാം ചുറ്റും കാണുന്ന നിത്യകാഴ്ചകളിൽ നിന്നോ വ്യത്യസ്തമായ വിഷയം കണ്ടെത്തുന്ന കഥകളുടെ സമാഹാരമാണ് 'കുത്തിക്കൊലയുടെ കലാ രഹസ്യങ്ങൾ.' ആനുകാലികങ്ങളിൽ വ്യത്യസ്ത കാലങ്ങളിൽ പ്രസിദ്ധീകരിച്ചു വരുന്ന പല കഥകൾ ചേർത്ത് സമാഹാരമാക്കാൻ ഒരുങ്ങുമ്പോൾ പലരും ധർമസങ്കടത്തിലാവുകയാണ് പതിവ്. കഥകളിൽ ഏറെയും ഏതെങ്കിലും ഒരു പ്രത്യേക തീമിനെ ആശ്രയിച്ചുള്ളതാവും. അല്ലെങ്കിൽ എല്ലാ കഥകളിലും ഉപയോഗിച്ചിരിക്കുന്ന കഥനരീതി സമാനമായിരിക്കും. കഥാകഥന രീതിയുടെ ഏകതാനത വായനക്കാരിൽ മടുപ്പുളവാക്കും. കഥകളുടെ ആഖ്യാനരീതിയിലായാലും വൈവിധ്യങ്ങളായ വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും വ്യത്യസ്തത പുലർത്തുന്നവയാണ് ബിജുവിന്റെ  സമാഹാരത്തിലെ കഥകൾ. ചരിത്രം, ഐതിഹ്യം, സാമൂഹികശാസ്ത്രം, പ്രാദേശിക ചരിത്രം, സമുദ്രശാസ്ത്രം, ഫോക് ലോർ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചെഴുതുന്ന കഥാകൃത്തിന്റെ റേഞ്ച് അമ്പരപ്പിക്കുന്നതാണ്. ഓരോ കഥകൾക്കു പിന്നിലും ഗവേഷണചാതുരിയോടെ നടത്തിയിട്ടുള്ള അത്യധ്വാനം കഥകളിൽ മുഴച്ചുനിൽക്കാതെ സ്വഭാവികമായ മട്ടിൽ പറഞ്ഞു പോകാൻ കഴിയുന്നുണ്ട് എഴുത്തുകാരന്. ഡോക്യുമെന്റേഷനും കഥ പറച്ചിലും രണ്ടാണെന്ന തിരിച്ചറിവോടെ കഥയ്ക്കാവശ്യമായ കാര്യങ്ങൾ വശ്യത ചോരാതെ എഴുതി ഫലിപ്പിക്കുന്ന രീതി ഏറെ ശ്രദ്ധേയമായിത്തോന്നി.

ബിജുവിന്റെ കഥകൾ കാൽപ്പനിക ഭാവങ്ങളെ പടിക്കു പുറത്തുനിർത്തുന്നവയാണ്. അതേസമയം തന്നെ ഒരു ഫിക്ഷൻ എഴുത്തുകാരന്റെ ഏറ്റവും വലിയ മൂലധനം നോൺ ഫിക്ഷൻ വായനയിലൂടെ ആർജിച്ച അറിവുകളാണെന്ന് കാണിക്കുന്ന കഥകൾ ഏറെയുണ്ടുതാനും. ഈ സമാഹാരത്തിൽ അത്തരത്തിൽ ചൂണ്ടിക്കാണിക്കാവുന്നത് കടലോടികൾ എന്ന കഥയും സസ്യങ്ങളുടെ സാമൂഹ്യ ശാസ്ത്രം എന്ന കഥയുമാണ്. ഓരോ കഥകളും പ്രത്യേകം എടുത്തു പറയുന്നില്ല.

ഫോർട്ടുകൊച്ചിയുടെ വാമൊഴിഭാഷ സുന്ദരമായി ചേർത്തെഴുതിയ പൂഴി ക്രിക്കറ്റ്, മധ്യതിരുവിതാംകൂറിലെ കിഴക്കൻ ഭാഷയുടെ സൗന്ദര്യം പകർത്തിയ തോതാ മേരീസ് അടുക്കള, കുത്തിക്കൊലയുടെ കലാ രഹസ്യങ്ങൾ, അപസർപ്പകഥയെപ്പോലെ തുടങ്ങുകയും ശുദ്ധ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കാര്യഗൗരവം കുറയാതെ പറഞ്ഞ അടുത്തയിടെ അന്തരിച്ച ഡോ സ്ക്കറിയ സ്ക്കറിയ കഥാപാത്രമാകുന്ന ചിരികളി പാതിരി, കുറ്റവും ശിക്ഷയും, തലക്കെട്ടില്ലാത്ത മറ്റൊരു കഥ. ഓരോ കഥകളും മികച്ച അനുഭവങ്ങളാണെങ്കിലും വായനയിൽ എന്നെ ആകർഷിച്ച കഥകൾ നിത്യാർത്തവാംബികയും നീലവാവുമാണ്. രാജേഷ് ആർ. വർമയും എസ്.ഹരീഷുമൊക്കെ നോവലുകളിൽ ഉപയോഗിച്ച ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന രചനാസങ്കേതം ചരിത്രത്തെയും മിത്തുകളെയും എഴുത്തുകാരൻ പ്രതിഭ കൊണ്ട് ഇഴ പിരിച്ചു മറ്റൊന്നാക്കുന്നു. നിത്യാർത്താവാംബികയിൽ കഥാകൃത്ത് അവലംബിക്കുന്ന രചനാസങ്കേതം ഐതിഹ്യമാല രചിച്ച ശൈലിയാണ്. ഐതിഹ്യകഥകളെ അവയുടെ തന്നെയായ പ്രത്യേക രചനാസങ്കേതമുപയോഗിച്ചു തന്നെ അതിന്റെ വിരുദ്ധധ്രുവത്തിലേക്ക് കഥാകൃത്ത് കൊണ്ടുപോകുന്നുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിക്ക് അറിയാത്തിടങ്ങളിലേക്കാണ് ഈ കഥ വെളിച്ചം വീശുന്നത്. നീലവാവ് കൂടുതലായി ഇഷ്ടപ്പെടാൻ കഥയിലെ പരിസര ചിത്രീകരണവും സംഭാഷണശൈലിയും കാരണമായിട്ടുണ്ടാവാം. അതിവൈകാരികതയും നാടകീയതയുമില്ലാത്ത കഥ പറച്ചിൽ രീതിക്കൊപ്പം തന്നെ ശ്രദ്ധേയമായ കാര്യം നമ്മുടെ മുന്നിൽ ജീവിക്കുന്ന അല്ലെങ്കിൽ ജീവിച്ച   ഉമ്പായി, കൊട്ടാരത്തിൽ ശങ്കുണ്ണി, ബിസ്മില്ലാ ഖാൻ, ദസ്തയേവ്സ്കി, യേശുദാസ്, പെലെ തുടങ്ങിയ പ്രസിദ്ധരായ മനുഷ്യർ കഥയിൽ അതേപേരിൽ തന്നെ വന്നുപോകുന്നതാണ്. ഗൗരവമായി കഥകൾ പറഞ്ഞു പോകുമ്പോഴും ഹരീഷ്, സക്കറിയ, ഉണ്ണി ആർ തുടങ്ങിയ മധ്യതിരുവിതാംകൂർ എഴുത്തുകാരുടെ രീതിയെ പിൻപറ്റി നർമം മേമ്പൊടിയായി ചേർക്കുന്നുണ്ട് കഥാകാരൻ. ഒരുദാഹരണം നോക്കുക. ‘‘ഉമ്മൻചാണ്ടി എന്നത് വ്യത്യസ്തമായ പേരാണ്. പക്ഷേ, ജോൺ ഏബ്രഹാമിന്റെ പേര് ഉമ്മൻചാണ്ടി എന്നോ ഓനൻ മാപ്പിള എന്നോ ആയിരുന്നെങ്കിലത്തെ കഥ ഓർത്തു നോക്കൂ! അങ്ങേര് സിനിമ പഠിക്കാനും പിടിക്കാനും ഒന്നും പോകാതെ ഇച്ചിരെ റബറും വച്ച് അതും വെട്ടി പെമ്പ്രന്നോരും പിള്ളേരും ആയിട്ട് കഴിഞ്ഞേനെ!’’ ആമുഖക്കുറിപ്പിൽ എൻ.ശശിധരൻ മാഷ് പറയുന്നതു പോലെ അതി വൈകാരികതയോ നാടകീയതയോ പ്രതിഫലിപ്പിക്കാത്ത ഒരുതരം ഗൃഹാതുരത ചൂഴ്ന്നു നിൽക്കുന്ന കഥകളടങ്ങിയ, ഉറപ്പായും വ്യത്യസ്തമായൊരു കഥാവായനാനുഭവം പ്രദാനം ചെയ്യുന്ന സമാഹാരമാണ് കുത്തിക്കൊലയുടെ കലാരഹസ്യങ്ങൾ.

book-2111

ഗതികിട്ടാത്ത ആൺപ്രേമം 

∙രാംമോഹൻ പാലിയത്ത്

∙∙ദ് ബാഡ് ഗേൾ – യോസ

പുരുഷ മേധാവിത്വം, പുരുഷകേന്ദ്രീകൃത സമൂഹം എന്നെല്ലാം കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരുന്നു. കാരണം 2010ലെ നൊബേൽ സമ്മാന ജേതാവും പെറുവിയൻ എഴുത്തുകാരനുമായ മാരിയോ വർഗാസ് യോസയുടെ നോവൽ ദ് ബാഡ് ഗേൾ വായിച്ചുകൊണ്ടിരിക്കുന്നു. റിക്കാർഡോ സോമോകുർസിയോ എന്ന നായകന് പല പേരുകളിൽ പല നാടുകളിൽ വച്ചു കാണേണ്ടിവരുന്ന ‘ബാഡ് ഗേളി’നോട് തോന്നുന്ന അടങ്ങാത്ത പ്രേമമാണ് നോവലിന്റെ ഇതിവൃത്തം. ശരിയാണ്, മാക്രോലെവലിൽ നോക്കുമ്പോൾ പുരുഷൻ തന്നെ മേധാവി. ഉദാഹരണത്തിന് ജനാധിപത്യത്തിന്റെ പരീക്ഷണശാലകളായ അമേരിക്കയിലും കേരളത്തിലും ഇതുവരെ വനിതാ ഭരണമേധാവികൾ ഉണ്ടായിട്ടില്ല. എന്നാൽ മൈക്രോലെവലിലോ - ഒരു സമയത്ത് 2 മുതൽ 15 കോടി വരെ പുംബീജങ്ങളെ അരക്കെട്ടിൽ പേറുന്ന ദുർബലനായ മൃഗമാണ് മനുഷ്യപുരുഷൻ. അവയിൽ ഒറ്റയൊന്നിനെ മാത്രം സ്വീകരിക്കാൻ മാസത്തിൽ ഒരു അണ്ഡം മാത്രം വിട്ടു തരുന്ന ശക്തിദുർഗയാണ് സ്ത്രീ. ഈ തിരിച്ചറിവിനാണ് ബാഡ് ഗേൾ അടിവരയിടുന്നത്.

Ram-book-

 

വായനാദിനത്തിൽ വായിക്കാം

∙എസ്.കലേഷ് 

∙∙പ്രേംപാറ്റ - ബഷീർ

paatta

ബഷീർ മൺമറഞ്ഞിട്ട് ആറുവർഷത്തിനു ശേഷം പുറത്തിറക്കിയ ഈ പുസ്തകത്തെ, പ്രേം പാറ്റ, സ്മരണയായും നീണ്ടകഥയായും നോവലായുമൊക്കെ വായിച്ചെടുക്കാം. ‘സ്വർഗീയസുന്ദരി’യായ ബീനയുടെ വീട്ടിൽ ചെന്നിരുന്ന് സല്ലപിക്കുന്ന ബഷീറിലൂടെ അന്നത്തെ കാലം അതിരുകളില്ലാതെ പരന്നൊഴുകുന്നു. പ്രേമം, സാമൂഹികവിമർശനം, ബഷീറിയൻ തത്ത്വചിന്ത തുടങ്ങി ഓരോ വരിയിലും ബഷീറിന്റെ നിറഞ്ഞാട്ടം. വായനാദിനത്തിൽ വായിക്കാൻ ഒരു കഷണം ഇതാ: ‘‘അധികമൊന്നും വായിക്കണ്ട. ആവശ്യമുള്ളത് കുറച്ചു തിരഞ്ഞുപിടിച്ച് വായിച്ചാൽ മതി. വായിക്കുന്നതും കേൾക്കുന്നതും അപ്പടി വിശ്വസിക്കരുത്. വിഴുങ്ങരുത്. ദൂരെ നിർത്തി ചിന്തിക്കുക. കള്ളന്മാരും നുണയന്മാരും തനി വിഷം ചീറ്റൽ ബ്രാൻഡുകാരും ധാരാളമായി ഇവിടെയുണ്ടല്ലോ’’. 

ഹൃദ്യമായ ആഖ്യാനം

∙അനീസ് സലീം

∙∙ദ് ലാസ്റ്റ് ഗിഫ്റ്റ് – അബ്ദുൽ റസാഖ് ഗുർണ

anees-salim-book

അബ്ദുൽ റസാഖ് ഗുർണയുടെ ‘ദ് ലാസ്റ്റ് ഗിഫ്റ്റ്’ ആണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം. സത്യത്തിൽ ഇതു പുനർവായനയാണ്. മുൻപത്തെ വായനയിൽ അധ്യായങ്ങൾക്കിടയിൽ ഇടവേളകൾ വന്നിരുന്നു. ഒരു ചെറു ആഫ്രിക്കൻ രാജ്യത്ത് നിന്ന് ഒളിച്ചോടി ലണ്ടനിൽ എത്തിപ്പെടുന്ന അബ്ബാസിന്റെ അവസാനനാളുകളും ഓർമകളുമാണ് ഇതിവൃത്തം. ഒരു കുമ്പസാരം എന്ന പോലെ അബ്ബാസ് തന്റെ ജീവിതകഥ ഉറ്റവരുമായി പങ്കുവയ്ക്കുണ്ട്. ആഖ്യാനം ഹൃദമാണെങ്കിലും ഗുർണയുടെ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നല്ല ഇതെന്നാണ് എനിക്ക് തോന്നുന്നത്. 

നിർദ്ദയഫലിതം

∙മനോജ് വെങ്ങോല

∙∙ബിപിഎൽ കവിതകൾ – നിരഞ്ജൻ

അടിയോളം തെളിഞ്ഞ ആഴത്തിൽ, ചരിത്രവും സംസ്കാരവും രാഷ്ട്രീയവും വ്യവഹാരങ്ങളും നഗരശബ്ദഘോഷങ്ങളും  നാട്ടുവഴക്കവും വെള്ളിനേഴിച്ചിട്ടയും മണ്ണും ആകാശവും പ്രതിഫലിപ്പിക്കുന്ന സമുദ്രഭാവമാണ് നിരഞ്ജന്റെ 'ബിപിഎൽ കവിതകൾ' എന്ന പുസ്തകം.

