ADVERTISEMENT

സീ മിസ് സോണിയ, 

അഞ്ചാം നിലയിലുള്ള ഞങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ, വിശാലമായതിനാൽ മാത്രം വിരസമായ ആകാശത്തേക്ക്, കറുപ്പിൽ ഒന്നിടവിട്ട വെളുത്ത പുള്ളിക്കുത്തുകളുള്ള ചിറകുകൾ ആഞ്ഞുവീശി, തെറ്റാലി ഉപേക്ഷിച്ച കല്ലുകൾ പോലെ പറക്കുന്ന പക്ഷികളുടെ - അവയുടെ പേരെനിക്ക് ഇപ്പോഴും അറിയില്ല- ആയാസരഹിതമായ പ്രയാണം (അങ്ങനെ പറയാമോ?) കണ്ടുകൊണ്ടിരിക്കെ നിന്നെക്കുറിച്ച് ഓർമ വന്നതും പ്രണയം ആഞ്ഞുകൊത്തിയ വൈവശ്യത്തോടെ, മുഷിഞ്ഞ ഉറക്കറവേഷം പോലും മാറാതെ, വേഗം വർധിക്കുമ്പോഴൊക്കെയും ചെയിൻ വീണുപോകുന്ന ആ പഴയ സൈക്കിളിൽ നിന്നെ കാണാൻ ഇറങ്ങി പുറപ്പെട്ടെങ്കിലും, ഒരേ യൂണിഫോമിട്ട സ്‌കൂൾ കുട്ടികളെ അനുസ്മരിപ്പിക്കും വിധം തീരെ വെള്ളമില്ലാതെ മെലിഞ്ഞ നദിയോരത്ത് നിരനിരയായി നിൽക്കുന്ന വില്ലകൾക്ക് മുന്നിൽ സംശയിച്ച് നിന്നതും, അന്നേരം നിന്റെ ഇരട്ട സഹോദരി സീനിയ ടെറസിൽ ഉണക്കാനിട്ട തുണികളെടുക്കാൻ വന്നപ്പോൾ ദൂരക്കാഴ്ചയുടെ വിസ്മയിപ്പിക്കുന്ന സാദൃശ്യത്താൽ നിന്നെയും അവളെയും എനിക്ക് മാറിപ്പോയി എന്നത് സത്യമാണെങ്കിലും അവൾ കടുംനിറവും നീ ഇളംനിറവും ഇഷ്ടപ്പെടുന്നവർ എന്ന ധാരണ എനിക്ക് നീ പറഞ്ഞുതന്നിട്ടുള്ളതിനാൽ, അവളിട്ടിരുന്ന ഡ്രസിന്റെ തീമഞ്ഞയാൽ അവൾ നീയല്ലെന്ന തോന്നൽ ഉണ്ടാകും മുൻപേ ഞാനവൾക്ക് നേരേ കൈവീശിയതും അവളുടെ അന്ധാളിച്ച നോട്ടം നേരിടാനാകാതെ പിൻതിരിഞ്ഞതും എഫ്.ഐ.ആർ. എഴുതുമ്പോഴും പിന്നീടും ഞാനെത്ര ആവർത്തി വിശദീകരിച്ചിട്ടും അവയൊന്നും പരിഗണിക്കാതെ, അതേ വൈകുന്നേരം തന്നെ സീനിയയെ കാണാതായതിനെ തുടർന്ന്, വില്ലകളിലേക്കുള്ള പ്രധാന ഗേറ്റിലെ സെക്യൂരിറ്റി റൂമിൽ സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ ഞാനുണ്ടെന്ന്, ഞാനല്ലാതെ മറ്റാരുമില്ലെന്ന് പൊലീസ് കണ്ടെത്തിയത് അവർക്കും പരദ്വേഷികളായ ചിലർക്കും വാസ്തവമാണെന്നിരിക്കെ, പത്രങ്ങളും ചാനലുകളും വാട്ട്സാപ്പ് ഗ്രൂപ്പുകളും അവയെല്ലാം തുടർ ചർച്ചകൾക്ക് വിഷയമാക്കിയ സാഹചര്യത്തിൽ, ഇനി ഞാൻ പറയുന്നതൊക്കെയും നീയെങ്കിലും വിശ്വസിക്കുമോ സോണിയ?

ലിസൺ മിസ് സോണിയ, 

യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഉറുമരങ്ങളുടെ നിഴലിൽ നിന്നുകൊണ്ട്, 'Our American Cousin' കാണാൻ എഡ്വിൻ സ്റ്റാൻഡേൻ വന്നിരുന്നുവെങ്കിൽ ഒറ്റയുണ്ട മാത്രമുള്ള തോക്ക് വിൽക്കീസ് ബൂത്തിന് ഭാരമായേനെ എന്ന് ചുമ്മാ തർക്കിച്ചപ്പോഴും ഹെർത്ത മ്യുലറുടെ ഹംഗർ എയ്ഞ്ചൽ കൈമാറിയപ്പോഴും സീനിയ നമുക്കൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങൾ നീ ഓർക്കുന്നത്, ഞാൻ അവളെ മാത്രം നോക്കി സംസാരിച്ചതിലുള്ള നീരസത്തോടെയാകും എന്നിരിക്കെ, അവളെ നോക്കുമ്പോഴും ഞാൻ നിന്നെ തന്നെ നോക്കുകയായിരുന്നുവെന്ന ഇനിയും വ്യക്തമാകാത്ത ആശയം, അവളുടെ അപ്രതീക്ഷിത തിരോധാനത്തിൽ എന്നെ സംശയിക്കാൻ നിനക്ക് ന്യായമായ കാരണമായി മാറുന്നതിനൊപ്പം, നമുക്കിടയിലെങ്കിലും പ്രണയം ഒളിപ്പിച്ചു വയ്‌ക്കേണ്ട കളവുമുതലാണെന്ന തിരിച്ചറിവ് ഉണ്ടായിട്ടും, ഞാനത് വെളിപ്പെടുത്താൻ യത്നിക്കുന്നതിനെ ഒട്ടൊരു കൗതുകത്തോടെയും ജിജ്ഞാസയോടെയും ചിലപ്പോഴൊക്കെ കൃത്രിമമായി സൃഷ്ടിച്ച വെറുപ്പോടെയും അശ്രദ്ധമായി ശ്രദ്ധിച്ച നീ... നീ, കോഫീഷോപ്പിൽ ഞങ്ങൾ അടുത്തടുത്തിരുന്നപ്പോൾ, നിന്റേതിനേക്കാൾ അൽപ്പം കൂടി വലുപ്പമുള്ള മാറിടങ്ങൾ അവളെന്റെ ചുമലിൽ മനഃപൂർവമെന്നോണം അമർത്തിയപ്പോഴും പാതികുടിച്ച ചായക്കപ്പുകൾ വിളുമ്പിൽ പറ്റിയ അവളുടെ ലിപ്സ്റ്റിക്കിന്റെ ഇത്തിരി ചുവപ്പോടെ, എന്റെ ചുണ്ടുകളുടെ സിഗരറ്റ് മണമോടെ പരസ്പരം വച്ചുമാറി ബാക്കി കുടിച്ചപ്പോഴും, അതെല്ലാം പ്രോത്സാഹിപ്പിക്കുന്ന അലസഭാവം നീ.. നീയെടുത്തണിഞ്ഞത് മറന്നുകൊണ്ടല്ല മറിച്ച്, സീനിയയുടെ പ്രകോപനങ്ങളെ അയത്നലളിതമായി മറികടക്കുന്ന നിന്റെ സ്ഥൈര്യമായിരുന്നു എനിക്കുള്ള ക്ഷണമെന്ന് ഞാൻ-ശരിയായി-തെറ്റായി- ധരിച്ചത് അഴികൾക്കുള്ളിലിരുന്ന് ഇന്നോർക്കുമ്പോൾ കുളിരു പകരുന്നുവെങ്കിലും ചിരിച്ചും വെറുപ്പിക്കും വിധം പരിഹസിച്ചും അട്ടഹസിച്ചും സാഹോദര്യത്തിന്റെ സംരക്ഷണവലയം തീർക്കുകയായിരുന്നു നമുക്ക് ചുറ്റും അവളെന്ന് ഏറ്റവും വൈകി മനസിലാക്കിയ ആളാണ് സോണിയ, നീ..

പ്ലീസ് സിറ്റ് ഹിയർ ബൈ മൈ സൈഡ് സോണിയ, 

നമ്മൾ മൂവരും ഒന്നിച്ചിരിക്കുമ്പോൾ ഞാൻ എപ്പോഴും നടുക്കിരിക്കണമെന്ന് ഏറ്റവും വാശി പിടിച്ചിരുന്നത് സീനിയ ആണെങ്കിലും അവളെ പ്രകോപിപ്പിക്കാനായി നീയിടയ്ക്കിടെ സ്റ്റോൺ ബ്രിഡ്ജ് പ്ലേയിലെ ഗ്രീൻ സ്റ്റോൺ പോലെ സ്ഥാനം മാറിയിരുന്ന് ക്രമംതെറ്റിച്ചതും ബ്ലൂയിങ്ക് തീയറ്ററിൽ ലീ ചാങ് ഡോങിന്റെ പോയട്രി കണ്ടു കൊണ്ടിരിക്കുമ്പോൾ എന്നിലേക്ക് ചാഞ്ഞു ചാഞ്ഞു വരുന്ന സീനിയയെ അമർഷത്തോടെ നീ നോക്കിയതും എന്റെ ശ്രദ്ധ അത്രയും സിനിമയിൽ തന്നെയെന്ന് ഉറപ്പിക്കാനായി കണ്ണുകൾ എന്റെ നേരെ മിനിറ്റിൽ രണ്ടു വട്ടം എന്ന മട്ടിൽ നീണ്ടതും താക്കീതുമായി മടങ്ങിയതും ഞാനിനിയും മറന്നിട്ടില്ലെങ്കിലും നിന്റെ ഇമവെട്ടൽ, തലയിളക്കം, അമർത്തിയ ചിരി എന്നിവയിലെല്ലാം എന്നോടുള്ള താൽപര്യങ്ങളുടെ അളവ് വർധിച്ചത് അങ്ങേയറ്റം പ്രകടമായിരുന്നു എന്നിരിക്കെ, അതുതന്നെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത് എന്നിരിക്കെ, നീക്കിനിർത്താനാവാത്ത ഉറച്ച വാഗ്ദാനം പോലെ സീനിയ നമുക്കിടയിൽ സ്ഥാനം നേടിയിരിക്കുന്നു എന്ന യാഥാർഥ്യം ഞാൻ പലവട്ടം മറന്നു പോയത് നിങ്ങൾ ഇരുവർക്കും ഉണ്ടായിരുന്ന അസാധാരണമായ രൂപസാദൃശ്യം കാരണമാണെന്ന് നിന്നോട് ഞാൻ പറഞ്ഞുവെങ്കിലും അതൊന്നും കാര്യമാക്കാതെ പെസഹായുടെ തലേന്ന് നീയും ഞാനും സീനിയയെ ഒഴിവാക്കി നദിക്കരയിലൂടെ, ഏറെ ദൂരം പടർന്നു പൂത്തു കിടക്കുന്ന മഞ്ഞയും ചാര നിറവുമുള്ള പൂക്കളുടെ - അവയുടെ പേരെനിക്ക് ഇപ്പോഴും അറിയില്ല - ഇടയിലൂടെ നടന്നു നടന്നു പോയതും ഒഴുക്കിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിന്റെ നിഴലിൽ, മണ്ണിൽ തമ്മിൽ പുണർന്നു കിടക്കാനുള്ള വെമ്പലോടെ മേലുടുപ്പുകളുടെ കുടുക്കുകൾ വിടർത്തി നീയെന്റെ മേലേക്ക് അമർന്നതും ഇതെന്റെ നെറ്റി, ഇതെന്റെ കവിളുകൾ, ഇതെന്റെ തോളെല്ല്, ഇതെന്റെ നെഞ്ച്, ഇതെന്റെ മന്ദാരങ്ങൾ, ഇതെന്റെ വയർ, ഇതെന്റെ നാഭി, ഇതെന്റെ ഒലീവില, ഇതെന്റെ തുടകൾ, ഇതെന്റെ നെരിയാണി എന്നിങ്ങനെ പരിചയപ്പെടുമ്പോൾ, ലജ്ജയോടെ വളർന്ന എന്റെ സ്തോഭത്തെ സ്വന്തം ആഴങ്ങളിലേക്ക് ആവാഹിച്ചു കൊണ്ട് നീ കിതച്ചപ്പോൾ, നിന്റെ ചുമലുകൾക്ക് മുകളിലൂടെ മരച്ചില്ലകൾക്കിടയിലൂടെ നിങ്ങളുടെ വില്ലയുടെ ജനലിൽ സീനിയയുടെ മുഖം നദിക്കരയിലേക്ക് നമ്മളെ തേടി ഇഴഞ്ഞെത്തുന്നത് കണ്ട് ഞാൻ വല്ലാതെ ഭയന്നു പോയതും, നമ്മൾ മൂവരും ഇനിയൊരിക്കലും അടുത്തടുത്ത് ഇരിക്കലുണ്ടാവില്ല എന്ന് വിറച്ചതും എന്തിനായിരുന്നു സോണിയ?

ടെയ്സ്റ്റ് ദിസ് വൈൽഡ് ഹണി സോണിയ,

ഒരേ നിറത്തിൽ, ഒരേ ഞെട്ടിൽ, ഒരേ ആകൃതിയിൽ, ഒരേ വലുപ്പത്തിൽ ഒരേ ചെടിയുടെ സ്വഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഇലകൾ പോലെ നിന്നിട്ടും കാറ്റടിക്കുമ്പോൾ പരസ്പരം വികർഷിക്കുന്ന നിങ്ങളിരുവരും, പന്തയത്തിൽ ജയിക്കാൻ തെല്ലും താൽപര്യമില്ലാത്ത ദ്വന്ദ്വയുദ്ധ പോരാളിയെപ്പോലെ എന്ന് സ്വയം വിശേഷിപ്പിക്കാൻ മടിക്കാത്ത എനിക്ക് വേണ്ടി ഇനിയും വെളിപ്പെടാത്ത ഒരു ശീതസമരത്തിൽ പങ്കെടുക്കുകയാണ് എന്ന വസ്തുത, രുചിക്കുമ്പോൾ തേൻമധുരമുള്ള വിഷമാണെന്ന ബോധം നിലനിൽക്കെത്തന്നെ, ആഗ്രഹിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ അധീനപ്പെടാൻ മാത്രം നിസ്സഹായതയും ആത്മനിരാസവും എനിക്കില്ലെങ്കിലും പൊലീസിന്റെ ചോദ്യഭേദ്യങ്ങളെ മൗനംകൊണ്ടു നേരിടാൻ തക്ക ഊർജം എന്റെ ഹൃദയം സംഭരിച്ചിരുന്നു എന്നിരിക്കെ, അവൾ കണ്ടുവെന്ന് എനിക്കെങ്കിലും ഉറപ്പുള്ള നദിക്കരയിലെ നമ്മുടെ സമാഗമത്തിനു ശേഷം സീനിയയുടെ അപ്രത്യക്ഷയാകൽ, നമ്മൾ മൂവരും, ഞങ്ങളിരുവരും നീയും, ഞാനും നീയും അവളും എന്നിങ്ങനെ പല കൈവഴി പിരിയുന്ന വ്യാഖ്യാനങ്ങളിലേക്ക് വികസിക്കുന്ന പ്രണയവ്യാകരണമായിരുന്നുവെന്ന് നീ സമ്മതിച്ചാലും ഇല്ലെങ്കിലും പൊലീസ് നായയുടെ തിരച്ചിലിനൊടുവിൽ കണ്ടുകിട്ടിയ അവളുടെ അടികീറിയ ഒറ്റച്ചെരുപ്പിന്റെ മറുപിള്ള, (ഹ..ഹ... കണ്ണാടി നോക്കിയാൽ സീനിയ നീ ആയി) പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ആരോ നിരുപാധികം ഉപേക്ഷിച്ച വ്യാജ സർട്ടിഫിക്കറ്റു പോലെ ഞങ്ങളുടെ ഫ്ലാറ്റിനു മുന്നിലെ അലങ്കാരപ്പനയുടെ ചുവട്ടിൽ നിന്നു കണ്ടെത്തും വരെ നിന്നെ നിഷ്കളങ്കമായും ആത്മാർഥമായും ഞാൻ സ്നേഹിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നതിനൊപ്പം, അത്ര ആഴത്തിൽ അവളെന്നെയും ആഗ്രഹിച്ചതായി നീ അറിയുന്നതിനൊപ്പം, അവൾക്കൊപ്പം ചിലവഴിച്ച ഉന്മേഷദായകമായ നീയില്ലാത്ത സന്ധ്യകൾ, വിയർത്ത അപരാഹ്ന വെയിൽനടത്തങ്ങൾ, ജന്മഗൃഹത്തിലേക്ക് തിരിച്ചു പറക്കുന്ന പക്ഷികളുടെ ഇത്തിരി വിടർന്ന 'ന', ഇട്ടുകൊടുക്കാൻ തോന്നിപ്പിക്കും വിധം മിക്കവാറും കൊളുത്ത് വിട്ടടർന്ന നിലയിൽ കാണാറുള്ള ബ്രായുടെ വെണ്മ, ഇയർഫോണിന്റെ ഇരട്ടകളെ പങ്കിട്ടെടുത്ത് ഞങ്ങൾ കേട്ട എയ്‌ഞ്ചെലി കിഡ്‌ജോയുടെ വീ ആർ വൺ.. നീ തെറ്റിദ്ധരിക്കരുത് സോണിയ, ഇവയെല്ലാം മരിക്കുവോളവും, ചിലപ്പോൾ മരണശേഷവും അവളൊപ്പമില്ലെങ്കിൽ തീർത്തും അപൂർണമായ, എന്നെ തേടിവന്നേക്കാവുന്ന പ്രലോഭനങ്ങൾ തന്നെ.  

