ADVERTISEMENT

നനഞ്ഞ വയൽവരമ്പിന്റെ അരികിൽ പുതുമഴയ്ക്കു ജീവൻ വെച്ച കറുകത്തലപ്പുകളിൽ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകൾ കാൽപ്പാടുകളുടെ ശബ്ദം കേട്ട് ഞെട്ടിയുണരുന്നു.കാൽവണ്ണയിൽ തട്ടി വരമ്പു ചാടുമ്പോൾ അവ നനുത്ത ശബ്ദമുണ്ടാക്കുന്നു. എന്തോ അതോർമ്മിപ്പിക്കുന്നു. സുപരിചിതമായ, സുഖകരമായ ഈ ശബ്ദം കേട്ടതെപ്പോഴാണ് ?

കാലം എന്ന നോവൽ തുടങ്ങുന്നത് ഒരു ശബ്ദത്തിലാണ്. പച്ചക്കുതിരകൾ പുറവെടുപ്പിച്ച വളരെ നേർത്ത  ശബ്ദം നീലപ്പൂക്കളുള്ള ജാക്കറ്റിലെ പ്രസ്സ്ബട്ടണുകൾ പൊട്ടുന്നതുപോലെയാണെന്ന് അധികം വൈകാതെ സേതു ഓർത്തെടുക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം അതേ വഴിയിലൂടെ വീണ്ടുമൊരിക്കൽ കൂടി നടന്നു പോകുന്നതിന് തൊട്ട് മുമ്പാണ് കാവിനിറത്തിലുള്ള ഈറൻ മുണ്ടുകൊണ്ട് മൂടിപ്പുതച്ചു നിൽക്കുന്ന സുമിത്രയെ കാണുന്നത്. അപ്പോൾ ഞാന്നു കിടക്കുന്ന തടിച്ച ജടകളുടെ തുമ്പിൽ നിന്നു വെള്ളം ഇറ്റിവീഴുന്ന ശബ്ദമായിരുന്നു.  വാക്കുകളേക്കാളേറെ  ശബ്ദങ്ങളും നിറങ്ങളും മണങ്ങളും  അടയാളപ്പെടുത്തുന്ന ചില കാഴ്ചകളുടെ മറ്റൊരു തലം പുനർവായനയിലാണ് കൂടുതൽ തെളിഞ്ഞു കിട്ടുന്നത്.   

അച്ഛൻ വീട്ടിൽ ചെല്ലുന്ന സേതുവിന്റെ മനസ്സിൽ വരുന്ന ഒരു താരതമ്യം ഇങ്ങനെയാണ്. രാവിലെ കോവിലകത്തുകാരുടെ ചിറയിൽ പോയി കുളിച്ചു വന്ന് ചന്ദനം തൊട്ട് രണ്ടാം മുണ്ടു ധരിച്ചു നടക്കുന്ന അച്ഛൻ പെങ്ങന്മാരുടെ  മാന്യതയും, ചെറിയ തോർത്തുമുണ്ട് ചുറ്റി മുഷിഞ്ഞ ഒന്നരയുടെ തുമ്പു പുറത്തുകാട്ടി നടക്കാറുള്ള അമ്മയേയും ചെറിയമ്മയേയും കാണുമ്പോഴുള്ള നാണക്കേടും. ബന്ധുവീട്ടിലെ കല്യാണത്തിന് ഏട്ടത്തിയമ്മയെ ആദ്യമായി കാണുമ്പോൾ ഇവർ തന്നെയാവട്ടെ തന്റെ ഏട്ടത്തിയമ്മ എന്ന് തീരുമാനിക്കുന്നതും വസ്ത്രത്തിന്റെ വ്യത്യസ്തത കൊണ്ടാണ്. സാരി ചുറ്റിയ രണ്ടു പെണ്ണുങ്ങളിൽ നീലനിറത്തിൽ അവിടവിടെ വെള്ളിക്കസവുകൾകൊണ്ട് പൂക്കൾ പിടിപ്പിച്ച സാരിയിൽ ആയിരുന്നു ഏട്ടത്തിയമ്മ. ആരിയമ്പാടത്ത് കൂത്ത് കേൾക്കാൻ അരയാൽത്തറയിൽ ചാരിയിരിക്കുമ്പോൾ പായയിൽ കിടന്നുറങ്ങുന്ന സുമിത്രയുടെ നീലിച്ച ഇലകളും ചില്ലികളുമുള്ള ജാക്കറ്റിൽ നനുത്ത ഓളങ്ങൾ ഒഴുകി നടക്കുന്നതിൽ ആണ് മാധവൻ നായരുടെ കണ്ണുടക്കുന്നതും ഒഴിയാബാധപോലെ അവൾ ഉള്ളിൽ നിറയുന്നതും.  ചുവന്ന സിൽക്കിന്റെ ബ്ലൗസ് ഇട്ടുവരുമ്പോൾ സുമിത്ര ചോദ്യങ്ങൾ ഇല്ലാതെ തന്നെ വിശദീകരണമായി മുത്തശ്ശ്യാർക്കാവിൽ പോയ കഥ സേതുവിനോട് പറയുന്നു. കുന്നിൻ ചെരുവിലെ ബ്രഹ്മരക്ഷസിന്റെ തറയ്ക്കു സമീപം നിന്ന് നട്ടുച്ചയ്ക്ക് മനഃശക്തികൊണ്ട് സുമിത്രയെ ആവാഹിച്ച് വരുത്തുന്ന സേതു ശ്രദ്ധിക്കുന്നത് കഴുത്തിൽ നിന്നിറങ്ങുന്ന വിയർപ്പുചാലുകളിൽ മഞ്ഞനിറമുള്ള സാറ്റിൻ ബ്ലൗസിന്റെ ചുവന്ന പൈപ്പിങ്ങുകൾ കുതിർന്നിരിക്കുന്നതാണ്.  

തങ്കമണി വരുന്നതുതന്നെ പകച്ച നോട്ടത്തോടെ വെളുത്ത ജാക്കറ്റും ഇലപ്പച്ചനിറത്തിലുള്ള പാവാടയുമായിട്ടാണ്. അമ്പലത്തിലേക്കിറങ്ങുമ്പോൾ അവളുടെ വെളുപ്പിൽ നീല  പൂക്കളുള്ള ദാവണിക്കൊപ്പം പൗഡറിന്റെയും മുല്ലപ്പൂക്കളുടെയും സുഗന്ധം കൂടി ചേരുന്നു.  മുറിയിലെ ഇരുട്ടിൽ യാതൊരു പകപ്പുമില്ലാതെ സേതുവിന്റെ അടുത്ത് എത്തുമ്പോഴും തങ്കമണി വായിക്കപ്പെടുന്നത് നനുത്ത പതിഞ്ഞ ശബ്ദത്തിൽ ആണ്. 

വലിയ സിന്ദൂരപ്പൊട്ട് തൊട്ട് കൈത്തണ്ട നിറയെ കുപ്പിവളകളുമായി എപ്പോഴും ഒച്ചയുണ്ടാക്കിക്കൊണ്ട് നടക്കുന്ന, വർണ്ണനൂലുകൾകൊണ്ട് കോറത്തുണിയിൽ പൂക്കൾ തുന്നിപ്പിടിപ്പിക്കുന്ന നളിനിയേട്ടത്തിയുടെ മാറ്റത്തെ മഴയത്ത് കുതിർന്നു പോയ കളത്തിൽ, മണ്ണിൽ കുതിർന്നു പോയ ഇന്നലത്തെ പൂക്കളം പോലെ അവർ വാടി നിൽക്കുന്നതായാണ് സേതു കാണുന്നത്. ഇതിനോടൊപ്പം  ചേർന്നു നിൽക്കുന്ന തികച്ചും വ്യത്യസ്തമായ  രൂപം സരോജിനിയുടേതാണ്. ഒട്ടും സുഖകരമല്ലാത്ത ഒരു അന്തരീക്ഷത്തിൽ വെളുത്ത പാവാടയും പച്ചനിറത്തിലുള്ള ജാക്കറ്റുമിട്ട പെൺകുട്ടിയായാണ് ആദ്യം എത്തുന്നത്.. എന്നാൽ കുളിച്ച് വിരിച്ചിട്ട മുടിയുമായി ചുവന്ന സിൽക്ക് സാരിയിൽ എത്തുമ്പോൾ അത് അവൾക്ക് യോജിക്കുന്നില്ലെന്ന് സേതു വിധിയെഴുതുന്നു. ഒട്ടുമേ ചേർത്തു വയ്ക്കാനാവാത്ത ഒന്നരയും മുണ്ടും ധരിപ്പിച്ച് നെറ്റിയിൽ വരക്കുറി ചാർത്തി തുമ്പുകെട്ടിയ മുടിയിൽ നൈർമല്ല്യത്തിന്റെ ഒരു മന്ദാര ഇതൾ കൂടി ചൂടിച്ചാണ് സേതു സരോജിനിയുടെ ചിത്രം പൂർത്തിയാക്കുന്നത്.

ഓണക്കാലത്ത് താൻ എന്തു ചെയ്തു എന്ന കൂട്ടുകാരുടെ ചോദ്യം സേതുവിന്റെ മനസ്സിൽ ഉണർത്തുന്ന ഉത്തരമിതാണ് -  “മട്ടിപശയുടെ മണം തങ്ങി നിൽക്കുന്ന ഇരുട്ടു മുറിയിൽ കോടിമുണ്ടുകൾ ഉരസിവീഴുന്ന ശബ്ദം വേണമെങ്കിൽ, ഇപ്പോൾ കണ്ണടച്ചാൽ കേൾക്കാം– ആ ശബ്ദത്തോടൊപ്പം വിയർപ്പിന്റെയും ചന്ദനത്തിന്റെയും കണ്മഷിയിൽ അലിഞ്ഞ കർപ്പൂരത്തന്റെയും നനുത്ത ഗന്ധം കൂടി സേതുവിന്റെ ബോധത്തെ വലയം ചെയ്യുന്നുണ്ട്. ഇടവഴിയിലൂടെ  വരുന്ന സുമിത്ര നടന്നടുക്കുമ്പോൾ കൂടുതൽ കഞ്ഞിപ്പശ മുക്കിയ മുണ്ട് കണങ്കാലിൽ അടിച്ചു ശബ്ദമുണ്ടാക്കുന്നത് മാധവൻ നായർ ശ്രദ്ധിക്കുന്നുണ്ട്. എഴുതാതെ പോയ ഒരു ശബ്ദമായി മാധവൻ നായരുടെ ഉയർന്നു പോയ ഹൃദയതാളവും ഉണ്ടെന്ന് വായിച്ചെടുക്കാം. കുളക്കടവിൽ മുണ്ട് അലക്കുന്നതിന്റെ ശബ്ദം പലപ്പോഴും പശ്ചാത്തലത്തിൽ നിറയുമ്പോൾ ആളനക്കത്തിന്റെ സൂചനയാവുന്നു.

ലളിത ശ്രീനിവാസനൊപ്പം സ്വർണ്ണ നിറവും സ്വർണ്ണനൂലുകളാൽ തുന്നിയ പൂക്കളുമാണ്.  ബംഗ്ലാവിലെ വെനീഷ്യൻ ബ്ലൈൻഡ്സിനപ്പുറം കാർപ്പറ്റിൽ പതിയുന്ന ചുവന്ന ചെരുപ്പിട്ട തുടുത്ത കാലടികൾക്കൊപ്പം സ്വർണ്ണക്കസവുള്ള കോടി നിറമുള്ള സാരിത്തുമ്പുകൾ ഇളകുന്നുണ്ട്. ഒന്ന് കാതോർത്താൽ ഇളം മഞ്ഞനിറത്തിലുള്ള സാറ്റിൻ അടിപ്പാവാടയുടെ ചുരുൾ നിലത്തിഴയുന്ന ശബ്ദവും കാതുകളിലെത്തും. പക്ഷേ, എന്തുകൊണ്ടോ അസ്വസ്ഥമായ ഒരു കടലിരമ്പമാണ് ലളിതയെ അടയാളപ്പെടുത്തുന്നത്.. എല്ലാ മുടികെട്ടുകളിലും നനവിന്റെ മണവും എണ്ണയുടെ മയവും  നിറയുമ്പോൾ എണ്ണമയമില്ലാതെ പറക്കാൻ വിട്ട മുടിച്ചുരുളുകൾ അവരുടേത് മാത്രമാവുന്നു.  

സുമിത്രയുടെ സന്നിധ്യത്തിലാണ്   മാധവൻ നായർക്ക്  രോമക്കാടുകൾ വളർന്ന തന്റെ നഗ്നശരീരത്തെപ്പറ്റിയും മടക്കികുത്തിയ ഒറ്റമുണ്ടിനെപ്പറ്റിയും  ഓർമ്മവരുന്നത്. അടക്ക വിൽക്കാൻ പോവുമ്പോൾ അങ്ങാടിയിൽ നിന്ന് കൈയുള്ള നാല് ബനിയൻ വാങ്ങണമെന്ന തീരുമാനത്തിൽ  നിന്നും വർഷങ്ങൾക്കപ്പുറം കോളറുള്ള കമ്പനി ബനിയനും ചുമലിലെ ചുവന്ന തൂവാലയുമായി മാധവൻ നായരുടെ വേഷം തന്നെ മാറിപ്പോവുന്നത് സേതു ഓരോ തവണയും വീട്ടിൽ വരുമ്പോഴുള്ള കാഴ്ചയിലൂടെ വായനക്കാരിൽ എത്തുന്നു. 

അഞ്ഞൂറ്റൊന്ന് സോപ്പുകൊണ്ട് ട്രൗസറും ഷർട്ടും തിരുമ്മി ചുളിവില്ലാതെ മടക്കിത്തരുന്ന ഏട്ടത്തിയമ്മ പോയപ്പോൾ പൗഡറിന്റെയും വാസന ചാന്തിന്റെയും സുഗന്ധവും വീട്ടിൽ നിന്ന് ഒഴുകപ്പോയി. എന്നാൽ പരമേശ്വരേട്ടനെ ഓർമ്മിപ്പിക്കുന്നത് ഇസ്തിരിയിട്ടതിന്റെ നേർത്ത മണമുള്ള  ഷർട്ടുകളാണ്. ഇരുട്ടിൽ സേതുവിന്റെ അടുത്തിരിക്കുന്ന സുമിത്രയുടെ സാന്നിധ്യമറിയിക്കുന്നതിൽ വാരസോപ്പിട്ട് തിരുമ്മിയ ബ്ലൗസിന്റെയും മുണ്ടിന്റെയും നേർത്ത മണം കൂടിയുണ്ട്. പക്ഷേ, ഇരുട്ടിൽ കോണി ഇറങ്ങി പോവുന്ന തങ്കമണി ബാക്കി വയ്ക്കുന്നത് കർപ്പൂരം കത്തിച്ച ഭസ്മത്തിന്റെയും കളഭക്കൂട്ടിന്റെയും ചന്ദനസോപ്പിന്റെയും നേർത്ത സുഗന്ധമാണ്. ഇരുളിൻകീറിൽ അതു സേതു ശ്വസിച്ചുവറ്റിക്കുകയാണ്. 

നല്ലഗന്ധങ്ങൾ മാത്രമല്ല കാലത്തിലുള്ളത്; ഈറനുണങ്ങാത്ത തുണികളുടെയും നനഞ്ഞ ഇരുട്ടിന്റെയും അസുഖകരമായ ഗന്ധമാണ് വീടിനെന്ന്, അതൊരു തടവുമുറി ആയി തോന്നുമ്പോഴെല്ലാം സേതുവിന് അനുഭവപ്പെടുന്നുണ്ട്. എവിടെയും പറയുന്നില്ലെങ്കിലും ചെറിയമ്മയോട് ചേർന്ന് മൂക്കിപ്പൊടിയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ട്.  ഉണ്ണിനമ്പൂരിയോടൊപ്പം ഒരു മുഷിഞ്ഞ മണവും.

കുടുക്ക് പൊട്ടിയ ട്രൗസർ അരഞ്ഞാൺചരടിൽ തിരുകിവെച്ച് ഓടി നടന്ന ചെക്കൻ  ഒരിക്കലും കീറാത്ത തലയിണ ശീലപോലുള്ള വരയൻ ഷർട്ടുകളിൽ നിന്നും മോചനം കിട്ടി കോളറും കൈമുട്ടുമറയെ മടക്കിവെച്ച കഫും ഉള്ള ഇസ്തിരിയിട്ടു തിളങ്ങുന്ന പോപ്ലിൻ ഷർട്ടിലൂടെ പുരോഗമിക്കുകയാണ്.  

അവൻ പറയുന്നത് കേൾക്കുന്നുണ്ടോ:

മുകളിലെ വരാന്തയിൽ അയയിൽ ഇട്ട സൺലൈറ്റ് സോപ്പിന്റെ ഗന്ധമുള്ള പാവാടയുടെ ഞൊറികളിലൂടെ വിരലോടിക്കുമ്പോൾ കൂടി കോരിത്തരിപ്പ്. 

ഇതായിരിക്കാം പ്രേമം. 

ആയിരിക്കാം; പക്ഷേ, കാലത്തിന്റെ നിറം നീലപ്പൂക്കളുടേതാണ്, ശബ്ദം മുണ്ടുരയുന്നതിന്റെയും,  മണം മട്ടിപ്പശയുടേതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT