കാലത്തിന്റെ ചുവരിലെ സുവർണരേഖ

Mail This Article
മലയാളത്തിന്റെ കലാചരിത്രത്തിൽ കാലം വരച്ച സുവർണരേഖയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വരയുടെ പരമശിവനെന്ന് സാക്ഷാൽ വികെഎൻ വിളിച്ച നമ്പൂതിരിയുടെ വിരലുകൾക്ക് വര മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം അതിസുന്ദരമായി വഴങ്ങി. സംഗീതമറിയുന്ന, സംസ്കൃതവും വൈദ്യവും പഠിച്ച കരുവാട്ട് മനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ ജീവിതം കേരള കലാചരിത്രത്തിന്റെ ഒരേടാണ്. നവതി വേളയിൽ അദ്ദേഹം നൽകിയ അഭിമുഖത്തിൽനിന്ന്...
കഴിഞ്ഞ കാലം
കഴിഞ്ഞ കാലമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഒരദ്ഭുതം തന്നെയാണ്. ഇതൊന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല. ഭാഗ്യം കൊണ്ടു സംഭവിച്ചതാവും. മദിരാശിയിൽപ്പോയി ചിത്രകല പഠിക്കാനുള്ള ഭാഗ്യം, വരിക്കാശ്ശേരി കൃഷ്ണൻ നമ്പൂതിരിയുടെ സഹായം, മദിരാശിയിൽ ശിഷ്യപ്പെട്ട വലിയ ഗുരുനാഥന്മാർ, അതൊക്കെ വലിയ ഭാഗ്യം തന്നെയാണ്. കുട്ടിക്കാലത്ത് ഏറെ കേട്ടറിഞ്ഞ കെസിഎസിനെപ്പോലെ ഒരാളുടെ ശിഷ്യനാവാൻ കഴിഞ്ഞതൊക്കെ വലിയ ഭാഗ്യംതന്നെയാണ്. ഇന്ത്യ കണ്ട വലിയ ശിൽപിയും ചിത്രകാരനുമായ ദേവിപ്രസാദ് റോയ് ചൗധരിയുടെയും ശിഷ്യനാവാൻ കഴിഞ്ഞു. അദ്ദേഹമായിരുന്നു ഞങ്ങളുടെ പ്രിൻസിപ്പൽ. അവരുടെ ശിക്ഷണം ലഭിച്ചു എന്നതുമാത്രമല്ല, അവരോടൊപ്പം കുറേക്കാലം ജിവിക്കാനും കഴിഞ്ഞു. അതാവാം എന്റെ ജീവിതത്തിലുണ്ടായ മാറ്റത്തിനു കാരണം. അതില്ലായിരുന്നെങ്കിൽ ഒരു സാധാരണ നമ്പൂതിരിയായി എവിടെയെങ്കിലും ശാന്തിയോ മറ്റോ ആയി ജീവിക്കേണ്ടിവരുമായിരുന്നു. മദിരാശിയിൽനിന്നു തിരിച്ചെത്തിയാണ് മാതൃഭൂമിയിൽ ചേർന്നത്. എൻ.വി കൃഷ്ണവാര്യർ, എം.ടി. വാസുദേവൻ നായർ, എം.വി.ദേവൻ തുടങ്ങിയവരൊക്കെ അവിടെയുണ്ട്. ഉറൂബും ജി. ശങ്കരക്കുറുപ്പുമൊക്കെ അവിടെ സന്ദർശകരായിരുന്നു. ഇവരുമായൊക്കെയുള്ള പരിചയവും അടുപ്പവുമാണ് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണം.

