ഓർക്കുവാനോർക്കുന്നതല്ലിതൊന്നും; കവിയുടെ വാക്കുകൾ വീണ്ടെടുത്ത് കാലം

Mail This Article
1970 കളുടെ ആദ്യ പകുതി. കടമ്മനിട്ട രാമകൃഷ്ണൻ തൃശൂരിൽ കെ.ജി.ശങ്കരപ്പിള്ളയെ കാണാനെത്തി. വൈകിട്ട് അവരൊരുമിച്ച് വൈലോപ്പിള്ളിയെ കാണാൻ തീരുമാനിച്ചു. കെജിഎസ്സിനെ വൈലോപ്പിള്ളിക്ക് ഇടയ്ക്കിടെ കണ്ടു പരിചയമുണ്ട്. മുൻപ് കണ്ടിട്ടുണ്ടെങ്കിലും കടമ്മനിട്ടയെ ഒറ്റനോട്ടത്തിൽ പിടികിട്ടിയില്ല.
ആരാണിയാൾ എന്ന ചോദ്യവുമായി വൈലോപ്പിള്ളി ശങ്കരപ്പിള്ളയുടെ നേരേ നോക്കി. അപ്പോൾ ശങ്കരപ്പിള്ള പറഞ്ഞു: മാഷേ, അറിയില്ലേ. കടമ്മനിട്ട രാമകൃഷ്ണൻ. കവി.
അപ്പോൾ തെല്ലദ്ഭുതത്തോടെ വൈലോപ്പിള്ളി ചോദിച്ചു: അതേയോ. ആ കാട്ടാറ് പോലെ കവിതയൊഴുക്കുന്ന മനുഷ്യൻ തന്നെയോ ?
അതേ മാഷേ, ആളിതുതന്നെ: ശങ്കരപ്പിള്ള പറഞ്ഞു.
അതു കേട്ടപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് വൈലോപ്പിള്ളി പറഞ്ഞു: നമ്മുടെ കവിത പോലെയല്ല ഇയാളുടെ കവിത. കുഞ്ഞരുവിയായി ഒതുങ്ങിയൊഴുകും. പൊട്ടിച്ചിരിക്കും. കലങ്ങിമറിയും. ചുഴിയും മലരിയുമായി കുതിച്ചുപായും. അതാണീ കാട്ടാറ്.
മലയാളത്തിൽ ആധുനികത മുടിയഴിച്ചാടാൻ തുടങ്ങിയ സംക്രമണ ദശയിലാണ് കടമ്മനിട്ട കവിതയിൽ സജീവമാകുന്നത്. ആധുനികതയ്ക്ക് നിർലോഭം വെള്ളവും വളവും കൊടുത്ത എം. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ സജീവമായിരുന്ന മദ്രാസിൽ കടമ്മനിട്ടയും ഉണ്ടായിരുന്നു. തുടക്കത്തിൽ സംശയത്തോടെയും പിന്നീട് ശക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കെയും ഗോവിന്ദന്റെ സംഘത്തിൽ അദ്ദേഹവും അംഗമായി. അസ്തിത്വവാദം തലയ്ക്കുപിടിച്ച് ഭാഷയെയും ഭാവുകത്വത്തെയും നവീകരിച്ച് ആധുനികർ സജീവമായപ്പോൾ കടമ്മനിട്ട പാശ്ചാത്യ രാജ്യങ്ങളിലേക്കല്ല നോക്കിയത്; സ്വന്തം ഗ്രാമത്തിലേക്ക്. അസ്തിത്വ വാദത്തിൽ നിന്നല്ല അദ്ദേഹം ഊർജം തേടിയത്; മധ്യ തിരുവിതാംകൂറിന്റെ അനുഷ്ഠാന കലയായ പടയണിയിൽ നിന്ന്. താളം അദ്ദേഹത്തിന്റെ ഉള്ളിൽ തന്നെയുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ അച്ഛൻ പാടിക്കേട്ട കാവിലെ പാട്ടുകളുടെ ജൈവതാളം. ദാരിദ്ര്യം കണ്ടും അറിഞ്ഞും വിശപ്പനുഭവിച്ചും വളർന്ന കാലം. ഗ്രാമത്തിലെ മനുഷ്യരുടെ സാധാരണ ജീവിതം. വേഷത്തിലും ഭാവത്തിലും സംസാരത്തിലും തനിനാടനായി തുടർന്ന അദ്ദേഹം നെല്ലിൻ തണ്ടു മണക്കും വഴികളെക്കുറിച്ചെഴുതി. എള്ളിൻനാമ്പു കുരുക്കും വയലുകളെക്കുറിച്ചെഴുതി. എണ്ണം തെറ്റിയ ഓർമകളിൽ ആധുനിക തലമുറ വ്യത്യസ്തനായ കവിയെ കണ്ടു. ഗോത്രതാളം കേട്ടു. മാന്യമായി വസ്ത്രം ധരിക്കാൻ വരെ സമരം നടത്തേണ്ടിവന്ന കറുത്ത മക്കളുടെ ഊർജം ആ കവിതകളിലേക്കു പകർന്നു.

ആരെയും അനുകരിച്ചിട്ടേയില്ല കമ്മനിട്ട എന്ന കവി; മനുഷ്യനും. അതിലും കൂടുതലായി മറ്റൊരു ബഹുമതി കൂടി അദ്ദേഹത്തിന് സ്വന്തമാണ്. മറ്റാരും അദ്ദേഹത്തെ അനുകരിച്ചിട്ടുമില്ല. ശ്രമിക്കാത്തതുകൊണ്ടല്ല. ആഗ്രഹിക്കാത്തതുകൊണ്ടല്ല. അതിനുള്ള കരുത്ത് അവശേഷിച്ചവർ മലയാള ദേശത്ത് ഇനിയും ജനിച്ചിട്ടേയില്ല. ഇനി ജനിക്കാനും പോകുന്നില്ല. കടമ്മനിട്ടയിലെയും വള്ളിക്കോട്ടെയും വഴിയരികിൽ കാണുന്ന ഉരുളൻ കല്ല് പോലെയാണ് കടമ്മനിട്ട എന്ന കവിയും മനുഷ്യനും. അതു കടമ്മനിട്ടയിൽ ധാരാളമുണ്ട്. എന്നാൽ മറ്റെവിടെയും കാണുകയുമില്ല. ഇടയ്ക്ക് കാലിൽ തട്ടും. തട്ടിത്തെറിപ്പിച്ചാലും ഒഴിഞ്ഞുപോകില്ല. ആ കല്ലെടുത്ത് തിരിച്ചും മറിച്ചും നോക്കി അതിന്റെ കരുത്തിനെ അംഗീകരിക്കേണ്ടിവരും. ആദരിക്കേണ്ടിവരും. അദ്ഭുതപ്പെടേണ്ടിവരും. എന്നാൽ, ഒരു അവകാശവാദവുമില്ലായിരുന്നു കടമ്മനിട്ടയ്ക്ക്.
ചന്തം തേട്ടിച്ചമയം കെട്ടിച്ചന്ദന ഗന്ധം ചാറിയ സന്ധ്യകൾ
ദീപമുഴിഞ്ഞുവഴിഞ്ഞ പ്രകാശം
അറവാതുക്കൽ പാറകൾ മറിഞ്ഞു നിറഞ്ഞ നിലാവത്ത്
ഓർമകളിന്നുമുറങ്ങിക്കോട്ടെ.
ഞാനീവഴിയിലൊത്തിരിനേര–
മിരുന്നെൻ കണ്ണു തിരുമ്മിക്കോട്ടെ.
കടമ്മനിട്ട കണ്ണു തിരുമ്മിയേഴുന്നേറ്റു കവിത ചൊല്ലി വീണ്ടും കണ്ണു തിരുമ്മി കടന്നുപോയി ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ഏറ്റവുമധികം അർഹിച്ചതും എന്നാൽ ലഭിക്കാതെ പോയതുമായ പുരസ്കാരം പോലെ ജീവിത, കവിതാ പുസ്തകം പുറത്തുവന്നിരിക്കുന്നു. കടമ്മനിട്ട എന്ന കവിയുടെയും കവിതയുടെയും കനലാട്ടത്തെയും ഏറ്റവും യോജിച്ച വാക്കുകളിൽ സമുചിതമായി ആവിഷ്കരിച്ച പുസ്തകം. കെ.എസ്. രവികുമാർ മലയാള സാഹിത്യ നിരൂപണ രംഗത്തെ ശ്രദ്ധേയ വ്യക്തിയാണ്. എന്നാൽ, അദ്ദേഹം ഇനി അറിയപ്പെടാൻ പോകുന്നത് കടമ്മനിട്ടയെക്കുറിച്ചുള്ള ഗംഭീരമായ ഈ ജീവിത പുസ്തകത്തിന്റെ എഴുത്തുകാരൻ എന്ന നിലയിലാണ്. മലയാളം എന്നെന്നേക്കും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
തീക്കാറ്റു പോലെ കടമ്മനിട്ട കേരളത്തെ ആവേശിച്ചതിനെക്കുറിച്ചു കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്. ഉൾക്കണ്ണാലേ, കാതാലേ കവിതയുടെ സിംഹനാദം കേട്ടു നടുങ്ങിയിട്ടുണ്ട്. ആ ആദിരൂപത്തിന്റെ സ്മരണയിൽ തരിച്ചിട്ടുണ്ട്. ആധുനിക കവിത മാറ്റിവച്ച് നെഞ്ചിൽ പന്തം കൊളുത്തിനിന്ന് പടയണി തുള്ളിയ പടപ്പാട്ടുകൾ ഇന്നും ആവർത്തിച്ചു വായിക്കാറുണ്ട്. എന്നാൽ കടമ്മനിട്ടയുടെ ജീവിതം അതിന്റെ എല്ലാ തീവ്രതയിലും വൈവിധ്യത്തിലും മലയാളത്തിൽ ഒരാൾക്ക് ആവിഷ്കരിക്കാൻ കഴിയുമെന്ന് വിചാരിച്ചിട്ടേയില്ല. എഴുത്തുകാരുടെ ജീവിതവും കൃതികളും സമഗ്രമായി വിലയിരുത്തുന്ന ആധികാരിക ഗ്രന്ഥങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ പതിവാണ്. വർഷങ്ങളോളം,ചിലപ്പോൾ ഒരു ജീവിതം തന്നെയും മാറ്റിവച്ച് വ്യാപക ഗവേഷണവും പഠനവും നടത്തിയാണ് അത്തരം പുസ്തകങ്ങൾ ഉണ്ടാകുന്നത്. എന്നാൽ മലയാളത്തിൽ ചൂണ്ടിക്കാണിക്കാൻ അപൂർവം പുസ്തകങ്ങൾ പോലുമില്ല. എടുത്തുപറയാവുന്ന ഒരേയൊരു കൃതി അടുത്ത കാലത്തിറങ്ങിയ മുക്തകണ്ഠം വികെഎൻ ആണ്. കെ.രഘുനാഥൻ എഴുതിയ വികെഎന്നിന്റെ ജീവിതാഖ്യായിക. ഈ രണ്ടു പുസ്തകങ്ങളോടെ, മലയാളത്തിലും സമഗ്ര ജീവിത പുസ്തകങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

കടമ്മനിട്ടയുടെ കവിതയെയും ജീവിതത്തെയും സമഗ്രമായി അവതരിപ്പിക്കുന്നു എന്നതാണ് കവിതയുടെ കനലാട്ടത്തിന്റെ സവിശേഷത. ലാളിത്യം നിറഞ്ഞുനിൽക്കുന്നതാണ് ആഖ്യാനം. എന്നാൽ, കവിതയെ, കടമ്മനിട്ടയുടെ പ്രസക്തിയെ അടയാളപ്പെടുത്തുമ്പോൾ അതിനു ചേരുന്ന വാക്കുകളും ശൈലിയും ഉപയോഗിക്കാൻ മടിച്ചിട്ടുമില്ല. വിദ്യാർഥിയായിരുന്ന കാലം മുതലേ കവിയെ അനുയാത്ര ചെയ്ത വ്യക്തിയാണ് രവികുമാർ. കേവലം ജീവചരിത്രം എന്ന നിലവിട്ട് അടുത്തുകണ്ടും കേട്ടും അറിഞ്ഞ ജീവിതത്തെ പൂർണമായും ഉൾക്കൊണ്ടാണ് എഴുത്ത്. മാറിനിന്നു കണ്ട ജീവിതമല്ല. ഏറ്റവുമടുത്ത ഒരാളായി അനുഭവിച്ചറിഞ്ഞ ജീവിതമാണ്. കവിയുടെ സഹയാത്രികർ ഉൾപ്പെടെയുള്ളവരുമായി ദീർഘസംഭാഷണങ്ങൾ നടത്തിയതിന്റെ മെച്ചവുമുണ്ട്. കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണിത്. സാമൂഹിക, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ തലങ്ങളിലെ നാടിന്റെ ഉൾത്തുടുപ്പറിഞ്ഞും സ്പന്ദനമറിഞ്ഞും എഴുതിയ കൃതി.
ജീവചരിത്ര കൃതികളിൽ പൊതുവേ കാണുന്ന വിരസത ഈ കൃതിക്ക് അന്യമാണ്. ആദ്യ പേജ് മുതൽ വലിച്ചടുപ്പിക്കുന്ന ആകർഷണീയതയുണ്ട്. നോവലോ കഥയോ പോലെ എന്നല്ല, അതിലും ആസ്വാദ്യകരമാണ് വായന. അപൂർവവും മികച്ചതുമായ പുസ്തകം വായിക്കുന്നതിന്റെ സംതൃപ്തി ഓരോ അധ്യായത്തിലും പേജിലും വാക്കുകളിലും നിറഞ്ഞുനിൽക്കുന്നു.
ചാക്കാല എന്ന കവിത എത്രയോ തവണ കേട്ടിരിക്കുന്നു. വായിച്ചിരിക്കുന്നു. എന്നാൽ ആ കവിതയ്ക്കു പിന്നിലുള്ള രാഷ്ട്രീയം വായനയിൽ ഏറ്റവും ഞെട്ടിച്ച അനുഭവമായി നിലനിൽക്കുന്നു. കേരളത്തിലെ ഒരു രാഷ്ട്രീയ കൊലപാതക വാർത്തയിൽ നിന്ന് മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ കവിത പിറവി കൊണ്ടതിന്റെ വ്യത്യസ്ത കഥ. പൂച്ചയാണിന്നെന്റെ ദുഃഖം എന്ന കവിതയ്ക്കു പിന്നിലുമുണ്ട് രാഷ്ട്രീയം. അടിയന്തരാവസ്ഥയുമായി ചേർത്ത് ശാന്തയും കുറത്തിയും വായിച്ചപ്പോഴും നേരിട്ടിട്ടില്ലാത്ത ഞെട്ടലുണ്ടായി ചാക്കാലയുടെയും പൂച്ചയുടെയും യഥാർഥ ദുഃഖം വായിച്ചപ്പോൾ.
ഉറക്കെപ്പാടിയും ആഞ്ഞുകൊട്ടിയും ഉറഞ്ഞുതുള്ളിയും കവിതയുടെ കനലാട്ടം നടത്തിയ കവിക്ക് ഏറ്റവും ഉചിതമായ സ്മാരകവും ഈ കൃതി തന്നെ.
കയ്യൂരിനെക്കുറിച്ചുള്ള സിനിമ യാഥാർഥ്യമാകാത്തതിന്റെ നിരാശയിൽ ആകെത്തകർന്ന ജോൺ ഏബ്രഹാം കാസർകോട്ടെ ആശുപത്രിയിൽ കിടക്കുന്നു. കടമ്മനിട്ട ക്ഷോഭത്തോടെ കാണാൻ ചെന്നു. നല്ല നാലു വർത്തമാനം പറയണം എന്നുറപ്പിച്ച്. എന്നാൽ അവശനായിരുന്നു ജോൺ. ഒന്നും പറയാവുന്ന അവസ്ഥയല്ല. രംഗം തണുപ്പിക്കാൻ ജോൺ തന്നെ ഇടപെട്ടു. കടമ്മാ, ആ മാസ്റ്റർപീസ് ഒന്നു ചൊല്ല്.
കടമ്മനിട്ട എന്ന കവിതയായിരുന്നു ജോണിന് ഏറെ പ്രിയപ്പെട്ട കവിത.
കവിത ചൊല്ലാനുള്ള മാനസികാവസ്ഥയിലല്ലെങ്കിലും തീരെ ഉത്സാഹമില്ലാതെ കടമ്മനിട്ട ചൊല്ലിത്തുടങ്ങി. എണ്ണം തെറ്റിയ ഓർമകൾ എന്ന വരിയിലെത്തിയപ്പോൾ സ്വയം മറന്നെന്നോണം പൊട്ടിയ ഗ്രാമഫോൺ റിക്കോർഡിൽനിന്നെപോലെ ജോൺ ആ വരി തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.
കവിതയുടെ കനലാട്ടം വായിക്കുമ്പോഴും എണ്ണം തെറ്റിയ ഓർമകളിൽ മലയാളം ഇടറി വീഴാം. അരികിൽ നിന്ന് കരം പിടിക്കാൻ അപ്പോഴും കടമ്മനിട്ടക്കവിതയുണ്ടാകും.
കത്തും ജീവിത സത്യം കുപ്പിയിൽ
വാറ്റിയെടുത്തതൊഴിഞ്ഞുകിടപ്പൂ
വക്കു മുറിഞ്ഞോ പാത്രം !
കടമ്മനിട്ട: കവിതയുടെ കനലാട്ടം
കെ.എസ്.രവികുമാർ
മനോരമ ബുക്സ്
വില 590 രൂപ
പുസ്തകം സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Content Highlights: Kadammanitta Ramakrishnan | Vayanamuri series | Kadammanitta Ramakrishnan biography | Chakkala poem | Kavithayude Kanalattam | Book review | K.S. Ravikumar | Malayalam literature | Malayalam authors | G Pramod