ADVERTISEMENT

ന്നായിരുന്നെങ്കിൽ എനിക്കു നിർമ്മാല്യം എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പറ്റുമായിരുന്നോ? ഒരു അഭിമുഖത്തിൽ എം.ടി ചോദിച്ചതാണിത്. കാരണം നിർമ്മാല്യമൊരുക്കിയ 1973 അല്ല ഇപ്പോൾ. മൂന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കേരളത്തിലെ സാമൂഹികാവസ്ഥ മാറി. മതവും ജാതിയും കേരളീയ സമൂഹത്തെ ശരിക്കും വിഴുങ്ങി എന്നു പറയാം. മത–ജാതി നേതാക്കൾ എതിർത്താൽ പിന്നീടൊന്നും നടക്കില്ല എന്നതാണിവിടുത്തെ അവസ്ഥ. അത്തരമൊരു സാഹചര്യത്തിൽ ശ്രീകോവിലിലെ ബലിക്കല്ലിൽ വായിലെ ചോര വെളിച്ചപ്പാട് തുപ്പുന്നൊരു സീൻ ചിത്രീകരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അത്തരമൊരു സീൻ ഇന്നത്തെ കാലത്ത് ചിത്രീകരിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് എം.ടി അങ്ങനെ ചോദിച്ചത്.

 

എം.ടി ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് നിർമ്മാല്യം. കഥയും തിരക്കഥയും നിർമ്മാണവുമെല്ലാം എം.ടി നിർവഹിച്ച ആദ്യ ചിത്രം. പി.ഭാസ്‌കരൻ സംവിധാനം ചെയ്‌ത ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെ സംവിധായകന്റെ ആവശ്യപ്രകാരം രണ്ടുമൂന്നു ദിവസം എം.ടി ആ ചുമതല നിർവഹിച്ചിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ ചിത്രങ്ങളുടെ ചിത്രീകരണം നടക്കുമ്പോൾ സെറ്റിൽ പോയിരിക്കാറുണ്ട്.

‘നിർമാല്യം’ സിനിമയിലെ ദൃശ്യം.
‘നിർമാല്യം’ സിനിമയിലെ ദൃശ്യം.

 

സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലി കോഴിക്കോട്ടെ ക്രൗൺ തിയറ്ററിൽ നിന്നു കണ്ടിറങ്ങിയപ്പോഴാണ് സ്വന്തം ഗ്രാമജീവിതത്തിലെ ആളുകളെയും സംഭവങ്ങളെയും ആധാരമാക്കി ഒരു ചിത്രം ചെയ്‌താലോ എന്ന ആലോചന വരുന്നത്. ബംഗാളിലെ ഒരു ഗ്രാമത്തിൽ നിന്ന് സത്യജിത്ത് റേ ഒപ്പിയെടുന്ന ജീവിതങ്ങൾ അത്രയ്‌ക്ക് എം.ടിയെ സ്വാധീനിച്ചിരുന്നു. ലോക ക്ലാസിക് ചിത്രങ്ങൾ ധാരാളം കണ്ടിരുന്നെങ്കിലും അതൊന്നും നൽകാത്തൊരു അനുഭൂതിയായിരുന്നു പഥേർ പാഞ്ചാലി ഉണ്ടാക്കിയത്.

nirmalyam

 

എം.ടിക്കു പരിചയമുണ്ടായിരുന്ന കോഴിക്കോട്ടെ വി. അബ്ദുള്ളയുടെ ചിത്രസാഗർ എന്ന കമ്പനിയാണ് പഥേർ പാഞ്ചാലി വിതരണത്തിനെടുത്തിരുന്നത്. ഇന്ത്യൻ സിനിമയുടെ പുതുയുഗത്തിനു തുടക്കമിട്ട ഈ ചിത്രം പക്ഷേ, കേരളീയർ വലിയ ആവേശത്തോടെയൊന്നും എതിരേറ്റില്ല. മൂന്നുദിവസം മാത്രമേ കോഴിക്കോട്ട് ക്രൗൺ തിയറ്ററിൽ പ്രദർശനം നടന്നുള്ളൂ. പിന്നീട് തിരുവനന്തപുരത്ത് രണ്ടുദിവസവും. നല്ല പരസ്യം കൊടുത്തിരുന്നെങ്കിലും തിയറ്ററിൽ അതുകൊണ്ട് കാര്യമായ ആളനക്കമൊന്നുമുണ്ടാക്കാൻ സാധിച്ചില്ല.

 

mt-vasudevan-nair-malayalam-writer

ആദ്യ സംവിധാന സംരംഭം സ്വന്തമായി നിർമിക്കാൻ തന്നെ എം.ടി തീരുമാനിച്ചു. കുറഞ്ഞ ചെലവിൽ ഗ്രാമീണ പശ്ചാത്തലത്തിലൊരു ചിത്രം. വലിയ താരങ്ങളൊന്നുമില്ലാതെ കുറഞ്ഞ ദിവസം കൊണ്ട് ചിത്രീകരിക്കാൻ കഴിയുന്നൊരു കഥയൊരുക്കാൻ എം.ടി തീരുമാനിച്ചു. എം.ടി തിരക്കഥയെളുതിയ വിത്തുകളുടെ ചിത്രീകരണം ഈ സമയത്ത് നടക്കുകയാണ്. പി. ഭാസ്‌കരനാണ് സംവിധാനം. മുൻപ് താനെഴുതിയ ഏതെങ്കിലുമൊരു കഥ സിനിമയാക്കാമെന്നായിരുന്നു എം.ടിയുടെ കണക്കുകൂട്ടൽ. അങ്ങനെയാണ് പള്ളിവാളും കാൽച്ചിലമ്പും എന്ന കഥയെ അവലംബിച്ച് തിരക്കഥയെഴുതാൻ തീരുമാനിച്ചത്. 

 

പള്ളിവാളും കാൽച്ചിലമ്പും നിർമ്മാല്യം എന്ന പേരിലേക്ക് മാറി. ഏതൊരു ഗ്രാമത്തിനും അതിന്റെ ചൈതന്യം നിലനിർത്തുന്നൊരു ദേവിയുണ്ടാകും. ആ ദേവിയുടെ അമ്പലവും ശാന്തിക്കാരനും വെളിച്ചപ്പാടും കഴകക്കാരുമെല്ലാം ഗ്രാമത്തിലെ എല്ലാവരുടെ ജീവിതവുമായി ബന്ധപ്പെട്ടു കഴിയുന്നവരായിരിക്കും. എന്നാൽ ദൈവത്തിനോട് ഏറ്റവും അടുത്തുനിൽക്കുന്ന ഇവരും മനുഷ്യരാണെന്ന് ആരും കരുതാറില്ല. ഒരു മനുഷ്യജീവിതത്തിലെ എല്ലാ ആകുലതകളും ദൈന്യതയുമെല്ലാം വെളിച്ചപ്പാടിനും ശാന്തിക്കാരനും അനുഭവിക്കുന്നുണ്ടെന്ന കാഴ്‌ചപ്പാടിൽ നിന്നാണ് സിനിമ വളരുന്നത്.

 

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള വൈദഗ്‌ധ്യം പൂർണമായി ഉണ്ടെന്ന വിശ്വാസമില്ലാതെ നിർമ്മാല്യം തുടങ്ങിയതെന്നാണ് എം.ടി പിന്നീട് എഴുതിയത്. സിനിമ നിർമിക്കാൻ വേണ്ട പണം വലിയൊരു ഘടകമാണ്. അത് എവിടെ നിന്ന് എന്നൊരു വലിയ ചോദ്യം സംവിധായകനുമുന്നിലുണ്ട്.  കൂടല്ലൂരിൽ നിന്നു കോഴിക്കോട്ടേക്കെത്തിയതോടെ എം.ടിയുടെ സൗഹൃദം വികസിച്ചിരുന്നു. കോഴിക്കോട്ടെ രണ്ടു സുഹൃത്തുക്കൾ സഹായിക്കാമെന്നേറ്റു. ബിസിനസുകാരനും കലാതൽപ്പരനുമായ പുതുക്കുടി ബാലൻ, ആദ്യകാല സോഷ്യലിസ്‌റ്റായിരുന്ന ആതാടി ദാമോദരൻ എന്നിവരായിരുന്നു മുടക്കുന്ന പണം ചിലപ്പോൾ തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും സഹായിക്കെന്നേറ്റത്. നിർമാണം ആരംഭിക്കാനുള്ള പണം ഉറപ്പായതോടെ എം.ടി. വിതരണക്കാരെ സമീപിച്ചു. സുഹൃത്തായ പാവമണിയെയാണു കണ്ടത്. മിതമായൊരു സംഖ്യ മുൻകൂറായി തരാമെന്ന ഉറപ്പിൽ അദ്ദേഹത്തിന്റെ ഷീബാ ഫിലിംസിന് വിതരണാവകാശം നൽകി.

 

താരനിർണയത്തെക്കാൾ എം.ടി ആദ്യം പ്രാധാന്യം നൽകിയത് ലൊക്കേഷൻ കണ്ടെത്തുന്നതിനായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ അമ്പലമാണ് പ്രധാന ലൊക്കേഷൻ. അതേ ദരിദ്ര്യ പശ്ചാത്തലമുള്ളൊരു ഗ്രാമവും വേണം. ലൊക്കേഷൻ തേടിയുള്ള യാത്രയിൽ പുതുക്കുടി ബാലനായിരുന്നു കൂടെയുണ്ടായിരുന്നത്. അവധി ദിവസങ്ങളിലായിരുന്നു ലൊക്കേഷൻ തേടിയുള്ള യാത്ര. ഗ്രാമങ്ങൾ നഗരവൽക്കരണത്തെ സ്വാഗതം ചെയ്യുന്ന കാലമായിരുന്നു. ക്ഷയിച്ച അമ്പലം കാണാൻ ചെല്ലുമ്പോൾ അവിടെ കോൺക്രീറ്റ് ചെയ്‌ത കെട്ടിടമായിരിക്കും വരവേൽക്കുന്നത്. നാലഞ്ചുയാത്രകൾക്കു ശേഷമാണ് മൂക്കുതലയിലെ അമ്പലത്തെക്കുറിച്ചു കേൾക്കുന്നത്. എടപ്പാൾ കുട്ടൻ എന്നു സുഹൃത്തുക്കൾ വിളിക്കുന്ന പൊന്നുംകുഴിയിൽ നാരായണൻ നായരായിരുന്നു പിന്നീടു വേണ്ട  സഹായമൊക്കെ ചെയ്‌തുകൊടുത്തത്. നടൻ സുകുമാരന്റെ അമ്മാവനായിരുന്നു എടപ്പാൾ കുട്ടൻ. ഇദ്ദേഹമാണ് മൂക്കുതലയിലെ അമ്പത്തിലേക്ക് എം.ടിയെ കൊണ്ടു പോകുന്നത്. വലിയ സമൃദ്ധിയോടെയുള്ള മേലേകാവും തൊടുടുത്ത് അനാഥാവസ്ഥയിലുള്ള താഴേക്കാവും അദ്ദേഹം കാട്ടിക്കൊടുത്തു. എം.ടി മനസ്സിൽ കണ്ട ഏറെക്കുറെയൊക്കെ അവിടെയുണ്ടായിരുന്നു . മനസ്സിൽ കണ്ട അമ്പലത്തിനടുത്തുകൂടെ പുഴ ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ ഇവിടെ അതുണ്ടായിരുന്നില്ല എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇടവഴികളും നാടൻ വീടുകളുമെല്ലാം കണ്ടപ്പോൾ എം.ടിക്കു സന്തോഷമായി. ചിത്രീകരണം അവിടെ വച്ചുതന്നെയാക്കാൻ എം.ടി തീരുമാനിച്ചു.

 

ഇനി താരങ്ങളെ നിശ്ചയിക്കണം. പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ എം.ടി. ആദ്യം നിശ്ചയിച്ചിരുന്നത് ശങ്കരാടിയെയായിരുന്നു. അമ്പലവാസിയായിരുന്ന അദ്ദേഹത്തിന് വെളിച്ചപ്പാടിന്റെ പ്രകൃതം നന്നായി ചെയ്യാൻ കഴിയുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോൾ ശങ്കരാടി വേറെയൊരു നിർദേശമാണു മുന്നോട്ടുവച്ചത്. അത്രയും ദൈന്യത നിറഞ്ഞ വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ തന്റെ ഈ ശരീരം കൊണ്ടു കഴിയില്ലെന്നും ആ വേഷം ചെയ്യാൻ ഏറ്റവും നല്ലത് പി.ജെ.ആന്റണിയായിരിക്കുമെന്നായിരുന്നു ശങ്കരാടിയുടെ നിർദേശം. അതു ശരിയാണെന്ന് എംടിക്കും തോന്നി.

 

പി.ജെ. ആന്റണിയെ മുമ്പേ അറിയാം. കൂട്ടുകൃഷി എന്ന നാടകത്തിൽ അഭിനയിക്കാൻ വന്നപ്പോൾ കണ്ടിട്ടുണ്ട്. അദ്ദേഹം പി.ജെ. ആന്റണിക്കൊരു കത്തയച്ചു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്, നിർമാണവും സ്വയമാണ്. വലിയ തുകയൊന്നും പ്രതിഫലം തരാൻ സാധിക്കില്ല. കുറച്ചേറെ ദിവസം വേണ്ടിവന്നേക്കും എന്നൊക്കെയായിരുന്നു കത്തിലെ വരികൾ. എന്നാണു വരേണണ്ടത് എന്നുമാത്രം അറിയിച്ചാൽ മതിയെന്നായിരുന്നു പി.ജെ. ആന്റണിയുടെ മറുപടി.

 

മറ്റുതാരങ്ങളെയും ഉറപ്പിച്ചു. ഉണ്ണിനമ്പൂതിരിയായി രവിമേനോൻ, അമ്മിണിയായി കെ.ആർ.സുമിത്ര, വെളിച്ചപ്പാടിന്റെ ഭാര്യയായി കവിയൂർ പൊന്നമ്മ, വെളിച്ചപ്പാടിന്റെ മകൻ അപ്പുവായി സുകുമാരൻ, വല്യമ്പ്രാനായി കൊട്ടാരക്കര ശ്രീധരൻനായർ, വാരസ്യാരായി ശാന്താദേവി എന്നിവരെ തീരുമാനിച്ചു. നേരത്തെ പറഞ്ഞ എടപ്പാൾ കുട്ടന്റെ അനന്തരവനായിരുന്നു സുകുമാരൻ. കാഴ്‌ചയിൽ തന്നെ ഒരു റിബലിനെപോലെയായിരുന്നു സുകുമാരൻ. അങ്ങനെയാണ് അച്ഛനെ എതിർക്കുന്ന മകൻ അപ്പുവായി സുകുമാരനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചത്.

 

ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നു പഠിച്ചിറങ്ങിയ എം.ആസാദ് അസോസിയേറ്റ് ഡയറക്ടറായി. വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന എം.ടി തിരക്കഥ പിന്നീട് സംവിധാനം ചെയ്‌തത് ആസാദായിരുന്നു. യുവ കാമറാമാൻ രാമചന്ദ്രബാബുവായിരുന്നു കാമറ. കലാസംവിധാനം എസ്. കൊന്നക്കാട്ടും. കെ.രാഘവനായിരുന്നു സംഗീതം. പശ്ചാത്തല സംഗീതമൊരുക്കാൻ എം.ടി ക്ഷണിച്ചത് എം.ബി.ശ്രീനിവാസനെയായിരുന്നു. ഇടശ്ശേരി ഗോവിന്ദൻനായരുടെ കാവിലെപാട്ട് എന്ന കവിതയുടെ ചില വരികളാണ് ഇതിൽ ഉപയോഗിച്ചത്. കെ.പി. ബ്രഹ്മാനന്ദൻ, പത്മിനി, കെ.എൽ. അഞ്ജലി എന്നിവരായിരുന്നു അത് പാടിയത്. ശ്രീ മഹാദേവൻ എന്നു തുടങ്ങുന്ന പുള്ളുവൻ പാട്ട് ആലപിച്ചത് ബ്രഹ്മാനന്ദനും പത്മിനിയുമായിരുന്നു.

 

കണക്കുക്കൂട്ടലുകൾ കാര്യമായി തെറ്റാതെ എം.ടി ചിത്രീകരണം പൂർത്തിയാക്കി. 1973 നവംബർ 23ന് എം.ടി. എന്ന സംവിധായകന്റെ പേര് മലയാള സിനിമയിൽ എഴുതിക്കാണിച്ചു. 35 എം.എം. ബ്ലാക്ക് ആൻ്‌ഡ് വൈറ്റ് ചിത്രത്തിൽ സംവിധാനം എം.ടി.വാസുദേവൻനായർ എന്ന പേര് മലയാളികൾ സ്‌ക്രീനിൽ വായിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com