ADVERTISEMENT

‘‘വിജനതയുടെ മധ്യത്തിൽ ഏകാന്തതയുടെ മരുപ്പരപ്പിൽ ഒരു വലിയ വീട് ഒരു കൈത്തെറ്റ് പോലെ നിൽക്കുന്നു. മകൻ വീണ്ടും ഓർത്തു. അതിനകത്ത് ഒരു അച്ഛനും അമ്മയും മകനും താമസിക്കുന്നു. അവിടെ ഒരു സന്ദർശകൻ വരാനടുത്തിരിക്കുന്നു. വെറുപ്പോടെ അകാരണമായ ഉൾക്കിടുക്കത്തോടെ മകൻ ഓർത്തു. മരണം ഇവിടെ ഒരു സംഭവമാവുകയില്ല!’’

– എംടി (മൂടുപടം)

 

മലയോരത്തിന്റെ കവാടത്തിൽ ജീവിക്കുന്ന ഒരു ബാലൻ. അവന്റെ ജാലകത്തിൽ കൊടുംവളവുകളും കയറ്റിറങ്ങളുള്ള താറിടാത്ത റോഡുകളും വളഞ്ഞുപുളഞ്ഞു ഭാരം കയറ്റിപ്പോകുന്ന ലോറികളും നിത്യകാഴ്ചകളായിരുന്നു. മതിലുകെട്ടാത്ത ശീമക്കൊന്ന വേലിക്കരികിൽ മനോരമ, മംഗളം വീക്കിലികൾ കൈമാറിക്കൊണ്ട് ഉമ്മയുടെ അനിയത്തിമാരും അടുത്തവീട്ടിലെ ചേച്ചിമാരും സംസാരിച്ചു നിൽക്കും. ‘ഇണപ്രാവുകളും’ ‘മയിലാടും കുന്നുകളും’ ഓടി മറയുന്ന ‘ലൈൻ ബസ്സുകളും’ ഒരു മുഷിഞ്ഞ പുറംചട്ടയെന്ന പോലെ അവന്റെ ഉള്ളിൽ ചില ഭൂപ്രതലങ്ങൾ വരച്ചിട്ടു. ‘അഴകുള്ള സെലീന’യെയും ‘പാടാത്ത പൈങ്കിളി’യെയും വിട്ട് ‘കിനാവിന്റെ ലോകത്തു’ നിന്ന് അവൻ സ്വന്തം മനസ്സിനകത്തേക്ക് ഇറങ്ങിവന്നത് എംടിയുടെ ലോകങ്ങളിലൂടെയാണ്.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽനിന്ന് എടുത്തു വായിച്ച ‘കാഥികന്റെ പണിപ്പുര’ എന്ന പുസ്തകത്തിലൂടെയാണ് എംടി എന്ന പേര് വായനയിൽ കടന്നു വരുന്നത്. ഉമ്മയുടെ സൂക്ഷിപ്പിൽനിന്ന് വായിച്ച ഒരു ‘കുടയും കുഞ്ഞുപെങ്ങളും’, ‘ബാല്യകാലസഖി’, ഡിറ്റക്ടീവ് നോവലുകൾ, ഉമ്മയുടെ അനിയത്തിമാരും അയൽക്കാരികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന പൈങ്കിളി നോവലുകൾ ഒക്കെ കടന്ന് സ്‌കൂൾ ലൈബ്രറി വായനയ്ക്ക് ഒരു വഴിത്തിരിവ് ഉണ്ടാകുന്നുണ്ട്. 

എംടിയുടെ രചനാലോകം വടക്കേ മലബാറിലെ ഒരു മുസ്‌ലിംബാല്യത്തെ ആവേശിക്കാൻ എന്തായിരുന്നു കാരണം? എന്റെ ചുറ്റുമുള്ള വീടുകൾ മക്കത്തായ സമ്പ്രദായത്തിലാണ് പുലർന്നിരുന്നത്. അല്ലാതെ എംടിയുടെ എഴുത്തുകളിൽ കാണുന്നതു പോലെ മരുമക്കത്തായമായിരുന്നില്ല. എങ്കിലും, ഭാഗം വയ്പ്പിന്റെയും അണുകുടുംബ സൗകര്യങ്ങളുടെയും പിറുപിറുക്കലുകൾ തറവാടിന്റെ ഇരുൾകോണുകളിലെ നിശബ്ദതയിൽ ഉയർന്നു കേട്ട അനുഭവം കുട്ടിക്കാലത്തുണ്ട്. 

നാട്ടിലെ നൂറു നൂറു കഥകൾ പങ്കിട്ടു ഞായം പറയാൻ വരുന്ന ഇത്തമാർ എന്റെ ഗ്രാമത്തിലും ഉണ്ടായിരുന്നു. അടുക്കളപ്പുറത്ത് അവരുടെ പഴമ്പുരാണങ്ങൾക്ക് ഞാനും കാത് കൂർപ്പിച്ചു. അവയിൽ അവിഹിതങ്ങളും ജിന്ന് കഥകളും പോലെ കുട്ടികൾ കേട്ട് കൂടാത്ത പലതും സുലഭമായിരുന്നു. അടുക്കളയിൽ കുത്തിയിരിക്കാതെ എണീറ്റ് പോയി കളിക്കാൻ പറഞ്ഞ് ഉമ്മൂമ്മ അത്തരം കേൾവികൾ വിലക്കി. ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന കഥയിലേത് പോലെ ആകുലതകളും പൊട്ടിത്തെറികളും വീട്ടിലേക്ക് ഒരിക്കലും ക്ഷണിക്കാത്ത അതിഥിയെപ്പോലെ കയറി വന്ന കാലം. ക്ഷയിച്ച പ്രതാപങ്ങളുടെ ഉറകുത്തിയ വടുക്കൾ വെളിപ്പെടുത്താൻ മടിച്ച് വേദനകളും അപമാനവും ഉള്ളിൽ കടിച്ചമർത്തി നിൽക്കുന്ന ഒരു അപ്പുണ്ണി എന്റെ ഉള്ളിലും ഉണ്ടായിരുന്നു. രോഷവും വേദനയും മടുപ്പും ഏകാന്തതയും പ്രണയവും മോഹഭംഗങ്ങളും പതനവും നിഴലിക്കുന്ന ഓർമകൾ ഒരിക്കലെങ്കിലും അതിജയിക്കാൻ കൊതിക്കുന്ന ഒരുവൻ എംടിയുടെ ലോകങ്ങളിൽ തുടരുന്നുണ്ട്. 

ഭൂതകാലത്തിലും വർത്തമാനത്തിലും നിറയുന്ന ഇല്ലായ്മകളിൽ നിശബ്ദനായിപ്പോകുന്ന ഒരു കുട്ടി. അവന്റെ വേദനകൾക്കും ഇരുൾ ലോകങ്ങൾക്കും വാക്കുകളിൽ ഒരു ആത്മാവ് ഉണ്ടായി വന്നു. അച്ഛന്റെ അസാന്നിധ്യത്തിൽ അമ്മ അരിഷ്ടിച്ചു വളർത്തിയെടുക്കുന്ന നാലുകെട്ടിലെ അപ്പുണ്ണിയുടെ ഒരു ഛായ അവനിലും വീണുകിടന്നു. ഉമ്മയുടെ സ്നേഹം അവനു ഭൂമിയും വേരുമായിരുന്നു. താങ്ങായും തണലായും കേൾവിയും ഉത്തരവും തരുന്ന തറവാട്ടിലെ പ്രായമായ വൃദ്ധജീവിതങ്ങൾ അവനും ഉണ്ടായിരുന്നു. ഉമ്മൂമ്മയുടെ കുഴമ്പു മണവും ഏതു പാതിരാത്രിക്കു വിളിച്ചാലും കൂട്ടു വരുന്ന കരുതലും മുത്താച്ചിയുടെയും അമ്മമ്മയുടെയും ചിത്രങ്ങളിൽ നേർത്തു പടർന്നിരുന്നു. നല്ലൊരു ഉടുപ്പോ കളിപ്പാട്ടമോ കിട്ടാതെ വളർന്ന, മറ്റു കുട്ടികളുടെ സുഭിക്ഷതകൾ ഒരിക്കൽ പോലും അനുഭവിക്കാത്ത ബാല്യം. പിതാവ് തത്വത്തിൽ കടമകൾ ഒന്നും നിർവഹിക്കാതെ അധികാരസ്വരൂപമായി ഇടപെടുന്ന ജീവിതസന്ദർഭങ്ങൾ. ഇങ്ങനെ എംടിയുടെ കഥകളിലും സിനിമകളിലും തുടരുന്ന കുട്ടിയുടെ ഏകാന്തലോകങ്ങൾ അവനെ സംബന്ധിച്ചിടത്തോളം കഥയായിരുന്നില്ല, ജീവിതം തന്നെയായിരുന്നു. 

എംടിയുടെ രചനാ ശൈലിയുടെ മൈക്രോസ്കോപ്പിക് നോട്ടങ്ങളിൽ വീട്ടിലെ ഒഴിഞ്ഞ ഇടങ്ങളുടെ വെളുപ്പും കറുപ്പും നിശ്ശബ്ദമേഖലകളും അവന് വെളിപ്പെട്ടു. എംടിയൻ അക്ഷരങ്ങളുടെ ക്യാമറക്കണ്ണുകൾ അവന് സവിശേഷമായ ചില ദൃശ്യാനുഭൂതികൾ സമ്മാനിച്ചു. ആഗ്രഹിച്ചവയൊന്നും കിട്ടാതെ രണ്ടാമൂഴം വിധിക്കപ്പെട്ടവന്റെ രോഷം വീണ്ടും വീണ്ടും വായിക്കുമ്പോൾ അത് താൻ തന്നെയാണെന്ന് തോന്നിക്കൊണ്ടിരുന്നു. എംടിയൻ വായനയിലും കാഴ്ചനുഭവങ്ങളിലും ഒരിക്കലും പുറത്തു കാണിക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലം പേറുന്ന ഹതഭാഗ്യനായ ഒരു കുട്ടി കണ്ണാടി പോലെ തെളിഞ്ഞു. അവന്റെ അകങ്ങളിലെ ഇരുട്ടുകൾ അക്ഷരങ്ങളിൽ കല്ലിച്ചു കിടന്നു. വളർന്നു വലുതാകുമ്പോൾ ഉള്ളിലെ മുറിവുകൾ വീണ്ടും പഴുക്കുന്ന വർത്തമാന യാഥാർഥ്യങ്ങൾ അവനെ കാത്തു കിടന്നു.

വർഷങ്ങൾ കഴിഞ്ഞു 'പഥേർ പാഞ്ജലി'യിൽ അപുവിന്റെ സഞ്ചാരങ്ങളിൽ വീണ്ടും ഞാൻ അപ്പുണ്ണിയെ കണ്ടു. ഉമ്മയും ഉമ്മയുടെ അനിയത്തിമാരും അയൽപക്കത്തെ സ്ത്രീകളും അടങ്ങുന്ന അകം ലോകങ്ങളാണ് എന്റെ ബാല്യം സജീവമാക്കിയത്. അകങ്ങളിലെ സ്ത്രീലോകം നാലുകെട്ടിലും ‘പഥേർ പാഞ്ജലി’യിലും തുടരുന്നുണ്ട്. അപുവിന്റെയും അപ്പുണ്ണിയുടെയും പ്രപഞ്ചം നിറയ്ക്കുന്നത് സ്ത്രീകളാണ്. സർബജയയും ദുർഗയും പിഷിയും അപർണയും നിർണയിക്കുന്ന ദൈനംദിന ലോകങ്ങളാണ് അപുവിന്റെ ആത്മാവ് തൊടുന്നത്. അപ്പുണ്ണിക്ക് അമ്മയും മുത്താച്ചിയും അമ്മമ്മയും മാളുവും അമ്മിണിയേടത്തിയുമാണ് കൂട്ട്. ശ്വാസം മുട്ടിക്കുന്ന വീടു വിട്ട് ഇറങ്ങിപ്പോകുന്ന ഒരുവൻ അപുവിലും ഉണ്ട്. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ അമ്മ നേരിടുന്ന പെടാപ്പാടുണ്ട്. നാട്ടിൻപുറത്തെ മറ്റു ജീവിതങ്ങളുണ്ട്. 

