ADVERTISEMENT

കാടെവിടെ മക്കളേ, നാടെവിടെ മക്കളേ എന്നു കവി ചോദിച്ചു. ഓണം വന്നിട്ടും ഓണക്കവിതയെവിടെ എന്നു കൂടി അദ്ദേഹം ചോദിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ കാലത്തു തന്നെ ആ പതിവ് നിന്നിരുന്നെങ്കിലും. ഇനി അങ്ങനെയൊരു ചോദ്യം ഉയരില്ലെന്ന് ഉറപ്പാണ്. അങ്ങനെയൊരു ചിന്തയ്ക്കു പോലും പ്രസക്തിയില്ലാത്ത വിധം കാലം മാറി; കവി മാറി;  കവിതയും. 

ഓണത്തെക്കുറിച്ച് ഒരു കവിതയെങ്കിലും എഴുതാത്ത കവികൾ ഇല്ലാതിരുന്ന ഒരൂ കാലമുണ്ടായിരുന്നു മലയാളത്തിൽ. കടത്തനാട്ടു മാധവിയമ്മയും പാലാ നാരായണൻ നായരും വെണ്ണിക്കുളം ഗോപാലക്കുറുപ്പും മുതൽ പുരാതന, ആധുനിക കവിത്രയം കടന്ന്, വാക്കുകളുടെ മഹാബലി പി.കുഞ്ഞിരാമൻ നായരെയും കടന്ന് ഒഎൻവി വരെയുള്ളവർ ആ പതിവ് തുടർന്നു; ഏറിയും കുറഞ്ഞും. അതൊരു കാലം. ആ കാലം ഇന്ന് വിദൂര സ്മരണകളിൽ മാത്രം. ഓണപ്പതിപ്പ് ഇന്നുമുണ്ട്. മുടങ്ങാത്ത വാർഷികപ്പതിപ്പ്. കഥകളും കവിതകളും നോവലുകളുമുണ്ട്. അനുഭവങ്ങളും ഓർമക്കുറിപ്പും ആത്മകഥയുമുണ്ട്. എന്നാൽ, ഒരു വരിയിൽ, വാക്കിലെങ്കിലും ഓണം തിളങ്ങുന്ന ഒരു കവിത പോലുമില്ല. 

onam-literature-thiruvathira
Representative image. Photo Credit:Photo craze/Shutterstock.com

പച്ചസാരി നീർത്തിവിരിച്ച പാട്ടുരായ്ക്കൽ പാടം. മൂവന്തിക്കു മുമ്പ് ഓവുപാലത്തിൽ കാറ്റേറ്റിരുന്ന് ഓണക്കാലത്തിന്റെ കവിതയെഴുതിയിട്ടുണ്ട് പി. പുതിയൊരു ജപമാല കഴുത്തിൽച്ചാർത്തിയ ചിങ്ങപ്പുലരിപ്പൂങ്കിളി തേടിത്തിര‍ഞ്ഞുവന്നതിനെക്കറിച്ചദ്ദേഹം വാചാലനായി. ഉദയപ്പൊൻതറ കേറി കനകച്ചെമ്പകക്കൊമ്പിൽ ഉയിരൊത്ത പുലരൊളിത്തിരി കൊളുത്തി, മലകൾ തൊഴുതുവരും മലയാളിക്കാവിൻ സഹ്യമതിലതിർമാടും മണിക്കടമ്പ കേറി, നനുത്ത തേൻമഴവില്ലിൻ കുറിപാറും മലരോണത്തനിത്തങ്കക്കൊടിമരം വരച്ചുവച്ചതിനെക്കുറിച്ച് ഒന്നല്ല 45 കവിതകൾ കുറിച്ചിട്ടുണ്ട് അദ്ദേഹം. ഓണത്തേരിലണയുന്ന മഹാബലിയെക്കുറിച്ചു മുതൽ തിരുവോണത്തിന് വീട‌ും നാടുമില്ലാതെ ഹോട്ടലിൽ കല്ലരിച്ചോറ് വാരാൻ തുനിയുമ്പോൾ ഇറ്റുവീണ ചുടുകണ്ണീർത്തുള്ളിയിൽ പൊയ്പ്പോയ പൂക്കാലങ്ങൾ നിഴലിച്ചതുവരെ ഓണം അടിമുടി പൂത്ത കവിതകൾ. ഓണവാക്കുകളുടെ പൊൻതിടമ്പ് ഏറ്റിയ ഒന്നാംതരം കവിതകൾ.  

ഓടക്കുഴലൂതുന്ന കന്നാലിപ്പിള്ളേർ. പഴം പിടിച്ച പാടങ്ങൾ. മുക്കുറ്റിപ്പൂക്കൾ താലം നിരത്തിയ പറമ്പുകൾ. ദൂരെ അമ്പലം–കാവ്–പാടത്ത് പൂവിളി–അകലെ ഓണച്ചന്ത; പുഴയിൽ ചിറകു വിരുത്തിയ കേവഞ്ചി. ഓണക്കാലത്തിന്റെ അഴകും മിഴിവും. പൂക്കുമ്പിളേന്തി നടക്കുന്ന വള്ളുവനാടൻ ഗ്രാമം. കതിർക്കറ്റയേറ്റി പറമ്പു കേറിമറിയുന്ന നാടൻ പെൺകിടാങ്ങൾ... ഗദ്യത്തിലും പദ്യത്തിലും എഴുതിയിട്ടും മതി വന്നില്ല പിക്ക്. കേരള ഭൂഖണ്ഡം നിവർത്തിവച്ചൊരു കാവ്യഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്. ആ ഗ്രന്ഥം വീണ്ടും വായിച്ചും എഴുതിയും അദ്ദേഹം ജീവിതം സാർഥകമാക്കി. ഇന്നും അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ, കവിത മനസ്സിലാകുന്നവരെ പി. വിരുന്നൂട്ടുന്നു; മരണമില്ലാത്ത കവിതകളിലൂടെ. 

ഓണത്തിന്റെ ഗൃഹാതുര സ്മരണകൾ ഏതെങ്കിലും ഒരു കാലത്തിന്റേതല്ല. എല്ലാക്കാലത്തും പൊയ്പ്പോയ കാലത്തിന്റെ സുവർണഭംഗികളെക്കുറിച്ച് കവികൾ വിലപിച്ചിട്ടുണ്ട്. 

എങ്കിലും ചിങ്ങമേ നീയിന്നു ഞങ്ങളിൽ 

പൊൻകിനാവിന്റെ തുടർച്ച മാത്രം 

എന്നാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് എഴുതിയത്. പണ്ടത്തേതുതന്നെയാണെങ്കിലും കീടം കരണ്ട പൂവിനൊപ്പം നാട് വാടിപ്പോയതിനെക്കുറിച്ച് അദ്ദേഹം വിഷാദിച്ചിട്ടുണ്ട്. ചേലുറ്റ മേൻമകളൊന്നൊന്നായ് കാലപ്രവാഹത്തിൽ കുത്തിയൊലിച്ചുപോകുന്നതിന് കവി സാക്ഷിയായി. ആരണ്യജീവികളെപ്പോലെ മനുഷ്യർ ഓരോരോ ചേരികളിൽപ്പെട്ടുപോയി എന്നും അദ്ദേഹം കണ്ടെത്തുന്നു. തൻകാര്യ ചിന്ത തൻ തള്ളലിൽ ഞങ്ങൾക്കു സ്നേഹം പഴങ്കഥയായി എന്ന് ആത്മഗതം. നറകതിർ എന്ന കവിത ഇന്നെഴുതപ്പെടേണ്ടതായിരുന്നു എന്നു ചിന്തിച്ചാൽപ്പോലും തെറ്റില്ല. 

എന്റെയുമ്മറത്തെന്തൊരാശ്ചര്യ വർണസങ്കര ഭംഗികൾ എന്ന് കടത്തനാട്ട് മാധവിയമ്മയെപ്പോലെ അദ്ഭുതപ്പെടാൻ ഇന്നു കവികൾക്കു കഴിയില്ല. നഷ്ടബോധം അവരുടെയുള്ളിൽ ചുര മാന്തുന്നുണ്ടാവും. പൊയ്പ്പ്പോയ പൊൻകിനാവുകൾ അവരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടാവാം. എന്നാലും കവിതയെവിടെ , ഓണക്കവിതയെവിടെ എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. 

മലയാളിയുടെ ജീവിതം മലക്കം മറിഞ്ഞതിന്റെ ദുരന്ത പരിണാമം കൂടിയാണിത്. വീടുകളുണ്ടെങ്കിലും കതകുകളും ജനലുകളും എപ്പോഴും അടച്ചിടാത്ത ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. പ്രകൃതിയുടെ ഭാഗമായി ഋതുസംക്രമണങ്ങൾ ജീവിതത്തിൽ അറിഞ്ഞും അനുഭവിച്ചും ജീവിച്ച കാലം. ആരും ഒറ്റയ്ക്കല്ലാതിരുന്ന കാലം. കൂട്ടായ്മയുടെ ആരവം നിറ‍ഞ്ഞുനിന്ന കാലം. ആ കാലത്ത്, ഓണത്തെക്കുറിച്ച്, ഓണപ്പൂക്കളെക്കുറിച്ച്, ഓണത്തപ്പനെക്കുറിച്ച്, നാടും വീടും ഒരുങ്ങുന്നതിനെക്കുറിച്ച് കവിതയെഴുതാതിരിക്കാൻ ആവില്ലായിരുന്നു. 

കുഞ്ഞേ, മുലപ്പാൽ കുടിക്കരുതെന്ന ജാഗ്രതാ സന്ദേശം ഫ്ലെക്സിൽ നിറഞ്ഞുനിൽക്കുന്ന പുതുകാലത്ത് കവിതയിൽപ്പോലും കവിതയില്ല. വൃത്തവും താളവും നഷ്ടപ്പെട്ട ജനത ഒറ്റപ്പെട്ട വാക്കുകളിൽ അർഥം കണ്ടെത്താൻ ശ്രമിക്കുന്നു. കവിത ചൊല്ലുകയല്ല, പറയുകയാണ്. കഥ പോലെ, ലേഖനം പോലെ. ഗദ്യവും പദ്യവും ഒന്നായപ്പോൾ, ഈണവും താളവും നഷ്ടപ്പെട്ടപ്പോൾ, പ്രകൃതിയുടെ മാറ്റങ്ങൾ മനുഷ്യരെ സ്വാധീനിക്കാതായപ്പോൾ...എങ്ങനെ വറ്റി ഓണക്കവിതയുടെ ഉറവ? 

onam-literature-vallamkali
Representative image. Photo Credit:Designsoul/Shutterstock.com

നിള പോലെ, നീർച്ചാലുകൾ പോലെ, മലയാളത്തെ ആർദ്രമാക്കിയ പുഴകൾ പോലെ കവിതകളും വറ്റിയ കാലത്ത് പിയുടെ കവിത മലയാളികളോട് എങ്ങനെയായിരിക്കും സംവേദിക്കുക. ആ കവിതകൾ ഇന്നും വായിക്കുന്നുണ്ടാവുമോ. വായിച്ചാലും മനസ്സിലാവുന്നുണ്ടാവുമോ. 

തച്ചുടച്ച് തൂക്കിവിൽക്കാതെ, ലേലത്തിൽപ്പോവാതെ, ഒരു പൊൻനിലവിളക്കവശേഷിച്ച പഴയ തറവാട്; മലനാട്. ആ വിളക്കത്രേ പൊന്നോണം. കുപ്പക്കുഴിയിൽ താനേ തഴച്ചുവളരുന്ന സ്വർണമത്തവള്ളി കൂടിയാണ് ഓണം. 

ഭ്രഷ്ടനായ് ചേറ്റിലടിഞ്ഞ വിത്തിൻ 

നഷ്ടസ്വരാജ്യ സ്മൃതി പുതുക്കി 

സ്വപ്രഭാവത്തിൻ കരുത്ത് കാട്ടും 

സുപ്രഭാതാർക്കകിരണങ്ങളേ , 

ഐക്യപ്രഭാവപ്പൊലിമപോറ്റും 

തൃക്കാക്കരയ്ക്കു പോം പാതയേതോ? 

Content Summary: onam | Malayalam Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com