'ഓരോ ചെറുവാക്കിന്റെ അടിത്തട്ടിലും

ഒരു നാവികൻ

പലപല നിറങ്ങളിൽ

പലപല ജീവനിൽ

പലപല തിളക്കങ്ങളിൽ

പലപല ചിറകുകളിൽ

പലപല കടലുകളൊതുക്കുന്നുണ്ട്' 

manoj

എന്നാണ് 'നാവികന്റെ വാക്കുകൾ'. 'കരയിലെ വാക്കുകൾ പോലെയല്ല കടലിലെ വാക്കുകൾ' എന്നും കവിത മുന്നറിയിപ്പ് നൽകുന്നു. നിരഞ്ജന്റെ കവിതകളിലെ അമ്ലസ്വഭാവമുള്ള നിർദ്ദയ ഫലിതം, സ്വയം നവീകരിക്കാൻ സമകാലികതയോട് ആവശ്യപ്പെടുന്നു. സാധാരണത്വമാണ് അവയുടെ തത്വം. കാലത്തെക്കുറിച്ചുള്ള ഭയമാണ് അഭയം. ചുരുക്കത്തിൽ ഈ കവിതകൾ 'ഞാൻ' വായിക്കുകയല്ല, അവ 'എന്നെ' വായിക്കുകയാണ്. നിരഞ്ജന്റെ കവിതകളുടെ വീര്യമിരിക്കുന്നത് ഭാഷയിലാണ് എന്ന് പി.രാമൻ കുറിച്ചതും വായനക്കാരനു മുന്നിലുണ്ട്.  

അനശ്വര പുസ്തകം

∙ട്രൈബി പുതുവയൽ

∙∙പാവങ്ങൾ – വിക്ടർ യൂഗോ

Triby-Thomasybook

മനുഷ്യനുള്ളിടത്തോളം കാലം പുനർവായന ആവശ്യപ്പെടുന്ന അനശ്വര പുസ്തകം. സ്നേഹത്തെയും മറികടന്ന് മാനവികതയിലേക്ക് മനസുകളെ വളർത്തുന്ന കരുണയുടെ അക്ഷരക്കെട്ട്. ജീവിത പോരാട്ടങ്ങളും ദാരിദ്ര്യവും പ്രേമവും കണ്ണീരും നിറയുന്ന, ലോകത്തെല്ലായിടത്തും മനുഷ്യന്റെ കഥ ഒന്നാണന്നു വിളിച്ചുപറയുന്ന ഴാങ് വാൽ ഴാങ്ങിന്റെ ജീവിതകഥ. വിക്ടർ യൂഗോയുടെ പാവങ്ങൾ. നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും വരച്ചിട്ട ഈ കൃതി കാലാതിവർത്തിയാകുന്നു.

വീര്യമുള്ള ഭാഷ

∙അശ്വതി പ്ലാക്കൽ

∙∙പൊനം – കെ.എൻ. പ്രശാന്ത്

aswathy

പൊനം ആണോ നീയിപ്പോൾ വായിക്കുന്നത്? വിഡിയോകോളിൽ വന്ന സുഹൃത്താണ് ചോദിച്ചത്. വായിക്കാൻ തുടങ്ങാൻ വേണ്ടി ബെഡ് സൈഡ് ടേബിളിൽ നിന്ന് ബെഡിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരുന്നു ‘പൊന’ത്തിന്. എന്റെ ഓടിച്ചുള്ള വായനരീതി അറിയാവുന്നതിനാൽ എനിക്കുള്ള മുൻകരുതൽ പോലെ നന്നായി വായിക്കേണ്ട പുസ്തകം ആണെന്നു പറഞ്ഞുംവച്ചു. നേരത്തേ കവിതകളും എഴുതിയിരുന്ന കെ.എൻ. പ്രശാന്ത്‌ എഴുതിയ നോവലാണ് പൊനം. പകയേക്കാൾ സത്യസന്ധതയുള്ള വേറൊരു വികാരം ഉണ്ടോയെന്നു നമ്മെ ചിന്തിപ്പിക്കുന്ന കഥാതുടക്കം. ആദ്യഘട്ടമായ റാക്ക് തുടങ്ങിയിട്ടേ ഉള്ളൂ. റാക്ക് എന്നാൽ വീര്യമുള്ള ലഹരി എന്നാണ്. അതിലും വീര്യമുള്ള ഭാഷയുണ്ട് പ്രശാന്തിന്.  പലരും സ്ത്രീകളെ എഴുത്തിലും വായനയിലും ജീവിതത്തിലും വെറും ലൈംഗിക കളിപ്പാട്ടങ്ങൾ ആക്കി മാറ്റുമ്പോഴും സ്ത്രീശരീരം കാലഘട്ടത്തെ മാറ്റിമറിക്കും എന്നു ചിന്തിക്കുന്ന, തോന്നിപ്പിക്കുന്ന എഴുത്തുകൾ രസമാണ്. പകയും ലൈംഗികതയും റാക്കും എല്ലാം ചേർന്നു നല്ല എരിവുള്ള മീൻതല കൂട്ടി ഒരന്തിക്കള്ളു മോന്തുന്ന സുഖമുണ്ട് പൊനത്തിന്.

കടലിന്റെ സ്വന്തം ഭാഷ

∙ബിജോയ് ചന്ദ്രൻ

∙∙പുള്ളിയൻ – സോമൻ കടലൂർ

Bijoy-book-

സോമൻ കടലൂർ എന്ന കവിയുടെ ആദ്യനോവൽ ആണ് പുള്ളിയൻ. കടലിന്റെ വിചിത്രഭാഷണം എന്നു വിശേഷപ്പിക്കാൻ തോന്നുന്ന രചന. നോവൽ എന്ന വലിയ ആഖ്യാനഭൂമിക ഭാഷയുടെ ഉന്മാദത്തെയും മറുലോകത്തെയും കാണിക്കും. പുള്ളിയൻ അത്തരം ഒരു മറുലോകത്തെ ആർത്തമായി എഴുതുന്നു. ഒരെഴുത്തുകാരൻ അയാളുടെ ആത്മാവിനെ കണ്ടെത്തുന്നത് അയാൾ ജീവിച്ച ദേശത്തിന്റെ, അയാൾ ജീവിതമനുഭവിച്ച വന്യകാലങ്ങളുടെ, സന്ദേഹങ്ങളുടെ, ഓർമകളുടെ എല്ലാം വിസ്‌ഫോടനങ്ങൾ നടക്കുന്ന അപൂർവമായ ഒരു രചനയിലൂടെ ആകും. അതിൽ അയാളുടെ ജീവിതം അങ്ങനെ തന്നെ എരിഞ്ഞു നിൽക്കും. സോമൻ കടലൂർ പേരിൽ മാത്രമല്ല, ജീവിതത്തിലും എഴുത്തിലും അനുഭവങ്ങളിലും എല്ലാമെല്ലാം കടലറിഞ്ഞ പച്ചമനുഷ്യനാണ്. അയാൾക്ക് മാത്രമേ ഇങ്ങനെ ഒരു നോവൽ എഴുതാൻ കഴിയൂ. കടൽഭാഷയുടെ ഈ വിചിത്രതരംഗങ്ങളിൽ പെട്ടുകിടക്കുകയാണ് ഞാൻ. ഉപ്പുവെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന കൽപനകളുടെ കട്ടമരത്തിൽ പൊത്തിപ്പിടിച്ച്. 

