അപൂർവ്വ അഭിമുഖങ്ങളുടെ പുസ്തകം

Mail This Article
പ്രിയ സുഹൃത്തേ,
എഴുത്തുകാർ, ചലച്ചിത്ര താരങ്ങൾ,സംഗീതജ്ഞർ തുടങ്ങി ജീവിതത്തിലെ പല മേഖലകളിലുള്ളവരുമായുള്ള അഭിമുഖങ്ങൾ താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഈ പുസ്തകം ശ്രദ്ധയിൽപ്പെട്ടിട്ടില്ലങ്കിൽ പരിചയപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണിതെഴുതുന്നത്. ഉപരിപ്ലവമായ അഭിമുഖങ്ങൾ മുതൽ ആഴത്തിലുള്ള ചോദ്യോത്തരങ്ങൾ വരെ പത്രമാസികകളിൽ നിരന്തരം പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. പലപ്പോഴും ഉപരിതലസ്പർശിയായ ചോദ്യങ്ങളും ആ ചോദ്യങ്ങളോടു അതേ നിലവാരത്തിലുള്ള മറുപടികളും വായിച്ചിട്ടുണ്ടാവുമല്ലോ. സെൻസേഷണൽ ആയ അഭിമുഖങ്ങൾക്കാണ് വിപണിമൂല്യം കൂടുതൽ.അതിനാലാവണം ബൗദ്ധികമായ ചോദ്യങ്ങളെ പലരും ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഗൊദാർദിനെ അല്ലെങ്കിൽ മണികൗളിനെ ഒരു പത്രപ്രവർത്തകന് നിലവാരം കുറഞ്ഞ ചോദ്യങ്ങളുമായി സമീപിക്കുവാൻ കഴിയില്ല. എന്നാൽ ഭൂരിഭാഗം പേരും പത്രപ്രവർത്തകന്റെ പേരിനോടും അവർ ജോലിയെടുക്കുന്ന സ്ഥാപനത്തിനോടുമുള്ള ബഹുമാനത്താലോ, അല്ലെങ്കിൽ തങ്ങളുടെ പ്രശസ്തിക്ക് ഈ മാധ്യമസ്ഥാപനം കൊണ്ടുള്ള ഗുണം പ്രതീക്ഷിച്ചോ ആയിരിക്കും അഭിമുഖങ്ങൾ നൽകുക.
ഡങ്കൻ ഫാലോവെൽ പത്രപ്രവർത്തകനാണ്.എഴുത്തുകാരനാണ്. പാരീസ്റിവ്യു, പ്ലേബോയ് തുടങ്ങി ലോകത്തിലെ ഒരു ഡസനിലേറെ മാസികകൾക്കായി എഴുതുന്നു. എണ്ണപ്പെട്ട അഭിമുഖകാരന്മാരിൽ ഒരാൾ എന്ന പ്രശസ്തിയുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ജനപ്രിയരുമായുള്ള ഡങ്കൻ ഫാലോവെലിന്റെ അഭിമുഖ സമാഹാരം (Twentieth Century Characters, Iconic Meetings) മലയാളത്തിൽ എന്തുകൊണ്ടോ അധികമാരും എഴുതിക്കണ്ടിട്ടില്ല. ഇരുപത്തിയൊൻപതോളം സംഭാഷണങ്ങളാണ് ഇതിലുള്ളത്. അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട മാസികകളുടെ സ്വഭാവം ചോദ്യങ്ങളിൽ വ്യക്തമാണ്. വ്യക്തി അനുഭവങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ട ചോദ്യങ്ങളാണ് അധികവും. ഒരാളുടെ ഉള്ളിലേക്ക് ഒളിഞ്ഞു നോക്കുന്ന കൗതുകം എന്ന് ചോദ്യങ്ങളുടെ സ്വഭാവത്തെ ചുരുക്കിപ്പറയാം.

ബീറ്റ് റൈറ്റേഴ്സിലെ പ്രമുഖനായ വില്യം ബറോസുമായി ഡങ്കൻ ഫാലോവെൽ നടത്തിയ അഭിമുഖത്തിലെ ഒരു ഭാഗം പകർത്താം.
ചോദ്യം : ഈ ദിവസങ്ങളിൽ താങ്കൾക്ക് മകനുമായുള്ള ബന്ധത്തെക്കുറിച്ച്?
ഉത്തരം : അവൻ മരിച്ചു പോയി.
ചോദ്യം : ഓ .. അതെങ്ങനെ സംഭവിച്ചു ?
ഉത്തരം : അവന് ലിവർ സിറോസിസ് ആയിരുന്നു. ലിവർ ട്രാൻസ് പ്ലാൻറ് ചെയ്ത ശേഷം അഞ്ച് വർഷം കൂടി ജീവിച്ചു. ട്രാൻസ്പ്ലാൻറ് ചെയ്തശേഷം ഉപയോഗിച്ച മരുന്നുകൾ നിങ്ങൾക്ക് മോശം പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കും.
ചോദ്യം : അയാൾ എഴുതിയ ' സ്പീഡ് ' വിജയമായിരുന്നുവല്ലോ ?
ഉത്തരം : ഞാൻ സ്പീഡിനെ (മയക്കു മരുന്ന്) വെറുക്കുന്നു.

ഇനി ജിദ്ദു കൃഷ്ണമൂർത്തിയുമായുള്ള അഭിമുഖത്തിലെ ഒരു ഭാഗം:
ചോദ്യം : താങ്കൾക്ക് ലൈംഗിക പ്രണയം അറിയുമോ?
ഉത്തരം: കുറച്ചൊക്കെ
ചോദ്യം : എന്നാൽ നിങ്ങളത് പിൻതുടരുന്ന ഒന്നല്ലല്ലോ ?
ഉത്തരം : അല്ല
ചോദ്യം : താങ്കൾ ബ്രഹ്മചര്യത്തിൽ വിശ്വസിക്കുന്നുണ്ടോ?

ഉത്തരം : ഇല്ല.ഇല്ല .
ഏകാന്തത, മയക്കുമരുന്ന്, വിഷാദരോഗം ഈ മൂന്ന് കാര്യങ്ങളിലേതെങ്കിലുമൊന്ന് എല്ലാ അഭിമുഖങ്ങളിലും ആവർത്തിക്കുന്നുണ്ട്. ഈ ചോദ്യത്തിൽ ഒരു പക്ഷേ ഡങ്കൻ ഫാലോവെൽ അനുഭവിച്ചതും സ്വയം തെരഞ്ഞെടുത്തതുമായ (മയക്കുമരുന്ന് പരീക്ഷണങ്ങൾ നടത്തിയ സംഘങ്ങളിലൊരാൾ ആയിരുന്നു ഡങ്കൻ ഫാലോവെൽ) എഴുപതുകളുടെ ജീവിത സ്വഭാവം തെളിവോടെ വായിക്കാനാവും.
സാധാരണ വായനക്കാരെ ആകർഷിക്കത്തക്ക തലക്കെട്ടുകളാണ് ഡങ്കൻ ഫാലോവെൽ ഉപയോഗിക്കുക. അഭിമുഖത്തിന് മുൻപായും ഇടയ്ക്ക് വന്നു പോവുന്ന വിവരണങ്ങളാലും കെട്ടി ഉയർത്തപ്പെടുന്ന ആഖ്യാനസമുച്ചയത്തിന്റെ ഭംഗിയാവണം ഈ സമാഹാരത്തെ പല വായനക്കാർക്കും പ്രിയപ്പെട്ടതാക്കിയത്. ക്ലൗദിയ കർദിനാലെ, ലൈസ മിനേലി, ഷാൻ മോറോ എന്നീ പ്രശസ്ത ചലച്ചിത്ര നടിമാരുമായുള്ള അഭിമുഖത്തിന്റെ തലക്കെട്ട് ഇതാണ്: ‘മൂന്ന് സ്ത്രീകൾ മൂന്ന് ഹോട്ടലുകളിൽ സിഗരറ്റ് വലിക്കുമ്പോൾ'. അവരുടെ അഭിമുഖം വായിച്ചു തീരുമ്പോൾ എത്ര ബുദ്ധിശാലികളും തന്റേടികളുമാണ് ഇവർ എന്ന ബഹുമാനം വായനക്കാർക്കുണ്ടാവും. ചോദ്യങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ദുഷ്ടലാക്കിനെ ഒട്ടും കൂസാതെയാണ് മൂവരും മറുപടി പറയുന്നത്. ഇവിടെ അഭിമുഖങ്ങളിലെ ചില സന്ദർഭങ്ങളെ പരിചയപ്പെടുത്തലിനായി മാത്രം സ്വതന്ത്രമായി പരിഭാഷപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ദീർഘമായ ഉത്തരങ്ങളിലെ ഒന്നോ രണ്ടോ വരികൾ മാത്രമാണ് എഴുതിയിരിക്കുന്നത്.
ഇറ്റലിയിലെ പ്രശ്സ്ത നടിയായ ക്ലൗദിയ കർദിനാലെയിൽ നിന്നു തുടങ്ങാം.

ഫിറ്റ്സ്കറാൾഡോ ഷൂട്ട് ചെയ്തസമയത്ത് ആ കാട്ടിൽ കിറുക്കൻമാരായ ഹെർസോഗിനും ക്ലോസിൻസ്കിയ്ക്കുമൊപ്പം നിങ്ങളെന്നെ പിടിച്ചു നിന്നു എന്ന ചോദ്യത്തിന് അവർ ഉന്മാദികളാണ്. രസമുള്ളവർ. കിറുക്കുള്ളവരെ എനിക്കിഷ്ടമാണ്. അവർ നമ്മളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും എന്നാണ് ക്ലൗദിയ മറുപടി പറയുന്നത്. ഹെർസോഗിന്റെ ഒരു അഭിമുഖത്തിൽ (ഈ പുസ്തകത്തിലല്ല ) രസകരമായ ഒരു സന്ദർഭം അദ്ദേഹം വിവരിക്കുന്നുണ്ട്. ഹെർസോഗിന്റെ ഷൂട്ടിംഗ് സമയത്ത് ഒരു ട്രക്ക് ഇടിച്ച് ക്ലൗദിയയ്ക്ക് മാരകമായി പരുക്കേറ്റെന്നു ഇറ്റലിയിലെ മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചു. ഇറ്റലിയിൽ നിന്നൊരു പത്രപ്രവർത്തകൻ ( ഹിസ്റ്റീരിക്കൽ ജേർണലിസ്റ്റ് എന്നാണ് ഹെർസോഗ് അയാളെ വിശേഷിപ്പിക്കുന്നത് ) വിളിച്ച് ഈ കാര്യം അന്വേഷിച്ചു. ഞങ്ങൾ ഇപ്പോൾ കണ്ട് പിരിഞ്ഞതേയുള്ളൂ എന്ന് സമാധാനപൂർവ്വം ഹെർസോഗ് മറുപടി പറഞ്ഞുവെങ്കിലും അയാളത് വിശ്വസിക്കാൻ തയ്യാറായില്ല. രണ്ട് ദിവസങ്ങൾക്ക് ശേഷം അതേ ജേർണലിസ്റ്റ് വീണ്ടും വിളിച്ചു. അപ്പോൾ ഹെർസോഗിന് ഒരു കൗശലം തോന്നി." സാർ , നിങ്ങൾ വിചാരിക്കുന്നത് പോലെ നിസ്സാരമല്ല കാര്യം. ട്രക്ക് ഡ്രൈവർ മദ്യപിച്ച് ലക്ക് കെട്ടിരുന്നു. അത് മാത്രമല്ല, ഇടിച്ചിട്ട ശേഷം അബോധാവസ്ഥയിലായിരുന്ന ക്ലൗദിയയെ അയാൾ ബലാത്സംഗം ചെയ്യുകയും ചെയ്തു " ഫോണിന്റെ മറുതലയ്ക്കൽ നീണ്ട നിശ്ശബ്ദത ഹെർസോഗ് അറിഞ്ഞു. അതോടെ വിളി അവസാനിച്ചു. ഹെർസോഗ് അഭിമുഖം വായിച്ചിട്ടുള്ള താങ്കൾക്കറിയാം ഇതിലെത്രമാത്രം സത്യമുണ്ടെന്ന്! പരസ്പരവിരുദ്ധമായ കാര്യങ്ങൾ തുന്നിച്ചേർക്കുന്നതിൽ ഹെർസോഗിന്റെ സാമർത്ഥ്യം താങ്കൾക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. ക്ലൗദിയയുമായുള്ള അഭിമുഖത്തിലെ ഒരു ഭാഗം:
ചോ: നിങ്ങൾ അറുപതുകൾ ഇഷ്ടപ്പെട്ടിരുന്നോ?
ഉ: ഞാൻ എല്ലായ്പ്പോഴും അത് ആസ്വദിച്ചു.ഞാൻ അസന്തുഷ്ടയായിരുന്നില്ല.
ചോ: മയക്കുമരുന്ന്?
ഉ: ഇല്ല-മരിജുവാന കുറച്ച് വലിച്ചിട്ടുണ്ട്.
ചോ: നിങ്ങൾ ധാരാളം നിക്കോട്ടിൻ ഉപയോഗിക്കുന്നു ?
ഉ: അതെ ,കൈകളാലത് ചെയ്യുമ്പോൾ, അത് നാടകീയമാണ്.
ചോ: വിവാഹിതയാണോ?
ഉ: അല്ല.വിവാഹം കഴിക്കുവാൻ എനിക്ക് താത്പര്യമില്ല. സ്വതന്ത്രയായിരിക്കുവാനാണ് ഞാനിഷ്ടപ്പെടുന്നത്.
ചോ: വിവാഹം കഴിക്കാതെ തന്നെ നിങ്ങൾ ഒരമ്മയാകുവാൻ ആഗ്രഹിച്ചു?
ഉ : അല്ല.അത് ഒരബദ്ധം സംഭവിച്ചതാണ്.ആ സംഭവം ഉണ്ടായ ശേഷം എനിക്ക് കുട്ടി വേണമെന്ന് തോന്നി.
ചോ: ലണ്ടനിൽ നിങ്ങൾ ഏകയായിരുന്നു?
ഉ: ഏകാന്തത എനിക്ക് ശീലമാണ്.ഒരു പെൺകുട്ടിയെന്ന നിലയിൽ ഞാൻ അന്തർമുഖയായിരുന്നു.എന്നാൽ എന്റെ അമ്മ ഇടയ്ക്ക് ലണ്ടനിൽ വന്ന് എന്നെ കാണുമായിരുന്നു.
അമേരിക്കൻ നടിയും ഗായികയുമായ ലൈസ മിനേലിയുമായുള്ള സംഭാഷണത്തിൽ നിന്നും:
ചോ: കൂടെ വർക്ക് ചെയ്തവരിൽ നിങ്ങളെ അത്ഭുതപ്പെടുത്തിയ നടൻ?
ഉ: റോബർട്ട് ഡിനിറോ
ചോ: നിങ്ങളുടെ അമൂല്യമായ സ്വത്ത് ?
ഉ: എന്റെ ഫലിത ബോധം
ചോ: ഒരു പുരുഷനിൽ നിങ്ങൾ ഇഷ്ടപ്പെടുന്നത്?
ഉ: ബുദ്ധി
ചോ: ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടോ ?
ഉ: ഇല്ല
ചോ: സൈക്യാട്രിസ്റ്റിനെ കാണേണ്ടതായി വന്നിട്ടുണ്ടോ?
ഉ: ഇല്ല.അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണെന്ന് കരുതുന്നു.എനിക്കതിന്റെ ആവശ്യം വന്നിട്ടില്ല.
ഷാൻ മോറോ, അന്റോണിയോണി, ത്രൂഫോ, പീറ്റർ ബ്രൂക്ക്, ബുനുവൽ, ഫാസ്ബിന്ദർ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ താങ്കൾക്ക് പരിചതയാണെന്നറിയാം. ഫാസ്ബിന്ദർ ഷെനേയുടെ നോവൽ ചലച്ചിത്രമാക്കിയപ്പോൾ ഷാൻ മോറോ ആയിരുന്നു നായിക. 1928 ൽ പാരീസിൽ ജനിച്ചു. ലൂയി മാളിന്റെ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തയായി.
ചോ: എപ്പോഴെങ്കിലും ഒരു സ്വവർഗ്ഗരതിക്കാരനുമായി ബന്ധം ഉണ്ടായിട്ടുണ്ടോ?
ഉ: തീർച്ചയായും.അഞ്ച് വർഷം ഞാൻ പ്യേർ കർദേനൊപ്പമായിരുന്നു.
ചോ: വ്യത്യാസം ? അതായത് ..
ഉ: ഫക്ക് ഓഫ് !ഹോമോ സെക്ഷ്വൽ,ഹെട്രോ സെക്ഷ്വൽ ഞാനതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.
ചോ: ഏതെങ്കിലും ഒരു സ്ത്രീയുമായി നിങ്ങൾക്ക് ഒരു ബന്ധം?
ഉ: ഇല്ല
ചോ: നിങ്ങളേക്കാൾ പ്രായം കുറഞ്ഞ പുരുഷനുമായി പ്രണയ ബന്ധം ഉണ്ടായിട്ടുണ്ടോ?
ഉ: തീർച്ചയായും.ഞാനവരുടെ പ്രായത്തെക്കുറിച്ച് ചിന്തിക്കുന്നില്ല;അവർ എന്റേയും.19 വയസ്സുള്ള ഒരു ഫ്രഞ്ച് പയ്യനുമായി എനിക്കൊരു ബന്ധം ഉണ്ടായിരുന്നു.ഞങ്ങളുടെ കണ്ണിലൊരിക്കലും ആ പ്രായം ഉണ്ടായിരുന്നില്ല.ഞങ്ങളത്രയേറെ ഒന്നായിരുന്നു,പ്രായത്തെക്കുറിച്ച് ചിന്തിച്ചതേയില്ല.
ചോ: പ്രായമാകുമ്പോൾ നിങ്ങൾ നേരിടുന്ന പ്രശ്നം?
ഉ: ഒരു പ്രശ്നവുമില്ല
ചോ : ഷെനെയെ നിങ്ങൾ കണ്ടിട്ടുണ്ടോ?
ഉ: എനിക്ക് നന്നായി അറിയാം.നമ്മളെ പിടിച്ചെടുക്കുന്ന തരം മനുഷ്യനാണ്.പക്ഷേ ആളെ കൂടെക്കൂട്ടാൻ നല്ല പാടാണ്.ആളിപ്പോൾ എവിടാണെന്ന് ആർക്കും അറിയില്ല.
ചോ: നിങ്ങൾ എപ്പോഴെങ്കിലും ഏകയായിട്ടുണ്ടോ?
ഉ: ഇല്ല

ഇനി മാർകേസിലേക്ക് വരാം. മാർകേസ് അഭിമുഖങ്ങളിൽ തീർത്തും വ്യത്യസ്തമാണ് ഇതെന്ന് ബോധ്യമാവും. അഭിമുഖങ്ങൾ, പഠനങ്ങൾ എന്നിങ്ങനെ മലയാളത്തിൽ എത്രയോ അധികം മാർകേസ് സംബന്ധിയായ എഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടോ ഡങ്കൻ ഫാലോവെൽ നടത്തിയ ദീർഘമായ മാർകേസ് അഭിമുഖത്തെക്കുറിച്ച് ഇതിലെവിടെയും പരാമർശം കണ്ടതായി ഓർക്കുന്നില്ല. 1982 ൽ മാർകേസിന് നോബൽ സമ്മാനം ലഭിച്ചയുടനാണ് ഈ സംഭാഷണം നടന്നത്. മെക്സിക്കോ എന്ന രാജ്യത്തെയും,അവിടുത്തെ ജീവിതത്തെയും വിവരിച്ചുകൊണ്ടാണ് അഭിമുഖം എഴുതപ്പെട്ടിരിക്കുന്നത്. ഡങ്കൻ ഫാലോവെലിന് മെക്സിക്കോ ഭയപ്പെടുത്തുന്ന രാജ്യമാണെങ്കിൽ മാർകേസിന് ഏറ്റവും സമാധാനവും സന്തോഷവും നൽകുന്ന രാജ്യമാണ്." ഞാനൊരു കമ്മ്യൂണിസ്റ്റല്ല. ഞാൻ ഒരു കാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായിരുന്നില്ല. പ്രശ്നമെന്തെന്നു വെച്ചാൽ ഞങ്ങൾ ലാറ്റിനമേരിക്കക്കാർക്ക് അമേരിക്കൻ നയങ്ങളോടു യോജിക്കാനാവില്ല. അപ്പോൾ സ്വാഭാവികമായും ഞങ്ങൾ സ്വയം കമ്മൂണിസ്റ്റെന്ന് വിശേഷിപ്പിക്കും. അതുകൊണ്ടാണ് ഞങ്ങൾക്ക് അവർ അമേരിക്കൻ വിസ നൽകാതിരിക്കുന്നത്." കാസ്ട്രോയുമായുള്ള ബന്ധത്തെക്കുറിച്ചു സൂചിപ്പിക്കുമ്പോഴാണ് മാർകേസ് ഈ മറുപടി പറയുന്നത്. ചില ചോദ്യങ്ങളും ഉത്തരങ്ങളും എഴുതാം:
ചോ: ഏകാന്തത താങ്കൾക്കൊരു പ്രശ്നമാണോ?
ഉ: വ്യക്തിപരമായി? അതെ. എന്റെ വ്യക്തിജീവിതത്തിലെ ഒരു ഭാഗം എല്ലായ്പ്പോഴും ഏകാന്തതയിലാണ്. അവിടെ തനിച്ചായിരിക്കുകയെന്നത് അസാധ്യമാണ്. ഒറ്റപ്പെടലെന്നത് സങ്കടകരമാണ്. ഞാൻ ഏറ്റവുമധികം ഒറ്റയ്ക്കായി ഇരിക്കുന്ന സമയമെന്നത് ഞാൻ എഴുതുമ്പോഴാണ്. ഈ സമയത്ത് മറ്റൊരാളുടെ സഹായം ആവശ്യപ്പെടുക അസാധ്യമാണ്. അത് അത്രയേറെ വിഷമകരമാണ്!
ചോ: താങ്കൾ വിഷാദത്തിന് അടിമപ്പെട്ടിട്ടുണ്ടോ?
ഉ: ഇല്ല. ഒരിക്കലും. എനിക്കൊരു സൈക്യാട്രിസ്റ്റ് സുഹൃത്തുണ്ട്, ഞാൻ വിഷാദത്തിന് ഒരിക്കലും അടിമപ്പെട്ടിട്ടില്ല എന്ന് പറഞ്ഞിട്ട് അയാൾ വിശ്വസിച്ചില്ല.
ചോ: താങ്കൾ പുകവലിക്കാരനാണോ?
ഉ: പത്ത് പതിനൊന്ന് വർഷം മുൻപ് വരെ. ഒറ്റരാത്രി കൊണ്ട് ഞാനത് നിർത്തി. ഒരു ദിവസം നാല് പായ്ക്കറ്റ് വരെ വലിച്ചിരുന്നു.
ചോ: പേന കൊണ്ടാണോ എഴുതുന്നത്?
ഉ: അല്ല. ടൈപ്പ്റൈറ്ററിൽ. ഇലക്ട്രോണിക് ടൈപ്പ്റൈറ്ററിൽ.
ചോ: എല്ലാ ദിവസവും എഴുതുമോ?
ഉ: എല്ലാ ദിവസവും. ഇന്നൊരു ദിവസമാണ് എഴുതാതിരിക്കുന്നത്. കാരണം എന്റെ എഴുത്ത് സമയത്ത് താങ്കൾ ഇവിടെയുള്ളതിനാൽ. താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രശ്നമില്ല. പ്രശ്നമില്ല.

ചോ :അസ്തിത്വവാദം താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?
ഉ: എന്റെ പ്രശ്നം അസ്തിത്വവാദമല്ല.യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള വ്യത്യാസമാണെന്റെ പ്രശ്നം. യൂറോപ്പിലുള്ളവർക്ക് ലാറ്റിനമേരിക്കയെ കുറിച്ച് ഒന്നും മനസിലായിട്ടില്ല.
ചോ: അവാങ് ഗാദ് കലകളിലും പരീക്ഷണാത്മക സാഹിത്യത്തിലും താങ്കൾക്ക് താത്പര്യമുണ്ടോ?
ഉ: ഇല്ല. പരീക്ഷണങ്ങൾക്ക് എനിക്ക് താത്പര്യമില്ല.
ചോ: ജീവിച്ചിരിക്കുന്ന ഏതെങ്കിലുമൊരു ഇംഗ്ലീഷ് എഴുത്തുകാരനുമായി താങ്കൾക്ക് ബന്ധമുണ്ടോ?
ഉ: ഗ്രഹാം ഗ്രീനിനെ അറിയാം.എന്റെ സുഹൃത്താണ്. വളരെ മുൻപേ തന്നെ നോബൽ ലഭിക്കേണ്ട വ്യക്തിയാണ്. എന്തുകൊണ്ട് കിട്ടിയില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു.അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമാണ്.
ചോ: ഇഷ്ടപ്പെട്ട കവികൾ ?
ഉ: കവാഫി, പെസ്സോവ, നെരൂദ
ചോ:ഇഷ്ടപ്പെട്ട ചരിത്ര നായകൻ?
ഉ: ശകുനങ്ങളാൽ പൊറുതിമുട്ടിയ ജൂലിയസ് സീസർ
ചോ: ഇഷ്ടപ്പെട്ട പണി ?
ഉ: ഉപജാപം
ചോ: ഇഷ്ട എഴുത്തുകാർ
ഉ: സോഫോക്ലീസ്,കോൺറാഡ്
ചോ: സ്ത്രീയിലെ ഇഷ്ടപ്പെട്ട ഗുണം?
ഉ: ലാളനം
ചോ: പുരുഷന്മാരിൽ?
ഉ: ആർദ്രത
ചോ: എങ്ങനെ മരിക്കാനാണ് ആഗ്രഹം?
ഉ: കിടക്കയിൽ. ചുറ്റും നല്ല സുഹൃത്തുക്കൾക്കിടയിൽ കിടന്ന്.
ചോ: മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുണ്ടോ?
ഉ: ഇല്ല.മരണാനന്തരം പൂർണമായ അന്ധകാരം മാത്രം.
ഈ അഭിമുഖം മലയാളികൾക്കായി ആരെങ്കിലും പരിഭാഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കട്ടെ.കഴിയുമെങ്കിൽ താങ്കൾ ആ വിവർത്തന ദൗത്യം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം
UiR
Content Highlights: Book Bum | Unni R | Malayalam Literature | Manorama Literature