ADVERTISEMENT

ചെക്കോസ്ളോവാക്യയിൽ ജനിച്ച് ഫ്രാൻസിൽ ജീവിക്കുന്ന മിലന്‍ കുന്ദേരയുടെ പ്രസിദ്ധ നോവലുകളിലൊന്നാണ് 'സ്‌ലോവ്നെസ്'. എഴുത്തുകാരന്റെ ഭാര്യ വെറയും ഒരു കഥാപാത്രം.അവർ കുന്ദേരയോടു നോവലില്‍ പറയുന്നുണ്ട്: ഗൗരവം അർഹിക്കുന്ന ഒരു വാക്കുപോലുമില്ലാതെ ഒരു നോവൽ എഴുതുമെന്ന് പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ടല്ലോ.ഞാൻ വെല്ലുവിളിക്കുന്നു അത്തരമൊരു നോവൽ എഴുതാൻ. ഒരു മുന്നറിയിപ്പും. താങ്കളുടെ ശത്രുക്കൾ അതിനുവേണ്ടി കാത്തിരിക്കുകയാണ് കുറേനാളുകളായി. 

വെറയുടെ വെല്ലുവിളി സ്വീകരിക്കുന്നതിനെക്കുറിച്ചു കുന്ദേര  ഒന്നും പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ  അവസാനം പുറത്തിറങ്ങിയ നോവൽ 'ദ ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്‌നിഫിക്കൻസ്'. 'സ്‌ലോവ്നെസിൽ' പരാമർശിക്കുന്ന നോവൽ തന്നെയെന്ന് അനുമാനിക്കാം. കൃത്യമായ കഥയോ വ്യക്തമായ പശ്ഛാത്തലമുള്ള കഥാപാത്രങ്ങളോ ഇല്ലാതെ ജീവിതമെന്ന അസംബന്ധനാടകത്തിനു നോവൽരൂപം കൊടുത്തിരിക്കുകയാണു കുന്ദേര. അദ്ദേഹത്തിന്റെ പതിനൊന്നാമത്തെ നോവൽ. 86 –ാം വയസ്സിൽ നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം പുറത്തുവന്ന സൃഷ്ടി. 

നായകനായി പ്രത്യേകിച്ചൊരു കഥാപാത്രത്തെ ചൂണ്ടിക്കാണിക്കാനാവില്ലെങ്കിലും പ്രധാനകഥാപാത്രം ഒരു വൃദ്ധനാണ്. അയാൾ ഒരു പാർട്ടി നടത്തുന്നതാണു പ്രമേയം. പാർട്ടിയിലേക്കു നാലുപേർക്കു ക്ഷണമുണ്ട്. രണ്ടുപേർ അതിഥികളായും രണ്ടുപേർ കേറ്ററിങ് സ്ഥാപനവുമായി ബന്ധപ്പെട്ടും എത്തുന്നു. പാർട്ടിഹാളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെയും ഓർമകളിലൂടെയും എഴുത്തുകാരന്റെ നിരീക്ഷണങ്ങളിലൂടെയും നിസ്സാരതയുടെ ഉൽസവം അരങ്ങുകൊഴുപ്പിക്കുന്നു. 

കുട്ടിക്കാലത്തിനുശേഷം അമ്മയെ കണ്ടിട്ടില്ലാത്ത അലെയ്ന്‍. ജോലിയിൽനിന്നു വിരമിച്ച ബുദ്ധിജീവിയായ റമോൺ.സ്വന്തം സൗന്ദര്യത്തിൽ അഭിരമിക്കുന്ന സ്വഭാവമുള്ള ഡി ആർഡെലോ. കേറ്ററിങ് സ്ഥാപനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചാൾസ്, കാലിബൻ. സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാൻ സദാ വെമ്പൽകൊള്ളുന്ന ക്വേക്കലികോ. ഇവരാണു നിസ്സാരതയെ സജീവമാക്കുന്ന കഥാപാത്രങ്ങൾ. ആദ്യവരി മുതൽ വാനയക്കാരെ അസ്വസ്ഥരാക്കുന്നുണ്ട് നിസ്സാരത. എന്താണ് എഴുത്തുകാരൻ പറയാൻ ശ്രമിക്കുന്നതെന്നു വ്യക്തമായ സൂചനകൾ നൽകാതെ ആശങ്കപ്പെടുത്തുന്നുമുണ്ട്. പലപ്പോഴും വിചിത്രവും വികൃതവുമായ ഒരു ചിരി ജനിപ്പിക്കുന്നു കുന്ദേര. ജീവിതം അതിന്റെ പൂർണതയിൽ മനുഷ്യനിൽ സൃഷ്ടിക്കുന്ന അർത്ഥമില്ലായ്മയിൽനിന്നൂറിക്കൂടിയ ചിരി.