രേഖാചിത്രങ്ങളോട് കൂടുതൽ ഇഷ്ടം
എനിക്ക് ചെയ്യാൻ കൂടുതൽ താൽപര്യം രേഖാചിത്രങ്ങളാണ്. പരന്ന ഒരു പ്രതലത്തിൽ രേഖകൾകൊണ്ട് ത്രിമാനസ്വഭാവമുള്ള വസ്തുക്കൾ സൃഷ്ടിക്കാം. ചെറിയ രേഖകൾക്ക് വലിയ ഘനമാനം ഉണ്ടാക്കാനുള്ള കഴിവുണ്ട്. വളരെ നിസ്സാരമെന്ന് പറയാവുന്ന രേഖകൾ കൊണ്ട് സൃഷ്ടിക്കാവുന്ന സാധ്യതകൾ ഏറെയാണ്. ഒരു വസ്തു കാണുമ്പോൾ അതിന്റെ സാന്ദ്രത, ഘനം നമുക്ക് അനുഭവിക്കാനാവും. ആ അനുഭവം നമുക്ക് വരയ്ക്കാൻ പറ്റുക. ആ വിദ്യയാണ് അതിന്റെ രസവും സുഖവും.
പിന്നെ, എന്റെ അഭിപ്രായത്തിൽ എറ്റവും ഉത്തമമായ കല സംഗീതമാണ്. മനുഷ്യനെ ഇത്രയും അലിയിച്ചുകളയുന്ന കല സംഗീതം മാത്രമാണ്. അതിനു താഴെയേ മറ്റൊക്കെ വരുന്നുള്ളൂ. എനിക്കു പാടാനാവില്ല, ഞാൻ പക്ഷെ പാട്ടു കേൾക്കാറുണ്ട്. നമുക്കു വഴങ്ങുന്ന കലയെ നമ്മൾ പിന്തുടരുന്നു എന്നു മാത്രം. എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. നമ്മൾ വസ്തുക്കളെ കാണുന്നത് ശിൽപ്പമായാണ്. അതിനെ ആവിഷ്ക്കരിക്കുക എന്നേയുള്ളൂ.

എംടി
എംടിയുമായി നല്ല അടുപ്പമാണ്. രണ്ടാമൂഴമൊക്കെ നല്ല വർക്കാണ്. മനുഷ്യന്റെ, ഭീമന്റെ ദുഃഖമാണ് എഴുതിയതെന്ന് എംടി പറയും. പക്ഷെ അതൊന്നും സാധാരണ മനുഷ്യരല്ലല്ലോ. വരയ്ക്കുമ്പോൾ അതിനൊരു ചെറിയ അമാനുഷികതയുണ്ടാവണം. അങ്ങനെയാണ് രണ്ടാമൂഴത്തിലെ കഥാപാത്രങ്ങളുണ്ടാവുന്നത്. വലിയ ക്ഷേത്രങ്ങളിലെ ശിൽപങ്ങൾ തന്നെയാണ് എന്റെ മാതൃക. അതങ്ങനെതന്നെ പകർത്തുകയായിരുന്നില്ല, ചില മാറ്റങ്ങൾ വരുത്തിയിരുന്നു. കലാകാരന് സ്വന്തമായ ഒരു ശൈലിയും രീതിയും ഉണ്ടാവണമല്ലോ. അതാണല്ലോ അയാളുടെയും സൃഷ്ടികളുടെയും ഐഡന്റിറ്റി.
രാജാ രവിവർമ
ഇന്ത്യൻ ചിത്രകലയുടെ പാരമ്പര്യം എന്നത് മോശമല്ല. വളരെ ഉയർന്നതാണത്. പക്ഷെ വിദേശികളുടെ വരവോടെയും മറ്റും അത് ആളുകൾ മറന്നുതുടങ്ങി. രവിവർമയുടെ വരവോടെ അത് മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചുതുടങ്ങി. യൂറോപ്യൻ രീതിയിലുള്ള ചിത്രരചനയായിരുന്നു അദ്ദേഹത്തിന്റേത്. അതിന് ഇന്ത്യൻ സ്വഭാവമുണ്ടായിരുന്നില്ല. അത് അദ്ദേഹത്തിന്റെ കുറ്റമൊന്നുമല്ല. അന്ന് അത് അങ്ങനെയായിരുന്നു. പിന്നെ ബംഗാളിലൊക്കെയാണ് ഇന്ത്യൻ ചിത്രകല തിരിച്ചുവരാൻ തുടങ്ങുന്നത്. പുതിയ ചിത്രകാരന്മാർവന്നു. ലോകനിലവാരത്തിലേക്കു ചേർന്നുനിൽക്കുന്ന തരത്തിൽ നമ്മുടെ ചിത്രകല മാറി.

ചിത്രങ്ങളിലെ ദീർഘകായരും സുന്ദരികളും
എന്റെ ചിത്രങ്ങളെക്കുറിച്ച് അങ്ങനെ പലരും പറയാറുണ്ട്. പക്ഷെ ആനുപാതികമായി അതത്ര നീണ്ട വരകളല്ല. ഒത്ത ഒരാളിന്റെ വലുപ്പമെന്നു പറയുന്ന കണക്കിൽ അതത്ര വലുതല്ല. വളരെ കുറിയ ആളുകളെയല്ല ഞാൻ വരയ്ക്കുന്നത് എന്നതു ശരിയാണ്. അത്തരം കഥാപാത്രങ്ങൾ വന്നാൽ വരയ്ക്കും എന്നുമാത്രം.
പിന്നെ, ഞാൻ വരയ്ക്കുന്ന സ്ത്രീകൾ സുന്ദരികളാണോ എന്നുചോദിച്ചാൽ എനിക്കറിയില്ല. നമ്മുടെ സങ്കൽപ്പത്തിനനുസരിച്ച് വരുന്നതാവാം. അങ്ങനെയാണല്ലോ വേണ്ടത്. സ്ത്രീകൾ സുന്ദരികളാവണമല്ലോ. വി.എം. നായർ മാതൃഭൂമിയിലുള്ള കാലത്ത് അദ്ദേഹം തമാശപോലെ പറയാറുണ്ട്: ‘നമ്പൂതിരീ, എഴുത്തുകാർ കഥാപാത്രങ്ങളെ വിരൂപരാക്കി എഴുതിവയ്ക്കും. പക്ഷെ അവരെ സുന്ദരികളായിത്തന്നെ വരച്ചോളൂ. സംഗതി വിറ്റുപോകണമല്ലോ.’
വിരൂപികളെ വരയ്ക്കാൻ എനിക്കും ഇഷ്ടമില്ല. എല്ലാവരും സുന്ദരികളായിക്കോട്ടെ.
വികെഎൻ
വികെഎന്നും ഞാനുമായി വളരെ അടുപ്പമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. എനിക്ക് പതിവായി കത്തുകളയയ്ക്കും. വിലാസമൊക്കെ വലിയ തമാശയായിരിക്കും. ഒരിക്കൽ വികെഎന്നിന്റെ ഒരു കഥയ്ക്കായി വരച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോൾ കത്തുവരുന്നു: നമ്പൂരീ, ചിന്നമ്മു അത്ര സുന്ദരിയാച്ചാൽ അവിടെ വച്ചുകൊണ്ടിരിക്കണ്ടാ, ഇങ്ങോട്ടയച്ചോളൂ എന്ന്. അത്തരം അടുപ്പമൊക്കെ അദ്ദേഹത്തിനു വേണ്ടി വരയ്ക്കുമ്പോൾ സഹായിച്ചിട്ടുണ്ടാവും.

അരവിന്ദൻ, പദ്മരാജൻ, സിനിമ
അരവിന്ദൻ വലിയ സുഹൃത്തായിരുന്നു. അദ്ദേഹം കോഴിക്കോടുള്ളപ്പോൾ അദ്ദേഹത്തിന്റെ മുറി വൈകുന്നേരങ്ങളിൽ ഒരു ഒത്തുകൂടൽകേന്ദ്രമായിരുന്നു. പട്ടത്തുവിള കരുണാകരൻ, തിക്കോടിയൻ അങ്ങനെയൊരുപാടുപേർ. അവിടെവച്ച് ഒരു വൈകുന്നേരമാണ് നമുക്കൊരു സിനിമയെടുക്കാം എന്ന ചിന്തയുണ്ടാവുന്നത്. സംവിധാനം ചെയ്യണമെന്ന ആവശ്യത്തിൽനിന്ന് ആദ്യം അരവിന്ദൻ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ആ സംഘത്തിൽ ഞാനുമുണ്ടായിരുന്നു എന്നേയുള്ളൂ. അത് ഉത്തരായനമായിരുന്നു. അതിന് എനിക്ക് ഒരവാർഡും കിട്ടി. പിന്നെ പദ്മരാജനൊപ്പം ഞാൻ ഗന്ധർവൻ. അതിൽ ഗന്ധർവന്റെ വേഷം ഡിസൈൻ ചെയ്തു എന്നേയുള്ളൂ. പിന്നെ ഷാജി എൻ. കരുണിന്റെ സിനിമകളുമായി സഹകരിച്ചിട്ടുണ്ട്.
English Summary: Artist Namboothiri Passes away