ADVERTISEMENT

കാണുമ്പോൾ കോട്ടയ്‌ക്കലിന്റെ ആകാശത്തായിരുന്നു എം.ടി. മുക്കൂട്ടെണ്ണയുടെയും കുഴമ്പിന്റെയും മണമുള്ള ഒരാകാശം. ഇടയ്‌ക്കെവിടെയോ ഒരു ബീഡിത്തുണ്ടിൽനിന്നിറങ്ങിവന്ന പുകയുടെ മണവും.  ആര്യവൈദ്യശാലയുടെ സെന്റിനറി ബ്ലോക്കിലെ ആറാം നിലയിലാണ് 607-ാം നമ്പർ മുറി. അക്ഷരം കൂട്ടിവായിക്കാനറിയാവുന്നവരുടെ മുഴുവൻ വായനയുടെ ആകാശത്ത് കസേരയിട്ടിരിക്കുംപോലെ അവിടെ എം.ടി. ഇരിപ്പുണ്ട്. 

മേശപ്പുറത്തും കിടക്കയിലും പുസ്‌തകങ്ങൾ. പോരാത്തത് വൈദ്യശാലയുടെ ലൈബ്രറിയിലുണ്ടെന്ന ആശ്വാസം മുഖത്ത്. നിറഞ്ഞ ബീഡിക്കൂടും ലൈറ്ററും മേശവലിപ്പിനുള്ളിൽ. ബാൽക്കണിയിലേക്കു തുറന്നിട്ട വാതിലിനപ്പുറം, തിരക്കിൽനിന്നൊളിപ്പിച്ച കോട്ടയ്‌ക്കൽ പട്ടണത്തിന്റെ എണ്ണമെഴുക്കുള്ള വേറൊരു മുഖം...

പഴയപോലെ എട്ടും പത്തും മണിക്കൂർ ഒറ്റയിരിപ്പിനു പ്രയത്നിക്കാൻ കഴിയാത്തവണ്ണം പിടികൂടിയ അനാരോഗ്യത്തെ ആയുർവേദത്തിന്റെ തുണ പിടിച്ച് ചങ്ങലയ്‌ക്കിടുകയാണ് എം.ടി. പുറംവേദന കലശലാണ്. ഇരു കാൽമുട്ടുകളും പലപ്പോഴും വഴങ്ങാതെവരുന്നു. ഒപ്പം ഇൻസുലിൻ കുത്തിവയ്‌പിലെത്തിയ കഠിന പ്രമേഹവും. 

വയസ്സ് ആകുന്നല്ലോ എന്നോർമിപ്പിച്ചപ്പോൾ ബീഡിത്തുമ്പിൽ തീ പറ്റിച്ച് എം.ടി. പറഞ്ഞു: ‘‘പിറന്നാൾ എന്നതൊക്കെ ആരെങ്കിലും വന്നുപറയുമ്പോൾ മാത്രം ഓർമിക്കുന്ന കാര്യങ്ങളാണ്. പ്രത്യേകതകളൊന്നുമില്ല. ഒരുകാലത്തും ആഘോഷിച്ചിട്ടില്ല പിറന്നാളുകളൊന്നും.’’

- പക്ഷേ മലയാളത്തിന്റെ ഒരേയൊരു എം.ടിക്ക് പിറന്നാൾ കഥ വായിച്ചും സിനിമ കണ്ടും പറഞ്ഞതൊക്കെ കേട്ടും വളർന്നവർക്കും ഒപ്പം നടന്നവർക്കും ഉൽസവം കൊട്ടിയറിയിക്കലാണ്. 

സാഹിത്യം, സിനിമ... വിഷയത്തിന്റെ പരിമിതികളും ഉപാധികളുമില്ലാതെ എം.ടി. സംസാരിക്കുന്നു:

∙ എഴുതിയതിൽ ഏറ്റവും മികച്ച ഒരു നോവൽ ഇപ്പോൾ എം.ടി. തന്നെ തിരഞ്ഞെടുത്താൽ അത് ഏതായിരിക്കും?

അങ്ങനെ പറയാൻ പറ്റില്ല. ഓരോ കാലഘട്ടവുമായി ബന്ധപ്പെട്ടുള്ളതാണ് നമ്മുടെ എഴുത്ത്. എഴുതിക്കഴിയുമ്പോൾ നമുക്കൊരു സംതൃപ്‌തിയുണ്ടാകും. ചില പുസ്‌തകങ്ങൾക്കു കൂടുതൽ അധ്വാനം വേണ്ടിവരും എന്നല്ലാതെ ഒരു പുസ്‌തകം മീതെ, ഒരു പുസ്‌തകം താഴെ എന്ന് ഒരു എഴുത്തുകാരനെ സംബന്ധിച്ച് തോന്നില്ല. ഒരു പുസ്‌തകം പൂർത്തിയാക്കാനെടുത്ത അധ്വാനവും സമയവും പിന്നെ എഴുതിക്കഴിയുമ്പോൾ ശരിയായി എന്ന തോന്നലുമാണു പ്രധാനം. അതില്ലെങ്കിൽ പിന്നെ എഴുത്തില്ല. നാലോ അഞ്ചോ കൊല്ലംകൂടി വളരെ സാവകാശമാണ് എഴുതുക. ഈ ഡേറ്റിനു മുൻപ് പ്രസിദ്ധീകരിക്കാമെന്നോ ഈ ഡേറ്റിനു മുൻപ് പബ്ലിഷർക്കു കൊടുക്കാമെന്നോ എന്നൊന്നുമില്ല. നമ്മുടെ മാനസികാവസ്‌ഥയും ശാരീരികാവസ്‌ഥയും ഒക്കെ അതിനെ ബാധിക്കും. 

∙ ഇത്തരമൊരു ശാരീരികാധ്വാനം കൂടുതൽ വേണ്ടിവന്ന നോവൽ ഏതാണ്?

രണ്ടാമൂഴത്തിന് കുറച്ചുകൂടുതൽ അധ്വാനം വേണ്ടിവന്നു. അതിന്റെ ബാക്ക്‌ഗ്രൗണ്ടൊക്കെ കൂടുതൽ വായിക്കേണ്ടിവന്നു. വൈദിക കാലത്തെ ജീവിതത്തെപ്പറ്റി അറിയാൻ കുറെ കൂടുതൽ വായിച്ചു. പിന്നെ അധ്വാനം ഓരോന്നിനും ഓരോ തരത്തിലായിരുന്നു.

∙ എം.ടി. സംവിധാനം ചെയ്‌ത സിനിമകളിൽ ഏറെ ഇഷ്‌ടപ്പെട്ടത് ഏതാണ്?

ഒരു ഡയറക്‌ടർ എന്നൊന്നും പറയാൻ പറ്റില്ല. നാലഞ്ചു പടം ചെയ്‌തു എന്നല്ലാതെ വേറൊന്നുമില്ല. ഒരു പടം കഴിഞ്ഞ് വേറൊരു പടം എന്ന രീതിയിലൊന്നുമായിരുന്നില്ല. ആദ്യം നിർമാല്യം ചെയ്‌തു. ഒരു ചെറുപുഞ്ചിരിവരെ അഞ്ചു പടം ചെയ്‌തു. അങ്ങനെയല്ലാതെ സ്‌ഥിരം ഡയറക്‌ടർ ഒന്നുമല്ല. ആദ്യത്തെ സിനിമ എന്ന നിലയിലുള്ള പ്രാധാന്യം നിർമാല്യത്തിനുണ്ട്. അടുത്തകാലത്തും അത് ഒരു ചാനലിൽ ഓടിച്ചിരുന്നു. ഇന്നത്തെ കാലത്തെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തു ചെയ്‌ത പടമാണത്. ഒരു ക്യാമറയും കുറച്ചു ലൈറ്റുകളുമായി ചെയ്‌ത പടം. ട്രാൻസ്‌ഫോമറില്ല, ജനറേറ്ററില്ല, ഫുൾ എക്യുപ്‌മെന്റ് ഒന്നുമില്ല. ഗ്രാമത്തിലെ വാട്ടർ ടാങ്കിൽ കൃഷിയാവശ്യത്തിനുള്ള വെള്ളം അടിച്ചുകഴിയുമ്പോൾ വോൾട്ടേജ് എത്താൻ പത്തു മണി കഴിയും.  വോൾട്ടേജ് കൂടിയതിനുശേഷമാണ്  രാത്രി സീൻസ് ഒക്കെയെടുത്തത്. വളരെ കഷ്‌ടപ്പെട്ടെടുത്ത പടമാണ്. അതുകൊണ്ട് അതിനോട് പ്രത്യേകമായൊരു ഇഷ്‌ടം ഉണ്ട്. ഇന്നാലോചിച്ചുനോക്കുമ്പോൾ അങ്ങനെയൊരു സിനിമയുണ്ടാക്കിയത് വലിയ അത്ഭുതമായിട്ടു തോന്നും.

∙ എഴുതിയ തിരക്കഥകളിൽനിന്ന് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയാൽ?

ഞാനൊരു 40-42 തിരക്കഥയെഴുതി. 44 എന്ന് ആരോ പറഞ്ഞു. ഞാനങ്ങനെ ലിസ്‌റ്റൊന്നും വച്ചിട്ടില്ല. ഓരോന്നും എനിക്ക് ഓരോ തരത്തിൽ പ്രിയപ്പെട്ടതാണ്. ഒരു കാലഘട്ടത്തെപ്പറ്റി അറിയാൻ വടക്കൻ വീരഗാഥയുടെ രചനാവേളയിൽ ഒട്ടേറെ അധ്വാനം വേണ്ടിവന്നു. ആയോധനകല, കളരിപ്പയറ്റ് എന്നിവയെപ്പറ്റിയൊക്കെ അറിയാൻ കുറച്ചുകൂടുതൽ വായിച്ചു.  പഴശ്ശിരാജ ഹിസ്‌റ്റോറിക്കൽ ആണ്. അതിനും കുറെയേറെ റഫർ ചെയ്യേണ്ടിവന്നു. ചിലതിന് അങ്ങനെയാണ് കൂടുതൽ റഫർ ചെയ്യേണ്ടിവരും. വടക്കൻ വീരഗാഥയും പഴശ്ശിരാജയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. ഒന്നു ഫോക്‌ലോറും മറ്റേത് ഹിസ്‌റ്ററിയുമാണ്. 

∙ എം.ടി. രൂപപ്പെടുത്തിയ കഥാപാത്രങ്ങളെ മനസ്സിൽ കണ്ടതിലും ഭംഗിയായി അവതരിപ്പിച്ച നടനെയോ നടിയെയോ എടുത്തുപറയാമോ?

നമ്മൾ ചിലപ്പോൾ ഒന്നുദ്ദേശിക്കും. പക്ഷേ, നല്ല നടന്മാർ ചെയ്യുമ്പോൾ നമ്മളുദ്ദേശിക്കാത്ത ഒരു ഡൈമെൻഷൻ അവർ നൽകും. നമുക്ക് മലയാളത്തിൽ ആദ്യകാലംമുതൽക്കേ ഒരുപാട് വലിയ നടന്മാരുണ്ട്. അവരുടെ ടൈമിങ് കൊണ്ട്, മൂവ്‌മെന്റ് കൊണ്ട്, ഭാവംകൊണ്ട് ഒക്കെ അവരുടേതായ ഒരു കോൺട്രിബ്യൂഷൻകൂടി കഥാപാത്രങ്ങളിൽ ഉണ്ടാകും. അങ്ങനെയല്ലാതെ ഒരു പ്രത്യേക വ്യക്‌തിയെ എടുത്തുപറയാൻ പറ്റില്ല. ഡയറക്‌ടർ ഉദ്ദേശിക്കുന്നതിനപ്പുറത്ത് നൽകാൻ കഴിവുള്ള നടന്മാരുണ്ട്. വലിയ ആർട്ടിസ്‌റ്റുകൾ ഒരു എക്‌സ്‌ട്രാ ഡൈമെൻഷൻ കഥാപാത്രങ്ങൾക്കു കൊടുക്കും. മമ്മൂട്ടിയൊക്കെ കുറെ കഥാപാത്രങ്ങളെ ചെയ്‌തിട്ടുണ്ട്. അക്ഷരങ്ങൾ തുടങ്ങിയ സിനിമകളിലൊക്കെ...

∙ ഹരിഹരനും പിന്നെ ഐ.വി. ശശിയുമാണ് എം.ടിയുടെ സിനിമകൾ കൂടുതൽ ചെയ്‌തിട്ടുള്ളത്. ഇവരിൽ മികച്ച ഫിലിം മേക്കർ ആരാണ്?

അങ്ങനെ താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. രണ്ടുപേരും കഴിവുള്ള ആൾക്കാരാണ്. ശശി ചെയ്‌ത ഒന്നാന്തരം പടങ്ങളുണ്ട്. ആരൂഢം, അക്ഷരങ്ങൾ തുടങ്ങിയവ. ഒരാൾ മറ്റെയാളേക്കാൾ മികച്ചതെന്നൊന്നും പറയാൻ പറ്റില്ല. ചില ചില ഘടകങ്ങൾ നല്ല രൂപത്തിൽ വരും. അത്രയൊന്നും ആളുകൾ ശ്രദ്ധിക്കാത്ത ശശിയുടെ സിനിമയാണ് ആരൂഢം - ശ്രദ്ധിക്കാത്തതെന്നു പറയാൻ പറ്റില്ല, അക്കാലത്ത് കുറെ ഓടുകയൊക്കെ ചെയ്‌തു. എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല പടമായിരുന്നു ആരൂഢം.

∙ വടക്കൻ വീരഗാഥ മനസ്സിൽ കണ്ടിടത്തോളം മികവുറ്റതായോ?

അതും എത്രത്തോളം അധ്വാനിച്ചു എന്നതിനെ ആശ്രയിച്ചായിരുന്നു. സെറ്റ് എത്രത്തോളം നന്നായിരുന്നു, നടീനടന്മാർ എത്രത്തോളം പ്രിപ്പെയർ ചെയ്‌തു അതെല്ലാംകൂടി ചേർന്നാണ് അതിന്റെ മികവു നിർണയിക്കുന്നത്. മനസ്സിലൊരു സങ്കൽപമുണ്ടായിരുന്നു. ഇന്നതിന്നതൊക്കെ അതിൽ ഉണ്ടായിരിക്കണമെന്ന്. 

∙ ഏതെങ്കിലും നടീനടന്മാരെ മനസ്സിൽകണ്ട് കഥാപാത്രങ്ങളെ സൃഷ്‌ടിച്ചിട്ടുണ്ടോ?

ഇന്നയാൾ വേണമെന്നുവച്ച് എഴുതാൻ പറ്റില്ല. എല്ലാവരുമായുള്ള ആലോചനയെത്തുടർന്നാണ് നടീനടന്മാരെ തീരുമാനിക്കുന്നത്. ആരുചെയ്‌താൽ നന്നാകും, ആർക്കാണ് ഡേറ്റുള്ളത് തുടങ്ങിയതൊക്കെ പരിഗണിക്കും.

∙ സിനിമയിലെ ഏതെങ്കിലുമൊരു ഘടകത്തിൽ, ഉദാഹരണത്തിന് സിനിമയുടെ പേരിടുന്നതിലോ ഒരു സീനിൽ വ്യത്യസ്‌തതയുണ്ടാക്കാനോ പാട്ടിന്റെ വരികൾ കൂടുതൽ മിഴിവുറ്റതാക്കാനോ ആയി എം.ടി. നടത്തിയ ഒരിടപെടലിന്റെ അനുഭവം പറയാനുണ്ടാകുമോ?

സിനിമയ്‌ക്കൊക്കെ പേരിടുന്നത് എഴുതിക്കഴിഞ്ഞാണ്. രണ്ടോ മൂന്നോ പേരു വരും അതിലൊന്നു സജസ്‌റ്റ് ചെയ്യും. ഗാനങ്ങളുടെ നിർമിതിയിലൊന്നും ഇടപെടാറില്ല. പാട്ട് എന്റെ ഏരിയ അല്ലാത്തതുകൊണ്ടാണിത്. ഉണ്ടാക്കുമ്പോൾ കേട്ടുരസിച്ച് ആ കൂട്ടത്തിൽ ഒരു ശ്രമക്കാരനായി ഇരിക്കും എന്നല്ലാതെ മറ്റൊരുതരത്തിലും ഇടപെടില്ല. ആ ട്യൂൺ ശരിയായില്ല, ഈ ട്യൂൺ ശരിയായില്ല എന്നൊന്നും പറയാനുള്ള അറിവില്ലെനിക്ക്. അവർ അവരുടേതായ രീതിയിൽ വർക് ചെയ്യുന്നു. പാട്ടുകേട്ടാൽ രസമുണ്ട് എന്നല്ലാതെ അതിൽ കൂടുതലായിട്ട് ഒന്നും പറയാനറിയില്ല. 

∙ സ്‌ഥിരമായി പാട്ട് കേൾക്കാറുണ്ടോ? സ്വന്തം സിനിമകളിലെ ഇഷ്‌ടപ്പെട്ട പാട്ട് ഏതാണ്?

പാട്ടുകേൾക്കുന്നത് വളരെ അപൂർവമാണ്. ഇഷ്‌ടപ്പെട്ട പാട്ട് പലതുമുണ്ട്. പഞ്ചാഗ്നിയിലെ ‘സാഗരങ്ങളേ..’ പിന്നെ വൈശാലിയിലെയും നഖക്ഷതങ്ങളിലെയും പാട്ടുകൾ.

∙ കമലയെപ്പോലെ എഴുതാൻ മോഹിച്ചിരുന്നു എന്നെഴുതിയിട്ടുണ്ട്. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒന്നാം സ്‌ഥാനം കമലയ്‌ക്കുതന്നെ കൊടുക്കുമോ?

ഞാൻ കൊടുക്കും. ഞാൻതന്നെ എഴുതിയിട്ടുണ്ടല്ലോ അത്. അവരുടെ കഥകൾ അത്രയേറെ ഇഷ്‌ടമാണ്. ഏതു കാലത്തും അവരുടെ എഴുത്തിനോട് അത്രയും വലിയൊരു താൽപര്യമുണ്ട്. താൽപര്യമല്ല ഒരു മോഹവും ആരാധനയുമുണ്ട്. പ്രമേയത്തോടു മാത്രമല്ല, അവരുടെ ഭാഷയോടും ഈ ആരാധനയുണ്ട്.

∙ ലോകസാഹിത്യത്തിലെ മികച്ച കൃതികളെടുത്താൽ ഇതുപോലൊന്ന് എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു തോന്നിപ്പിച്ച കൃതികളുണ്ടോ?

അതെത്രയോ കൃതികളുണ്ട്. നമുക്കൊന്നും ഒരിക്കലും ഡോസ്‌റ്റോയ്വ്‌സ്‌കിയുടെ നിലവാരത്തിലെത്താൻ പറ്റില്ല. നമുക്കറിയാമത്. എന്നാലും വീണ്ടും വീണ്ടും വായിക്കുന്നു. ബ്രദേഴ്‌സ് കാരമസോവ് വീണ്ടും വീണ്ടും വായിക്കുന്നു. എത്രയോ മഹത്തായ കൃതി എന്നു മനസ്സിൽ തോന്നുന്നു. അതുവരെ കാണാത്ത പുതിയ ഒരു തലം കണ്ടെത്തുന്നു. അതുകൊണ്ടാണ് എക്കാലവും നമ്മുടെ പ്രിയപ്പെട്ട പുസ്‌തകങ്ങളിലൊന്നായി അതു നിലനിൽക്കുന്നത്. പല പുസ്‌തകങ്ങളും ആവർത്തിച്ചു വായിച്ചിട്ടുണ്ട്. ആദ്യകാലത്തൊക്കെ ഒരു പുസ്‌തകത്തെപ്പറ്റി കേൾക്കുമ്പോൾ അതു വായിച്ചിരിക്കണം എന്ന തോന്നലുണ്ടാകും.  ധൃതിപിടിച്ചു വായിക്കുമ്പോൾ അതിന്റെ കഥ, പ്രമേയം എന്നതിലൊക്കെയാകും ശ്രദ്ധ. പിന്നെ വർഷങ്ങൾ കഴിഞ്ഞു വായിക്കുമ്പോഴാകും മറ്റുപല കാര്യങ്ങളും ശ്രദ്ധയിൽപ്പെടുക. അതുപോലെ അതിലെ ഭാഷയെപ്പറ്റിയും പ്രത്യേക ജീവിതസന്ധികളെപ്പറ്റിയുമൊക്കെ ആലോചിക്കുക അപ്പോഴാകും. 

∙ അപ്രകാരം വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിച്ച കൃതികൾ മലയാളത്തിലുണ്ടോ?

അതിപ്പോൾ ഓരോ കാലഘട്ടത്തിലും ഓരോ കൃതികളുണ്ടാകും. എങ്കിലും വീണ്ടും വീണ്ടും വായിച്ചിട്ടുള്ളത് ബഷീറിന്റെ കൃതികളാണ്.

∙ ലോകസിനിമയിൽനിന്ന് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്താമോ?

അതും ഓരോ കാലഘട്ടത്തെ ആശ്രയിച്ചാണ്.  ഒരു ആഫ്രിക്കൻ സിനിമ, എയിഡ്‌സിനെപ്പറ്റിയാണ്. ‘എസ്‌റ്റർഡേ’ എന്നാണു പേര്. അതിലെ സ്‌ത്രീകഥാപാത്രത്തിന്റെ പേരാണ് സിനിമയ്‌ക്ക്. ആഫ്രിക്കയിലെ വളരെ ദരിദ്രരായ ആൾക്കാരുടെ ജീവിതമാണ്. ഖനിയിൽ പണിയെടുക്കാൻ പോയ ഭർത്താവിന് എയിഡ്‌സ് ബാധിച്ചു തിരിച്ചുവരുന്നതാണു പ്രമേയം. രോഗത്തിന്റെ ഭീകരാവസ്‌ഥ മാത്രമല്ല അവരുടെ ജീവിതരീതിയുമൊക്കെ കാണിക്കുന്ന ഉൽക്കൃഷ്‌ടമായ സിനിമയാണ്. അതിന് അത്രവലിയ പേരൊന്നും കിട്ടിയിട്ടില്ല. ചൈന, ഇറാൻ തുടങ്ങിയ നാടുകളിൽനിന്നു ധാരാളം നല്ല സിനിമകളുണ്ടാകുന്നുണ്ട്. ഓരോ കാലഘട്ടത്തിലും വളരെ ഉൽക്കൃഷ്‌ടങ്ങളായ സിനിമകൾ എടുത്തുപറയാനുണ്ടാകും. 

∙ മറ്റൊരാൾ ചെയ്‌ത സിനിമ - ഒരു എം.ടി. സിനിമപോലെ എന്ന് എം.ടിക്കു തോന്നിച്ച ഒരു സിനിമയുണ്ടോ?

മലയാളത്തിൽ ഇറങ്ങിയ സിനിമകളൊക്കെ ഞാനും കാണാറുണ്ട്. അതിൽ പ്രത്യേകമായിട്ട് ഒന്നും എടുത്തുപറയുന്നില്ല. ഇവിടെ നല്ല ക്രാഫ്‌റ്റ്‌സ്‌മാൻമാരുണ്ട്. നല്ല ഡയറക്‌ടർമാരുണ്ട്. സിനിമയുടെ സാങ്കേതികവിദ്യ അസലായിട്ടറിയുന്ന വളരെ വിദഗ്‌ധരായവർ ഇവിടെയുണ്ട്. അതുകൊണ്ട് ഒരു പ്രത്യേക പടം കേമമെന്നോ മറ്റോ പറയാനാവില്ല. നല്ല വർക്കുകളുണ്ട്. തിയറ്ററിൽ പോയി സിനിമ കാണാറില്ല. സിഡിയോ മറ്റോ ഇട്ടു കാണും. പുതിയവരിൽ ചിലരൊക്കെ കൊള്ളാമെന്നു തോന്നിയിട്ടുണ്ട്.

∙ എം.ടിയിലെ അധ്യാപകനെയാണോ പത്രാധിപരെയാണോ കൂടുതലിഷ്‌ടം?

ആദ്യം മുതൽക്കേ അധ്യാപകനാകാനായിരുന്നു ആഗ്രഹം. ഒരു ട്യൂട്ടോറിയൽ കോളജിൽ കുറച്ചുനാൾ പഠിപ്പിച്ചു. പിന്നീട് ഗ്രാമസേവകനാകാനുള്ള ട്രെയിനിങ്ങിനു പോയി. അധ്യാപകനാകാൻ പറ്റിയില്ല. അതിനുവേണ്ട യോഗ്യതയൊന്നും ഉള്ള ആളായിരുന്നില്ല ഞാൻ.

∙ എം.ടിക്ക് എപ്പോഴും പോകാൻ ഇഷ്‌ടമുള്ള ഒരു സ്‌ഥലമേതാണ്?

മുൻപ് യാത്രചെയ്യാൻ വളരെ ഇഷ്‌ടമായിരുന്നു. പുതിയ നാടുകൾ കാണാനുള്ള താൽപര്യം. ഓരോ ക്ഷണം കിട്ടുമ്പോഴും വലിയ ആഹ്ലാദമായിരുന്നു. ഇപ്പോൾ പലതും ഒഴിവാക്കേണ്ടി വരുന്നു. പല സ്‌ഥലങ്ങളും പോകാൻ ഇനിയും ബാക്കിയുണ്ട്. ആഫ്രിക്കയിലെ ഒട്ടേറെ സ്‌ഥലങ്ങളുണ്ട്. സാമ്പത്തികം പ്രശ്‌നമല്ലെങ്കിൽക്കൂടി ആരോഗ്യം അനുവദിക്കില്ല. 

∙ കൂടല്ലൂരിനോടാണോ കോഴിക്കോടിനോടാണോ കൂടുതൽ അടുപ്പം?

അങ്ങനെയൊന്നുമില്ല. താമസിക്കാൻ ഏതു സ്‌ഥലവും ഇഷ്‌ടമാണ്. പക്ഷേ കൂടല്ലൂരിൽ പല സൗകര്യങ്ങളും ഇല്ല. അടുത്തു നല്ല ആശുപത്രിയില്ല, നല്ല ഡോക്‌ടർമാരില്ല. പിന്നെ യാത്രയുടെ ബുദ്ധിമുട്ട്. പ്രധാനമായിട്ടും ആ പുഴയുടെ പഴയ ഭംഗിയില്ല. അതുകൊണ്ട് ഇപ്പോൾ പഴയമാതിരി അവിടെപ്പോയി താമസിക്കാറില്ല. പുഴയായിരുന്നു കൂടല്ലൂരിന്റെ വലിയ ആകർഷണം. ഇടയ്‌ക്കു രണ്ടു ദിവസമൊക്കെ പോയി നിൽക്കുന്നു എന്നല്ലാതെ ഇപ്പോൾ താമസിക്കാറില്ല.

∙ ബഷീർ, തിക്കോടിയൻ, എൻ.പി. മുഹമ്മദ്.. കോഴിക്കോടിന്റെ ഒരു കാലഘട്ടം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എൻ.പിയെപ്പോലെ ‘ജീവന്റെ അംശം’ എന്നു പറയാവുന്ന ഒരു സുഹൃത്ത് ഇപ്പോഴുണ്ടോ?

ആ തലമുറയിൽ പലരും പോയി. ആരുടെയെങ്കിലും നമ്പരോ വിലാസമോ തേടി ഫോൺ ബുക്കോ അഡ്രസ് ബുക്കോ തിരയുമ്പോഴാണ് അതിലുള്ള പലരും ഇപ്പോഴില്ലല്ലോ എന്നു നമ്മളോർക്കുന്നത്. നമ്മുടെ വേണ്ടപ്പെട്ട പലരുടെയും നമ്പർ മാത്രം അതിൽ ബാക്കി കിടക്കുന്നു. അവർ മാത്രമില്ല. അതൊക്കെ പെട്ടെന്നു സ്‌ട്രൈക്ക് ചെയ്യും. ആലോചിക്കുമ്പോൾ നമുക്കു വിഷമം തോന്നും. ആ നമ്പരുകളൊന്നും ഞാൻ വെട്ടിക്കളഞ്ഞിട്ടില്ല. എൻ.പിയുടെ മാത്രമല്ല അതു പോലെ പല ആളുകളുമുണ്ട്. ഒരുകാലത്ത് നമ്മളും അങ്ങനെ ഇല്ലാതാകും. വേറൊരാളുടെ ബുക്കിൽനിന്ന് നമ്മുടെ പേരും വെട്ടേണ്ടിവരും. 

∙ മരണഭയം എപ്പോഴെങ്കിലും അലട്ടാറുണ്ടോ?

ഭയമില്ല. മരണമെന്നതൊരു ജീവിത നിയമമാണ്. മരണം അടുത്തെത്തിയെന്നോ മരിച്ചുപോകുമെന്നോ അങ്ങനെ ഒരുതരത്തിലുമുള്ള ഭയവുമില്ല. ഭയമുള്ളത് അവശതയെപ്പറ്റിയാണ്. ബാക്ക് പെയിൻ ശക്‌തമായുണ്ട്. കഠിനമായ പ്രമേഹവും. ഇൻസുലിൻ കുത്തിവയ്‌ക്കുന്നു. ഇരു കാൽമുട്ടുകളിലും വേദന. മുട്ടുവേദന വന്നാൽ നടക്കാൻ ബുദ്ധിമുട്ടാകും. വേറൊരാളുടെ കൈപിടിക്കേണ്ടിവരും. കഴിയുന്നതും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനിടയാക്കരുത്. അതാണാഗ്രഹം.

(2018 ജൂലൈയിൽ മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Content Summary: M T Vasudevan Nair talks about His books and cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com