ADVERTISEMENT

1894.

സ്വിറ്റ്സർലൻഡിലെ റെയ്ക്കൻബാക്ക് ഫോൾസിൽ ഷെർലക് ഹോംസിനെ അടക്കിയ ശേഷം ആർതർ കോനൻ ഡോയൽ കുടുംബത്തോടാപ്പം യാത്ര പോയി. ഭാര്യ ലൂയിസയ്ക്ക് അപ്പോൾ ക്ഷയരോഗത്തിന്റെ ആരംഭമാണ്. പക്ഷേ ഡോയൽ സ്വന്തം ചോദനകളെ പിന്തുടർന്നു. സ്വയം രൂപകൽപന ചെയ്ത കായികോപകരണം ഉപയോഗിച്ച് സ്വിറ്റ്സർലൻഡിലെ ദാവോയിൽ സ്കീയിങ് വിനോദം പ്രചാരത്തിലാക്കി. അൽപകാലം കഴിഞ്ഞ് ലൂയിസയുടെ ചികിത്സയ്ക്കായി കുടുംബം ഇംഗ്ലണ്ടിലേക്ക് മടങ്ങി, സറിയിൽ വലിയൊരു വീടു വാങ്ങി ഡോയൽ രചന തുടർന്നു - സ്റ്റാർക്ക് മൺറോ ലെറ്റേഴ്സ് (1895), ബ്രിഗേഡിയർ ജെറാർഡിന്റെ സാഹസങ്ങൾ 1896), റോഡ്നി സ്റ്റോൺ (1896), അങ്കിൾ ബെർനാക്ക് (1897), കൊറോസ്കോ ദുരന്തം (1898). പക്ഷേ ഷെർലക് പ്രേമികൾ ഈ നോവലുകളെ അവഗണിച്ചു. 38 വയസ്സുള്ള കഥാകാരന് ഇപ്പോൾ മറ്റൊരു യുവതിയുമായി ദിവ്യപ്രണയം. അടുത്ത വർഷം ആഫ്രിക്കയിലെ സുഡാനിൽ യുദ്ധകാര്യ ലേഖകൻ.

ഡോയലിന്റെ ചക്രവാളം വീണ്ടും വലുതായി. 1899 ൽ ദക്ഷിണാഫ്രിക്കയിലെ ബോവർ വംശജരുമായി ബ്രിട്ടൻ യുദ്ധം തുടങ്ങിയപ്പോൾ സ്വന്തം ചെലവിൽ സൈന്യത്തിൽ സർജനായി. യുദ്ധമേഖലയിലെ സാഹചര്യങ്ങളെ കുറിച്ച് നീണ്ട ലേഖനങ്ങളും പുസ്തകവുമെഴുതി - മഹത്തായ ബോവർ യുദ്ധം (1900), ആഫ്രിക്കയിലെ യുദ്ധം (1902). അവ രാജ്യാന്തര ശ്രദ്ധ നേടി. സേവനത്തെ മാനിച്ച് ബ്രിട്ടൻ നൈറ്റ്ഹുഡ് നൽകി ആദരിച്ചു (1902) - സർ ആർതർ കോനൻ ഡോയൽ.

ഷെർലക് ഹോംസ് കടന്നു പോയിട്ട് അപ്പോൾ പത്തു വർഷം കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ കാലമെല്ലാം പ്രസാധകരും വായനക്കാരും ഹോംസിനെ തിരിച്ചു കൊണ്ടു വരാൻ ചെലുത്തിയ സമ്മർദ്ദം വലുതായിരുന്നു. ഡോയൽ ശ്രദ്ധിച്ചില്ല, എന്നാൽ പണത്തിന് ആവശ്യം വന്നപ്പോൾ വഴങ്ങി. ഹോംസ് തിരിച്ചു വരികയാണ്! ഡാർട്ട്മൂറിലെ ചതുപ്പിൽ ഭീതി വിതയ്ക്കുന്ന, ഇരുട്ടിൽ തിളങ്ങുന്ന ചെകുത്താൻ - ബാസ്കർവിൽസിലെ വേട്ടനായ (1902). എന്നാൽ അതൊരു യഥാർഥ തിരിച്ചുവരവല്ല. ഹോംസ് മറയുന്നതിന് മൂന്നു വർഷം മുമ്പാണ് ഡാർട്ട്മൂറിലെ ഈ കഥ നടക്കുന്നത്. അതുവരെയുള്ള രീതിയിൽനിന്നു മാറിയാണ് ഡോയൽ നോവലിനെ സമീപിച്ചത്. ഹോംസിനോട് സ്നേഹവും വെറുപ്പും കലർന്ന ബന്ധം, അരികിൽ എന്നാൽ അകലെ. പക്ഷേ നോവൽ വൻവിജയമായി, ഏറ്റവും ജനപ്രീതി നേടിയ ഹോംസ് കഥയായി അതു മാറി. 1901 മുതൽ സ്ട്രാൻഡ് മാഗസിനിൽ വീണ്ടും തുടർക്കഥകൾ എഴുതാനുള്ള കരാറിൽ ഡോയൽ ഏർപ്പെട്ടുകഴിഞ്ഞു. ഒരു കഥയ്ക്ക് 5000 പൗണ്ട്, ആറു കഥകൾക്ക് 20000 പൗണ്ട്, 13 കഥകൾക്ക് 65000 പൗണ്ട് - അതായിരുന്നു സ്ട്രാൻഡിന്റെ ചൂണ്ടയിലെ ഇര, ഒരൊറ്റ നിബന്ധന മാത്രം; കുറ്റാന്വേഷകൻ മരണത്തെ ജയിച്ച് തിരിച്ചു വരണം. ഇതിഹാസങ്ങളെ എളുപ്പത്തിൽ കൊല്ലാനാകില്ല! സമ്മർദ്ദത്തിന് ഡോയൽ വഴങ്ങി. മടങ്ങി വന്ന ഹോംസ് തന്റെ ‘പിതാവിനെ’ ധനികനുമാക്കി. ഹാരി പോട്ടറിന്റെ രചയിതാവ് ജെ.കെ.റൗളിങ്ങിനോട് കിട പിടിക്കുന്നതായിരുന്നു അന്ന് ഡോയലിന്റെ സ്വത്ത്. 

Sherlock-Holmes
Representative image. Photo Credit: OSTILL/istockphoto.com

ഒഴിഞ്ഞ വീട് (1903) എന്ന കഥയിലാണ് ഹോസ് ലണ്ടനിൽ തിരിച്ചെത്തിയത്. വിശ്വസനീയമായ രീതിയിലുള്ള പുനരാഗമനം വെല്ലുവിളിയാണ്. ജലപാതത്തിൽനിന്നു കരകയറുക അസാധ്യം. എങ്ങനെ രക്ഷപ്പെട്ടു എന്ന വാട്സന്റെ ചോദ്യത്തിന് ഹോംസ് പറഞ്ഞ മറുപടി രസകരം: ‘‘ലളിതം, ഞാനതിൽ വീണില്ല!’’ ഹോംസും മൊറിയാർട്ടിയും അഗാധത്തിൽ പതിച്ചതു കണ്ടവരില്ല. സാഹചര്യ തെളിവിന്റെയും ഹോംസ് എഴുതി വച്ച കുറിപ്പിന്റെയും അടിസ്ഥാനത്തിലാണ് മരണം സംഭവിച്ചെന്നു വാട്സൻ ഊഹിച്ചത്.

ആയോധന കലയിൽ നിപുണനായ ഷെർലക് മൊറിയാർട്ടിയെ കുത്തൊഴുക്കിലേക്കു തള്ളി, കൂടെ താനും മൃത്യുവിനെ പുൽകിയെന്ന തെളിവ് സൃഷ്ടിക്കുകയായിരുന്നു. വഴുക്കുന്ന പാറയിൽ വലിഞ്ഞു കയറി ഹോംസ് അപ്രത്യക്ഷനായി. മരിച്ചുവെന്ന തെറ്റിദ്ധാരണയുണ്ടാക്കി. മറഞ്ഞു നിന്ന് മൊറിയാർട്ടിയുടെ അധോലോകത്തെ പൂർണമായും തകർക്കാനുള്ള ഒരു പദ്ധതി. മൂന്നു വർഷത്തെ ഇടവേളയിൽ വ്യക്തിത്വം മറച്ചുവച്ച്, വേഷപ്രച്ഛന്നനായി ഹോംസ് യാത്ര പോയി. നോർവേ, മെക്കാ, ഖാർത്തൂം, പേർഷ്യ, ടിബറ്റ്. മടങ്ങിവരവിൽ ലണ്ടനിൽ മൊറിയാർട്ടിയുടെ വലംകൈയായ ഷാർപ്പ് ഷൂട്ടർ കേണൽ സെബാസ്റ്റ്യൻ മൊറാനെ കുരുക്കി.

ഇപ്പോൾ ഹോംസിനു പ്രായം 35. വാട്സനിലൂടെ ഡോയൽ രേഖപ്പെടുത്തിയ 33 കേസുകൾ തുടർന്നു വന്നു. ഈ കാലയളവിൽ ഡോയൽ തന്റെ മാനസപുത്രന് ഒരു ചരിത്രമുണ്ടാക്കി. ജനിതകങ്ങളിൽ രാജപാരമ്പര്യം. നിരീക്ഷണ-സംശ്ലേഷണ പാടവത്തിൽ ഷെർലക്കിനേക്കാൾ കേമനായ ചേട്ടൻ മൈക്രോഫ്റ്റിന്റെ സാന്നിധ്യം.

sherlock-book

വാട്സൻ വിവാഹിതനായി. ഹോംസ് പക്ഷേ അവിവാഹിതൻ. ഓർമകളിൽ ഐറിൻ ആഡ്‌ലർ, ‘ആ സ്ത്രീ’ എന്ന് ഷെർലക് ഹോംസ് ബഹുമാനത്തോടെ പരാമർശിച്ച ഒത്ത എതിരാളി. വികാരരഹിതനായ അപസർപ്പകൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടെങ്കിൽ അതിവളെയാണ്. പക്ഷേ ആരാധന സൗന്ദര്യത്തോടോ ബുദ്ധിയോടോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. തൊഴിലാണ് അയാളുടെ പ്രാണപ്രേയസി. വാട്സൻ കേസുകൾ വിവരിക്കുമ്പോൾ ആകാംക്ഷയും സ്തോഭവും കലർത്തുന്നതിൽ ഹോംസ് അസ്വസ്ഥനാകുന്നു- “നിങ്ങൾ എന്റെ ജോലി രേഖപ്പെടുത്തുമ്പോൾ, നാടകീയത കുറച്ച് ധിഷണയെപ്പറ്റി സംസാരിക്കുക.”

അതേസമയം ഡോയലിന്റെ ജീവിതം വീണ്ടും ഒരു വഴിത്തിരിവിൽ. 1906-ൽ ഭാര്യ ലൂയിസ മരിച്ചു. അടുത്ത വർഷം കാമുകി ജീൻ ലക്കിയെ വിവാഹം ചെയ്തു. രണ്ടു വിവാഹങ്ങളിലെ കുട്ടികളോടൊപ്പം അവർ പുതിയ ജീവിതം തുടങ്ങി. അങ്ങനെയിരിക്കെ ഡോയൽ ഹോംസിൽ പരകായ പ്രവേശം നടത്തി.

കുറ്റാന്വേഷകനെ തേടിയുള്ള ധാരാളം കത്തുകൾ ഡോയലിന്റെ വിലാസത്തിൽ വന്നിരുന്നു. നീതിയുടെ മാലാഖയായ ഹോംസ് യഥാർഥ വ്യക്തിയെന്ന് പലരും ധരിച്ചിരുന്നല്ലോ. 1906 ൽ, ഏഴു വർഷമായി ജയിലിൽ കഴിയുന്ന ജോർജ് എഡൽജിയുടെ കേസ് ഡോയൽ വീണ്ടും അന്വേഷിച്ചു. വേണ്ടത്ര തെളിവില്ലാതെയാണ് വിചാരണ നടന്നത്. ഇന്ത്യൻ വംശജനായതിനാൽ വർണ വിവേചനവും നേരിട്ടു. പുനർ വിചാരണയ്ക്ക് അനുമതി നേടിയ ഡോയൽ എഡൽജിക്ക് എതിരായ തെളിവുകൾ നിർവീര്യമാക്കി, പൊതുമാപ്പ് നേടിക്കൊടുത്തു. അഭിഭാഷക ജോലിയിൽ വീണ്ടും പ്രവേശിച്ച എഡൽജി ജീവൻ രക്ഷിച്ചതിന് ഡോയലിനു നന്ദി പറഞ്ഞു.

ആർതർ കോനൻ ഡോയൽ തുടർന്നുള്ള വർഷങ്ങളിൽ വീരകഥകളിൽ അന്നേവരെ അവതരിപ്പിക്കാത്ത ഒരു ലോകം സൃഷ്ടിച്ചു. കൂറ്റൻ ജീവികൾ മേയുന്ന, പര്യവേക്ഷകരുടെ ‘ലോസ്റ്റ് വേൾഡ്’. പുതിയ നായകൻ പ്രഫസർ ചലഞ്ചർ, പ്രവൃത്തിയിൽ വീരസാഹസം. ഹോംസിന്റെ നിഴൽ പതിഞ്ഞ കഥാപാത്രം. തൊണ്ണൂറു വർഷത്തിനു ശേഷമിറങ്ങിയ സ്പീൽബർഗ് സിനിമ (ജുറാസിക് പാർക്ക് രണ്ടാം ഭാഗം) ഡോയലിൽനിന്നു പ്രചോദനം നേടി.

arthur-conan-books

1912. സ്ട്രാൻഡിൽ ഡോയൽ ഇപ്പോഴും എഴുതുന്നു. ഹോംസ് വിരമിക്കാറായി. ലണ്ടനിൽ ഇപ്പോൾ സജീവ സാന്നിധ്യമല്ല. എസക്സിലെ ഒരു ഗ്രാമത്തിൽ തേനീച്ചവളർത്തലുമായി കഴിയുന്ന ഹോംസ് അപൂർവമായേ ദൗത്യം ഏറ്റെടുക്കൂ (The Lion's Mane, 1926). അമ്പതു കഴിഞ്ഞ ഹോംസിന് 1914 ൽ ഒന്നാം ലോക മഹായുദ്ധത്തിൽ സൈനിക സേവനം ചെയ്യാൻ കഴിയില്ല, അതിനാൽ ജർമനിയുടെ ഗൂഢ പദ്ധതി തകർക്കാൻ ബ്രിട്ടന്റെ ചാരനായി (His Last Bow, 1917). വിഖ്യാതമായ അന്വേഷണങ്ങൾക്ക് ഉചിതമായ പര്യവസാനം. യുദ്ധത്തിൽ ഡോയൽ സജീവമാണ്. ദേശസ്നേഹിക്ക് രാജ്യത്തിന്റെ വിളി കേൾക്കാതിരിക്കാനാവില്ല. വിമാനങ്ങളും ആർട്ടിലറിയും കൂടുതലായി ഉപയോഗിക്കണമെന്ന് ഡോയൽ സർക്കാരിനെ ഉപദേശിച്ചു, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഗ്യാസ് മാസ്ക്കും ഡിസൈൻ ചെയ്തു; ഫോറിൻ ഓഫിസിനു വേണ്ടി എഴുതി. ഇംഗ്ലിഷ്-ഫ്രഞ്ച് യുദ്ധമുഖത്ത് നേരിട്ടു പോയി. നിണമൊഴുകുന്ന, മരണം പതിയിരിക്കുന്ന നിഷ്ഠൂര ഭൂമി. ആ യുദ്ധം ഡോയലിനെ ഉലച്ചു, സർവനാശം നേരിട്ടു കണ്ടു. യുദ്ധം മൂത്ത മകനെ വിഴുങ്ങി. എഴുത്തുകാരന്റെ ഒരംശം അവിടെ മരിച്ചു. ഉറച്ച നിരീശ്വരവാദിയായ ഡോയലിന്റെ മറ്റൊരു മുഖമാണ് പിന്നീടു കണ്ടത്.

യുക്തിവാദം ഉപേക്ഷിച്ച് ആത്മീയത സ്വീകരിച്ച ആർതർ കോനൻ ഡോയൽ എഴുതി:

‘‘അതിരില്ലാത്ത ആനന്ദത്തിന്റെ പടിവാതിലാണ് മരണമെന്നിരിക്കെ ഭയമെന്തിന്? വേർപിരിഞ്ഞ പ്രിയമുള്ളവരോട് മരണത്തോടെ നാം ചേരുമെന്നിരിക്കെ പതറുന്നതെന്തിന്?’’ 1922-ൽ ഇംഗ്ലണ്ടിലെ കോട്ടിംഗ്ലിയിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ പ്രകൃതി ദേവതകളുമായി ആശയവിനിമയം നടത്തിയെന്ന് അവകാശപ്പെട്ട് വാർത്ത സൃഷ്ടിച്ചു (Cottingly fairies). അവർ ഫെയറികളോടൊപ്പം കളിക്കുന്ന ചിത്രങ്ങൾ വൻ പ്രചാരം നേടി. സംഭവത്തിൽ ഡോയൽ അനുകൂലമായി പ്രതികരിച്ചു: ‘‘ഈ 'സൈക്കോ ഗ്രാഫ്' ആത്മാവിന്റെ തെളിവാണ്!’’ ലോക്കൽ ഫൊട്ടോഗ്രഫറുടെ സഹായത്തോടെ, കാർഡ് ബോർഡ് കട്ടൗട്ട് ഉപയോഗിച്ച് ഒരാൾ ഉണ്ടാക്കിയതാണ് ആ ചിത്രങ്ങളെന്നു പിന്നീടു തെളിഞ്ഞു. ഡോയലിന്റെ നിഗമനം അമ്പേ പാളി, ശാസ്ത്രവാദികൾ അസ്വസ്ഥരായി. ചില കോണുകളിൽനിന്നു പരിഹാസവുമുണ്ടായി. ഷെർലക് ഹോംസ് എന്ന യുക്തിഭദ്രമായ അടിത്തറയിൽ നിന്ന ഒരാളാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഒരു ഹോംസ് പണ്ഡിതൻ സാഹിത്യകാരനെ ന്യായീകരിച്ചു: ‘‘കോനൻ ഡോയൽ ഒരു കാൽപനികനാണ് (Romantic).’’ 

ശാസ്ത്രത്തിന് എന്തും സാധ്യമാണെന്നാണ് ഡോയലിന്റെ നിലപാട്. ക്വാണ്ടം ഫിസിക്സിലെ എന്റാംഗിൾമെന്റ് (Entanglement), സ്പൂക്കി ആക്‌ഷൻ അറ്റ് എ ഡിസ്റ്റൻസ്, ഒബ്സർവർ ഇഫക്ട്, റേഡിയേഷൻ പ്രഭാവം, വയർലെസ് ടെലിഗ്രാഫി എന്നിങ്ങനെ പുതിയ ആശയങ്ങളും സാങ്കേതിക വിദ്യയും പ്രചാരത്തിലാവുന്ന കാലമാണ്. മനുഷ്യരാശി ഒരു നൂതന ധീരലോകത്തിന്റെ പടിവാതിൽക്കൽ. പുതിയ ബലങ്ങളും ഊർജ മണ്ഡലങ്ങളും കണ്ടെത്തുന്നു. അദൃശ്യമായ, പ്രത്യക്ഷത്തിൽ അസാധ്യമെന്നും യുക്തിരഹിതമെന്നും തോന്നുന്ന പ്രതിഭാസങ്ങൾക്ക് ശാസ്ത്രം ഭാവിയിൽ ഉത്തരം കണ്ടെത്തുമെന്ന് ഡോയൽ കരുതി. ശാസ്ത്ര മുന്നേറ്റത്തിനു വഴി പാകിയ ഡോയലിന്റെ ധിഷണയെയും തീർപ്പിനെയും അവിശ്വസിക്കാൻ തരമില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

അക്കാലത്ത് ആത്മീയവാദികൾ സ്പിരിറ്റുമായി സംവദിക്കുന്ന സംഗമങ്ങളിൽ (Séances) ശാസ്ത്രജ്ഞയായ മേരി ക്യൂറി പങ്കെടുത്തിരുന്നു. മേശകൾ വായുവിൽ ഉയരുന്നതിനു പിന്നിലെ ഊർജം എന്തെന്ന് പഠിക്കുകയിരുന്നു മേരിയുടെ ഉദ്ദേശ്യം. പിന്നീട് മേരി പറഞ്ഞു: ‘‘ഈ ലോകത്ത് ഒന്നും ഭയക്കേണ്ടതില്ല, മനസ്സിലാക്കിയാൽ മതി. അന്വേഷണം അജ്ഞതയകറ്റും, ഭയം ഇല്ലാതാകും.’’ ആർതർ കോനൻ ഡോയൽ പിന്നീടുള്ള കാലം മുഴുവൻ പുതിയ ബോധ്യങ്ങളെ പിന്തുണച്ച്, പ്രഭാഷകനായി യൂറോപ്പിലും അമേരിക്കയിലും സഞ്ചരിച്ചു: “ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ, ഞാൻ ചിന്തിക്കുന്നതോ വിശ്വസിക്കുന്നതോ അല്ല ഉറപ്പിച്ചു പറയുന്നത്. ഞാൻ അറിഞ്ഞതെന്തോ അതാണ്. ഒരു കാര്യം വിശ്വസിക്കുന്നതും അറിയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.” ഡോയലിന്റെ അവസാന ഹോംസ് കഥകളിലൊന്നിൽ പുതിയ പാതയുടെ സൂചനകൾ കണ്ടു: ഹോംസ് പറയുന്നു: “വിധിയുടെ വഴികൾ ഉൾക്കൊള്ളുക കഠിനം. ജീവിതത്തിനപ്പുറം ചില പ്രതിഫലം ഉണ്ടാകണം, അല്ലെങ്കിൽ ഇഹലോകം ക്രൂരമായ ഒരു തമാശ മാത്രമാകും.” (The Veiled Lodger)