എഴുത്തുകാരന്റെ ജീവിതം

∙സിവിക് ജോൺ

∙∙2666 – റോബെർട്ടോ ബലാനോ

civic-book-2

അഞ്ചുഭാഗങ്ങളുള്ള ഒരു ബ്രഹദ്ഗ്രന്ഥമാണ് ചിലിയൻ എഴുത്തുകാരൻ റോബെർട്ടോ ബലാനോയുടെ 2666. ബെനോവോൺ ആർച്ചിംബോൾഡി എന്ന ജർമൻ എഴുത്തുകാരൻ ലോകമെങ്ങും ആരാധകരുള്ള, ഒട്ടേറെ ഭാഷകളിൽ വായിക്കപ്പെടുന്ന, പലപ്പോഴായി നൊബേൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. കൃത്യമായ ഇടവേളകളിൽ പുറത്തിറങ്ങുന്ന പുസ്തകങ്ങൾ അല്ലാതെ അയാളെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ആർച്ചിംബോൾഡിയുടെ പബ്ലിഷർ പോലും അയാളെ നേരിൽ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. 4 നിരൂപകർ ആർച്ചിംബോൾഡിയെ നേരിൽ കാണാനായി നടത്തുന്ന അന്വേഷണങ്ങളാണ് നോവലിന്റെ ആദ്യഭാഗം. സാന്റാ തെരേസ എന്ന മെക്സിക്കൻ പട്ടണത്തിലേക്കാണ് ആർച്ചിംബോൾഡി അവസാനമായി യാത്ര ചെയ്യുന്നത്. ആ നഗരത്തിലേക്ക് താമസം മാറിയെത്തുന്ന ഒരധ്യാപകനാണ് ഓസ്കർ അമൽഫിറ്റാനോ. അയാളുടെയും മകളുടെയും കഥയാണ് രണ്ടാം ഭാഗത്തിൽ. മൂന്നാം ഭാഗത്തിൽ തന്റെ പത്രസ്ഥാപനത്തിലെ സ്ഥിരം സ്പോർട്സ് ജേണലിസ്റ്റിന്റെ നിര്യാണത്തെത്തുടർന്ന് ഒരു ബോക്സിങ് മത്സരം കവർ ചെയ്യാനായി മെക്സിക്കോയിൽ എത്തുന്ന ഓസ്കർ ഫേറ്റ് എന്ന പത്രപ്രവർത്തകന്റെ കഥ പറയുന്നു. അവിടെ എത്തിയ ശേഷമാണ് ബോക്സിങ് മത്സരത്തേക്കാൾ കൗതുകം ജനിപ്പിക്കുന്ന മറ്റൊരു വാർത്ത അയാൾ അറിയുന്നത്. തൊട്ടടുത്ത പട്ടണമായ സോണോറയിൽ അസംഖ്യം സ്ത്രീകൾ കൊല്ലപ്പെടുന്നു. ചിലപ്പോഴെല്ലാം പ്രതികളെ കിട്ടുന്നു. ചിലപ്പോൾ കേസുകൾ തെളിവില്ലാതെ മാഞ്ഞുപോകുന്നു. ആ കുറ്റകൃത്യങ്ങളുടെ മനംമടുപ്പിക്കുന്ന വിവരണമാണ് പുസ്തകത്തിലെ നാലാം ഭാഗം. പുസ്തകത്തിന്റെ അവസാനഭാഗം ആർച്ചിംബോൾഡി എന്ന പേരിൽ അറിയപ്പെടുന്ന ആ ജർമൻ എഴുത്തുകാരന്റെ അതുവരെയുള്ള ജീവിതത്തിന്റെ ലഘുചരിത്രമാണ്. പരസ്പരം ഇടകലർന്നു നിൽക്കുന്ന ഈ ആഖ്യാനങ്ങൾ എഴുത്ത്, നിരൂപണം, ഫിലോസഫി, കുറ്റകൃത്യങ്ങൾ, യുദ്ധം, കമ്യൂണിസം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

ഗുരുതരമായ കരൾ രോഗബാധയാൽ മരണപ്പെടുമ്പോൾ ബലാനോയുടെ പ്രായം 50 വയസ്സാണ്. അവസാനത്തെ കുറച്ചു വർഷങ്ങൾ അയാൾ പൂർണമായി നീക്കിവച്ചത് ഈ പുസ്തകം പൂർത്തിയാക്കുന്നതിനാണ്. ഒരുപക്ഷേ, ബലാനോ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ 2666 ഇതേ രൂപത്തിൽ തന്നെയാണോ പുറത്തു വരുക എന്നത് പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള ചോദ്യമാണ്. 

