ADVERTISEMENT

എഴുത്തുകാർക്ക് ഉന്നതമായ ഇരിപ്പിടമുണ്ടെന്ന് മലയാളത്തോടു പറഞ്ഞ എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായരെന്ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ. എഴുത്തുകാർക്ക് അന്തസ്സ് നേടിക്കൊടുത്ത വ്യക്തിയാണ് എംടി. ‘മലയാളിയുടെ എംടി അനുഭവം’ എന്ന സംവാദത്തിൽ പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി. വാസുദേവൻ നായർക്കുള്ള നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദനം’ എന്ന സാംസ്കാരികോൽസവത്തിന്റെ ഭാഗമായ പരിപാടി കാതോലിക്കറ്റ് കോളജ് മലയാളവിഭാഗത്തിന്റെ പങ്കാളിത്തത്തോടെയായിരുന്നു. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദന’ത്തിന് മുത്തൂറ്റ് ഫി‌നാൻസാണ് പിന്തുണ നൽകുന്നത്. 

benyamin-talking-about-mt
‘എംടി കാലം – നവതിവന്ദനം’ പരിപാടിയുടെ ഭാഗമായി, പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ വിദ്യാർ‌ഥികളുമായുള്ള മുഖാമുഖത്തിനെത്തിയ എഴുത്തുകാരൻ ബെന്യാമിൻ വിദ്യാർഥികൾക്കൊപ്പം സംവദിക്കുന്നു. ചിത്രം: നിഖിൽ രാജ് ∙ മനോരമ

എത്തപ്പെട്ട മേഖലകളിലെല്ലാം വിജയം വരിച്ച എഴുത്തുകാരനാണ് എംടിയെന്ന് ബെന്യാമിൻ പറഞ്ഞു. അവിടെയെല്ലാം അദ്ദേഹം പ്രമുഖസ്ഥാനം അലങ്കരിച്ചു. ജീവിച്ചിരിക്കെ ഇത്രയധികം ആഘോഷിക്കപ്പെട്ട എഴുത്തുകാർ അധികമില്ല. ധാരാളം വായിക്കുകയും അതെല്ലാം നമുക്കു പരിചയപ്പെടുത്തുകയും ചെയ്തു എംടി. ഒരാളിലൂടെ, ഒരു ഗ്രാമത്തിലൂടെ എംടി പറഞ്ഞ കഥകൾ എല്ലാവരുടേതുമായി. സാർവലൗകികമായ അനുഭവങ്ങൾ ആ കഥയിലുണ്ട്. നെഹ്റുവിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളുള്ളവരാണ് ആ കഥാപാത്രങ്ങളിൽ പലരും. സംസാരത്തിലെ മിതത്വം എഴുത്തിലും പുലർത്തിയ എംടിയുടെ രചനകൾ ഗദ്യത്തിലെഴുതിയിട്ടുള്ള കവിതകളാണ്. മലയാള സിനിമയിൽ എംടി ഇന്നും അവസാന വാക്കാണ്. തിരക്കഥാകൃത്തിന് അന്തസ്സുള്ള സ്ഥാനമുണ്ടെന്ന് ബോധ്യപ്പെടുത്തിയ ആളാണ് എംടിയെന്നും ബെന്യാമിൻ പറഞ്ഞു.

mt-program-benyamin
‘എംടി കാലം – നവതിവന്ദനം’ പരിപാടിയുടെ ഭാഗമായി, പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ വിദ്യാർ‌ഥികളുമായുള്ള മുഖാമുഖത്തിനെത്തിയ എഴുത്തുകാരൻ ബെന്യാമിൻ വിദ്യാർഥികൾക്കൊപ്പം. മലയാള മനോരമ പത്തനംതിട്ട യൂണിറ്റ് കോഓർ‌ഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട്, ഷൈനു ഏബ്രഹാം, ഡോ. ജെസി അലക്സാണ്ടർ, മലയാളവിഭാഗം മേധാവി ഡോ. പി.ജെ.ബിൻസി, ഡോ.അനു പി.ടി, ഡോ. ആർ. രേഖ, ഡോ. എം.എസ്.പോൾ, ഡോ.ജിഷ തോമസ്, മനോരമ ഓൺലൈൻ ചീഫ് സബ്എഡിറ്റർ മഹേഷ് മോഹൻ എന്നിവർ സമീപം. ചിത്രം: നിഖിൽ രാജ് ∙ മനോരമ

കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ് അധ്യക്ഷനായിരുന്നു. മലയാളവിഭാഗം മേധാവി ഡോ. പി.ജെ.ബിൻസി, മലയാള മനോരമ പത്തനംതിട്ട യൂണിറ്റ് കോഓർ‌ഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട് എന്നിവർ പ്രസംഗിച്ചു. കാതോലിക്കറ്റ് കോളജിനുള്ള ഉപഹാരം മനോരമ ഓൺലൈൻ ചീഫ് സബ് എഡിറ്റർ മഹേഷ് മോഹൻ മലയാളവിഭാഗം മേധാവി ഡോ. പി.ജെ.ബിൻസിക്കു സമർപ്പിച്ചു. 

‌ജൂലൈ 14 ന് തൃശൂരിലായിരുന്നു ‘എംടി: കാലം – നവതിവന്ദന’ത്തിന്റെ തുടക്കം. രണ്ടു സംവാദങ്ങളും അരനൂറ്റാണ്ടിലേക്കെത്തുന്ന ക്ലാസിക് ചലച്ചിത്രം നിർമാല്യത്തിന്റെ പ്രദർശനവുമായാണ് നവതിവന്ദനത്തിനു തുടക്കമായത്. ജൂലൈ 29 മുതൽ ഓഗസ്റ്റ് 2 വരെ തിരുവനന്തപുരത്ത് എംടി ചലച്ചിത്രമേളയും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ക്യാംപസുകളിൽ എഴുത്തുകാരും ചലച്ചിത്രപ്രവർത്തകരുമായി വിദ്യാർഥികളുടെ മുഖാമുഖവും നടക്കുന്നുണ്ട്. 

Content Highlights: MT Vasudevan Nair | Benyamnin | Malayalam Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com