വ്യക്തിയുടെ ഇച്ഛാശക്തി, വ്യക്തിത്വം എന്നിങ്ങനെ ആഘോഷിക്കപ്പെട്ട ആശയങ്ങളുടെ അർത്ഥമില്ലായ്മയെ കുന്ദേര പരിഹസിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമല്ല  വ്യക്തികൾ ലോകത്തേക്കു വരുന്നത്. അലെയ്ൻ എന്ന കഥാപാത്രവും അയാളുടെ അമ്മയും തമ്മിലുള്ള ബന്ധത്തിലൂടെ ഈ ആശയം എഴുത്തുകാരൻ വിശദീകരിക്കുന്നു. അച്ഛന്റെയും അമ്മയുടെയും വെറുപ്പിൽനിന്ന് അലെയ്ൻ ജനിക്കുന്നു.അയാളെ ഗർഭം ധരിച്ചിരിക്കുമ്പോൾ അമ്മ ഒരു ദിവസം തന്റെ ഉദരത്തിലുള്ള കുട്ടിയെ കൊല്ലാൻ തീരുമാനിക്കുന്നു. കാറിൽ വിജനമായ  കടൽത്തീരത്തേക്ക്. ആരുടെയും കണ്ണിൽപ്പെടാതെ കടലിലേക്ക് എടുത്തുചാടുന്നു. പക്ഷേ ഒരു പുരുഷൻ ആതു കാണുന്നുണ്ടായിരുന്നു. ഗർഭിണിയായ സ്ത്രീയെ രക്ഷിക്കാൻ ആ അപരിചിതൻ ചാടുന്നു. മൽപ്പിടിത്തത്തിൽ സ്ത്രീ ആ പുരുഷനെ കൊന്നിട്ടു കരയ്ക്കു കയറി രക്ഷപ്പെടുന്നു. ഉദരത്തിലുള്ള കുട്ടിയെ കൊല്ലാൻ വന്ന സ്ത്രീ അപരിചിതനായ ഒരു പുരുഷനെ കൊന്ന പാപഭാരവുമായി മടങ്ങുന്നു. അങ്ങനെ അലെയ്ൻ ജനിക്കുന്നു.അച്ഛനും അമ്മയ്ക്കും വേണ്ടാതെ, കൊല്ലാൻ ശ്രമിച്ചെങ്കിലും മരണത്തിൽനിന്നു രക്ഷപ്പെട്ടും ജീവിക്കുന്നയാൾ.ആഗ്രഹിക്കാതെ ജനിക്കുന്നതുപോലെ മരിക്കാനും മനുഷ്യാവകാശങ്ങളെക്കുറിച്ചു  പ്രസംഗിക്കുന്ന സംഘടനകളൊന്നും മനുഷ്യരെ അനുവദിക്കുന്നില്ലെന്നും കുന്ദേര നിരീക്ഷിക്കുന്നു.ജീവിതത്തിന്റെ അടിസ്ഥാനം തന്നെ അർത്ഥശൂന്യത.അതു തിരിച്ചറിയണം.അറിയാൻ പഠിക്കണം.അറിഞ്ഞു സ്നേഹിക്കണം. അതോടെ ജീവിതം അതീവരസകരമായ കോമഡിയായി മാറുന്നു.

അർത്ഥമില്ലാത്ത,പ്രാധാന്യമില്ലാത്ത, അസംബന്ധം നിറഞ്ഞ നിസ്സാരതയാണ്  ജീവിതം എന്നത് കുന്ദേരയുടെ ആത്യന്തിക കാഴ്ചപ്പാടാണ് എന്ന് തീർത്തുപറയാനാവില്ല. ജീവിതകാലം മുഴുവൻ ഏകാധിപത്യത്തിനും സ്വേഛാധിപത്യത്തിനുമെതിരെ സ്വന്തം ജീവിതം കൊണ്ടു തന്നെ പോരാടിയ എഴുത്തുകാരൻ ലോകത്തിനു സമ്മാനിച്ചത് പ്രചോദനാത്മകമായ ആശയങ്ങളാണ്. എന്നാൽ അവസാന നോവലിൽ കേന്ദ്രപ്രമേയമായത് ആദിയും അന്തവുമില്ലാത്ത പ്രഹേളിക മാത്രമായ ജീവിതത്തിന്റെ ക്രൂരസത്യമാണെന്നു മാത്രം. 'ദ് ബുക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങും' 'ദ് അൺബിയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്ങും' 'ഇമ്മോർട്ടാലിറ്റിയും' പോലെ ഭാവിയിൽ പുതിയ പുസ്തകം ആഘോഷിക്കപ്പെടില്ല. പ്രമുഖ രചനകളുടെ കൂട്ടത്തിൽ‌ ഇടംപിടിക്കണം എന്നുമില്ല. എന്നാൽ മിലൻ കുന്ദേര എന്ന എഴുത്തുകാരന്റെ പൈതൃകം തേടുന്നവർ ദ് ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസിനെ ഒഴിവാക്കാനാവില്ല. 

Content Summary: Remembering Milan kundera 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com