ADVERTISEMENT

ജീവിതത്തിൽനിന്നു വലിച്ചുചീന്തിയെടുത്ത ഒരു പഴയ താളാണിത്. 

കഥകളിൽ ഒരിടത്തുമാത്രമേ എം.ടി വാസുദേവൻ നായർ ഇങ്ങനെ എഴുതിയിട്ടുള്ളൂ. നിന്റെ ഓർമയ്ക്ക് എന്ന ആത്മകഥാപരമായ കഥയിൽ. എങ്കിലും എംടിയുടെ എല്ലാ നോവലുകൾക്കും കഥകൾക്കും ചേരുന്ന വിശേഷണം. ജീവിതത്തിന്റെ സ്പർശം. എഴുതിയ ഓരോ വാക്കിലും വരിയിലും പോലും ജീവിതത്തെ അനുഭവിപ്പിച്ച എഴുത്തുകാരൻ. എഴുതുന്നത് എഴുത്തുകാരന്റെ ജീവിതമായിരിക്കുമ്പോഴും വായിക്കുന്നവരെ അതു തങ്ങളുടെ ജീവിതമാണെന്നു തോന്നിപ്പിക്കുന്ന എഴുത്ത്. വലിയ എഴുത്തുകാർക്കു മാത്രം കരഗതമായ പ്രതിഭ. സർഗാത്മകതയാൽ അനുഗ്രഹിക്കപ്പെട്ട എംടിയിൽ ധാരാളമുള്ള പ്രതിഭാവിശേഷം. 

ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു തറവാടിന്റെ കഥ പറയുന്നു എംടി. വായിച്ചുപോകുമ്പോൾ നെടുവീർപ്പുകൾ നിറഞ്ഞുനിൽക്കുന്ന, നിശ്വാസങ്ങളുടെ ചൂട് ഏറ്റുവാങ്ങിയ സ്വന്തം വീടിനെക്കുറിച്ച് ഒർക്കാതിരിക്കാനാവുമോ. കുട്ടികൾക്കു പിറന്നാളിനു സദ്യയൊരുക്കാൻ അമ്മാവനോടു കൂടുതൽ നെല്ലു ചോദിക്കുന്ന അമ്മയെക്കുറിച്ച് എംടി എഴുതുമ്പോൾ വായിക്കുന്നവരുടെ മനസ്സിലും ഒരമ്മയുണ്ട്. കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങിയ, സ്നേഹം ഒരിക്കലും പുറമേ പ്രകടിപ്പിക്കാത്ത ഒരമ്മ. അത് എഴുത്തുകാരന്റെ അമ്മയല്ല. സ്വന്തം അമ്മ തന്നെ. അങ്ങനെ നോക്കിയാൽ എംടി കൂടുതൽ സ്നേഹിക്കാൻ പഠിപ്പിക്കുന്നില്ലേ. നഷ്ടപ്പെട്ട നൻമയോർമകളിലേക്കു തിരിച്ചുകൊണ്ടുപോകുന്നില്ലേ. മുക്കുറ്റിയും തിരുതാളിയും നിറഞ്ഞ വീട്ടുമുറ്റത്തേക്കു വീണ്ടുമിറങ്ങുന്നതുപോലെ നഷ്ടസൗഭാഗ്യങ്ങളിലേക്കു നയിക്കുന്ന ഒരു എഴുത്തുകാരൻ. അദ്ദേഹത്തിന്റെതന്നെ ഒരു കഥാപാത്രം ഒരിക്കൽ പറഞ്ഞതുപോലെ ജീവിതത്തിന്റെ കമ്പോളത്തിൽ വാണിഭം നടത്താൻ വിറ്റ സ്വപ്നങ്ങളുടെ ബാക്കി ഇനിയും കുറച്ചുകൂടിയുണ്ട് കയ്യിൽ. 

എംടിയെ വായിക്കുമ്പോൾ ഒരോ വായനക്കാരനും അത്ഭുതപ്പെടുന്നു: എന്റെ മനസ്സ് ഈ എഴുത്തുകാരൻ എങ്ങനെ കണ്ടു. സ്വകാര്യമോഹങ്ങൾ. ആരോടും പറയാത്ത സങ്കടങ്ങൾ. കാത്തുവച്ച ഇഷ്ടങ്ങൾ. ഏകാന്തതയിൽമാത്രം ഉതിർന്ന തപ്തനിശ്വാസങ്ങൾ. 

മനസ്സ് ആരുടെ മുമ്പിലും തുറന്നിട്ടില്ലെങ്കിലും ഈ എഴുത്തുകാരൻ അവയൊക്കെ വാരിവലിച്ചു പുറത്തിട്ടിരിക്കുന്നു. ദേഷ്യമല്ല തോന്നുന്നത്; പരിഭവവുമല്ല. നിറയുന്ന കണ്ണുകളോടെ വീർപ്പടക്കിയിരുന്നു വായിക്കുന്നു. ഒരാളല്ല. മലയാളത്തിന്റെ പല തലമുറകൾ. മറ്റൊരു എഴുത്തുകാരനും കഴിയാത്ത രീതിയിൽ മലയാളിമനസ്സിൽ എംടിയുണ്ട്; അദ്ദേഹത്തിന്റെ വാക്കുകളും വരികളുമുണ്ട്. വെറുതെയല്ല നിരൂപകൻ വി.രാജകൃഷ്ണൻ എംടിയെ മലയാളത്തിലെ ‘അവസാനത്തെ നിത്യഹരിതനായകൻ’ എന്നു വിശേഷിപ്പിച്ചത്. 

 ജൂലൈ 15 നാണ് എംടിയുടെ പിറന്നാൾ. 1956–ൽ പുറത്തിറങ്ങിയ നിന്റെ ഓർമയ്ക്ക് എന്ന കഥാസമാഹാരത്തിലെ ആദ്യത്തെ കഥ ഒരു പിറന്നാളിനെക്കുറിച്ചാണ്: ഒരു പിറന്നാളിന്റെ ഓർമ. എംടി ശൈലി സമ്പൂർണതയിൽ നിറയുന്ന കഥ ആദ്യവരി മുതൽ വായനക്കാരെ കൂടെ നടത്തുന്ന വാക്കകൾ മാജിക്കൽ റിയലിസം പോലെ ഒന്നോ രണ്ടോ വാക്കുകൾകൊണ്ട് എംടി ശൈലിയെ വിശേഷിപ്പിക്കാനാവില്ല. വാക്കുകൾക്കപ്പുറം വികാരങ്ങൾ. കഥാപാത്രങ്ങൾക്കുപരി സ്വന്തം ജീവിതം. കണ്ണാടിയിൽ മുഖമെന്നവണ്ണം അക്ഷരങ്ങളിൽ ആത്മാവിനെ അറിയുന്ന പ്രക്രിയയെ എന്തുപേരിട്ടുവിളിക്കും വായനക്കാർ. അതു മാന്ത്രികതയുമല്ല; യാഥാർഥ്യം തന്നെ. മലമൽക്കാവും കുമരനെല്ലൂരും താന്നിക്കുന്നുമൊക്കെ നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട സ്ഥലങ്ങൾ. എംടിയുടെ എഴുത്തിന്റെ മാസ്മരിക ശക്തി വിശേഷിപ്പിക്കാൻ മാജിക്കൽ റിയലിസം പോലൊരു വാക്ക് കണ്ടുപിടിക്കാൻ നിരൂപകർ ശ്രമിക്കട്ടെ. അപ്പോഴേക്കും മടുപ്പില്ലാതെ വീണ്ടും വായിക്കാം അദ്ദേഹം മലയാളത്തിനു സമ്മാനിച്ച അക്ഷരസൗകുമാര്യങ്ങൾ. 

‘നാളെ എന്റെ പിറന്നാളാണ്’ എന്ന വരിയിൽ എംടിയുടെ പിറന്നാൾക്കഥ തുടങ്ങുന്നു. ഓർമ്മയുണ്ടായിരുന്നില്ല. അവളുടെ കത്തിൽനിന്നു മനസ്സിലാക്കുകയായിരുന്നു. ഭർത്താവിനു നൻമ വരാൻ കഴിയാവുന്നതെല്ലാം ചെയ്യുന്ന ഭാര്യയുടെ ഓർമപ്പെടുത്തൽ. പിറന്നാളിന്റെ സാമീപ്യത്തിൽ പണ്ടെല്ലാം ആഹ്ളാദം തോന്നിയിരുന്നു. ഇപ്പോഴാകാട്ടെ നേർത്ത വേദന. ജീവിതത്തിന്റെ വസന്തകാലമെന്നു കവികൾ വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിന്റെ അവസാനമടുത്തുതുടങ്ങി. പലതും ഓർത്തുപോകുന്നു. കഴിഞ്ഞുപോയ പിറന്നാളുകൾ. ഇരുപതിൽപ്പരം വർഷങ്ങൾക്കുമുമ്പൊരു പിറന്നാൾദിനത്തിനുചുറ്റും വേദനയൂറുന്ന നിരവധി ഓർമകളുണ്ട്. ഒരു മനുഷ്യനെ കൊല്ലാൻ നിശ്ചയിച്ചതുപോലും ഒരു പിറന്നാളിന്റെയന്ന്. എംടി കാലത്തെക്കുറിച്ചെഴുതുമ്പോൾ തെളിഞ്ഞുവരുന്നുണ്ട് കേരളത്തിന്റെ അരനൂറ്റാണ്ടു മുമ്പത്തെ സാമൂഹിക ജീവിതം. 

ഓണം പോലെ അപൂർവദിവസങ്ങളിൽ മാത്രം വീടുകളിൽ സദ്യ ഉണ്ടാക്കിയിരുന്ന കാലം. പിറന്നാളിനു സദ്യയുണ്ട്. എല്ലാവരുടെയും പിറന്നാളിനല്ല; പ്രായമായ പ്രമുഖരുടെ മാത്രം; വല്യമ്മാവന്റെ പിറന്നാൾ പോലെ. വല്യമ്മാവന്റെ മകൻ പിറന്നാൾദിനത്തിൽ വീട്ടിൽ കാണാറില്ല. ഒരുതവണ മകൻ വിട്ടിലുള്ളപ്പോൾ സദ്യ ഉണ്ടാക്കി. അപ്പോൾ മനസ്സിലാകുന്നു കുട്ടികളുടെ പിറന്നാളിനും സദ്യയുണ്ടാകുമെന്ന്. അടുത്ത കർക്കടകം വരാൻ കാത്തിരുന്നു; പിറന്നാളിനുവേണ്ടി. കാത്തിരുന്ന ദിവസത്തിന്റെയന്ന് സദ്യ ഉണ്ടാക്കണമെന്ന് അമ്മയോടു പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു. നെല്ലളന്നുതരുന്നത് അമ്മാവനാണ്. കൂടുതൽ ഒരുമണി പോലും തരില്ല. എങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നു. 

അമ്മാവൻ പത്തായം തുറന്നു നെല്ലളന്നിടുന്നു. 

അമ്മ പതുക്കെ പറഞ്ഞു: ഇന്നു കുഞ്ഞിന്റെ പിറന്നാളാ...അമ്പലത്തിൽ പായസം നേർന്നിട്ടുണ്ട്. നാലെടങ്ങഴി നെല്ലു കൂടി...

അമ്മാവന്റെ ശബ്ദത്തിൽ നിറയെ ദേഷ്യം. ആരു പറഞ്ഞു നേരാൻ. എന്തിന്. കൂടുതൽ നെല്ല് അവന്റെ അച്ഛനോടു ചോദിക്ക്. കാൽക്കാശിന് ഉപകാരം ഇല്ലാത്തവൻ. വല്യമ്മാവൻ കുറ്റങ്ങൾ നിരത്തിയപ്പോൾ അമ്മയ്ക്കു പറയാതിരിക്കാനായില്ല: ന്റെ ഇഷ്ടത്തിനു നടത്തീതല്ലല്ലോ. 

ഒരടി പൊട്ടുന്ന ശബ്ദമായിരുന്നു മറുപടി. കിളിവാതിലിലൂടെ നോക്കുമ്പോൾ അമ്മ പത്തായത്തിന്റെ മുകളിലേക്കു കമഴ്ന്നു വീഴുന്നു....

എല്ലാവരും വന്നൊന്നു നോക്കി, തിരിച്ചുപോയി. മുത്തശ്ശി മാത്രം രണ്ടുവട്ടം ഉച്ചത്തിൽ രാമായണ ജപിച്ചു...

കുറച്ചുകഴിഞ്ഞപ്പോൾ അമ്മ പത്തായപ്പുരയുടെ ഒതുക്കുകളിറങ്ങിവരുന്നു. കവിൾത്തടങ്ങളിലൂടെ കണ്ണീർ ഒഴുകിയിരുന്നു. ഇടത്തെ പുരികത്തിനു മുകളിൽ ചോരയും. കുളിക്കാൻ അമ്മ നിർബന്ധിക്കാത്ത, സദ്യ ഉണ്ണാത്ത, പായസം കഴിക്കാത്ത പിറന്നാൾ.

ഇപ്പോൾ വീണ്ടും ഓർത്തുപോകുന്നു: നാളെ എന്റെ പിറന്നാളാണ് ! 

Content Summary: Memoring M T Vasudevan Nair