ADVERTISEMENT

വീട്ടുമൊഴികളും നാട്ടുവഴികളും നിറഞ്ഞതാണ് എംടിയുടെ കഥാപ്രപഞ്ചം. കൂടല്ലൂരാണ് അതിന്റെ കേന്ദ്രം. കിഴക്കുംമുറിയെന്നും തെക്കുംമുറിയെന്നും വടക്കുംമുറിയെന്നും പടിഞ്ഞാറുംമുറിയെന്നും നാലടരുകളുള്ള കൂടല്ലൂർ. തൂതപ്പുഴയും കുന്തിപ്പുഴയും ഒത്തുകൂടുന്നിടം. തുഞ്ചന്റെയും കുഞ്ചന്റെയും വികെഎന്നിന്റെയും പിന്നെയുമെത്രയോ മഹാപ്രതിഭകളുടെയും അക്ഷരാവേഗങ്ങളെ നിർണയിച്ച നിളയുടെ തീരഗ്രാമം. ‘ദൈവമുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ കൊടിക്കുന്നത്തുകാവിലമ്മയുണ്ട്’ എന്ന് യുക്തിവാദികളുടെ സമ്മേളനത്തിൽ ചെറുപ്പക്കാരനായ എംടി പ്രസംഗിച്ചല്ലോ. ആ കൊടിക്കുന്നത്ത് അമ്മ ആശ്വാസത്തിന്റെ അഭയമരുളുന്ന നാട്. കണ്ണാന്തളിപ്പൂക്കളുടെ ഇടം.

എംടിയിൽ നിന്ന് കൂടല്ലൂരിനെയോ കൂടല്ലൂരിൽ നിന്ന് എംടിയെയോ എടുത്തുമാറ്റാനാവില്ല. വേർപെടുത്താനാവാത്ത വിധം ഒട്ടിച്ചേർന്നിരിക്കുന്നു അവ. കൂടല്ലൂർ ഗ്രാമം എംടിക്കു കൊടുത്ത കഥകൾക്കു കയ്യും കണക്കുമില്ല. കൊയ്യുന്തോറും കതിരിടുന്ന വയൽ പോലെ കഥകൾ പൊലിച്ചു വന്നു. എംടി കൊയ്തത് അതിൽ ഏതാനും കഥക്കറ്റകൾ മാത്രം. അതൊന്നും പതിരായിരുന്നില്ല, കതിരായിരുന്നു എന്നതാണു നേര്.

മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങൾ

കൂടല്ലൂർ തനിക്ക് എന്താണെന്ന് എംടി ഒരിക്കൽ കഥകൾക്ക് ആമുഖമായി എഴുതി: ‘എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനേക്കാളും ഞാൻ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്. വേലായുധേട്ടന്റെയും ഗോവിന്ദൻകുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷി ഏടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛൻ‌, അമ്മ, ജ്യേഷ്ഠൻമാർ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്റെ ചെറിയ അനുഭവമണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷൻമാരുടെ കഥകളാണ് എന്റെ സാഹിത്യത്തിൽ ഭൂരിഭാഗവും. മറ്റൊരു തരത്തിൽ പറഞ്ഞാൽ എന്റെ തന്നെ കഥകൾ. എനിക്കു സുപരിചിതമായ ഈ ഗ്രാമമാണ് എന്റെ ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം. അതിലൂടെ ഒഴുകുന്ന പുഴ എന്റെ ജീവധമനിയാണ്. ഗ്രാമം എനിക്ക് ബിംബങ്ങളും വാക്കുകളും തന്നു. ഗ്രാമത്തിലെന്ന പോലെ മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങൾ എന്നും എന്നെ ആകർഷിച്ചിരുന്നു. കൊടുംക്രൂരനെന്നു വിധിക്കപ്പെട്ടയാൾ ഒരിക്കൽ മൃദുലഹൃദയം തുറന്നുകാണിച്ച് നമ്മെ അമ്പരപ്പിക്കുന്നു. നന്മയുടെ നിറകുടമായി വിശേഷിപ്പിക്കപ്പെട്ടവൻ ഭീകരതയുടെ ദംഷ്ട്രങ്ങൾ അപ്രതീക്ഷിതമായി പുറത്തുകാട്ടുന്നു. മനുഷ്യൻ എന്ന നിത്യാത്ഭുതത്തെപ്പറ്റി ചിന്തിച്ച് നാം അസ്വസ്ഥരാകുന്നു’’.

സേതു നടന്ന വരമ്പ്

കാലത്തിലെ സേതു നടന്നുപോയ വരമ്പിലൂടെ നടക്കണം എന്ന മോഹവുമായി എംടിയുടെ ജന്മനാടായ കൂടല്ലൂരിൽ എത്തിയ കഥ കോവിലൻ എഴുതിയിട്ടുണ്ട്. ‘ചായക്കടയിലോ പലചരക്കുകടയിലോ വന്ന കൂടല്ലൂർക്കാർ ഞങ്ങളെ പൊതിഞ്ഞുനിന്നു. എംടി അവരുടെ ഹീറോ. അയാളോ ഇയാളോ എംടിയുടെ കഥാപാത്രമാകുന്നു’. കൂടല്ലൂരിന്റെ കഥകളിലൂടെ നടന്ന് അദ്ദേഹം ഒടുവിൽ വീട്ടിക്കുന്നിലെത്തുന്നു: ‘ വീട്ടിക്കുന്നിന്റെ മസ്തകത്തിൽ നിന്നപ്പോൾ ഞാനറിഞ്ഞു, പ്രശസ്തിയുടെ ഏത് ഉത്തുംഗശൃംഗവും എംടിയെ തൃപ്തിപ്പെടുത്തുകയില്ല. ഈ കുന്നിൻനെറുകയിലാണല്ലോ അദ്ദേഹം വളർന്നത്’.

കൂടല്ലൂരിന്റെ തെളിവ്

എഴുത്തുകാരൻ വി.ആർ.സുധീഷുമായി നടത്തിയ അഭിമുഖത്തിൽ എംടി കൂടല്ലൂരിലേക്കു തിരിഞ്ഞുനോക്കുന്നുണ്ട്: ‘ പലതിനും നഷ്ടം സംഭവിച്ചിരിക്കുന്നു. പ്രകടമായി ആരെയും കുറ്റം പറയാൻ പറ്റില്ല. എന്റെ ഗ്രാമത്തിൽ ചെല്ലുമ്പോൾ കുന്നുകൾ, മേച്ചിൽപ്പുറങ്ങൾ ഒക്കെ ചെറിയ കുടിയിരിപ്പ് സ്ഥലങ്ങളായി മാറിയിരിക്കുന്നു. കുന്നുകളൊക്കെ വെട്ടിനിരത്തിയത് മണ്ണെടുക്കാനും വെട്ടുകല്ലെടുക്കാനുമാണ്’. മറ്റൊരഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെയും പറഞ്ഞു: ‘ ഇപ്പോ, എന്റെ ഗ്രാമത്തീ തന്നെ ഇനീം എഴുതാൻ ബാക്കീണ്ട്. പലതുണ്ട്. എന്തുകൊണ്ടോ ഇപ്പോ അവിടെയെത്തുമ്പോ ‍ഞാൻ ആലോചിക്കുന്നത്…ഒന്ന്, അന്തരീക്ഷം മാറി. പ്രകൃതി മാറി. എന്റെ മുമ്പിലുണ്ടായിരുന്ന പലതും മാറി. എന്റെ വയലുകള് പോയി. എന്റെ പുഴ പോയി. എന്റെ കുന്നുകള് പോയി. അപ്പോ ഇതിനോട് ഇപ്പോ പണ്ടത്തെപ്പോലെ ഒരാകർഷണം തോന്നുന്നില്ല. പണ്ടത് നമ്മടെ ഒരു സ്വത്വത്തിന്റെ ഭാഗം തന്നെയായിരുന്നു’.

നിളയിൽ നിന്നു മണൽ ലോറികയറിപ്പോയി. നീരൊഴുക്കു മെലിഞ്ഞു. കുന്നുകൾ നിലംപൊത്തി. എംടി കഥകളിൽ നാമറിഞ്ഞ കൂടല്ലൂർ ഇന്നില്ല. കണ്ടാലറിയാത്ത വിധം അതിന്റെ ഛായ മാറിയിരിക്കുന്നു. നാളുകൾ കഴിയുമ്പോൾ ഇങ്ങനെയൊരു ഗ്രാമമുണ്ടായിരുന്നു എന്നതിന്റെ ഒരേയൊരു തെളിവ് കൂടല്ലൂരിന്റെ പ്രിയപ്പെട്ട വാസു അനശ്വരമാക്കിയ കഥകൾ മാത്രമായിരിക്കും.

Content Summary: M T Vasudevan Nair and Kudalloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT