നിർമാല്യം ഇന്ന് സ്വീകരിക്കപ്പെടുമോ; പുഴ മെലിഞ്ഞെങ്കിലും വറ്റാതെ സ്നേഹത്തിന്റെ കടവ്

mt12
SHARE

 ഭരത് അവാർഡ് നേടിയ ബാലൻ കെ. നായരുടെ അനുമോദന യോഗത്തിൽ ആൾത്തിരക്ക് കാരണം പങ്കെടുക്കാൻ കഴിയാതെ എംടി തിരിച്ചു പോന്നു. എന്നാൽ അതേ നടന്റെ വാർദ്ധക്യ കാലത്തെ സ്വീകരണ യോഗത്തിൽ വേണ്ടത്ര ആളുകൾ ഇല്ലാതെ സംഘാടകർ വിഷമിക്കുന്നതും കണ്ടു. എംടി ചോദിക്കുന്നു : എത്ര ക്രൂരമായിട്ടാണ് ജനങ്ങൾ ഒരാളെ മറക്കുന്നത്…?

മറവികളുടെ പൂപ്പൽ പിടിക്കാതെ തെളിഞ്ഞു നിൽക്കുന്ന മുഖങ്ങൾ. സംഭവങ്ങൾ. നിരീക്ഷണങ്ങൾ. ചിത്രത്തെരുവുകളെക്കുറിച്ച് എംടി എഴുതുമ്പോൾ അത് അദ്ദേഹത്തിന്റെ സിനിമകൾ പോലെ വിസ്മയിപ്പിക്കുന്നു. അപൂർവവും വിചിത്രവുമായ കാഴ്ചകളിലേക്കു ക്ഷണിക്കുന്നു. ആഘോഷത്തിനും ആരാധനയ്ക്കുമപ്പുറം ജീവിതത്തെ വൈചിത്ര്യത്തിലും വ്യത്യസ്തതയിലും കണ്ട് അതിശയിക്കുന്നു. വാക്കുകളിൽ നിന്നും വരികളിൽ നിന്നും ചോർന്നു പോകാത്ത സർഗാത്മകതയുടെ പേര് കൂടിയാണ് എംടി. 

എംടി എന്നാൽ മലയാളികൾക്ക് എഴുത്തുകാരനാണ്; പിന്നെ മാത്രമാണ് സിനിമാക്കാരൻ. തിരക്കഥാകൃത്തായി, സംവിധായകനായി തന്റേതായ ഇടം നേടിയത് ദേശീയ പുരസ്കാരങ്ങളുടെ നിറവിലൂടെയാണ്. അധികമാർക്കും അറിയില്ലെങ്കിലും, അദ്ദേഹം വളർത്തുമൃഗങ്ങൾ എന്ന സിനിമയ്ക്കു വേണ്ടി പാട്ടുകളും എഴുതിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലയിലെ വിസ്മയ ലോകത്തിൽ നിന്നുള്ള അനുഭവങ്ങൾ അനുപമമായി എഴുതിയിട്ടുമുണ്ട്. 

മതത്തിന്റെയും ജാതിയുടെയും പേരിൽ പലയിടത്തും കലാപങ്ങൾ നിറയുമ്പോൾ ഉയർന്നു വരുന്ന ചോദ്യമുണ്ട്: ഇന്നായിരുന്നെങ്കിൽ നിർമാല്യം സിനിമ സംഭവിക്കുമായിരുന്നൊ?. എംടിയുടെ തന്നെ പള്ളിവാളും കാൽച്ചിലമ്പും എന്ന കഥയാണ് നിർമ്മാല്യമായത്. ഇരക്കേണ്ടി വരുന്ന വെളിച്ചപ്പാട് എന്ന അധ്യായം അസൗകര്യങ്ങളുടെ പരിമിതികളിൽ നിന്ന് എങ്ങനെയാണ് ആ സിനിമ ലക്ഷ്യത്തിൽ എത്തിയതെന്ന് വെളിപ്പെടുത്തുന്നു. ഉദ്വേഗജനകമായാണ് ക്ലൈമാക്സ് ചിത്രീകരണം അവതരിപ്പിക്കുന്നത്. വെളിച്ചപ്പാടായി എത്തുന്ന പി. ജെ. ആന്റണി അമ്പലത്തിൽ കയറുമോ എന്ന ചോദ്യം ചിത്രീകരണത്തിന്റെ സമയത്ത് ആദ്യം മുതലേ ഉയർന്നു വന്നിരുന്നു. വെളിച്ചപ്പാട് അമ്പലനടയ്ക്കൽ നൃത്തം ചെയ്യുന്ന രംഗം അമ്പലത്തിൽ വെച്ചു തന്നെ എടുക്കണം എന്നൊരു നിർബന്ധം പൂർണ്ണതയ്ക്കു വേണ്ടിത്തന്നെയായിരുന്നു. ആളനക്കമില്ലാതെ പൂട്ടിക്കിടന്ന മൂക്കുതലയിലെ താഴെക്കാവ് ഇന്ന് നല്ലൊരു അമ്പലമായി രൂപം മാറിയെന്നുകൂടി ലേഖകൻ കൂട്ടിച്ചേർക്കുന്നുണ്ട്. ബംഗാളി ഗ്രാമ പശ്ചാത്തലത്തിൽ നിർമിച്ച പഥേർപാഞ്ചാലി കാണുമ്പോഴാണ് ഗ്രാമീണ ജീവിതത്തിലെ സംഭവങ്ങളെ ആധാരമാക്കി എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ എന്ന ചോദ്യം ഉയരുന്നതും ഒരു ഘട്ടത്തിൽ സ്വന്തമായി സിനിമ എടുക്കണമെന്ന തീരുമാനത്തിൽ എത്തുന്നതും.

തിയറ്ററിലെ ഓട്ടം എന്ന ഭാരം മനസ്സിലില്ലാതെ ചെറിയൊരു പടം ചെയ്യാനുള്ള താൽപര്യമാണ് കടവിന്റെ തുടക്കം. എസ്. കെ. പൊറ്റെക്കാടിന്റെ കടവു തോണി എന്ന കഥയിൽ നിന്നാണ് ആ സിനിമ പിറക്കുന്നത്. അനുയോജ്യരായ അഭിനേതാക്കളെ തേടുമ്പോൾ സ്വന്തം കഥാപാത്രത്തെ കൃത്യമായി കണ്ടെത്തുന്നതിനെ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്. പരിഷ്കാരമില്ലാത്ത ഷർട്ടും മുണ്ടുമായി മുറിയിലേക്ക് തോണിപ്പണിക്ക് സഹായിക്കുന്ന പയ്യനായി അഭിനയിക്കുന്ന സന്തോഷിന്റെ വരവ്, തനി നാടൻ പയ്യൻ, നിഷ്കളങ്കമായ നോട്ടം. ഷൂട്ടിങ്ങിനു മുമ്പ് നീർച്ചാലായി മെലിഞ്ഞ പുഴ നാട്ടുകാർ മണൽച്ചാക്കിട്ട് ബണ്ട് ഉണ്ടാക്കി ജലവിതാനം ഉയർത്തി. അതുകണ്ട് പുഴയോടുള്ള ലേഖകന്റെ വാക്കുകൾ: കണ്ടില്ലേ? തോൽപിക്കാൻ പറ്റില്ല. സ്നേഹത്തിന്റെ കടവാണിത്.

ബാല്യത്തിലെ താരാരാധനയുടെ കണക്കിലൊന്നും പെടാത്ത പ്രേം നസീറിനെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഇടതു കൈ അറിയാതെ വലുതുകൈ ദാനം ചെയ്യുന്നത് മാത്രമല്ല വിഗ്ഗ് മാറ്റിവെച്ച് ഒരേ തരം കഥപാത്രങ്ങളെ അവതരിപ്പിച്ച് മടുത്ത നസീറിനെയും വായിക്കാം. പ്രസിദ്ധി വേണ്ടാതെ നസീർ ചെയ്തിരുന്ന സഹായങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പറയുമ്പോഴും സത്യനെ വിട്ടുകളയുന്നില്ല. സത്യനും നസീറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന അടക്കം പറച്ചിലുകൾക്കിടയിലാണ് സത്യൻ ലേഖകനെ കാണുന്നത്. ആ മേത്തച്ചെറുക്കനും ഞാനും തമ്മില് ഒരു പിണക്കവുമില്ല. മിനിഞ്ഞാന്നു കൂടി ഞങ്ങൾ കണ്ടപ്പോൾ കുറെ തമാശ പറഞ്ഞു: നസീറിനെക്കുറിച്ചുള്ള സത്യന്റെ വാക്കുകളായിരുന്നു ഇത്. സത്യൻ അസുഖബാധിതനാണെന്ന് കഥകൾ പരക്കുന്ന കാലത്തും രോഗത്തെക്കുറിച്ചോ ചികിത്സയെപ്പറ്റിയോ ചോദിക്കുന്നത് സത്യന് ഇഷ്ടമായിരുന്നില്ല, അസ്വസ്ഥത തോന്നിയപ്പോൾ തനിയെ കാറോടിച്ച് ഹോസ്പിറ്റലിൽ എത്തിയതിന്റെ രണ്ടാം ദിവസമാണ് അദ്ദേഹം മരിക്കുന്നത്.

നിശ്ശബ്ദതയെപ്പോലും സംഗീതമാക്കിയ എം. ബി. ശ്രീനിവാസൻ സംഗീതോപകരണങ്ങൾ വായിക്കുന്നവർക്കായി യൂണിയൻ ഉണ്ടാക്കിയതും, അവരെ ഉത്തരവാദിത്തത്തോടെ പെരുമാറാൻ നിർബന്ധിച്ചതും അദ്ദേഹം ഓർത്തെടുക്കുന്നു. എം. ബി. ശ്രീനിവാസനെക്കുറിച്ചു പറഞ്ഞു നിർത്തുന്നു: ആരോഹണാവരോഹണങ്ങൾ വായുവിൽ കുറിക്കുന്ന കൈകളുടെ ചലനമൊപ്പിച്ചുള്ള സൗഹൃദത്തിന്റെ സംഘഗാനങ്ങൾ അകലെ നിന്ന് ഞാൻ കേൾക്കുന്നു. സൗണ്ട് ഇഫക്റ്റുകൾ ഇല്ലാതെ സിനിമ പൂർണ്ണമാവുന്നില്ല. രണ്ടു മൂന്ന് പെട്ടി സാധനങ്ങൾ നിരത്തി വെച്ച് ഏത് ശബ്ദവും സിനിമയിൽ എത്തിച്ചിരുന്ന ആളായിരുന്നു വൈരം. നടന്നു പോകുമ്പോൾ വഴിയിൽ കണ്ട ഏതു സാധനവും പെറുക്കിയെടുത്ത് സൂക്ഷിക്കും. അരിപ്പയിൽ മണലിളക്കി കൊടുങ്കാറ്റിന്റെ ശബ്ദമുണ്ടാക്കുന്നതു പോലെ, ഇവ ഉപയോഗിച്ച് ചില ചൊട്ടുവിദ്യകൾ കൊണ്ടാണ് ലോകത്തിലെ ഏത് ശബ്ദവും അദ്ദേഹം സിനിമയ്ക്ക് വേണ്ടി അവതരിപ്പിച്ചത്.

പഴയ പത്തായപ്പുരയുടെ മുകളിലെ മുറിയിൽ ചാരുപടിമേൽ കമിഴ്ന്നു കിടന്ന് എഴുതിയിരുന്നതിൽ നിന്ന് സിനിമയ്ക്കായുള്ള എഴുത്തിലേക്കുള്ള മാറ്റത്തെ ഒരു സംഭവം കൊണ്ട് വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ എഴുതാൻ തിരഞ്ഞെടുത്ത ഹോട്ടലിൽ താരിഫ് റേറ്റിൽ പറഞ്ഞ നൂറ്റമ്പതിനു പകരം മുന്നൂറ് വേണം എന്ന നിബന്ധനയുടെ കാരണം, മേശയും കസേരയും കൊടുത്തപ്പോൾ അത് ഓഫിസ് മുറിയായി മാറി എന്നതായിരുന്നു. അവിടെ നിന്നിറങ്ങി ചെന്നെത്തുന്ന സാഗരിക എന്ന ഹോട്ടലിന്റെ കൂടെ ഒരു കഥയുണ്ട്. നല്ല സാമ്പത്തികനില ഉണ്ടായിരുന്ന അതിന്റെ ഉടമസ്ഥൻ ഒരു ദിവസം സന്ധ്യയ്ക്ക് പതിവുപോലെ നടക്കാനിറങ്ങി. കരയിൽ  നടക്കാതെ നേരെ വെള്ളത്തിലേക്ക് ഇറങ്ങി നടന്നു. കടലിലേക്ക് അപ്രത്യക്ഷനായി. മൂന്നാം ദിവസമെന്നല്ല ഒരിക്കലും മൃതശരീരം കരയിൽ എത്തിയതുമില്ല.