വർഷം 1927. നവലോകത്ത് അപസർപ്പകൻ അപ്രസക്തനായെന്ന് പിതാവ് കരുതി. സ്ട്രാൻഡ് മാസികയിൽ അവസാന ഹോംസ് കഥ പുറത്തു വന്നു- ഷോസ്കോംബ് ഓൾഡ് പ്ലേയ്സ്. വിശ്രുത കഥാപാത്രവുമായി എഴുത്തുകാരനുള്ള നാൽപത് വർഷത്തെ സമ്മിശ്ര ബന്ധം അവസാനിച്ചു. ഡോയലിന് അപ്പോൾ 68 വയസ്സ്, ഹോംസിന് 67.

മൂന്നു വർഷം കഴിഞ്ഞ് ഡോയൽ കടന്നു പോയി. ഷെർലക് ഹോസ് ഏതാനും വർഷങ്ങൾക്കിടയിൽ വിസ്മൃതനാകുമെന്നും ബഹുമുഖ പ്രതിഭയായ താൻ ശാസ്ത്രത്തിനും രാജ്യത്തിനും നൽകിയ സേവനങ്ങളുടെ പേരിൽ ഓർമിക്കപ്പെടുമെന്നും കരുതിയിരിക്കാം. ഇതൊന്നും പ്രസക്തമല്ലാത്ത വിശ്രാന്തിയിൽ പ്രവേശിച്ചിരിക്കാം. എന്നാൽ ആർതർ കോനൻ ഡോയൽ അഴിച്ചുവിട്ട യാഗാശ്വമായ ഷെർലക് ഹോംസ് ഒരു നൂറ്റാണ്ടും കടന്ന് ലോകത്തിന്റെ നാനാഭാഗത്തും കീർത്തി വ്യാപിപ്പിക്കുമെന്നും ശാസ്ത്രം, ഗവേഷണം, പര്യവേക്ഷണം, കുറ്റാന്വേഷണം, കല, സാഹിത്യം, നാടകം, സിനിമ, ടെലിവിഷൻ, ഗെയിമിങ് എന്നിങ്ങനെ മനുഷ്യ വ്യവഹാരങ്ങളിൽ തന്റെ മായാമുദ്ര പതിപ്പിച്ച്, നടപ്പുശീലങ്ങൾ മാറ്റിയെഴുതുമെന്നും ആരു കണ്ടു? പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടൻ നിവാസികൾ അപ്രവചനീയമാം വിധം മാറാൻ തുടങ്ങുന്ന ലോകത്തിൽ ഉറപ്പു നൽകുന്ന ഒരു നങ്കൂരമായി ഹോംസിനെ കണ്ടെങ്കിൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിന് അയാൾ എങ്ങോ മറഞ്ഞു പോയ ഒരു കാൽപനിക കാലത്തിന്റെ പ്രതിനിധിയാണ്. വിക്ടോറിയൻ കുറ്റാന്വേഷകൻ എന്ന വ്യക്തിത്വം നിലനിർത്തിത്തന്നെ അയാൾ കാലത്തിനു ചേർന്ന വിധം സ്വയം പരിഷ്ക്കരിക്കുന്നു. ഷെർലക് ഹോംസിന്റെ രീതികൾ ഇന്നും നിലനിൽക്കുന്നു. അയാൾ വീണ്ടും വീണ്ടും ജനിച്ചു കൊണ്ടേയിരിക്കുന്നു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com