സ്മെൽ ദിസ് ലെമൺ സോണിയ,

നാമെന്നും കണ്ടുമുട്ടി പിരിയാറുള്ള വഴിയോരത്തെ ആ അമ്പഴമരത്തിന്റെ ചില്ലകൾക്കിടയിൽ പകൽചന്ദ്രൻ ഒരു ചെറുനാരങ്ങയോളം ചുരുങ്ങി മറഞ്ഞിരിക്കുന്നത് നോക്കി, 'ആകാശത്തിനിപ്പോൾ പ്രണയികളുടെ രക്തഗന്ധം' എന്ന് ഒരിക്കൽ സീനിയ പറഞ്ഞത്, പ്രവചനസ്വഭാവമുള്ള ശാസനയായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുവെങ്കിലും അവളുടെ അഭാവം ബാക്കിയാക്കിയ ശൂന്യത (ഹാ.. എന്തൊരു വാക്കാണിത്.. എത്ര ഭാരമുള്ള വാക്കാണിത്) ഉറുമ്പിന്റെ ദംശനം പോലെ തുടങ്ങി, ഇടിമിന്നലിന്റെ ചുംബനം പോലെ ഒടുങ്ങുന്ന അനുഭവമാണെങ്കിലും വിശ്വസനീയമായ അടയാളമായി, നദിയിലെ വഴുക്കലും കൂർമുനകളുമുള്ള പായൽപിടിച്ച കല്ലുകൾക്കിടയിൽ നിന്നും മീൻ കൊത്തിയ കണ്ണുകളോടെ അവളെ കണ്ടുകിട്ടും വരെ, അല്ലെങ്കിൽ തെരുവുപട്ടികൾ കൂട്ടത്തോടെ പെറ്റുകിടക്കുന്ന ഭദ്രാസനപ്പള്ളിയുടെ പിറകിലെ പൊന്തകൾക്കുള്ളിൽ ആരുടെയോ അധിനിവേശം കഴിഞ്ഞ ചെറുരാജ്യമെന്ന മട്ടിൽ വസ്ത്രരഹിതയായി അവൾ വീണ്ടെടുക്കപ്പെടും വരെ, അതുമല്ലെങ്കിൽ സർക്കാർ ഓഫീസുകളിലെ ഗുമസ്തന്മാർ തീരുമാനമില്ലാതെ കാലഹരണപ്പെട്ട ഫയലുകൾ കൂട്ടിയിട്ടു കത്തിക്കുന്ന ചാരക്കുഴിയിൽ നിന്നും കാഴ്ചക്കാർക്ക് കാലങ്ങളോളം അസ്വസ്ഥത ഉണ്ടാക്കുന്ന അവശിഷ്ടമായി അവളെ വാരിയെടുക്കും വരെ, (കാണാതായ ഒരു പെൺകുട്ടിയെ ഭാവനയിൽ പോലും ഇങ്ങനെ മാത്രം കണ്ടെത്തുന്ന കാലം, എന്തൊരു കാലം..!), ഇനിയൊരുപക്ഷേ, കാര്യങ്ങൾ അങ്ങനെയൊന്നുമല്ലാതിരിക്കുകയും എയർപോർട്ടിന് പുറത്തെ വെയിലിൽ, സമയം വൈകുന്നതിലുള്ള അക്ഷമയോടെ ആത്മനിന്ദയോടെ ഇടയ്ക്കിടെ വാച്ചിൽ നോക്കി കാത്തുനിൽക്കെ, ദീർഘദൂരയാത്രയുടെ ക്ഷീണവും നീരസവുമായി അവൾ വന്നിറങ്ങുമെന്ന പ്രതീക്ഷ ഇപ്പോഴും സൂക്ഷിക്കുന്ന ഞാൻ, നിങ്ങളിരുവരെയും മുന്നിലും പിന്നിലുമിരുത്തി ആ പഴയ സൈക്കിൾ അനുവദിക്കുന്നത്ര വേഗതയിൽ നദിക്കരയിലെ മരങ്ങൾക്കിടയിലൂടെ കാലത്തിലൂടെ കുട്ടികൾക്ക് മാത്രം കഴിയുന്ന നിഷ്കളങ്കതയോടെ ചവിട്ടി മുന്നേറാം എന്ന് കരുതുന്ന ഞാൻ, പ്രണയവും രതിയും നാരങ്ങാ മണമുള്ള ഉന്മാദവും നമ്മെ നമ്മുടെ ആഴങ്ങളോളം അകംപുറം മറിച്ചിട്ട അന്നത്തെ ഒറ്റയൊറ്റ സമാഗമങ്ങളിൽ എനിക്ക് മുന്നിൽ നിങ്ങൾ നിങ്ങളുടെ ഉടലുകൾ പരസ്പരം വച്ചുമാറിയെന്ന് വിശ്വസിക്കുന്ന ഞാൻ, സ്വജീവിതത്തിൽ നിന്നുപോലും ജാമ്യം നിക്ഷേധിക്കപ്പെട്ട ഈ ഞാൻ ആരാണ് സോണിയ, മരിച്ചവനോ, ജീവിച്ചിരിക്കുന്നവനോ?

Content Summary: Onakathakaalam Written by Famous Writer Manoj Vengola

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com