എഴുത്തിടങ്ങളെക്കുറിച്ചുള്ള കുറിപ്പുകളിൽ വിഴിഞ്ഞത്തെ കോട്ടേജിനെക്കുറിച്ചുള്ള വിവരണത്തിലാണ് “കടൽ പറയുന്ന വാക്കുകൾ” എന്ന ഭാഗം. “കടലിന്റെ ഇളക്കം ഭൂമിയുടെ ശ്വാസോഛ്വാസമാണെന്ന് കേട്ടിട്ടുണ്ട്. ഇത് ശ്വാസോഛ്വാസമല്ല. അടക്കിയ അമർഷത്തിന്റെ പൊട്ടിച്ചീറലുകളാണ്…. കടൽ അൽപം മാറിനിന്ന്, എഴുതുന്നവൻ രൂപപ്പെടുത്തുന്ന വാചകങ്ങൾ വായിക്കുന്നുണ്ടാവാം. കടലിന്റെ അഗാധതയിൽ നിന്ന് ഏതോ ഒരു വിളി കേട്ടാണൊ മദ്രാസിലെ ഹോട്ടലുടമ തിരകളും കടന്ന് ഇറങ്ങിപ്പോയത്. ഇടയ്ക്ക് കടൽ അലറുന്നു. ഇടയ്ക്ക് നെടുവീർപ്പിടുന്നു.. ഇടയ്ക്ക് ഉണർന്നെഴുന്നേറ്റ് ചീറി അനേകം ഫണങ്ങളുള്ള മഹാസർപ്പമായി പാറക്കെട്ടുകളിൽ രോഷത്തോടെ കൊത്തുന്നു. 

ജനകീയ കലാരൂപമായ സിനിമയെ ഇടതു പക്ഷം ഏറ്റെടുക്കാൻ തീരുമാനിച്ചതിന്റെ ഫലമാണ് 1976 ൽ രൂപം കൊണ്ട ജനശക്തി ഫിലിംസ്. ജനശക്തി മലയാളസിനിമയുടെ തലവര മാറ്റിയെഴുതുമെന്ന് പലരും പ്രതീക്ഷിച്ചു. ചെറുകാടിന്റെ ദേവലോകം സിനിമയിൽ ഇന്നത്തെ മമ്മൂട്ടിയുടെ തൊഴിലാളി നേതാവായുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പാർട്ടി ജനശക്തിയെ കയ്യൊഴിഞ്ഞതിനൊപ്പം അതിനൊപ്പം നിന്ന ജയപാലമേനോനും ചാത്തുണ്ണിമാസ്റ്ററും പാർട്ടിയുടെ പുറമ്പോക്കിലായത് അൽപം വിഷമത്തോടെ അവതരിപ്പിക്കുന്നു. എത്രമാത്രം ക്ഷണികമാണ് സിനിമാലോകത്തെ സ്ഥാനം എന്നതിന് ഉദാഹരണമാണ് ടാർപോളിനിൽ നോട്ട്കെട്ടുമായി കണ്ടൊരാളെ പിന്നൊരിക്കൽ ബസ് കൂലിക്ക് വകയില്ലാതെ കാണേണ്ടി വരുന്നതും. കാശുള്ള കാലത്ത് സിൽബന്ധികളായി കൂടെ നിന്നിരുന്ന സ്ഥിരം കമ്പനികളിൽ എംടിയും ഉണ്ടായിരുന്നൊ എന്നു പോലും അദ്ദേഹം ഓർക്കുന്നില്ലെങ്കിലും, ഉണ്ടെന്ന വിശ്വാസത്തിൽ ആണ് സഹായം തേടി എത്തുന്നത്. അദ്ദേഹത്തിന്റെ അവസാനത്തെക്കുറിച്ച് എം ടി എഴുതുന്നത് ഇങ്ങനെയാണ് - കഥയ്ക്ക് അടിവരയിടാറായെന്ന് കടലിന് തോന്നിയിരിക്കാം.. 

ഓർമകൾ തളരുമ്പോഴും രാഘവൻ മാസ്റ്റർ തന്നെ തിരിച്ചറിഞ്ഞത് അദ്ദേഹം സ്നേഹത്തോടെ ഓർക്കുന്നു. എൻ. പി. മുഹമ്മദുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ വിയോഗം ഏൽപിച്ച ആഘാതവും അത്രമേൽ ആഴത്തിലായിരുന്നു. അകാലത്തിൽ പൊലിഞ്ഞ മോനിഷയെക്കുറിച്ചു സ്മരണകൾ പങ്കുവയ്ക്കുന്നത് തീവ്ര വേദനയോടെയും. നായികമാർ തന്നെ തുണിയുരിഞ്ഞു പ്രലോഭന നൃത്തം നടത്തുന്ന കാലത്ത് സിൽക്ക് സ്മിതയ്ക്ക് പ്രസക്തിയില്ലാതാവുന്നെങ്കിലും കോടമ്പാക്കത്ത് ഒരു പഴയ കെട്ടിടത്തിന്റെ ടെറസ്സിൽ തകരപ്പലകകൾ പാകി വാടകയ്ക്ക് കൊടുക്കാൻ പാകത്തിലാക്കിയ വീട്ടിൽ വലിയ കണ്ണുകളും രൂക്ഷമായ നോട്ടവുമുള്ള ആ പെൺകുട്ടിയെ കണ്ടത് അദ്ദേഹം മറക്കുന്നില്ല.

ലോകസിനിമയിലെ ബുദ്ധിശാലികൾ പരിഹാസച്ചുവയോടെയാണ് ഹോളിവുഡിനെ കുറിച്ച് പറയുക; നമ്മൾ കോടമ്പാക്കത്തെപ്പറ്റി പറയുന്നതിലും ആ നിന്ദാസ്വരം നിറയുന്നു. എൻ ടി ആർ, എം ജി ആർ, ജയലളിത അങ്ങനെ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി വെന്നിക്കൊടി പാറിച്ചവർ ഏറെയുണ്ടെങ്കിലും താരാരാധനകൊണ്ട് വോട്ടുകൾ വീഴാത്ത വരണ്ട പ്രദേശമാണ് കേരളമെന്ന് ലേഖകന്റെ ഭാഷ്യം. അതിസുന്ദരമായ വർണ്ണനകൾ നിറയുന്ന നിരവധി സന്ദർഭങ്ങളും സമാന്തരമായ കഥകളും ഉണ്ട്. പ്രസിദ്ധരായവർക്കൊപ്പം സിനിമാത്തെരുവിന്റെ ഓരങ്ങളിൽ നിന്നവരും കഥാപാത്രങ്ങളാകുന്നു. ചെറിയ വേഷങ്ങളിലെ വലിയ 

മനുഷ്യരായെത്തുന്ന ചന്ദ്രേട്ടൻ- കേരളത്തിൽ നിന്ന് ബോബെയിലെത്തുന്ന സിനിമക്കാർക്കും എഴുത്തുകാർക്കും അത്താണിയായിരുന്നു. തന്റെ സമയം കഴിയുന്നു എന്ന് തോന്നിയപ്പോൾ എംടിയുടെ കൈ കൂട്ടിപ്പിടിച്ച് പറയുന്ന വാചകം ഇങ്ങനെയാണ്-ചെറിയ റോൾ ആയിരുന്നു, തരക്കേടില്ലാതെ ചെയ്തു അല്ലേ? ഇതു പോലെ തിരക്കഥയെ വെല്ലുന്ന ഡയലോഗുകൾ ഒട്ടേറെയുണ്ട്. ചില ആളുകളെക്കുറിച്ച്. സംഭവങ്ങളെക്കുറിച്ച് വായിക്കുമ്പോൾ കഥ വായിക്കുന്ന അനുഭൂതിയാണ്. ചിത്രങ്ങൾ സിനിമയിൽ എന്നപോലെ തെളിഞ്ഞു വരുന്നു… ഓരോ ലേഖനവും അവസാനിക്കുന്നത് ഉള്ളിൽ കുറിച്ചിടാവുന്ന വാചകങ്ങളാലാണ്.. ഒന്നു മാത്രം തിരഞ്ഞെടുക്കട്ടെ; എല്ലാ കഥകളും നീണ്ടു പോകുമ്പോൾ മരണത്തിൽ അവസാനിക്കുന്നു. അതു മാറ്റി നിർത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS