ADVERTISEMENT

ബാലചന്ദ്രമേനോൻ – ആ പേരിന് ഒരു ഗൃഹാതുരത്വമുണ്ട്. മലയാളികളായ ഏവർക്കും സ്ത്രീകൾക്ക് പ്രത്യേകിച്ചും ആ പേരിനോട് അതിയായ വാത്സല്യമുണ്ടായിരുന്നു. ഉത്രാടരാത്രി, രാധ എന്ന പെൺകുട്ടി, കലിക, ഇഷ്ടമാണ് പക്ഷേ, അണിയാത്ത വളകൾ, മണിയൻപിള്ള അഥവാ മണിയൻപിള്ള, പ്രേമഗീതങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ യുവതലമുറയെ തന്നിലേക്ക് വല്ലാതെ ആകർഷിച്ച ബാലചന്ദ്രമേനോൻ കിലുകിലുക്കം, ഏപ്രിൽ 18, ഇത്തിരിനേരം ഒത്തിരി കാര്യം, ചിരിയോ ചിരി, കാര്യം നിസ്സാരം തുടങ്ങിയ ചിത്രങ്ങളിലൂടെ കുടുംബസദസ്സുകൾക്ക് ഏറെ പ്രിയങ്കരനായി. 

ഹിറ്റും സൂപ്പർ ഹിറ്റും ഒരുക്കി സിനിമാലോകത്തെ ബാലചന്ദ്രമേനോൻ വിസ്മയിപ്പിച്ചു. ആവർത്തനവിരസത ആരോപിക്കാനാകാത്ത വിധം വ്യത്യസ്തങ്ങളായ പ്രമേയങ്ങളായിരുന്നു ബാലചന്ദ്രമേനോന്റെ ഒാരോ സിനിമയുടെയും മുഖമുദ്ര. അങ്ങനെയുള്ള ബാലചന്ദ്രമേനോൻ ഒാർമകളുടെ മണിച്ചെപ്പ് അക്ഷരത്താക്കോലുകൾ കൊണ്ട് വീണ്ടും തുറക്കുമ്പോൾ കൗതുകം കൊണ്ട് ആർക്കാണത് വായിക്കാൻ തോന്നാതിരിക്കുക? മനോരമ ബുക്സ് പുറത്തിറക്കിയ ബാലചന്ദ്രമേനോന്റെ മണിച്ചെപ്പ് വീണ്ടും തുറന്നപ്പോൾ എന്ന പുസ്തകം വായനക്കാരനെ അവനറിയാതെ മലയാള സിനിമയുടെ അറിയാക്കഥകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സിനിമയുടെ ഫ്ലാഷ് ബാക്ക് സമ്പ്രദായം അക്ഷരങ്ങളിൽ മേനോൻ ആവാഹിച്ചെടുക്കുന്നു പ്രിയ വായനക്കാർക്കായി. 

balachandra-menon

ബാലചന്ദ്രമേനോന്റെ ഗാനാലാപനം കേട്ട പ്രശ്സത നടൻ മധു ഒരിക്കൽ പറഞ്ഞു, ‘മേനോന്റെ പാട്ട് കേട്ടാൽ അദ്ദേഹം പാടുകയാണെന്ന് തോന്നുകയില്ല എന്തോ നമ്മോട് പറയുകയാണ് എന്നേ തോന്നുകയുള്ളു....’ എന്ന്. ഇതദ്ദേഹത്തിന്റെ എഴുത്തിനും ബാധകമാണ്. അദേഹം കടുകട്ടി പ്രയോഗങ്ങൾ കൊണ്ട് വായനക്കാരനെ ബുദ്ധിമുട്ടിക്കുന്നില്ല. ലാളിത്യമാണ് അദേഹത്തിന്റെ സിനിമയുടെ പ്രധാന ആകർഷണം. അതു തന്നെയാണ് രചനയിലും നമ്മെ ആകർഷിക്കുന്ന ഘടകം. ഒരാൾ നമ്മുടെ സമീപത്തിരുന്ന് സ്വന്തം കഥ മുഖംമുടിയണിയാതെ തുറന്നുപറയുന്ന ശൈലി. അതാണ് ഇൗ പുസ്തകത്തിലുടനീളം മേനോൻ അനുവർത്തിച്ച് വന്നിരിക്കുന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ഫാത്തിമ കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുമായി പയറ്റി തെളിഞ്ഞ കലാലയജീവിതം. സിനിമാരംഗത്ത് കാലുകുത്താനുള്ള അദമ്യമായ മോഹം കൊണ്ട് നാനയുടെ ലേഖകനായി കോടമ്പാക്കത്ത് തള്ളി നീക്കിയ ദിനരാത്രങ്ങൾ. നല്ലൊരു ജീവിതം സ്വപ്നം കണ്ട് നടന്ന റാണിചന്ദ്രയ്ക്ക് നേരിട്ട ദുരന്തം, ഐ.വി. ശശിയുടെ അരങ്ങേറ്റം, രജനീകാന്തിനെ പരിചയപ്പെടുന്നത്, ശ്രീവിദ്യയുടെ ആ നടനെ കുറിച്ചുള്ള പ്രവചനം, ആദ്യസിനിമയിലേക്കുള്ള ചുവടുവയ്പ്, സംവിധായകന്റെ പേരില്ലാതെ ഇറങ്ങിയ കലിക എന്ന ബാലചന്ദ്രമേനോൻ ചിത്രം അതിലേക്ക് നയിച്ച സാഹചര്യങ്ങൾ അങ്ങനെ ആരെയും ഉദ്വേഗഭരിതരും ചിന്താമഗ്നരുമാക്കുന്ന അനേകമനേകം സംഭവങ്ങൾ കൊണ്ട് സമ്പന്നമായ ഇൗ പുസ്തകം തീർച്ചയായും വെറും മണിച്ചെപ്പ് അല്ല സ്വർണച്ചെപ്പ് ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com