ADVERTISEMENT

അതൊരു വാടക വീടായിരുന്നു. വരാന്തയിലും അകത്തും കാണാവുന്നിടതെല്ലാം പുസ്തകങ്ങൾ. ഏതോ പുസ്തക ഗോഡൗൺ ആണെന്നേ തോന്നൂ.

ഇതാണ് ചന്ദ്രമൗലിയുടെ മുറി. ഒരു പുസ്തക പ്രേമിയുടെ സ്വപ്നമാണ് ആ മുറി. പുസ്തകങ്ങൾ അല്ലാതെ മറ്റൊന്നും സമ്പാദിക്കാത്ത ആ മനുഷ്യന് ആ മുറിയിൽ ഒന്നിരിക്കണമെങ്കിൽ കൂടി, ഒരു പുസ്തകം മാറ്റിവെച്ച് സ്ഥലം ഉണ്ടാക്കേണ്ടിയിരിക്കുന്നു. അത്ര അധികം പുസ്തകങ്ങൾ. 

ഒരു ഇടവപ്പാതി ദിവസം കനത്ത മഴയ്ക്കിടയിലെപ്പോഴോ തെളിഞ്ഞുവരുന്ന സൂര്യപ്രകാശം പോലെയാണ് ചന്ദ്രമൗലി. എത്ര വലിയ ആൾക്കൂട്ടത്തിലും ആരവത്തിലും മനസ്സിൽ നന്മയുള്ളവർ ശ്രദ്ധിച്ചു പോകുന്ന മുഖം. അറിവിനായി മാറ്റിവെച്ച ആ ജീവിതത്തെ ഒരിക്കൽ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ മറക്കാനാവില്ല. അറിവിന്റെ ഭാരം പേറി ജീവിക്കുമ്പോഴും ലാളിത്യം കൈവിടാത്ത ആൾ.

varanasi-book

ബനാറസ് സർവ്വകലാശാലയിലെ ലൈബ്രറിയാനായിരുന്ന ചന്ദ്രമൗലി, ജോലിയിൽ നിന്ന് പിരിഞ്ഞശേഷവും പുസ്തകങ്ങളുമായി ബന്ധപ്പെട്ട ജോലി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വയസ്സ് 70 ആകുന്നു. തന്നെ ഏൽപ്പിച്ച ജോലികൾ മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കി ഒരു പുസ്തകരചനയാണ് ചന്ദ്രമൗലി പദ്ധതിയിടുന്നത്. തെലുങ്ക്, സംസ്കൃതം, ഇംഗ്ലീഷ്, ജർമൻ, ഡച്ച്, ഫ്രഞ്ച് എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന അയാൾ അവസാനരചനയ്ക്കായി തിരഞ്ഞെടുക്കുന്ന വിഷയം കാശിവാസമാണ്. 

അതോടെ എന്റെ അവസാനത്തെ അധ്യായം കഴിയുന്നു.

അർത്ഥപൂർണ്ണമായ ഒരു ചെറിയ ജീവിതമാണ് അയാൾ ജീവിച്ചു തീർത്തത്. തന്റെ കടന്നുവരവിനെക്കുറിച്ചും തിരിച്ചുപോക്കിനെക്കുറിച്ചും അയാൾക്ക് കൃത്യമായ ബോധ്യമുണ്ട്. ഒരു നിയോഗം പോലെ ഇരുപത്താറാം വയസ്സിൽ വാരാണസിയിൽ ജോലിക്കു വരുമ്പോൾ അയാൾ വിവാഹിതനായിരുന്നു. വന്ന് കുറച്ചു നാൾക്കുള്ളിൽ ഭാര്യ ഒരു ഡച്ചുകാരനോടൊപ്പം ഓടിപ്പോയി. എല്ലാവരും പരാതിപ്പെടാൻ പറഞ്ഞപ്പോഴും അയാൾ അതിന് തയ്യാറായില്ല. അന്ന് ജീവിച്ച അതേ മുറിയിൽ അയാൾ പതിറ്റാണ്ടുകൾ ജീവിച്ചു തീർത്തു.

തന്റെ സുഹൃത്തിലെ വായനക്കാരനെ തിരിച്ചറിഞ്ഞ ശ്രീനിവാസൻ മരണപ്പെടുന്നതിനു മുമ്പ് വിൽപ്പത്രത്തിൽ  എഴുതിയിരുന്നത് 'തന്റെ പുസ്തകങ്ങൾ ചന്ദ്രമൗലിക്ക് എടുക്കാം' എന്നാണ്. അതിന് കാരണമായി അയാൾ പറഞ്ഞിരിക്കുന്നത്, ചന്ദ്രമൗലി പുസ്തകങ്ങളെ സ്നേഹിക്കുന്നു എന്നല്ല, പകരം പുസ്തകങ്ങൾ ചന്ദ്രമൗലിയെ ശരിക്കും സ്നേഹിക്കുന്നു എന്നതാണ്. 

പുസ്തകങ്ങളെ അത്രമേൽ സ്നേഹിച്ച, സൗഹൃദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒപ്പം നിന്ന, മഹാപണ്ഡിതനായ ആ ധിഷണശാലി കാശിയുടെ തന്നെ മറ്റൊരു മുഖമാണ്. 'വാരണാസി' എന്ന നോവലിൽ സുധാകരൻ ഭോഗത്തിന്റെ മുഖമാണെങ്കിൽ ചന്ദ്രമൗലി ശാന്തതയുടെ മുഖമാണ്. തിരക്കൊഴിഞ്ഞ ശ്മശാനഘട്ടുകളിൽ കെടാതെ കിടക്കുന്ന തീക്കനലുകൾ പോലെയാണത്. എല്ലാ ശബ്ദങ്ങൾക്കുമൊടുവിൽ സംഭവിക്കുന്ന നിർണായകമായ നിശബ്ദത പോലെ. ശാന്തമായ വാരാണസി.

"വളരെ കുറച്ച് മനുഷ്യന് ഉറക്കം ആവശ്യമുള്ളൂ," ഗവേഷണ വിദ്യാർത്ഥികളോട് ചന്ദ്രമൗലി പറഞ്ഞു. 

"ഉറക്കം ചെറിയതോതിലുള്ള ഒരു മരണമാണ്. ശരിയായി മരണം പിന്നാലെ വരുന്നുണ്ട്. അതുകൊണ്ട് ചെറിയ മരണങ്ങൾ കഴിവതും ഒഴിവാക്കുക."

ജീവിതത്തെയും മരണത്തെയും ആഴത്തിൽ പഠിച്ച ഒരാൾക്ക് മാത്രമേ മോക്ഷത്തിന്റെ നഗരമായ വാരാണസിയിൽ നിന്നുകൊണ്ട് ഇങ്ങനൊന്ന് പറയുവാൻ സാധിക്കുകയുള്ളൂ. മരണത്തെ മറുത്തുനിന്ന് ഭൈരവനാഥനും മരണത്തെ വരവേറ്റ ഹരിശ്ചന്ദ്രനും നിലകൊണ്ട മണ്ണിൽനിന്ന് ചന്ദ്രമൗലി വീണ്ടും വായിക്കുകയാണ്. ആ ചെറിയ മുറിയിൽ നൂറുകണക്കിന് പുസ്തകങ്ങൾക്ക് നടുവിൽ ഇരുന്നുകൊണ്ട്...

Content Highlights: Varanasi |  M.T. Vasudevan Nair | Chandramauli | Characters of  M.T. Vasudevan Nair | Varanasi in literature | Malayalam literature | Malayalam authors | Varanasi novel by M.T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com