വേറിട്ട നോവൽ

∙നിഖിലേഷ് മേനോൻ

∙∙ബാഡ് കിഡ്സ് – സിജിൻ ചെൻ

nikhileshmenon-book-2

ലോകമെമ്പാടു നിന്നുമുള്ള മികച്ച ക്രൈം-മിസ്റ്ററി രചനകൾ ഇംഗ്ലിഷിൽ അവതരിപ്പിക്കുന്ന മുദ്രണമാണ് (ബ്രിട്ടിഷ് പ്രസാധകരായ പുഷ്‌കിൻ പ്രസ്സിന്റെ ഉടമസ്ഥതയിലുള്ള) പുഷ്കിൻ വെർട്ടിഗോ. ‘സിജിൻ ചെൻ’ എഴുതിയ ചൈനീസ് നോവലായ ‘ബാഡ് കിഡ്സ്’ എന്ന പുസ്തകത്തിന്റെ പുഷ്കിൻ വെർട്ടിഗോ പ്രസിദ്ധീകരിച്ച ഇംഗ്ലിഷ് പരിഭാഷയാണ് ഇപ്പോൾ വായനയിലുള്ളത്. ക്രൈം-മിസ്റ്ററി ജനുസ്സിൽ പെടുന്ന നോവലുകളിൽ സാധാരണ കാണാറുള്ള കഥാ പരിസരമോ വഴിത്തിരിവുകളോ ഒന്നുമല്ല ഈ പുസ്തകത്തിന്റെ പ്രമേയം എന്നതാണ് വായനയെ വ്യത്യസ്തമാക്കുന്നത്.

ഴാങ് തന്റെ സമ്പന്നരായ ഭാര്യാ പിതാവിനെയും മാതാവിനെയും മലമുകളിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തുകയാണ്. സ്വാഭാവിക അപകടം എന്ന മട്ടിൽ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആ കൊലപാതകം പക്ഷേ, രണ്ടു കുട്ടികളുടെ ക്യാമറക്കണ്ണിൽ കുടുങ്ങുന്നു. ദുരന്തസമാനമായ ബാല്യത്തിലൂടെ കടന്നുപോകുന്ന അവർ ഇത് ഒരു അവസരമായി മുന്നിൽക്കണ്ട് പണത്തിനു വേണ്ടി ഴാങ്ങിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ തീരുമാനിക്കുന്നു. കുറ്റകൃത്യം മറയ്ക്കുവാൻ ശ്രമിക്കുന്ന ഴാങ്ങും അതിലൂടെ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന കുട്ടികളും തമ്മിലുള്ള എലിയും പൂച്ചയും കളിയാണ് ബാഡ് കിഡ്സിനെ ഉദ്വേഗഭരിതമാക്കുന്നത്. വളരെ വേഗത്തിൽ വായിക്കാവുന്ന എന്നാൽ പേരന്റിങ്ങിനെപ്പറ്റിയും കുറ്റകൃത്യങ്ങളുടെ ഉദ്ഭവത്തെപ്പറ്റിയുമൊക്കെയുള്ള ആഴത്തിലുള്ള ആശയങ്ങളെ അതിവിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്ന നോവലാണ് ബാഡ് കിഡ്സ്. പ്രധാന കഥാപാത്രങ്ങൾ കുട്ടികൾ ആണെന്നതും പുതുമയാണ്.

Content Summary: Books Reading by Malayalam Authors on Vayanadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com