ADVERTISEMENT

അന്നൊരു സന്ധ്യാനേരം.. പുറമേ നിന്ന് വല്ലാത്ത ബഹളം കേൾക്കുന്നു.. ‘ഭ്രാന്തൻ വേലായുധൻ ചങ്ങല പൊട്ടിച്ച് ഓടി..’ അക്കാലത്ത് ഭയപ്പെടുത്തിയിരുന്ന ഒരു നിലവിളിയായിരുന്നു അത്. വേലായുധൻ അടുത്ത വീട്ടിലേക്കാണ് ഓടിക്കയറിയത്. പേടിച്ചുവിരണ്ട് വാതിലിനു പിന്നിൽനിന്ന് ആ വീട്ടിലെ കുട്ടി വേലായുധനെ നോക്കി. തൊട്ടടുത്ത് പരിഭ്രമത്തോടെ അവന്റെ അമ്മയുമുണ്ട്. വേലായുധൻ അമ്മയെ നോക്കി പറഞ്ഞു: ‘‘മാളുവേടത്തീ... എനിക്ക് ചോറു വേണം...’’ അമ്മ പരിഭ്രമിച്ചു നിന്നെങ്കിലും പൂമുഖത്ത് ഇലയിട്ട് വേലായുധനു ചോറു വിളമ്പി. വേലായുധൻ ചോറു കഴിക്കുന്നതു നോക്കി പൂമുഖ വാതിലിന്റെ മറവിൽ ആ കുട്ടി  നിന്നു. ആ കുട്ടി എം.ടി.വാസുദേവൻ നായരായിരുന്നു. വലുതായപ്പോഴും ആ ചിത്രം എം.ടിയുടെ മനസ്സിൽനിന്നു മാഞ്ഞില്ല. 

അയാൾ സ്നേഹിച്ചിട്ടുണ്ടാവില്ലേ 

ഭ്രാന്തൻ വേലായുധന്റെയുള്ളിലും ഒരു സ്വപ്നമുണ്ടാകില്ലേ... അയാൾ പലരെയും സ്നേഹിച്ചിട്ടുണ്ടാവില്ലേ... അയാൾക്കൊരു പ്രണയമുണ്ടാവില്ലേ... അയാൾ കാണുന്ന ഒരു ലോകമില്ലേ... ‘‘മാളുവേടത്തീ എനിക്ക് ചോറു വേണം...’’ എന്നു പറഞ്ഞതിൽ ഒരു ദൈന്യമില്ലേ.. – എംടി എന്ന കഥാകാരൻ സ‍ഞ്ചരിച്ചതുപിന്നെ വേലായുധന്റെ മനസ്സിലൂടെയാണ്. കുട്ടിക്കാലത്തെ ആ കാഴ്ചയിൽനിന്ന് ‘ഇരുട്ടിന്റെ ആത്മാവിനെ’ എംടി കണ്ടെത്തി. മറ്റ് എഴുത്തുകാരിൽ നിന്ന് എംടി വ്യത്യസ്തനാകുന്നത് ഇവിടെയാണ്. കഥാപാത്രങ്ങളുടെ ആത്മാവായി മാറി മനസ്സിന്റെ സകല ഉള്ളറകളിലേക്കും കടന്ന് ആന്തരിക സംഘർഷങ്ങളെ പുറത്തുകൊണ്ടുവന്ന് പ്രേക്ഷകനു മുന്നിലേക്കെത്തിക്കും. ആ കഥാപാത്രത്തിന് ഒരു കരുത്തുണ്ടാകും. നിലയ്ക്കാതെ ഒഴുകുന്ന പുഴ പോലെ... പ്രതിസന്ധികളെ നേരിട്ട് എംടിയുടെ കഥാപാത്രങ്ങൾ മുന്നോട്ടുപോകും. അവിടെയാണ് പുഴയും എംടിയും കഥാപാത്രങ്ങളും സംഗമിക്കുന്നത്.

ഒഴുകാതിരിക്കാൻ കഴിയുമോ 

നിളയുടെ നെഞ്ചുകീറിയാലും തീരമിടിച്ചാലും ആത്മാവായി ഒഴുകുന്ന ജീവികൾ ചത്തു പൊങ്ങിയാലും.  എല്ലാം സഹിച്ചു നിളയൊഴുകും.. നിളയെ അത്രയേറെ ഹൃദയത്തിലേറ്റിയ കഥാകാരന് നിളയുടെ ഈ സഹനത്തിന്റെ കരുത്ത് കിട്ടാതിരിക്കില്ലല്ലോ.  ഭാരതപ്പുഴ കണ്ടു വളർന്നതാണ് എംടിയിലെ എഴുത്തുകാരൻ. അതുകൊണ്ടുതന്നെ കഥാപാത്രങ്ങൾക്കു പുഴയുടെ ഈ കരുത്തുണ്ട്. കാലത്തിനനുസരിച്ച് പുഴയൊഴുകുന്നതുപോലെ ജീവിത സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് എംടിയുടെ കഥാപാത്രങ്ങളും മുന്നോട്ടു പോയിട്ടുണ്ട്. പുഴയുടെ നന്മപോലെ മനുഷ്യനിലും നന്മയുടെ അംശമുണ്ടെന്ന് എംടിയുടെ ഏതു കഥാപാത്രങ്ങളെടുത്താലും തിരിച്ചറിയാനാകും. എംടിയുടെ കഥകളിൽ കാലഘട്ടം നിർണായകമാണ്. കാലഘട്ടം തിരിച്ചറിഞ്ഞാലേ മനുഷ്യരെ മനസ്സിലാക്കാൻ കഴിയൂവെന്ന് കഥകാരൻ അടിവരയിടുന്നുണ്ട്.

തോറ്റുപോയ ഭീമൻ 

വായിച്ചു കേട്ട രചനകളിലത്രയും ഭീമൻ പൊണ്ണത്തടിയൻ. ശക്തി  വേണ്ട രീതിയിൽ ഉപയോഗിക്കാനറിയാത്തവൻ. അങ്ങനെ മാറ്റി നിർത്തപ്പെട്ടയൊരാളാണ് ഭീമൻ. പക്ഷേ, എംടിയുടെ കാഴ്ചപ്പാടിലെ ഭീമൻ അതല്ലായിരുന്നു. അയാളിലൊരു കാമുകനുണ്ടായിരുന്നു. കല്യാണ സൗന്ധികം അതിസാഹസികമായി ദ്രൗപതിക്കു കൊണ്ടുവന്നു കൊടുത്തിട്ടും ധർമപുത്രരുടെ ശാസനയല്ലാതെ ആരിൽനിന്നും നല്ലവാക്ക് കേട്ടില്ല. 

ദ്രൗപതിയിൽനിന്നു പോലും. ആഗ്രഹിച്ച പലതും കൈവിട്ടുപോയ ഭീമൻ. അയാളിൽ വാത്സല്യം തുളുമ്പിയ ഒരച്ഛനുണ്ടായിരുന്നു.  എന്നിട്ടും മകൻ മരിച്ചപ്പോൾ സന്തോഷിക്കാനാണ് ഉപദേശം കിട്ടിയത്. വലിയൊരു യോദ്ധാവായിരുന്നിട്ടും അർഹിക്കുന്ന പ്രശംസ  കിട്ടിയില്ല. എല്ലാം സഹിച്ചു മുന്നോട്ടു പോയ ഭീമനിലൂടെയാണ് എംടി സഞ്ചരിച്ചത്.  ചന്തുവും തോറ്റുപോയ മനുഷ്യനായിരുന്നു. 

ഒരൊറ്റ ഡയലോഗ് മതിയായിരുന്നു 

‘‘പൊന്നിനും പണത്തിനും ഒപ്പംവച്ചു സ്നേഹം തൂക്കി നോക്കിയപ്പോൾ... മോഹിച്ച പെണ്ണും എന്നെ തോൽപിച്ചു...’’ വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ ജീവിതവേദന വ്യക്തമാക്കാൻ ഈ ഡയലോഗ്തന്നെ ധാരാളമായിരുന്നു. ‘‘സ്നേഹം തരുമ്പോൾ കൈവിറച്ച് ഗുരുനാഥൻ തോൽപിച്ചു.  

സത്യം വിശ്വസിക്കാതെ ചങ്ങാതിയും എന്നെ തോൽപിച്ചു...’’ നീട്ടിവലിച്ച് ഒന്നും പറഞ്ഞിട്ടില്ല. തോറ്റുപോയവന്റെ ആത്മാവിൽനിന്നെഴുതിയ എംടി, മലയാളിയുടെ കരുത്തുറ്റ എഴുത്തുകാരനാകുന്നത് ഈ വഴികളിലൂടെയാണ്. മനസ്സിൽ നീറിയതാണ് എഴുതിയിട്ടുള്ളത്. അതിലെ ചോദ്യങ്ങളാണ് സമൂഹത്തോടും അധികാര കേന്ദ്രങ്ങളോടും പ്രകൃതിയോടും ചോദിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ വേദനയും നിസ്സഹായാവസ്ഥയുമാണ് കഥാകാരനെ മുന്നോട്ടു നയിച്ചത്. ആഹ്ലാദത്തിനു പിന്നാലെപോയ എഴുത്തുകാരനല്ല എംടി. സഹനത്തിന്റെ പിറകെയാണ് സഞ്ചരിച്ചതത്രയും. 

(2023 മേയ് 18ന് മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Content Summary: Remembering M T Vasudevan Nair and Literary Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com