ADVERTISEMENT

ദ്രാവിഡ സമ്പ്രദായത്തിൽ പണികഴിപ്പിച്ച മദുരൈ മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തെ മാതൃകയാക്കി നിർമിച്ച ഒരു ഗോപുരം ആലപ്പുഴയിലുണ്ട്. തഞ്ചാവൂരിൽനിന്നുള്ള ശിൽപികൾ കിടങ്ങാമ്പറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിനു മുന്നിൽ കെട്ടിപ്പൊക്കിയ അഞ്ചു നിലയുള്ള രാജഗോപുരം ഒട്ടേറെ വിവാദങ്ങൾക്കും ഇടവരുത്തി. പരമ്പരാഗത ശൈലിയിൽ ഗോപുരത്തിനു ചുറ്റുമായി നിർമിച്ച പൗരാണിക കഥാപാത്രങ്ങളിൽ ചിലർക്കെങ്കിലും ഉടുതുണി ഉണ്ടായിരുന്നില്ല. സ്ഥലത്തെ സദാചാരവാദികളും ഒരു വിഭാഗം ഭക്തജനങ്ങളും അതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. സമ്മർദം വർധിച്ച സാഹചര്യത്തിൽ, ക്ഷേത്രഭരണ സമിതി എളുപ്പവഴിയിലൂടെ സംഗതി പരിഹരിച്ചു. തുണിയില്ലാത്ത പ്രതിമകൾക്കെല്ലാം അടിവസ്ത്രം കൊടുത്തു. അതിനുവേണ്ടി അൽപം കറുത്ത ചായം മാത്രമേ വേണ്ടിവന്നുള്ളൂ. എതിർപ്പുകൾ ഒട്ടൊന്നു കുറഞ്ഞെങ്കിലും വിവാദം മറ്റൊരു തലത്തിൽ കത്തിക്കയറി. കറുത്ത അണ്ടർവെയർ ധരിച്ചു നിൽക്കുന്ന ദേവന്മാരും ദേവികളും നാട്ടിലെ കലാകാരന്മാരെ അസ്വസ്ഥരാക്കി. അവർ സംഘടിപ്പിച്ചു. ജില്ലാക്കോടതിയുടെ സമീപത്തായി പ്രതിഷേധയോഗം നടന്നു.

നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുവാൻ സമരപ്പന്തലിൽ പ്രാദേശിക കലാകാരന്മാരുടെ വക ചിത്രപ്രദർശനവും തുടങ്ങി. സനാതനയിൽനിന്നു മടങ്ങുന്ന വഴി ഞാനും എത്തിനോക്കി. പന്തലിനുള്ളിൽ വലിച്ചുകെട്ടിയ വെള്ളത്തുണിയിൽ ഒരു മെലിഞ്ഞ നീളൻ മുടിക്കാരൻ പടം വരയ്ക്കുന്നുണ്ട്. രേഖകൾ അതിവേഗത്തിൽ തലങ്ങും വിലങ്ങും പായുന്നു. ഞാൻ ചിത്രകാരനെ ശ്രദ്ധിച്ചു. ഒട്ടുമേ ഉയരമില്ല. അതിനെക്കാൾ ഉയരം അയാൾ വരച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനുണ്ടായിരുന്നു. അര ണിക്കൂറിനുള്ളിൽ ചിത്രം പൂർത്തിയായി. കിരീടത്തിനു പകരം കൊണ്ടകെട്ടിയ ദിഗംബര സ്ത്രീരൂപം. ഭഗവതിയാണെന്നും പറയാം. പീഠത്തിൽ ഇരിക്കുന്നു. നാലു കൈകളിലായി അങ്കുശം, പാശം, ചക്രം, കൈമഴു എന്നിവ പിടിച്ചിട്ടുണ്ട്. വട്ടംകൂടി നിൽക്കുന്ന നാട്ടുകാരുടെ നടുവിൽ അയൽപക്കത്തെ രണ്ടു വിശ്വാസികളെയും ഞാൻ കണ്ടു. പടത്തിൽ കാണുന്ന ദേവീരൂപം ശ്രീ ഭുവനേശ്വരിയാണോ എന്നൊരു സന്ദേഹം അവർ പ്രകടിപ്പിച്ചു. അവിടെ ഹാജരുണ്ടായിരുന്ന ഞങ്ങളുടെ മലയാളം അധ്യാപകനും പുരാണ പണ്ഡിതനുമായ വെങ്കടാചലം പോറ്റിസാർ സംശയത്തെ സരസമായി നേരിട്ടു: ‘‘വെവരക്കേട് വെളമ്പാതെ പോ! പാർവതീഭാവത്തിലുള്ള ഭുവനേശ്വരിയമ്മയുടെ കയ്യിൽ എവിടെയാടോ കോടാലി?’’

ഉടൻ മറുചോദ്യമുണ്ടായി: ‘‘അപ്പോ ഇതാരാ?’’ 

ആർക്കും ഉത്തരമില്ല.

 

ഭഗവതിയുടെ സ്വരൂപത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ചിത്രകാരനും ആസ്വദിച്ചു കേട്ടുകൊണ്ടിരുന്നു. ചെറുതായി ചിരിച്ചതല്ലാതെ പ്രതികരിച്ചില്ല. വഴിവക്കിൽ ആൾക്കൂട്ടം കണ്ടപ്പോൾ അതുവഴി കടന്നുപോയ ചില പണിക്കാരിപ്പെണ്ണുങ്ങളും കാര്യമറിയാൻ പന്തലിൽ കയറി നോക്കി. നഗ്നശരീരത്തിൽ അസാധാരണമായ മുഴുപ്പിൽ വരച്ചുവച്ച ശരീരഭാഗങ്ങളിൽ നോക്കി അവർ അമർത്തിച്ചിരിച്ചു.

artist-namboothiri-memories1
നമ്പൂതിരി വരച്ച എം.ഡി.രാമനാഥന്റെ ചിത്രങ്ങൾ

 

സിനിമാതാരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും കട്ടൗട്ടറുകൾ കണ്ടു ശീലിച്ച നാട്ടുകാരുടെ കലാബോധം, പ്രമുഖ പരസ്യകലാകാരന്മാരായ ഹരി, രാജൻ തരംഗം തുടങ്ങിയവരിൽ മാത്രമായി കേന്ദ്രീകരിച്ചിരുന്ന കാലമായിരുന്നല്ലോ. കൂടാതെ തലയും ഉടലും തമ്മിൽ യാതൊരു പൊരുത്തവുമില്ലാത്ത വിചിത്രചിത്രം എന്നിലും അസ്വസ്ഥതയുണ്ടാക്കി. ചുരുക്കത്തിൽ, ദേശവാസികളിൽ യാതൊരു മതിപ്പും ഉളവാക്കാൻ കഴിയാതെ പോയ ആൾവലുപ്പമുള്ള രേഖാചിത്രം ആളൊഴിഞ്ഞ പന്തലിൽ അനാഥമായി തൂങ്ങിക്കിടന്നു. ഇതൊന്നും കാണാൻ നിൽക്കാതെ ആർട്ടിസ്റ്റ് നമ്പൂതിരിയും ഉടനടി തിരിച്ചുപോയി. പടം ഏതാനും ദിവസങ്ങൾകൂടി പന്തലിൽ പ്രദർശിപ്പിച്ചു. രാത്രിയുടെ മറവിൽ ഒളിച്ചെത്തിയ സാമൂഹികവിരുദ്ധർ അതിൽ കരിഓയിൽ അഭിഷേകം നടത്തി. വികൃതമായി മാറിയ ചിത്രത്തെ പന്തൽ പൊളിക്കാൻ വന്നവർ നിർദയം റോഡിൽ എടുത്തിട്ടു. അതിനെച്ചൊല്ലി ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ലെങ്കിലും ഉള്ളിൽ ഒരു വിങ്ങൽ ഞാൻ അനുഭവിച്ചു. കാരണം ആയിടെ ഞാനും കടലാസിൽ കുറച്ചൊക്കെ കുത്തിവരയുമായിരുന്നല്ലോ.

 

കാലചക്രം കുറെ കറങ്ങിത്തിരിഞ്ഞപ്പോൾ ആർട്ടിസ്റ്റ് നമ്പൂതിരിയെ എനിക്കു മനസ്സിലായി, അദ്ദേഹം കൈകാര്യംചെയ്യുന്ന കലയുടെ മഹനീയത മനസ്സിലായി. വൈകാതെ പരിചയപ്പെടാനും അവസരമുണ്ടായി. അങ്ങനെ മാനാഞ്ചിറയിലെ കോളജ് ടീച്ചർ എജ്യുക്കേഷനിലെ പഠനകാലം നമ്പൂതിരി സാറിനെ കുറിച്ചുള്ള ഓർമ കൂടിയായി. പതുക്കെ പതുക്കെ സൗഹൃദം വളർന്നു. സംഗീതത്തിൽ ഉയർന്ന അഭിരുചി പുലർത്തിയ നമ്പൂതിരി സാർ, സംഗീതത്തെപ്പറ്റി എഴുതുന്നയാൾ എന്ന പരിഗണന എനിക്കു തന്നു. പുറത്തുവച്ചുള്ള സംഗമങ്ങൾക്കു പുറമെ നാലഞ്ചു തവണ വീട്ടിലും പോയിട്ടുണ്ട്. അദ്ദേഹം ആഗ്രഹിച്ച പ്രകാരം കുറെ കർണാടക സംഗീതക്കച്ചേരികൾ പകർത്തിക്കൊടുത്തു. ഔത്തരായ സംഗീതം അദ്ദേഹത്തിന് അത്രയും പിടിച്ചില്ല. എന്നിട്ടും ഞാൻ സാഹസത്തിനു മുതിർന്നു. ആഗ്ര ഘരാനയിൽ മുന്തിയ ഗായകനായ ഉസ്താദ് ഫയ്യാസ് ഖാൻ പാടിയ ദാദ്ര കേൾപ്പിച്ചപ്പോൾ പ്രതികരണം ഒരു മിനിറ്റിൽ വന്നു: ‘‘എന്താത്, സിംഹം ന്നൊക്കെ പറഞ്ഞിട്ട് ഇതിപ്പോ ചുണ്ടെലീടെ അത്രേ ഉള്ളൂലോ!’’

 

നമ്പൂതിരിസാർ ചിത്രമെഴുതുന്നതു നേരിൽ കാണാനും പലകുറി സൗഭാഗ്യമുണ്ടായി. ആ കാഴ്ച പോലും അങ്ങേയറ്റം കലാപരമായിരുന്നു. നിഗൂഢമായതെന്തോ കണ്ടെത്താനെന്ന പോലെ കടലാസിൽ സൂക്ഷിച്ചുനോക്കിയും മാറിനിന്നു നിരീക്ഷിച്ചും ചില ആത്മഗതങ്ങൾ നടത്തിയും അദ്ദേഹം രേഖകളുമായി ആശയവിനിമയം ചെയ്തുകൊണ്ടിരുന്നു. അങ്ങനെയൊരു സന്ദർഭത്തിൽ ആലപ്പുഴയിലെ പണ്ടു നടന്ന പ്രതിഷേധയോഗത്തെപ്പറ്റി ഞാൻ എടുത്തിട്ടു. എതിർപ്പിനു ഫലമുണ്ടായതും അധികൃതർ ശിൽപങ്ങളുടെ തനതു സൗന്ദര്യം പുനഃസ്ഥാപിച്ചതും ഞാൻ കൂട്ടിച്ചേർത്തു. ഇതൊക്കെ പറഞ്ഞതിനു പിന്നിൽ, അന്നത്തെ ചിത്രകാരൻ നമ്പൂതിരി സാർ തന്നെയല്ലേ എന്നുറപ്പിക്കുകയും ലക്ഷ്യമായിരുന്നു.

 

‘‘എന്താ സംശയം, ഞാൻ തന്നെയാ. നല്ല ഓർമയുണ്ട്. കാവാലം വിളിച്ചിട്ടാണ് അവിടെ വന്നുപെട്ടത്. ആദ്യം പോയി ഇപ്പറഞ്ഞ രാജഗോപുരം കണ്ടു. തരക്കേടില്ലാത്ത ശിൽപങ്ങളാണ്. ആളുകൾ പറഞ്ഞു പരത്തിയതുപോലെ അശ്ലീലമൊന്നുമില്ല. സത്യത്തിൽ കറുത്ത ചായം പുരട്ടിയപ്പോഴാണ് അശ്ലീലമായത്. നമ്മുടെ കലാപാരമ്പര്യത്തിൽ ഇതൊക്കെ സർവസാധാരണമല്ലേ. തമിഴകത്തെ മഹാക്ഷേത്രങ്ങളിൽ ഇതേപോലെയുള്ള ലക്ഷക്കണക്കിനു ശിൽപങ്ങളുണ്ട്. അവിടെ ഉടുവസ്ത്രം ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊന്നും ആരും ചികഞ്ഞു നോക്കാറില്ല. നമ്മളെപ്പോലല്ല, അവിടുത്തുകാർക്കെല്ലാം കല ദൈവികമാണ്, അദ്ഭുതമാണ്. സൗന്ദര്യത്തെയാണ് കല ആവിഷ്കരിക്കുന്നത്. സൗന്ദര്യത്തിൽ അശ്ലീലമുണ്ടോ?’’

 

അദ്ദേഹം ഇത്രയും വിശദീകരിച്ചതിനാൽ ഇനി മറച്ചുപിടിക്കേണ്ട എന്നു കരുതി, ചിലർ നമ്പൂതിരി സാർ വരച്ച ചിത്രത്തിനുമേൽ നടത്തിയ അതിക്രമത്തെപ്പറ്റിയും ഞാൻ വെളിപ്പെടുത്തി. അദ്ദേഹത്തിൽ ഭാവമാറ്റങ്ങൾ ഒന്നുമുണ്ടായില്ല, വർത്തമാനം അതേ പതികാലത്തിൽ തുടർന്നു.

 

‘‘ഒരു ചിത്രത്തിൽ, അല്ലെങ്കിൽ ശിൽപത്തിൽ ഒരുപാട് കാര്യങ്ങളുണ്ടാകും. എല്ലാം എല്ലാർക്കും മനസ്സിലാകില്ല. പക്ഷേ അതെത്ര സങ്കീർണമായാലും ഏതു സാധാരണക്കാരനും മനസ്സിലാകുന്ന കുറെ കാര്യങ്ങൾ നിശ്ചയമായും അതിലുണ്ടാവും. അതില്ലെങ്കിൽ കല ആവില്ല. കലയിൽ സൗന്ദര്യം ഉണ്ടാകണമെങ്കിൽ കലാകാരന്മാർക്ക് സ്വാതന്ത്ര്യം കൊടുക്കണം. കൊടുത്തിട്ട് പിന്നെ നിങ്ങൾ അത്രയും എടുക്കണ്ട എന്ന് പറയരുത്. അതാണ് വാസുദേവന്റെ നാട്ടിൽ സംഭവിച്ചത്. വരച്ചു തുടങ്ങിയ നാളുകളിൽ, ഇതെന്താണു വരയ്ക്കുന്നതെന്ന് ചിലരൊക്കെ എന്നെയും പരിഹസിച്ചിരുന്നു. എന്നിട്ടും അംഗീകരിക്കാൻ ആളുകളുണ്ടായി. അതൊന്നും വരച്ചയാളുടെ മാത്രം മിടുക്കല്ല, വിചാരിക്കാനും പാടില്ല. അന്നത്തെ നോവലുകളും കഥകളും എന്നെക്കൊണ്ട് വരപ്പിച്ചതാണ്. അങ്ങനെ എഴുത്തുകാർക്ക് കിട്ടിയ ബഹുമാനത്തിൽനിന്നും ഒരോഹരി എനിക്കും കിട്ടി.’’

 

ഇതിങ്ങനെ പറഞ്ഞുതീർന്നപ്പോൾ അദ്ദേഹം അന്നേരമത്രയും വരച്ചുകൊണ്ടിരുന്ന ഒരു രേഖാചിത്രം എനിക്കു നേരെ തിരിച്ചുവച്ചു. ഞാൻ അടിമുടി അതിശയിച്ചുപോയി! രണ്ടു രണ്ടര പതിറ്റാണ്ടുകൾക്കു പുറകിൽ ആലപ്പുഴപ്പട്ടണത്തിലെ പ്രതിഷേധ പന്തലിൽ നമ്പൂതിരി സാർ വരച്ചുവച്ച അതേ ദേവീരൂപം! കൊണ്ട കെട്ടിയിരിക്കുന്നു. മാറിടം നഗ്നമാണ്. ദക്ഷിണാമൂർത്തിയെപ്പോലെ ഇടതുകാൽ മടക്കി വലംകാൽ തൂക്കിയിട്ടിരിക്കുന്ന ദേവിയുടെ കൈകളിൽ പാശവും അങ്കുശവും ദിവ്യായുധങ്ങളും അതുപോലെയുണ്ട്. പല തവണ കണ്ടിട്ടുള്ളതിനാൽ ഒരു വ്യത്യാസം പെട്ടെന്നുതന്നെ എനിക്കു മനസ്സിലായി, ഇടതു കയ്യിൽ ചക്രത്തിനു പകരം ചെറിയ ത്രിശൂലമാണ്. സാധാരണ കടലാസിൽ പേന ഉപയോഗിച്ചു വരച്ച ഒരു ചെറിയ ചിത്രം ആയിരുന്നിട്ടുകൂടി ദേവിയുടെ വിശ്വരൂപം മുറി മുഴുവൻ വ്യാപിച്ചു നിൽക്കുന്നതുപോലെ എനിക്കു തോന്നി. അകമേ ഒരൽപം ഭയം ഉണ്ടാകാതിരുന്നില്ല.

 

ഒന്നുകൂടി തൊട്ടുവണങ്ങിയിട്ട് തിരിച്ചു കൊടുക്കാൻ തുടങ്ങിയതേ നമ്പൂതിരി സാർ ഉദാരനായി. ‘‘വേണ്ട, വാസുദേവനുള്ളതാണ്. ഇതിൽ ഏതായാലും കരി ഓയിലും ചെളിവെള്ളവുമൊന്നും വീഴില്ലല്ലോ.’’ അദ്ദേഹം ശുക്ലപക്ഷത്തിലെ ചന്ദ്രനെപ്പോലെ ചിരിച്ചു.

 

വർഷങ്ങൾക്കുശേഷം ‘എംഡിആർ’ എന്ന പേരിൽ, കർണാടക സംഗീതജ്ഞനായ രാമനാഥനെപ്പറ്റി ഞാൻ ഒരു ഗ്രന്ഥം തയാറാക്കി. അതിലേക്കായി നമ്പൂതിരി സാർ ഒരു ലേഖനം എഴുതിയതു കൂടാതെ മുഴുവൻ രേഖാചിത്രങ്ങളും സൗജന്യമായി വരച്ചു തന്നു. ഇങ്ങനെ ഒരത്യാഗ്രഹം അവതരിപ്പിച്ചതുതന്നെ വളരെ സങ്കോചത്തോടെയായിരുന്നു. പക്ഷേ അദ്ദേഹം ഉടനടി സമ്മതിച്ചു. ‘‘എം.ഡി.ആർ വേണ്ടപോലെ അറിയാതെപോയ പാട്ടുകാരനല്ലേ. ഞാൻ ധാരാളം കച്ചേരികൾ നേരിൽ കേട്ടിട്ടുണ്ട്. എന്തൊരു ഗംഭീരമായ ആലാപനമാണ്. ഒരിക്കൽ കേട്ടാൽ തലയിൽനിന്നു പോവില്ല.’’

 

നമ്പൂതിരിസാർ ആവശ്യപ്പെട്ട പ്രകാരം റഫറൻസിനായി രാമനാഥന്റെ കുറെ ചിത്രങ്ങൾ ഞാൻ കൊടുത്തു, അതിനോടോപ്പം എട്ടു പത്തു കച്ചേരികളും. രണ്ടു വാരം തികഞ്ഞിട്ടുണ്ടാവില്ല, അദ്ദേഹം ചിത്രങ്ങൾ എത്തിച്ചുതന്നു. കുടുമ കെട്ടുന്ന രാമനാഥൻ, തംബുരുവിൽ ശ്രുതി പരിശോധിക്കുന്ന രാമനാഥൻ, താളം പിടിക്കുന്ന രാമനാഥൻ, പാടുന്ന രാമനാഥൻ എന്നിങ്ങനെ ഗായക ചക്രവർത്തിയുടെ മാനറിസങ്ങൾ പൂർണമായും ഉൾക്കൊണ്ട ചിത്രങ്ങൾക്കു മുന്നിൽ ഞാൻ പ്രണമിച്ചുപോയി. അത്രമേൽ ചൈതന്യത്തോടെ നമ്പൂതിരിസാർ രാമനാഥനെ വരകളിൽ കൊണ്ടുവന്നിരുത്തി.

 

കോട്ടയത്തെ കോടിമതയിൽ ഡിടിപി സ്ഥാപനം നടത്തിയിരുന്ന പണിക്കരെ ഞാൻ ചിത്രങ്ങൾ ഏൽപിച്ചു. അദ്ദേഹം കോഫി ടേബിൾ ബുക്കുകളുടെ മാതൃകയിൽ ലേ ഔട്ട് തയാറാക്കി. ഉള്ളടക്കം സമൃദ്ധമാക്കാൻ ധാരാളം സംഗീതപ്രേമികൾ സഹായിച്ചു. ഡിസി ബുക്സ് പ്രസാധകരായി. ആദ്യ കോപ്പി പ്രഫ. നെയ്യാറ്റിൻകര മോഹനചന്ദ്രനു നൽകിക്കൊണ്ട് ഒഎൻവി പ്രകാശനകർമം നിർവഹിച്ചു. പ്രഭാഷണത്തിനിടയിൽ നമ്പൂതിരിയുടെ രേഖാചിത്രങ്ങളെ കുറുപ്പുസാർ പ്രത്യേകമായി അഭിനന്ദിച്ചു. 'ഇന്ദീവര'ത്തിലേക്കു മടങ്ങുന്ന വഴി അദ്ദേഹം ഓർമപ്പെടുത്തി: ‘‘വാസുദേവാ, നമ്പൂതിരിയുടെ ചിത്രങ്ങൾ എടുത്തുവയ്ക്കണം കേട്ടോ. വിലയിടാൻ സാധിക്കാത്ത നിധിയാണേ.’’

 

സത്യത്തിൽ കുറുപ്പുസാർ പറയുന്നതിനു മുമ്പേ ചിത്രങ്ങൾ ഫ്രെയിമിട്ടു സൂക്ഷിക്കുന്ന കാര്യം ഞാൻ തീരുമാനിച്ചിരുന്നു.

 

പ്രകാശനവുമായി ബന്ധപ്പെട്ട തിരക്കുകളൊഴിഞ്ഞതേ ഞാൻ ഡിടിപിക്കാരൻ പണിക്കരെ ഫോണിൽ വിളിച്ചു. കുറച്ചു രൂപ കൊടുക്കാൻ ഉണ്ടല്ലോ. കൂട്ടത്തിൽ അവിടെ വച്ചിരിക്കുന്ന ഫൊട്ടോഗ്രാഫുകളും രേഖാചിത്രങ്ങളും എടുത്തുകൊണ്ടു പോരികയും വേണം. പറഞ്ഞ ദിവസം എത്താൻ സാധിച്ചില്ല. നാലഞ്ചു ദിവസങ്ങൾക്കുശേഷം കോടിമതയിൽ ചെന്നപ്പോൾ സ്ഥാപനം പൂട്ടിക്കിടക്കുന്നതു കണ്ടു. ഉടനെ പണിക്കരുമായി ബന്ധപ്പെട്ടു.

