ADVERTISEMENT

അക്ഷരസ്‌പർശമുള്ള മണ്ണിനെ താലോലിച്ചൊഴുകുന്ന നിളാ നദിയുടെ തീരഗ്രാമമായ കൂടല്ലൂരിൽ 1933 ജൂലൈ 15 നാണ് എം.ടിയുടെ ജനനം. അച്‌ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ. അമ്മ: മാടത്ത് തെക്കേപ്പാട്ട് അമ്മാളു അമ്മ. പൊന്നാനി താലൂക്കിൽ കൂടല്ലൂരിലെ അമ്മയുടെ തറവാട്ടുപേരായ മാടത്ത് തെക്കേപ്പാട്ടിന്റെ ലോപിച്ച രൂപമാണ് പിന്നീടു വിശ്വപ്രസിദ്ധമായ എം.ടി. എന്ന രണ്ടക്ഷരം. നാലു സഹോദരൻമാരിൽ ഇളയവനായാണു പിറവി. മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌കൂളിലും പാലക്കാട് വിക്‌ടോറിയ കോളജിലും വിദ്യാഭ്യാസം. വിക്‌ടോറിയയിൽനിന്ന് കെമിസ്‌ട്രിയിൽ ബി.എസ്‌സി. ബിരുദം നേടിയ ശേഷം പട്ടാമ്പി, ചാവക്കാട് ഹൈസ്‌കൂളുകളിലും പാലക്കാട്ട് എം.ബി. ട്യൂട്ടോറിയൽസിലും അധ്യാപകവൃത്തി. എം.ബിയിൽ സഹ അധ്യാപികയും പിന്നീട് കോഴിക്കോട് സെന്റ് വിൻസെന്റ് സ്‌കൂളിൽ അധ്യാപികയുമായിരുന്ന പ്രമീളയാണ് ആദ്യ ഭാര്യ. ’56 ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനിയായി. മുഖ്യപത്രാധിപരായിരുന്ന എൻ. വി. കൃഷ്‌ണവാര്യർ ’68 ൽ ആ സ്‌ഥാനമൊഴിഞ്ഞപ്പോൾ എം.ടി. മുഖ്യപത്രാധിപരായി. ’81 വരെ ആ സ്‌ഥാനത്തു തുടർന്നു. പിന്നീട് ചെറിയ ഇടവേളയ്‌ക്കുശേഷം ’89 ൽ മാതൃഭൂമി പീരിയോഡിക്കൽസിന്റെ എഡിറ്ററായി. ’99 ൽ രാജിവച്ചു പിരിഞ്ഞു. 

പ്രസിദ്ധ നർത്തകി കലാമണ്ഡലം സരസ്വതിയാണ് എം.ടിയുടെ ഭാര്യ. സിതാര (ജോൺസൺ ആൻഡ് ജോൺസൺ, യുഎസ്), അശ്വതി (നർത്തകി) എന്നിവർ മക്കൾ. മരുമകൻ: സഞ്‌ജയ് ഗിർമെ (യുഎസ്), ശ്രീകാന്ത്.

കർക്കടകത്തിലെ ഉത്തൃട്ടാതി നാളിൽ ദാരിദ്ര്യത്തിന്റെ കുത്തൊഴുക്കിലേക്കു പിറന്നുവീണ എം.ടിക്കു ചെറുപ്പത്തിലേ ഭൂഷണമായിരുന്നത് അക്ഷരസ്‌നേഹം മാത്രം. മഹാകവി അക്കിത്തവുമായുള്ള ആത്മബന്ധം അക്ഷരാവേശത്തെ ജ്വലിപ്പിച്ചു. എസ്.എസ്.എൽ.സി. പഠനകാലത്തു സ്‌കൂൾ കൈയ്യെഴുത്തു മാസിക ‘വിദ്യാർഥിമിത്ര’ത്തിൽ വന്നതാണ് ആദ്യകഥ- ‘വിദ്യാർഥി’. ’48 ൽ ഗുരുവായൂരിൽനിന്നിറങ്ങിയ ‘കേരളക്ഷേമ’ത്തിൽ എം.ടിയുടെ ആദ്യകൃതി അച്ചടിമഷി പുരണ്ടു. ‘ഇന്ത്യയിലെ വൈരവ്യവസായം’ എന്ന ലേഖനമായിരുന്നു അത്. അച്ചടിച്ച ആദ്യകഥ ‘വിഷുവാഘോഷം’. അച്ചടിച്ചു വന്നത് എം. വി. ദേവന്റെ നേതൃത്വത്തിൽ മദ്രാസിൽനിന്നിറങ്ങിയ ‘ചിത്രകേരള’ത്തിൽ. ആദ്യം പ്രസിദ്ധീകരിച്ച കഥാസമാഹാരം ‘രക്‌തം പുരണ്ട മൺതരികൾ’. പാലക്കാട്ടെ സുഹൃത്ത് എം. ഗോവിന്ദനുണ്ണിയുടെ നിർബന്ധത്തെത്തുടർന്ന് ഡിഗ്രി പഠനത്തിനിടെ ’52 ഒക്‌ടോബറിലായിരുന്നു ഇത്. ’53 ൽ ന്യൂയോർക്ക് ഹെറാൾഡ്, ഹിന്ദുസ്‌ഥാൻ ടൈംസ്, മാതൃഭൂമി എന്നിവ ചേർന്നു നടത്തിയ ലോക ചെറുകഥാ മത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ ഒന്നാം സ്‌ഥാനം നേടിയതോടെ മലയാള കഥാസാമ്രാജ്യത്തിൽ എം.ടി. സജീവമായി.

‘പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യനോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് ‘നാലുകെട്ടാ’ണ് (1954). അക്കാലത്തെ കേരളീയ നായർ സമുദായത്തെ അക്ഷരങ്ങളിലൂടെ അപ്പടി വരച്ചുവച്ച എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തതും ‘നാലുകെട്ട്’ തന്നെ. പിന്നീടിങ്ങോട്ട് മലയാള കഥയുടെയും നോവലിന്റെയും സിനിമാസാഹിത്യത്തിന്റെയും ലോകത്ത് എം.ടിയുടെ അശ്വമേധകാലം.

കഥാസമാഹാരങ്ങൾ: രക്‌തം പുരണ്ട മൺതരികൾ (1952), വെയിലും നിലാവും (’54), വേദനയുടെ പൂക്കൾ (’55) , നിന്റെ ഓർമയ്‌ക്ക് (’56), ഓളവും തീരവും (’57), ഇരുട്ടിന്റെ ആത്മാവ് (’57), കുട്ട്യേടത്തി (’59), നഷ്‌ടപ്പെട്ട ദിനങ്ങൾ (’60), ബന്ധനം (’63), പതനം (’66), കളിവീട് (’66), വാരിക്കുഴി (’67), എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ (’68), ഡാർ-എസ്-സലാം (’72), അജ്‌ഞാതന്റെ ഉയരാത്ത സ്‌മാരകം (’73), അഭയം തേടി വീണ്ടും (’78), സ്വർഗം തുറക്കുന്ന സമയം (’80), വാനപ്രസ്‌ഥം (’92), ഷെർലക് (’97).

നോവലുകൾ: നാലുകെട്ട് (1954), പാതിരാവും പകൽവെളിച്ചവും (’58), അറബിപ്പൊന്ന് (എൻ.പി. മുഹമ്മദിനൊപ്പം)-’60, അസുരവിത്ത് (’62), മഞ്ഞ് (’64), കാലം (’69), വിലാപയാത്ര (’78), രണ്ടാമൂഴം (’84), വാരാണസി (2001). 

ബാലസാഹിത്യം: മാണിക്യക്കല്ല് (1957), ദയ എന്ന പെൺകുട്ടി (’87), തന്ത്രക്കാരി. 

നാടകം: ഗോപുരനടയിൽ (1980).

യാത്രാവിവരണം: മനുഷ്യർ നിഴലുകൾ (1996), ആൾക്കൂട്ടത്തിൽ തനിയെ (’72), വൻകടലിലെ തുഴൽവള്ളക്കാർ (’96).  

സാഹിത്യപഠനങ്ങൾ: കാഥികന്റെ പണിപ്പുര (1963), ഹെമിങ്‌വേ-ഒരു മുഖവുര (’68), കാഥികന്റെ കല (’84). 

ലേഖനങ്ങൾ: കിളിവാതിലിലൂടെ (1992), ഏകാകികളുടെ ശബ്‌ദം (’94), രമണീയം ഒരു കാലം (’98), സ്നേഹാദരങ്ങളോടെ, ഓർമക്കുറിപ്പുകൾ: അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി.

ചിത്രത്തെരുവുകൾ എന്ന പേരിൽ ചലച്ചിത്രസ്മരണകൾ പുസ്തകമായി.

വിവർത്തനങ്ങൾ: ജീവിതത്തിന്റെ ഗ്രന്ഥത്തിൽ എഴുതിയത് (1984), പകർപ്പവകാശനിയമം (’88).

പ്രഭാഷണങ്ങൾ: വാക്കുകളുടെ വിസ്‌മയം (1999). 

അവാർഡുകൾ: കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്-1959, ഗോപുരനടയിൽ-’78, സ്വർഗം തുറക്കുന്ന സമയം-’81), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-’70), വയലാർ അവാർഡ് (രണ്ടാമൂഴം-’84), മുട്ടത്തുവർക്കി അവാർഡ് (’94), ഓടക്കുഴൽ അവാർഡ് (’94), പത്മരാജൻ പുരസ്‌കാരം (’95, ’99), ജ്‌ഞാനപീഠ പുരസ്‌കാരം (’96), പ്രേംനസീർ അവാർഡ് (’96), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (’96), എൻ.വി. സാഹിത്യ പുരസ്‌കാരം (2000), എം.കെ.കെ. നായർ പുരസ്‌കാരം (2000), ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001). മികച്ച തിരക്കഥയ്‌ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്‌ക്കും തിരക്കഥയ്‌ക്കും സംവിധാനത്തിനുമായി 22 തവണ സംസ്‌ഥാന ചലച്ചിത്ര അവാർഡും നാലു ടി വി അവാർഡും. മലയാള സിനിമയ്‌ക്കു നൽകിയ സമഗ്രസംഭാവനയ്‌ക്കു ഫിലിം ഫെയർ, സിനിമാ എക്‌സ്‌പ്രസ് അവാർഡുകളും ലഭിച്ചു. 

മറ്റു ബഹുമതികൾ: കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്‌മാരക ഗവേഷണകേന്ദ്രം എന്നിവയുടെ അധ്യക്ഷനായിരുന്നു. ആദ്യചിത്രമായ ‘നിർമാല്യ’ത്തിനു രാഷ്‌ട്രപതിയുടെ സ്വർണമെഡൽ. ‘കടവ്’ സിംഗപ്പൂർ ഫിലിം ഫെസ്‌റ്റിവലിൽ പ്രത്യേക ജൂറി അവാർഡും ജപ്പാനിലെ ഒകോയാമ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി ബഹുമതിയും നേടി. ജക്കാർത്തയിലെ സിട്ര അവാർഡ് മറ്റൊരു നേട്ടം. ’98 ൽ ഇന്ത്യൻ പനോരമ ജൂറിയുടെയും ചലച്ചിത്രഗ്രന്ഥങ്ങൾക്കുള്ള ദേശീയ അവാർഡ് ജൂറിയുടെയും അധ്യക്ഷനായി. ഫീച്ചർ ചിത്രങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കുമുള്ള ദേശീയ അവാർഡ് ജൂറി, കേരളത്തിന്റെ അഞ്ചാമതു രാജ്യാന്തര ചലച്ചിത്രമേളയിലെ ചലച്ചിത്രോൽസവം ജൂറി, കേന്ദ്ര സെൻസർ ബോർഡ്, ഫിലിം ഫിനാൻസ് കോർപ്പറേഷൻ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയിൽ അംഗമായിട്ടുണ്ട്. ‘മാക്‌ട’ മേഖലാ ചെയർമാൻ സ്‌ഥാനവും വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com