ADVERTISEMENT

നാരായണ! നാരായണ! നാരായണ! എല്ലാം നേടിയെന്ന് അഹങ്കരിച്ചെത്തുന്ന ഒരാൾക്ക് നൽകാവുന്ന ഏറ്റവും മികച്ച മറുപടിയാണ് ആ നാമജപം. സേതു ഇറയത്തു കാത്തുനിൽക്കുന്നു എന്ന ഭാവമില്ലാതെ സുമിത്ര നാമജപം തുടരുന്നു. അവളുടെ ശബ്ദം ഉയരുന്നു. ഒളിച്ചോട്ടക്കാരനായ സേതുവിനെ പിന്തുടരുമ്പോഴും തന്റേടിയായ സുമിത്രയുടെ കൂടി കഥയാണ് കാലം എന്ന് ആവർത്തിച്ചുള്ള വായനകൾ വ്യക്തമാക്കുന്നു. സ്വന്തം സുഖത്തിനു വേണ്ടി എല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിച്ച വ്യക്തിക്കു കാലം നൽകുന്ന മറുപടി സുമിത്രയുടെ വാക്കുകളിലൂടെയാണ് എംടി അവതരിപ്പിച്ചത് എന്നതു കാവ്യനീതി മാത്രമല്ല, കഥാ വസ്തുതയുമാണ്. 

കള്ളനെപ്പോലെ, പതിനാറുകാരന് അച്ഛനാവാൻ കഴിയുമോ എന്ന് സേതു ഭയപ്പെടുമ്പോൾ ധൈര്യത്തോടെയാണ് സുമിത്ര കാലത്തിൽ നിറഞ്ഞു നിൽക്കുന്നത്. തനിക്ക് ഇഷ്ടമില്ലാത്ത കല്യാണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇടവഴിയിൽവച്ച് മാധവൻ നായരോട് പറയുന്ന വാക്കുകൾ തന്നെയാണ് അതിൽ മികച്ചത്. മാധവേട്ടനോട് ഒരു കാര്യം പറയാനുണ്ട്. എനിക്കൊരാഗ്രഹംണ്ട്. മാധവേട്ടൻ - മാധവേട്ടൻ ഏട്ടത്തിയെ കല്യാണം കഴിക്കണം. അതു സുമിത്രയുടെ ആഗ്രഹമാണ്. അവളെ ഇഷ്ടപ്പെടുന്നൊരാൾക്ക് തള്ളിക്കളയാനാവാത്ത അഭ്യർഥന. അതാർക്കുവേണ്ടിയായിരുന്നോ ആ വ്യക്തി അത് അറിയുന്നതു പോലുമില്ല. പകരം തനിക്കൊരു ശത്രുവുണ്ടായിരിക്കുന്നു എന്നാണു സേതു ചിന്തിക്കുന്നത്. സുമിത്രയെ കല്യാണം കഴിക്കാൻ പോവുന്ന മാധവമ്മാമ.

kaalam-66-gif

സേതു  ഉള്ളുനീറിയിരിക്കുമ്പോഴും വിദഗ്ധമായി സുമിത്ര ആ വിഷമഘട്ടം തരണം ചെയ്യുന്നു. ഏട്ടത്തിയെ കല്യാണം കഴിച്ച് വീട്ടിലെത്തിയിട്ടും മാധവൻ നായരോട് നേർക്കുനേരെ ആവശ്യങ്ങൾ പറയുന്നുണ്ട് സുമിത്ര; കാര്യങ്ങൾ നടത്തിയെടുക്കുന്നതും അവൾ തന്നെ. തനിക്ക് പ്രിയപ്പെട്ടവന്റെ കൂടെയാവാൻ മറ്റൊന്നിനെയും സുമിത്ര വകവയ്ക്കുന്നതുമില്ല. കോണിപ്പടികൾ കയറി സേതുവിന്റെ മുറിയിൽ എത്താൻ. സ്വന്തം മുറിയിലേക്ക് ക്ഷണിക്കാൻ... രണ്ടാമതൊന്ന് ആലോചിക്കുന്നില്ല. വരുംവരായ്കകൾ ഭയപ്പെടുന്നില്ല. സമർപ്പണമാണ്. കളങ്കമില്ലാത്ത സ്നേഹമാണ്. വിശ്വാസത്തിന്റെ ഉറപ്പാണ്. സേതു അങ്ങനെയല്ലെന്ന് തിരിച്ചറിയുമ്പോഴും അവൾ പിന്തിരിഞ്ഞു നടക്കുന്നില്ല. നാഴികകൾ കടന്ന് ബന്ധങ്ങളുടെ ഇല്ലാക്കഥകൾ പറക്കുമ്പോഴും ഒരാൾ പോലും അറിയാതെ തന്റെ ഇഷ്ടത്തെ കാത്തുവയ്ക്കുന്നു.

തിരൂരിൽ കുഞ്ഞിമാളുവമ്മയുടെ വീട്ടിൽ സുമിത്ര പോയെന്നറിയുമ്പോൾ സേതു അസ്വസ്ഥനാവുന്നുണ്ട് -വലിയ വീടായിരിക്കും. ഒഴിഞ്ഞു കിടക്കുന്ന ഇടനാഴികൾ.. വെളിച്ചം കുറഞ്ഞ മുറികൾ. സന്ധ്യക്ക് ഇരുട്ട് ഒളിച്ചു പാർക്കുന്ന കളപ്പുരകൾ. അവിടെ ചെറുപ്പക്കാരുണ്ടായിരിക്കും. കോളജിൽ പഠിക്കുന്നവർ, ഉദ്യോഗസ്ഥന്മാർ, ആ വലിയ വീട്ടിൽ സുമിത്ര അന്തിയുറങ്ങുന്നു. ഇവളെന്തിന് കണ്ടവരുടെ കൂടെ തോന്നിയേടത്തെല്ലാം അന്തിയുറങ്ങാൻ പോകുന്നു. പക്ഷേ അതു നേരിട്ട് ചോദിക്കാനുള്ള ധൈര്യം ഒരിക്കലും സേതുവിനില്ല. എന്നാൽ, മുഖം മൂടിയിട്ട് സ്നേഹം പ്രകടിപ്പിക്കുന്ന അവനോട് തങ്കമണിടട്ത്ത് ങ്ങന്യെക്കെ കാട്ട്വോ എന്ന് ചോദിക്കാൻ അവൾക്ക് തെല്ലും മടിയില്ല. “ഉം. ഒക്കെ അത്രെണ്ടാവ്ള്ളുന്ന് നിക്കറിയാം” എന്ന അവളുടെ വാക്കുകളിൽ സുമിത്ര തന്നെ മനസ്സിലാക്കാൻ തുടങ്ങുന്നുവെന്നു സേതു തിരിച്ചറിയുന്നു. അതയാളെ അസ്വസ്ഥനാക്കുന്നു; കുറച്ചു ക്രൂരനും.

അതിരു ലംഘിക്കുന്ന ഓരോ അവസരത്തിലും അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ സേതു ഭീരുവാകുന്നു. ശക്തി ക്ഷയിക്കുന്നു. ചുട്ടുപൊള്ളുന്ന കണ്ണീരുറവിലും മാധവമ്മാമയുടെ കണ്ണിൽ നിന്ന് അവനെ രക്ഷിക്കുന്നത് അവൾ തന്നെയാണ്. ഉദ്യോഗം കിട്ടി പോവുമ്പോ സേതൂന്റെ കൂടെ ഞാനും പോരട്ടെ? എന്നൊരു ചോദ്യം സേതുവിന് നേരെ തൊടുക്കുന്നുണ്ട്. അത് ജീവിതസഖിയായല്ല, വെക്കാനും വിളമ്പാനും നാട്ടിൽ നിന്ന് കൊണ്ട് വന്നതാണെന്ന് പറഞ്ഞാൽ മതിയെന്ന് അവൾ തന്നെ കൂട്ടി ചേർക്കുന്നു. അതൊരു തമാശയാക്കി ചിരിക്കാൻ പോലും സേതുവിന് കഴിയുന്നില്ല. കള്ളം ചെയ്തു പിടിക്കപ്പെടുമ്പോഴുള്ള നിശ്ശബ്ദത.

വർഷങ്ങൾക്കുശേഷം നിറഞ്ഞ പുഴ വറ്റിവരണ്ട നാട്ടിൽ തിരിച്ചെത്തി കുന്നിൻ പുറത്ത് ബ്രഹ്മരക്ഷസ്സിന്റെ തറയ്ക്കടുത്ത് വീടുവെച്ചുകെട്ടി തനിച്ചു താമസിക്കുന്ന സുമിത്രയെ സേതു കാണുന്നു. ആരുണ്ട് സഹായത്തിന് എന്നു ചോദ്യത്തിലും മുഴങ്ങുന്നത് സ്ത്രീയുടെ സംരക്ഷകൻ എന്ന പുരുഷൻ സ്വയം എടുത്തണിഞ്ഞ അഹംഭാവത്തിന്റെ സ്വരം തന്നെയാണ്. ആരുമില്ലെന്നു മറുപടി പറയുമെന്ന് അയാൾ ഒരുപക്ഷേ പ്രതീക്ഷിച്ചിരിക്കാം. എന്നാൽ ഭഗവാനുണ്ട് എന്നാണു സുമിത്രയുടെ ഉത്തരം. അതെത്ര കൃത്യമാണ്. പുഴയിൽ നിന്ന് മുങ്ങിക്കയറി തോർത്താതെ വയൽവരമ്പത്തുകൂടി ആർത്തട്ടഹസിച്ച് ഓടി ദെണ്ണളക്കം എന്നൊരു പ്രതീതി സൃഷ്ടിച്ചത് സ്വന്തം രക്ഷയ്ക്കായി സുമിത്ര സ്വയം സൃഷ്ടിച്ച ഒരു നാടകമാവില്ലെ?

മുടിയിലെ എണ്ണമിനുപ്പ് കാവി നിലത്തുണ്ടാക്കിയ രൂപമില്ലാത്ത ചിത്രപ്പണികളിൽ സേതുവിന്റെ വിരലുകൾ റ്റി. കെ. എസ് എന്ന് ഒപ്പിട്ടു. ആർക്കും ഇനി സുമിത്രയെ തൊടാനധികാരമില്ല. നിനക്ക് ഞാൻ മാത്രം, സേതു... ആ അധികാരത്തിന്റെ ബലത്തിൽ ആണ് വർഷങ്ങൾക്ക് ശേഷവും ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ എന്ന ചോദ്യം അറച്ചറച്ചു പുറത്തുവരുന്നത്. കള്ളനെ പോലെ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്ന സേതുവിനേക്കാൾ എത്രയോ ഉയരത്തിൽ ആണ് സുമിത്രയുടെ സ്ഥാനം. എനിക്ക്... എനിക്കു നിന്നെ ഇഷ്ടമായിരുന്നു. സുമിത്ര വീണ്ടും വികൃതമായി ചിരിച്ചു. ഇഷ്ടം. സേതൂന് എന്നും ഒരാളോടേ ഇഷ്ടംണ്ടായിരുന്നുള്ളൂ. സേതൂനോടുമാത്രം! 

Content Summary: Remembering the story Kaalam by M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com