സർഗവ്യാപാരങ്ങളിൽ ചിലപ്പോൾ ഒരാൾ മുറിവേറ്റ ഒരു കുട്ടിയായി പരിണമിക്കുന്നു എന്ന് എംടിയുടെ സർഗാത്മക ലോകങ്ങളിൽ വെളിപ്പെടുന്നു. സത്യജിത് റേയുടെ ചിത്രണത്തിലും മുറിവേറ്റ ബാല്യമുണ്ട്. അച്ഛൻ നോക്കാത്ത കുട്ടികളുടെ ആത്മസംഘർഷമുണ്ട്. ആർദ്രലോകങ്ങൾ പ്രധാനമായ ഒരു ബലവാൻ ഭീമനിൽ ഉണ്ട്. ദുർബലവും നിസ്സഹായവുമായ നേരങ്ങളിൽ നൽകിയ നാരങ്ങയുടെ, ചെറുപുഞ്ചിരിയുടെ കരുതലും പരിഗണനയുമാണ് പരുക്കൻ മട്ടിനും പിശുക്കിനും നിർബന്ധങ്ങൾക്കും അപ്പുറം ‘ഒരു ചെറുപുഞ്ചിരി’യിലെ ഭർത്താവിനെ പ്രിയങ്കരനാക്കുന്നത്. 'ഉത്തരം' സിനിമയിൽ സ്വാതന്ത്ര്യത്തോടെ തുറന്ന് വയ്ക്കാൻ സാധിക്കുന്ന പെൺ സുഹൃത്തിനെ നഷ്ടപ്പെട്ട വേദന എഴുത്തുകാരനും ഭർത്താവും പങ്കുവയ്ക്കുന്നുണ്ട്. ‘കുട്ട്യേടത്തി’യോടാണ് വാസുവിന് പ്രധാന ചങ്ങാത്തം. ഇങ്ങനെ സ്‌പെക്ടേറ്റർ ആയിട്ടുള്ള കുട്ടി സ്വന്തങ്ങളിലെയും അയൽപക്കത്തെയും സ്ത്രീകളുടെ ആഗ്രഹലോകങ്ങളിൽ സഹായി ആയി നടന്ന എന്റെ ബാല്യത്തിന് അപരിചിതമായിരുന്നില്ല. സ്ത്രീലോകങ്ങൾ നിരീക്ഷിക്കുന്ന അവരോടു കൂട്ടായിരിക്കാൻ ആഗ്രഹിക്കുന്ന ഒരു ചെക്കൻ എംടിയിലുണ്ട്. ദുർബലം എന്ന് വിധിക്കപ്പെട്ട ചില വൈകാരികലോകങ്ങൾ ചേർത്തുപിടിച്ചു കൊണ്ടാണ് അപുവും അപ്പുണ്ണിയും തങ്ങളുടെ പ്രയാണം തുടരുന്നത്.

പുറം ആഖ്യാനങ്ങളിലെ നാലുകെട്ട് പൊളിച്ചു നീക്കുമ്പോൾ എംടി കൃതികളുടെ അകമേ തെളിയുന്നത് ബന്ധങ്ങളുടെ ഇഴയടുപ്പവും പൊട്ടിപ്പോകലും പോലെ സാർവജനീനമായ ചില മാനവികസംഘർഷങ്ങളുടെ സൂക്ഷ്മാവിഷ്കാരം തന്നെയാണ്. അധികാരപ്രതിസന്ധികളിൽ ജീവിതം തുടരാൻ വിധിക്കപ്പെട്ട ഒരു കുട്ടിയുടെ ഏകാന്തത എംടിയുടെ ആഖ്യാനത്തിൽ പതിഞ്ഞു കിടക്കുന്നു. പൊളിഞ്ഞവീട്ടിൽ നിന്ന്, ഓർമകളിൽ നിന്ന് പുതിയൊരു മനുഷ്യൻ വളർന്ന് കാറ്റും വെളിച്ചവും തേടുന്നു. ജീവിതത്തിലേക്ക് ഉയിർക്കുന്നു.

(തിരക്കഥാകൃത്തും കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ ഗവേഷകനുമാണ് ലേഖകൻ)

Content Summary: Memories of reading the Literary Works of M T Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com