ADVERTISEMENT

വെളിച്ചത്തിന്റെ വെളിച്ചത്തെക്കുറിച്ചും ഇരുട്ടിന്റെ ഇരുട്ടിനെക്കുറിച്ചും രചനകളുണ്ടായിട്ടുണ്ടെങ്കിലും ഇരുട്ടിന്റെ ആത്മാവിനെക്കുറിച്ച് മലയാളിയെ ആദ്യമായി ഓർമിപ്പിച്ച എഴുത്തുകാരനാണ് എംടി. തിൻമയുടെ പ്രതിരൂപങ്ങൾ എന്നാക്ഷേപിച്ച് മുൻവിധികളുമായി മാറ്റിനിർത്തിയവരുടെ ഹൃദയങ്ങളിലെ നൻമയുടെ കാണാക്കയങ്ങൾ കണ്ടെത്തിയ എഴുത്തുകാരൻ. പൂർണമായും നൻമയുടെ പക്ഷത്തുനിൽക്കുന്നവർ എന്നവകാശപ്പെട്ടവരുടെ ഇടർച്ചകളും പതനങ്ങളും ആരെയും ഒറ്റപ്പെടുത്താതെ അടുത്തുനിർത്തി രേഖപ്പെടുത്തിയ ചരിത്രകാരൻ. നൻമ–തിൻമകളെക്കുറിച്ചും സ്നേഹ–ദേഷ്യങ്ങളെക്കുറിച്ചുമുള്ള പരമ്പരാഗത ധാരണകളെ തിരുത്തി മനുഷ്യപക്ഷത്തുനിന്ന് ജീവിതത്തിനു പുതിയ വ്യാഖാനം ചമച്ച കഥാകാരൻ.

അവൾ യാത്രയ്ക്കൊരുങ്ങിയ നിലയിൽ പുറത്തുവന്നു. വലിയ സൂര്യകാന്തിപ്പൂക്കൾ വരഞ്ഞ ഗൗണാണിട്ടിട്ടുള്ളത്. അരയിൽ നീലപ്പട്ടുനാടകൊണ്ട് ഒരു കെട്ടും. കൈയിൽ റബർ മൂങ്ങയുമുണ്ട്. കോലായിൽ തൂണുംചാരിനിൽക്കുന്ന എന്നെ നോക്കി അവൾ മന്ദഹസിച്ചു. ഞാൻ ചിരിച്ചില്ല. എന്റെ അടുത്തുവന്ന് കൈകളിൽ ആ റബർ മൂങ്ങ വച്ചുതന്നപ്പോൾ ഞാൻ അത്ഭുതംകൊണ്ടു സ്തബ്ധനായി. ഒരിക്കൽക്കൂടി മന്ദഹസിച്ചുകൊണ്ട്, എന്തോ പതുക്കെ പിറുപിറുത്ത് അവൾ കൊച്ചുകുടയും കുലുക്കി മുറ്റത്തിറങ്ങി. അച്ഛൻ മുന്നിലും ലീല പിന്നിലുമായി പടിയിറങ്ങി. നീണ്ടുപോകുന്ന ഇടവഴിയിലൂടെ അവർ നടന്നകലുകയാണ്. അവർ പോകുകയാണോ? ദൂരെ ആ സൂര്യകാന്തിപ്പൂക്കളും നീലപ്പട്ടുനാടയും കാഴ്ചപ്പാടിൽനിന്നു മറഞ്ഞു. പന്തീരാണ്ടിനുശേഷം ഞാനിന്ന് ലീലയെ ഓർത്തുപോയി. പ്രിയപ്പെട്ട സഹോദരീ, നാഴികകൾക്കപ്പുറത്തുനിന്ന് ഞാൻ മംഗളം നേരുന്നു. (നിന്റെ ഓർമയ്ക്ക്) 

ഹിമാലയത്തിന്റെ ചെരുവിൽ ഒരു മലയോരത്തിൽ പ്രേമത്തിന്റെ പാറക്കെട്ട് കണ്ടിട്ടുണ്ട്. ആ കല്ലിൽ സ്‌ത്രീപുരുഷൻമാരുടെ അസഖ്യം പേരുകൾ കൊത്തിവച്ചതുകണ്ടിട്ടുണ്ട്. ഒറ്റയടിപ്പാത കയറി കുന്നിൻമുകളിലേക്കെത്തുന്ന ഇണകൾക്ക് ഇരുമ്പുചുറ്റിക കൊടുത്തു ചില്ലറനാണയങ്ങൾ നേടാൻ തയാറായി രണ്ടു പഹാഡിക്കുട്ടികളുണ്ട്. അന്നുവായിച്ച പേരുകൾ പടർന്നുപന്തലിച്ച കുടുംബവൃക്ഷങ്ങളായി തഴച്ചുവളർന്നുനിൽക്കുകയാവുമിപ്പോൾ. 

അയാൾ തനിച്ചാണ് കുന്നിൻനെറുകയിലെത്തിയത്. കാരണം, പ്രേമത്തിന്റെ പാറക്കെട്ട് കാണാനായിരുന്നില്ല, അവിടടെയെത്തിയത്. കാലം മായ്‌ക്കാത്ത അക്ഷരങ്ങളിൽ ഒരു പാറക്കെട്ടിൽ കൊത്തിവെക്കാനാഗ്രഹിച്ച ഒരു പേരുണ്ടായിരുന്നു. ആയിരം രാത്രികളിൽ അത് സ്വപ്‌നമായി മാറിയിരുന്നു. ആ സ്വപ്‌നം ഒരു പുഷ്‌പം പോലെ മടിത്തട്ടിലേക്ക് അടർന്നുവീഴാറായപ്പോൾ ഓടിയൊളിച്ചത് താനായിരുന്നു. (ശാന്തിപർവം) 

ഈ വരികളിലെ ഭാവപ്രചഞ്ചം മലയാളിക്കു സുപരിചിതമാണ്; അയാൾ എന്ന വാക്കിൽ ഒളിച്ചിരിക്കുന്ന നായകനെയും. കഥ പൂർണമായി ഓർമവരണമെന്നില്ല; കഥയുടെ പേരു പോലും ഓർക്കുന്നുണ്ടാവില്ല. പക്ഷേ, മനസ്സിനെയും വികാരവിചാരങ്ങളെയും തെളിഞ്ഞ നിളാനദിയിലെ വെള്ളാരങ്കല്ലുകൾപോലെ പ്രതിഫലിപ്പിക്കുന്ന രചനാസൗന്ദര്യം ലോകമെങ്ങുമുള്ള മലയാളികളുടെ അഭിമാനമാണ്, സുകൃതമാണ് – എം.ടി.വാസുദേവൻനായർ. ഒരു എഴുത്തുകാരനിലൂടെ ഒരു ദേശം ജീവിതത്തിന്റെ നിഴലും നിലാവും തിരിച്ചറിയുന്ന അത്ഭുതം. കവിത പോലെതന്നെ പൂർണതയിലേക്കെത്തിക്കാവുന്ന സാഹിത്യരൂപമായ കഥാലോകത്ത് എംടി സൃഷ്‌ടിച്ചത് അനന്യമായ കഥകൾ. 

മലയാളത്തിലെ ഏറ്റവും മികച്ച 10 കഥകൾ എന്നു തിരഞ്ഞെടുത്താലും അവയിലൊന്ന് എംടിയുടേതായിരിക്കും. എം. കൃഷ്ണൻനായരും മറ്റും തിരഞ്ഞെടുത്തത് ഇരുട്ടിന്റെ ആത്മാവ്. ഓപ്പോൾ. വാരിക്കുഴി. വിത്തുകൾ. സ്നേഹത്തിന്റെ മുഖങ്ങൾ. ഷെർലക്. ലോക കഥാമൽസരത്തിൽ പുരസ്കാരം നേടിയ വളർത്തുമൃഗങ്ങൾ. എഴുത്തുകാരനെത്തന്നെ കരയിപ്പിച്ച നിന്റെ ഓർമയ്ക്ക്. ഡാർ എസ് സലാം. കർക്കടകം... ഓർമയിൽനിന്നു പെട്ടെന്നു പറയാവുന്ന അവിസ്മരണീയ കഥകളുടെ എണ്ണം തന്നെ ഏറെവരും. ഓരോ മലയാളിക്കും ഇഷ്ടപ്പെട്ടതു വ്യത്യസ്ത കഥകളെങ്കിലും അവയിലെല്ലാമുണ്ട് സർഗപ്രതിഭയുടെ കയ്യൊപ്പ്. 

ഭാഷയുടെ സൗന്ദര്യം മലയാളിയെ ബോധ്യപ്പെടുത്തിയ എഴുത്തുകാരനാണ് എംടി. വാക്കുകളുടെ ക്രമീകരണത്തിൽ, വാചകങ്ങളുടെ ഘടനയിൽ ഒരു വിപ്ലവത്തിനു മലയാളം സാക്ഷ്യം വഹിച്ചു. വാക്കുകൾക്കൊപ്പം മൗനത്തെയും മനസ്സിലൊതുക്കിയ വികാരപ്രപഞ്ചത്തെയും അദ്ദേഹത്തിന്റെ കഥകളും നോവലുകളും പുറത്തുകൊണ്ടുവന്നു. നൻമയും തിൻമയും എന്ന ദ്വന്ദത്തെ പുതുക്കിപ്പണിതു. വെറുക്കപ്പെട്ട വ്യക്തിയിലെ നൻമയും ആദരിക്കപ്പെടുന്ന വ്യക്തിത്വത്തിലെ പൊരുത്തക്കേടുകളും സമ്മാനിച്ചതു പുതിയ വായന അനുഭവം. എംടിയെ അംഗീകരിക്കുന്നവരും വിയോജിക്കുന്നവരാരെങ്കിലുമുണ്ടെങ്കിൽ അവരും സമ്മതിച്ചു – മലയാളസാഹിത്യത്തിനു രണ്ടു കാലഘട്ടമുണ്ടെന്ന്; എംടിക്കു മുമ്പും ശേഷവും. 

ലീലയുടെ ഓർമ സമ്മാനിക്കുന്ന സ്നേഹാർദ്രത തന്നെയാണ് എംടിയുടെ കയ്യൊപ്പ്. ചുരുങ്ങിയ, തിരഞ്ഞെടുത്ത വാക്കുകളിൽ ഒരു കുടുംബത്തിൽ നടന്ന അന്തഛിദ്രവും അതിന് മറികടന്ന് വീട്ടിലെ ഇളയകുട്ടിക്ക് വില്ലൻവേഷത്തിലെത്തിയ പെൺകുട്ടിയോട് ആദ്യം തോന്നിയ വെറുപ്പും പിന്നീടുണ്ടായ സ്നേഹബന്ധവുമെല്ലാം മലയാളി വായനയിൽ നിറച്ചത് ഉൽസവാന്തരീക്ഷം. ഒരിക്കൽ വായിച്ചാൽ നിന്റെ ഓർമയ്ക്ക് ഒരിക്കൽക്കൂടി വായിക്കാൻ മോഹിക്കാത്തവരുണ്ടോ? 

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്തരീതിയിൽ കഥകളിലൂടെ, നോവലുകളിലൂടെ, തിരക്കഥകളിലൂടെ മലയാളിയുടെ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന എഴുത്തുകാരനാണ് എംടി. 1952– ൽ എഴുതിയ മന്ത്രവാദി എന്ന കഥ മുതൽ 1998 – ൽ എഴുതിയ കാഴ്‌ച വരെയുള്ള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളും വഴിവിളക്കുകളുമായ കഥകൾ. തലമുറകൾ സ്‌നേഹത്തോടെ കൈമാറിയ, ഓരോ മലയാളിയും മനസ്സിൽ കാത്തുസൂക്ഷിക്കുന്ന കഥകൾ.

Content Summary: Best works of M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com