ADVERTISEMENT

നദികൾ കൂടിച്ചേരുന്ന ദേശങ്ങൾ അപാരമായ പ്രപഞ്ചമൂലികകളുടെ അക്ഷയഖനികളാണ്. മഹാനദികൾ കൂടിച്ചേരുന്ന ഭൂമികയിലാണല്ലോ വ്യാസൻ ജനിച്ചത്. ഭാരതപ്പുഴയും തൂതപ്പുഴയും കൂടിച്ചേരുന്ന കൂടല്ലൂരിൽ പിറവിയെടുത്ത എം. ടി. വാസുദേവൻ നായരും അതേ കാവ്യവശത്തിൽപെട്ട എഴുത്തുകാരനാണ്. ഭൂമിയിലെ വിശ്രുതമായ മഹാസംസ്കാരങ്ങളുടെ വിളനിലങ്ങൾ നദികളാണ്. നദീതീരജനതയ്ക്ക് അന്നവും അനുഭൂതിയും വാരി വിതറിയാണ് ഭാരതപ്പുഴ കടന്നുപോയത്. നദീജലത്തിൽനിന്ന് കൃഷി ചെയ്ത് ജനങ്ങൾ അന്നം വിളയിച്ചു. അനുഭൂതികളിൽനിന്ന് മാസ്മരികത, അതീത സൗഖ്യം, ജീവിതഹർഷം, അമൃതനൈർമല്യം, അതിരറ്റ ആമോദം, ഉത്സവഭരിതമായ സാമൂഹികബന്ധങ്ങൾ എന്നിവ ഉറവയെടുത്തു. ഇങ്ങനെ അന്നവും അനുഭൂതിയും സമവികാരത്തിൽ പുളകം വിതച്ച നദീതീരജീവിതത്തിന്റെ മധുരപ്രവാഹത്തിൽ കിളിത്തൂവൽ മുക്കി എഴുതിയ കഥാകാരനാണ് എംടി. പണ്ട് മാമാങ്ക വിളംബര കുറിപ്പിൽ നദിയുടെയും മഹാവിഷ്ണുവിന്റെയും ഉത്സവം എന്ന് മാമാങ്കത്തിൽ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, നിളാനദിയുടെ കാലകമനീയ ഉത്സവത്തിന്റെ ജലമർമരങ്ങളും ജലശലഭങ്ങളുടെ പൂങ്കൊടിയും മനുഷ്യജീവിതത്തിന്റെ ഗതി പ്രവാഹത്തിൽ ഘോഷിച്ച എഴുത്തുകാരനാണ് എംടി.

നദിയുടെ ആന്തരിക സുഖം 

ഭാരതപ്പുഴ മഹാനദിയായി തീർന്നത് വലുപ്പം കൊണ്ടോ ജലവിഭവശേഷികൊണ്ടോ അല്ല നദിയുടെ ആന്തരിക സുഖം കൊണ്ടാണ്. നദിയുടെ സുകൃതത്തെ ആത്മാവുകൊണ്ട് സ്പർശിച്ചപ്പോൾ എംടി ഒരു മഹാദേശത്തിന്റെ എഴുത്തുകാരനായി മാറി. എംടിയുടെ ഭാഷ നദീലാവണ്യത്തിൽനിന്ന് പകർത്തപ്പെട്ടതാണ്. നദിയുടെ നൈർമല്യത്തിൽനിന്നാണ് വാക്കുകളെ വശീകരിച്ചത്. നദിയുടെ ഓളങ്ങളാണ് കഥാപാത്രങ്ങളുടെ ആത്മാവിനെ ആവേശിച്ചത്. നദിഗർഭ മധുര ശൈത്യത്തിൽനിന്നാണ് കഥാപ്രസംഗം ഉറവ പൊട്ടിയത്. അന്നവും അനുഭൂതിയും വാരി വിതറി ഭാരതപ്പുഴ കൈവെള്ളയിലൂടെ കടന്നുപോകുമ്പോഴും ശമനമില്ലാത്ത ജന്മകാമനകളുടെ പൊരിച്ചിൽ നദിതീര മനുഷ്യരെ നായാടി. വിധിയിൽനിന്ന് വിത്തുപൊട്ടിയ പ്രാരാബ്ധങ്ങൾ, സങ്കടങ്ങൾ, ആത്മസംഘർഷങ്ങൾ, ദാരിദ്ര്യ ദുഃഖങ്ങൾ, അതോടൊപ്പം ജീവിത ഹർഷങ്ങളും പതാക പാറിച്ച നദിതീരത്തിലൂടെ കടന്നുപോയി. 

mt-vasudevan-nair-malayalam-writer

സാമൂഹിക അസമത്വങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്ന ജനതയുടെ വേദനകളും നദീനാരുകൊണ്ട് എംടി തന്റെ കൃതികളിൽ കരവിരുതോടെ ഇണക്കിച്ചേർത്തു. നദിയുടെ ഉത്സവ ലഹരിയിലും നിത്യജീവിതത്തിന്റെ സുഖ ദുഃഖങ്ങളും ദൈവിക നിറവോടെ ഏറ്റുവാങ്ങിയവരാണ് എംടിയുടെ കഥാപാത്രങ്ങൾ. മനുഷ്യന്റെ നിത്യജീവിതവികാരങ്ങൾക്ക് മുൻപിൽ മതത്തിന്റെ അടരുകൾ പൊഴിയുന്നതും ഭാരതപ്പുഴ മഹാസമുദ്രത്തെ പ്രാപിക്കുന്നതുപോലെ മനുഷ്യർ ആത്മ സാക്ഷാത്കാരത്തെ പ്രാപിക്കാൻ വെമ്പുന്നതും എംടിയുടെ രചനകളെ ജീവിതത്തിന്റെ ഉത്സവപ്പറമ്പായി മാറ്റി. കാണാത്ത മഹാസമുദ്രത്തെക്കാൾ അറിയുന്ന നിളാ നദിയാണെനിക്കിഷ്ടം എന്ന് എംടി പറയുന്നത് ഇതേ നദീവികാരത്തിലാണ്.

ലോകാനുഭവത്തിന്റെ ബോധധാരാ സങ്കേതം

ആ തലമുറയിലെ എല്ലാ എഴുത്തുകാരെയും പോലെ ഇംഗ്ലിഷ് സാഹിത്യ വായനയിലൂടെയാണ് എംടിയിലും സാഹിത്യ ലഹരി ഉറവയെടുത്തത്. യൂറോപ്യൻ സാഹിത്യ സങ്കേതമായ ബോധധാരാ സങ്കേതത്തിലാണ് എംടി എഴുതിയത്. ബോധധാരാ സങ്കേതം വ്യക്തിഗതമായി ലോകാനുഭവത്തെ ആവിഷ്കരിക്കുന്നു. അതുകൊണ്ട് തന്നെ ദേശാനുഭവങ്ങൾക്ക് എംടിയുടെ രചനകളിൽ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. ദേശ ജീവിതത്തിന്റെ മാസ്മരികതയും മാന്ത്രികതയും മിത്തുകളും ദേശ രസികത്തവും വേണ്ടത്ര എംടിയുടെ രചനകളിലുണ്ടായില്ല. ബോധധാരാ സങ്കേതത്തെ അതിക്രമിച്ചു നദീതീര ജീവിതത്തിലേക്ക് പ്രവഹിച്ച എംടിയുടെ നോവലാണ് അസുരവിത്ത്. ഭാരതപ്പുഴയും തൂതപ്പുഴയും കൂടിച്ചേരുന്ന ദേശ സമ്മോഹന നിക്ഷേപം മറ്റൊരാളും പങ്കിടാനില്ലാത്തതിന്റെ മഹാഭാഗ്യവും എംടിക്കുണ്ടായി.

(2023 മേയ് 18ന് മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com