ADVERTISEMENT

വർഷങ്ങൾക്കു മുമ്പ് ഒരു വായനാ ദിനത്തിൽ വിക്ടോറിയൻ പ്രധാനമന്ത്രി ആയിരുന്ന സ്റ്റീവ് ബ്രാക്ക്സ് ആസ്ട്രേലിയായിലെ ഏറ്റവും പ്രചാരമേറിയ 'ദി ഏജ്' എന്ന ദിന പത്രത്തിൽ ഒരു ലേഖനം എഴുതി. ആ വർഷം അദ്ദേഹം വായിച്ച ഏറ്റവും മികച്ച പത്തു പുസ്തകങ്ങളെപ്പറ്റിയായിരുന്നു ലേഖനം. ആ പുസ്തകങ്ങളുടെ മുഖചിത്രങ്ങളും ലേഖനത്തോടൊപ്പം ചേർത്തിരുന്നു. എന്നെ ഏറെ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത ഒരു ലേഖനമായിരുന്നുവത്. വളരെയധികം തിരക്കേറിയ ഒരു ഭരണാധികാരിപോലും തന്റെ വിപുലമായ വായനാരീതികളും പദ്ധതികളും വിശദീകരിച്ചിരിക്കുന്നതു കണ്ട്, വായനയ്ക്കു നൽകുന്ന പ്രാധാന്യമോർത്ത് അമ്പരന്നുപോയി.

ഇതു വെച്ചു നോക്കിയാൽ സാക്ഷരതയിൽ മാത്രമല്ല, ഗ്രന്ഥശാലാ സംഘങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും മറ്റും വായനയുടെ കാര്യത്തിൽ ഏറെ മുന്നിലെത്തിയെന്ന മിഥ്യാധാരണയിൽ കഴിയുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ അവസ്ഥ ഏറെ ദയനീയമാണെന്ന് ഒരിക്കൽ കൂടി ബോധ്യമായി.. വായനയുടെ പ്രാധാന്യമറിയുന്ന, നഷ്ടമായിക്കൊണ്ടിരിക്കുന്ന വായനയെക്കുറിച്ച് സദാ വേവലാതിപ്പെടുന്ന നല്ലൊരു വായനക്കാരൻ കൂടിയായ പ്രിയ എഴുത്തുകാരന്റെ മുഖം അന്നേരം മനസ്സിൽ തെളിഞ്ഞു. പത്രത്തിൽനിന്നും പ്രധാനമന്ത്രി എഴുതിയ പേജ് വെട്ടിയെടുത്ത് കവറിലാക്കി ഒരു ചെറുകുറിപ്പുകൂടി ഉൾക്കൊള്ളിച്ച്, അടുത്തുള്ള പോസ്റ്റ് ഓഫിസിലേക്കു നടന്നു. വിദൂരമായ ഈ വൻകരയിലേക്ക് മറുപടി ഒരിക്കലും വരില്ലെന്നറിയാമായിരുന്നിട്ടും ഒരു ഭാഗ്യപരീക്ഷണമെന്നോണം അയയ്ക്കുന്ന ആളിന്റെ പേരും വിലാസവും കൂടി ചേർത്തു. അതിശയങ്ങൾ സംഭവിച്ചാലോ?

എന്നാൽ എം.ടിയെന്ന ഇഷ്ട സാഹിത്യകാരന് ഞാനയയ്ക്കുന്ന രണ്ടാമത്തെ കത്തായിരുന്നു അതെന്നു കൂടി പറഞ്ഞു കൊള്ളട്ടെ! സ്വന്തം പത്രാധിപത്യത്തിലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആമുഖം എന്ന പേരിൽ അദ്ദേഹം പംക്തി എഴുതിയിരുന്ന കാലം.. ആസ്ട്രേലിയയിൽ മാത്രമല്ല, ലോകം മുഴുവനും ശ്രദ്ധ നേടിയ പ്രമാദമായ 'ഡിങ്കോ ബേബി കേസി'നെ പറ്റിയാണ് എം.ടി. തന്റെ പംക്തിയിൽ അക്കുറി എഴുതിയത്. ഒരു വൈദീകനും കുടുംബവും അവധിക്കാലം ചിലവഴിക്കാൻ വേണ്ടി ഡാർവിനിലെ (ആസ്ട്രേലിയ) കാട്ടിൽ കഴിയവെ കൈക്കുഞ്ഞായിരുന്ന അസറിയ ചേംബർലെയ്നെ കാണാതാകുന്നു. നായയോടു രൂപ സാദൃശ്യമുള്ള ഡിങ്കോ കുട്ടിയെ എടുത്തു കൊണ്ടു ഇരുളിൽ മറയുന്നതു താൻ കണ്ടുവെന്ന മാതാവ് ലിൻഡി ചേബർ ലെയ്ന്റെ മൊഴി ആരും മുഖവിലയ്ക്കെടുത്തില്ല. കേസും വക്കാണവും ചർച്ചയുമൊക്കെയായി ലോകജനത ആ വിഷയം ഏറ്റെടുത്തു. ലിൻഡി ജയിലിലുമായി. ലിൻഡിയെന്ന മാതാവിനെ ശിക്ഷയിലേക്കു തള്ളിവിട്ട മാധ്യമ സമ്മർദ്ദത്തെ വിമർശിച്ച എം.ടി യുടെ നിലപാടിനെതിരെ കാര്യ കാരണങ്ങൾ നിരത്തിയാണ് ഞാൻ അന്നാ കത്തെഴുതിയത്. തനിക്കു വരുന്ന എല്ലാ കത്തുകളും വായിക്കാൻ അദ്ദേഹം മിനക്കെട്ടിരുന്നെങ്കിൽ ജീവിതത്തിൽ അതിനു മാത്രമേ സമയം തികയുമായിരുന്നുള്ളുവെന്നത് ആർക്കാണറിയാത്തത്?

ഇടയ്ക്കു സിങ്കപ്പൂരിൽനിന്നും അവധിക്കു വരാറുണ്ടായിരുന്ന പേരപ്പൻ ജോർജ്ജ് നെറ്റോയുമായി തിരുവനന്തപുരം നഗരത്തിൽ പോയി എം.ടിയെ കണ്ടതോർക്കുന്നു. സംഗീത സംവിധായകൻ എം.ബി ശ്രീനിവാസൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ സെനറ്റ് ഹാളിൽ വന്നപ്പോഴാണത്. ഒരുപാട് കാലത്തിന് ശേഷമാണ് അന്നവർ അവിടെ കൂടിക്കണ്ടത്. ആളറിയാതെ ഒരു നിമിഷം പകച്ചു നിന്ന അദ്ദേഹം, പേരു പറഞ്ഞ് പരിചയപ്പെടുത്തിയ പേരപ്പനെ പെട്ടെന്ന് കെട്ടിപ്പുണർന്നു. ബീഡി പുകമറയിലൂടെ ആ കണ്ണുകളിൽ തെളിഞ്ഞ സ്നേഹം ഞാൻ കണ്ടു. എം.ടി യുടെ ബഡാ ദോസ്താണെന്നു പേരപ്പൻ പലപ്പോഴും പറയാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഉള്ളിൽ ചെറിയൊരു അവിശ്വാസമുണ്ടായിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അനുജന്റെ മകനാണെന്നു പരിചയപ്പെടുത്തിയപ്പോൾ ആ ജീവനുള്ള സ്കാനിങ് മെഷീൻ എന്നെയും ആകെയൊന്നുഴിഞ്ഞു. എന്നാൽ ഇന്നുവരെ സ്കാനിങ് റിസൽറ്റ് കിട്ടിയില്ല. ആ കണ്ണുകളിൽനിന്നും അതു വായിച്ചെടുക്കാനുള്ള പക്വതയും എനിക്കന്ന് ഉണ്ടായിരുന്നില്ലല്ലോ. കോഴിക്കോട്ട് നടക്കാവിലെ മനോരമ ഓഫിസിനടുത്തുള്ള വസതിയിലേക്കു ഞങ്ങളെ ക്ഷണിച്ചുകൊണ്ടാണ് അന്നു പിരിഞ്ഞത്.

പിന്നീട് വർഷങ്ങൾക്കു ശേഷം കുവൈത്തിൽ ജീവിക്കുമ്പോഴാണ് എം.ടിക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വിവരമറിയുന്നത്. ഒരു രണ്ടാഴ്ച കൂടി കഴിഞ്ഞു കാണും.. നാട്ടിൽനിന്നും ഒരു ബന്ധു വേറെയാർക്കോ കൊടുത്തയച്ച മനോരമ വാരികയുടെ വെട്ടിയെടുത്ത താളുകൾ എന്റെ കൈയ്യിൽ കിട്ടുന്നു.. നാട്ടിൽ നിന്നും ആഴ്ചതോറും വന്നെത്തിയിരുന്ന പ്രവാസികളിലാരോ ആണ് അതു കൊണ്ടുവന്നത്. രാജ്യത്തിന്റെ മഹോന്നത പുരസ്കാരം നേടിയ വേളയിൽപോലും അറുപതോളം വർഷങ്ങൾക്കു മുമ്പ് സിങ്കപ്പൂരിൽ നിന്നും ആരംഭിച്ച 'അലകൾ'  എന്ന മാസികയ്ക്കു കഥകൾ ചോദിച്ചു വന്നയാളെപ്പറ്റിയാണ് മലയാളത്തിന്റെ ആ മഹാ കാഥികൻ എഴുതിയിരിക്കുന്നത്. തന്നെ കാണാൻ വേണ്ടി താനന്നു പഠിപ്പിച്ചു കൊണ്ടിരുന്ന മലപ്പുറത്തെ ട്യൂട്ടോറിയൽ കോളജിൽ കാറിൽ വന്നിറങ്ങിയ ജോർജ്ജ് നെറ്റോയെന്ന സുമുഖനായ ചെറുപ്പക്കാരനെക്കുറിച്ചാണ് എം.ടി എഴുതിയത്.

രണ്ടു മാസം കഴിഞ്ഞ് ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എം.ടി. കുവൈത്തിൽ വന്നു. മലയാളിയായ കലിക മോഹനചന്ദ്രൻ നായരായിരുന്നു അന്നു ഇന്ത്യൻ അംബാസഡർ. എം.ടിയുടെ സുഹൃത്തും ആതിഥേയനുമായ ഹസ്സൻ തിക്കൊടിയുടെ കൂടി സഹായത്താൽ, ഞങ്ങൾ എടുക്കാനിരുന്ന കുവൈത്തിലെ മലയാളി ജീവിതകഥ പറയുന്ന 'സ്വപ്നഭൂമിയിലേക്കു വീണ്ടും' എന്ന ടെലി ഡോക്യു. സീരിയലിനു വേണ്ടി എം.ടിയെ എംബസി മന്ദിരത്തിനുള്ളിൽ വെച്ചു തന്നെ അഭിമുഖ ചിത്രീകരണം നടത്താനുള്ള സൗകര്യം അദ്ദേഹം ചെയ്തു തന്നു. അന്ന് ഒരാഴ്ചക്കാലത്തോളം എം.ടി. കുവൈത്തിലുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തോടൊപ്പമിരുന്നു ഉച്ചഭക്ഷണം കഴിക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായ് കരുതുന്നു. വർഷങ്ങൾ കഴിഞ്ഞ് മലയാള മനോരമ വാർഷികപ്പതിപ്പിൽ എഴുതിയ ആത്മകഥാപരമായ കഞ്ഞി, കള്ള്, കാമം എന്ന തലക്കെട്ടിൽ രണ്ടു വാല്യങ്ങളിലായ് വന്ന ലേഖന പരമ്പരയിലും എം.ടി പേരപ്പനെ കുറിച്ചെഴുതി.. മുമ്പ് പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നെങ്കിലും കുറേക്കൂടി വ്യത്യസ്തവും വിശദവുമായി എഴുതുകയായിരുന്നു.

തലമുറകളുടെ ഹൃദയം കവർന്ന എഴുത്തുകാരനു വേണ്ടിയുള്ള മലയാളികളുടെ അകമഴിഞ്ഞ പ്രാർഥനകൾ തന്നെയാണ് എഴുത്തിന്റെ ഗിരിശൃംഗങ്ങൾ താണ്ടാനും നവതിയിലെത്തി സഫലമായ ഈ യാത്ര തുടരുവാനും നിയോഗമുണ്ടായതെന്നു കരുതാം. കാലമെത്ര കഴിഞ്ഞാലും മലയാള ഭാവുകത്വത്തോടൊപ്പം സഞ്ചരിക്കാൻ, ഈ സർഗ്ഗ പ്രതിഭ വരഞ്ഞിട്ട കാലാവർത്തിയായ വാക്കുകളും വരികളും മതി.. കുവൈത്തിൽ വെച്ച് ഒരിക്കൽ ഹസ്സനോടൊപ്പം വീട്ടിലേക്കു മടങ്ങുന്ന പ്രിയപ്പെട്ട എഴുത്തുകാരനെ എംബസിയിലെ ചില്ലു ജാലകത്തിലൂടെ നോക്കി നിന്നതോർക്കുന്നു. ആ തെളിഞ്ഞ പകലിൽ മരുഭൂമിയിൽ നിന്നും വീശിയ കാറ്റിൽ ആ മുടിയിഴകൾ പാറുന്നുണ്ടായിരുന്നു.. അപരിചിതമായ മണ്ണിൽ ഒരു സുകൃതം പോലെ വീണു കിട്ടിയ നിമിഷങ്ങൾ മനസ്സിന്റെ ഉള്ളിലേക്ക് കഴിയുന്നത്ര ആവാഹിക്കാനാണ് ശ്രമിച്ചത്.. ഒരിക്കലും മായാത്ത ഒരു കാഴ്ചയായ് എന്നും ഹൃദയത്തിലവശേഷിക്കുവാൻ വേണ്ടി മാത്രം..!

Content Summary: S. N. Roy Remembering M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com