‘‘നമ്മുടെ സ്ഥാപനം നിർത്തി സാറേ. ഒഴിഞ്ഞു കൊടുക്കാൻ പറഞ്ഞു. സാറിന്റെ സാധനങ്ങളെല്ലാം ഒരു ചാക്കിൽ കെട്ടി അടുത്ത മുറിയിൽ വച്ചിട്ടുണ്ട്.’’

ഞാൻ അപ്പോൾത്തന്നെ പണിക്കർ പറഞ്ഞ മുറിയിൽ ചെന്നുനോക്കി. അവിടെ മൂലയ്ക്കായി കീറക്കടലാസുകൾ ഇടിച്ചു കുത്തിനിറച്ച ചണച്ചാക്ക് കണ്ടു. അതങ്ങനെയേ ഞാൻ തറയിൽ കുടഞ്ഞിട്ടു. ആദ്യം തിരഞ്ഞത് നമ്പൂതിരിസാർ വരച്ച ചിത്രങ്ങളാണ്. ഒരെണ്ണംപോലും കാണാനില്ല! ഞെട്ടിപ്പോയി. ഓരോ കടലാസും തിരിച്ചു മറിച്ചു നോക്കി. ഇല്ല, ചിത്രങ്ങളില്ല. പരിഭ്രമത്തോടെ പണിക്കരെ പിന്നെയും വിളിച്ചു.

‘‘അതെവിടെ പോകാൻ? പെട്ടെന്ന് മുറി ഒഴിയേണ്ടി വന്നതുകൊണ്ട് കയ്യിൽ കിട്ടിയതെല്ലാം വാരി ചാക്കിൽ വച്ചതാണല്ലോ.’’ തീർത്തും അലസമായിരുന്നു പണിക്കരുടെ മറുപടി. ഞാൻ കടുത്ത ഭാഷയിൽ പണിക്കാരെ കാര്യഗൗരവം ബോധിപ്പിച്ചു.

‘‘അതിപ്പോ ഇനി എന്നാ ചെയ്യാനാ! ചാക്കിൽ ഒള്ളതേ ഉള്ളൂ. ബാക്കിയെല്ലാം ഓണർ എടുത്തു വെളിയിൽ കളഞ്ഞു കാണും. ദിവസം കുറെ ആയില്ലേ.’’

 

ചിത്രങ്ങളുടെ മൂല്യത്തെപ്പറ്റി ഞാൻ പറഞ്ഞതൊന്നും പണിക്കർക്കു മനസ്സിലായില്ല. അയാളും സ്വരം കടുപ്പിച്ചു: ‘‘സാറിങ്ങനെ പെടച്ചാലെങ്ങനാ! എന്നോട് പറഞ്ഞോ എടുത്തു വെക്കാൻ? പിന്നെ, അതെല്ലാം നമ്മൾ ഉപയോഗിച്ചു കഴിഞ്ഞതല്ലേ? ഇനിയെന്തിനാ സൂക്ഷിച്ചുവെക്കുന്നതെന്ന് ഞാൻ വിചാരിച്ചു.’’

 

ഞാൻ മൗനംപൂണ്ടു. പണിക്കർക്കും വിഷമമുണ്ടായിക്കാണണം. ‘‘സോറി സാർ. ആ പടങ്ങൾ സാറിനു വേണ്ടതാന്ന് എനിക്കറിഞ്ഞൂടാരുന്നു. ഇനി എന്നാ ചെയ്യാനാ! സാർ വേണമെങ്കി എനിക്ക് തരാനുള്ള പൈസ തരണ്ട.’’

 

ഞങ്ങൾ സംഭാഷണം നിർത്തി. ഞാൻ ഹൃദയം തകർന്ന അവസ്ഥയിലായി. നമ്പൂതിരി സാർ സ്നേഹപൂർവം സമ്മാനിച്ച ദേവീചിത്രം പണ്ടേ പോയി. ഇപ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്തവിധം ഇതും മറഞ്ഞുപോയിരിക്കുന്നു. അതും ഒരു മഹാഗായകന്റെ ചിത്രങ്ങൾ! ഇതിനെ പണിക്കരുടെ മാത്രം അലംഭാവമോ ശ്രദ്ധക്കുറവോ ആയി കാണാൻ സാധിക്കില്ല. കുറ്റവാളി വേറെ ആരുമല്ല, ഈ ഞാൻതന്നെ!

 

‘എം.ഡി.ആർ’ സംഗീതാസ്വാദകരുടെ വ്യാപകമായ ശ്രദ്ധനേടി. പുസ്തകം ഉദ്ദേശിച്ച തരത്തിൽ ചർച്ച ചെയ്യപ്പെട്ടു. നമ്പൂതിരിസാർ വരച്ച ചിത്രങ്ങളെ സകലരും അഭിനന്ദനങ്ങൾ കൊണ്ടു മൂടി. കോപ്പി നൽകാനായി വീട്ടിൽ ചെന്ന ഞാൻ മനോഭാരത്താൽ നിയന്ത്രണം വിട്ടുപോയി. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. ‘‘ഇതുപോലെ എത്രയോ വരകൾ എവിടെയൊക്കെ മറഞ്ഞുപോയിരിക്കുന്നു. ഞാൻ വരച്ച പടങ്ങളിൽ ഏറ്റവും മികച്ചതായി ആളുകൾ പറയാറുള്ള ‘രണ്ടാമൂഴ’ത്തിലെ നൂറു കണക്കിന് ചിത്രങ്ങൾ എവിടെ? ആരുടെയും കുറ്റമല്ല. ഇക്കണ്ടതെല്ലാം സൂക്ഷിക്കാനുള്ള സ്ഥലം നമ്മുടെ ഏതു പത്രമാപ്പീസിലുണ്ട്. കടലാസിനും മഷിക്കും പോലും ആയുസ്സിന്റെ പരിമിതിയുണ്ട്. പക്ഷേ ആളുകളുടെ മനസ്സിൽ വരച്ചു വച്ചാലോ, അതവിടെക്കിടക്കും, ഒരിക്കലും നഷ്ടപ്പെടില്ല. അതുകൊണ്ട് പോയതിനെപ്പറ്റി വാസുദേവൻ വിഷമിക്കേണ്ട. ഞാൻ ഇനിയും വരച്ചു തരാം. ഒരു പ്രയാസവുമില്ല.’’

 

നമ്പൂതിരി സാർ ചൊരിഞ്ഞ ഉദാരതയെ ചൂഷണം ചെയ്യാൻ ഞാൻ തയാറായില്ല. പിന്നീടുണ്ടായ സന്ദർശനങ്ങളിൽ ഇക്കാര്യം എടുത്തുകൊണ്ടുവരാതെയും ശ്രദ്ധിച്ചു. എങ്കിലും ഒരു ശുഭചിന്ത ഉള്ളിലെവിടെയോ ഒളിഞ്ഞു കിടന്നു. ചതുർബാഹുക്കളിൽ പാശാങ്കുശവും ദിവ്യായുധങ്ങളും ധരിച്ച ശക്തിസ്വരൂപത്തെ പെട്ടെന്നൊരു ദിവസം മുന്നിൽ പ്രത്യക്ഷപ്പെടുത്തിയതുപോലെ, മുറുകാത്ത കുടുമ അഴിച്ചും കെട്ടിയും വേദിയിലിരിക്കുന്ന ഗായകരുടെ ഗായകനായ രാമനാഥനെയും ഒരിക്കൽ അദ്ദേഹം എനിക്കുവേണ്ടി പുനർജനിപ്പിക്കും! പക്ഷേ അങ്ങനെയൊരു പ്രതീക്ഷ ഇനിയും ഞാൻ സൂക്ഷിക്കുന്നതിൽ എന്തെങ്കിലും അർഥവുമുണ്ടോ!

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com