ചിന്തയിൽ മുഴുകിയ ഷെർലക്ക് ഹോംസ്

HIGHLIGHTS
  • കുറ്റാന്വേഷകന് ഒരാഴ്ചയിൽ വരുന്ന നൂറോളം കത്തുകൾക്ക് മറുപടി എഴുതാൻ ബാങ്ക് ഒരു ഫുൾ ടൈം ജോലിക്കാരനെ വച്ചിട്ടുണ്ട്
sherlock-series-episode-seven
221 ബി ഉള്ളിൽ
SHARE

ജനുവരി 2023, ലണ്ടൻ.

ഞാൻ ബേക്കർ സ്ട്രീറ്റ് സ്റ്റേഷനു പുറത്തിറങ്ങി. 1930-കളിൽ ഹോംസിന്റെ ഒരു പ്രതിമ നഗരത്തിൽ സ്ഥാപിക്കണമെന്ന് 'ഫാദർ ബ്രൗൺ' കഥകളുടെ രചയിതാവായ ജി കെ ചെസ്റ്റ്റ്റർട്ടൺ ആവശ്യപ്പെട്ടിരുന്നു, ഏഴു പതിറ്റാണ്ടിനു ശേഷം സഫലമായി. സ്റ്റേഷനു മുമ്പിൽ ഒമ്പതടി ഉയരമുള്ള അപസർപ്പകൻ കയ്യിൽ പൈപ്പുമായി പരിസരം നിരീക്ഷിക്കുന്നു. ജൊക്കോപ്പോയുടെ തീവ്രാഭിലാഷം മരപ്പാവയായ പിനോക്യോക്ക് ജീവൻ നൽകിയ പോലെ അക്ഷരപ്രേമികൾ ഹോംസിന് തുടിക്കുന്ന ഹൃദയം നൽകുമോ? പ്രതിമയുടെ പിന്നിൽ നീണ്ടു പോകുന്ന വിശാലമായ മരിൽബോൺ സ്ട്രീറ്റ്. പാതയുടെ ഇടതു വശത്ത് മാദം തുസാദ്സ് മ്യൂസിയം. എവിടെ ബേക്കർ തെരുവ്? മരിൽബോൺ തെരുവിനെ നോക്കി പെൻസിലു കൊണ്ട് വെളുത്ത പേപ്പറിൽ ചിത്രങ്ങൾ കോറിയിടുന്ന ഒരു ചെറുപ്പക്കാരനോട് വഴി ചോദിച്ചു. എന്റെ ആവേശം അയാളിലും പടർന്നു. വിട ചൊല്ലി ലോകപ്രശസ്തമായ ആ വിലാസം ലക്ഷ്യമാക്കി തണുപ്പ് വകവയ്ക്കാതെ ഞാൻ നടന്നു 

sherlock-two
സ്കോട്ട്ലൻഡ് യാർഡ് കോൺസ്റ്റബിളിന്റെ വേഷത്തിൽ ഒരു നടൻ

ലക്ഷ്യം അടുത്തു വരുന്നു. ഒരു നൂറ്റാണ്ട് ഒരു നിമിഷാർധത്തിൽ ഒഴുകിപ്പോയ പോലെ. എന്റെ മനസ്സിലുള്ളത് ജെറമി ബ്രെട്ട് നടിച്ച കാൽപനികമായ ടെലിവിഷൻ പരമ്പര. ഒരു ഇടത്തെരുവിലൂടെ ബേക്കർ സ്ട്രീറ്റിൽ കയറുന്ന കുതിരവണ്ടി, സമാന്തരമായി നീങ്ങുന്ന ഹാൻസം ക്യാബ്. തവിട്ടു നിറത്തിൽ മിനുക്കിയ തടി പാകിയ മുഖപ്പുള്ള കടകൾ അതിരിടുന്ന തെരുവിൽ ജനം. നീളൻ കോട്ടും വിന്റേജ് ഹാറ്റും വോക്കിംഗ് സ്റ്റിക്കുമായി മാന്യന്മാർ. നീളമുള്ള ഫ്രോക്ക് ധരിച്ച്, അലംകൃതമായ പ്രാമുകളിൽ കുഞ്ഞുങ്ങളുമായി വനിതകൾ. ചൂടുള്ള വാർത്തയുമായി പത്രം വിൽക്കുന്ന യുവാക്കൾ (Murder at West End!). സ്ഥടിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയുടെ മുന്നിൽ വികൃതി കാട്ടുന്ന തെരുവുബാലന്മാർ. അവരെ ആട്ടിപ്പായിക്കുന്ന, കറുത്ത ഗൗണും തൊപ്പിയും ധരിച്ച സ്കോട്ട്ലൻഡ് യാർഡ് കോൺസ്റ്റബിൾ. നഗരം കാണാനിറങ്ങിയ സഞ്ചാരികളെ വഹിച്ചു നീങ്ങുന്ന സ്റ്റേജ് കോച്ച്. 221 B-യുടെ ജനലിന്റെ വെളുത്ത തിരശ്ശീല നീക്കി ചിന്തയിൽ മുഴുകിയ ഷെർലക്ക് ഹോംസ്. പശ്ചാത്തലത്തിൽ വിഷാദമയമായ വയലിൻ നാദം. എന്നിൽ അങ്ങകലെ മറഞ്ഞ ആ കാലത്തിന്റെ നഷ്ടബോധം.

sherlock-one
221 ബി - ഷെർലക് ഹോംസ് മ്യൂസിയത്തിന് മുന്നിൽ

ബേക്കർ തെരുവിൽ ഇരുവശത്തും നിരയായുള്ള ജോർജിയൻ നിർമ്മിതികൾ കാൽപനികത ചോരാതെ ആധുനികമാണ്. നിരത്തിൽ കാറുകൾ, ബ്ലാക്ക് ക്യാബുകൾ, ചുവന്ന ബസുകൾ. ഏതാണ്ട് ഒരു നൂറ്റാണ്ടായി തെരുവിലെ 215 മുതൽ 229 വരെയുള്ള മുറികൾ അബ്ബി നാഷനൽ ബാങ്കിന്റെ ഉടമസ്ഥതയിലാണ്. സ്വാഭാവികമായും 221 B എന്ന കല്പിത മേൽവിലാസം അതിനിടയിലുണ്ട്. ഷെർലക്ക് ഹോംസിന്റെ രക്ഷാധികാരിയാണ് അബ്ബി ബാങ്ക്. കുറ്റാന്വേഷകന് ഒരാഴ്ചയിൽ വരുന്ന നൂറോളം കത്തുകൾക്ക് മറുപടി എഴുതാൻ ബാങ്ക് ഒരു ഫുൾ ടൈം ജോലിക്കാരനെ വച്ചിട്ടുണ്ട് (പതിനെട്ട് വർഷം മുമ്പ് ഞാൻ കേരളത്തിൽ നിന്നും അയച്ച സന്ദേശത്തിന് മറുപടി തന്നത് അതിലൊരാൾ ആയിരിക്കണം).

sherlock-fourteen
221 ബി ഉള്ളിൽ

221 B-യുടെ മുന്നിലെത്തി എതിർ വശത്തെ നടപ്പാതയിൽ നിന്ന് രണ്ടാം നില കൺകുളിർക്കെ കണ്ടു. താഴെ വാതിൽക്കൽ വിന്റേജ് യൂണിഫോം ധരിച്ച ഒരു സ്കോട്ട്ലൻഡ് യാർഡ് കോൺസ്റ്റബിൾ. സുമുഖനായ ആ യുവാവിന് ഈ നടനം ഒരു ജോലിയാണ്. അക്ഷമനാകാതെ സഞ്ചാരികളുടെ ചിത്രങ്ങൾക്ക് അയാൾ വിഷയമാകുന്നു. റോഡ് കുറുകെ കടന്ന് സുവനീർ ഷോപ്പിൽ കയറി. മുപ്പത് വർഷത്തെ ഹോംസിയൻ അനുഭവം ഒരു ഇളംകാറ്റായി എന്നെ തഴുകി കടന്നുപോയി. കച്ചവടം പ്രധാനമെങ്കിലും ഇത് ഷെർലക്ക് മിത്തിന്റെ ഒരു ആഘോഷമാണ്.

sherlock-fifteen
ഡൈനിംഗ് ടേബിൾ

കലണ്ടർ, പേന, ഡയറി, പോർട്രെയ്റ്റ്, പസ്സിൽ ബുക്ക്, ന്യൂ കേസ് ബുക്ക്, മഗ്, കീചെയിൻ, ട്രേഡ് മാർക്ക് ഡിയർസ്റ്റാക്കർ ഹാറ്റ്, സ്മോക്ക് പൈപ്പ്, മാഗ്നിഫൈയിംഗ് ഗ്ളാസ്, ചെക്കേർഡ് സ്യൂട്ട് ധരിപ്പിച്ച ഒരു പാവ, ഡൈനിംഗ് ടേബിൾ, പിയാനോ മാതൃക, അലാം ക്ലോക്ക്, പൊലീസ് ലോഗ് ബുക്ക്, നഗര ഭൂപടം, നടൻ ജെറമി ബ്രെട്ടിന്റെ ചുവർ ചിത്രം. ചോക്ലേറ്റ് ബോക്സ്, ജിൻ ബോട്ടിൽ - ഷെർലോക്കിയൻ മുദ്ര പതിയാത്തതൊന്നും ഇവിടെയില്ല. ഓർമയ്ക്കായി സ്വർണനിറമുള്ള ഒരു പേന ഞാൻ വാങ്ങി. ഷെർലക്ക് ഹോംസ് - കൺസൽട്ടിംഗ് ഡിറ്റക്ടീവ് എന്ന ലിഖിതങ്ങൾ. ആ പ്രതിഭയെ വായിച്ചു വളർന്ന് ലേഖകനായ യാത്രികന് അത് ഉചിതം. 

sherlock-four
221 ബി ഉള്ളിൽ

നാനാദേശത്തു നിന്നു വന്ന സഞ്ചാരികൾ ആഹ്ളാദഭരിതരാണ്. യൂറോപ്യനെന്നോ ഇന്ത്യനെന്നൊ, മംഗോളിയനെന്നോ ഭേദമില്ല സുവനീർ ഷോപ്പായ മുറി വീട്ടുടമ മിസിസ് ഹഡ്സന്റെ കിടപ്പുമുറിയാകാം. താഴത്തെ നില ഉടമയ്ക്ക്. മുകളിലെ മൂന്ന് മുറി രണ്ടു മാന്യന്മാർക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. വിക്ടോറിയൻ വേഷം ധരിച്ച ഒരു യുവതി വാതിൽക്കലുണ്ട്. നിങ്ങളാണോ മിസിസ് ഹഡ്സൻ? ഞാൻ ചോദിച്ചു, അവൾ പുഞ്ചിരിച്ചു. മുകളിൽ കയറാനുള്ള ടിക്കറ്റ് വാങ്ങി പുറത്തു കാത്തു നിന്നു. ഏതൊക്കെയോ ഭാഷകളിൽ വാചാലരാകുന്ന അനുവാചകർ. പ്രാദേശിക ഭാഷകളിൽ പരിഭാഷ ചെയ്യപ്പെട്ട് കാതലൊന്നും ചോരാതെ ഹൃദയത്തെ തൊട്ട വായനാനുഭവം.

sherlock-twelve
221 ബി ഉള്ളിൽ

മുപ്പത് വർഷം മുമ്പ് കേരളത്തിലെ ഒരു ഗ്രാമീണ വായനശാലയിലെ പഴകിയ ഗന്ധമുള്ള പുസ്തകത്തിൽ ഹോംസിനെ വായിച്ച ഞാനും പരദേശികളായ അവരും കടലേഴും താണ്ടി ലണ്ടനിൽ വന്നിരിക്കുന്നു. ഞങ്ങൾ മുകളിൽ കയറി, രണ്ടു തട്ടിലായി പതിനേഴ് പടികൾ. ഹോംസ് പറഞ്ഞതു കൊണ്ട് അറിഞ്ഞു, അല്ലെങ്കിൽ സാമാന്യജനം അതും ശ്രദ്ധിക്കില്ല. ഒരു സമാന്തര ലോകത്ത് ഞങ്ങൾ പ്രവേശിച്ചു. വിവരണം നൽകാൻ സ്യൂട്ട് ധരിച്ച ഒരു വയോധികൻ. നെരിപ്പോടിന്റെ മുന്നിൽ അയാൾ സംസാരം തുടങ്ങി. വിവരണത്തിൽ പുതുമയില്ല, പ്രദർശനത്തിലേക്ക് നയിക്കുന്ന സൂത്രധാരൻ മാത്രമാണ് അയാൾ.

sherlock-sixteen
മ്യൂസിയത്തോട് ചേർന്നുള്ള ഷെർലക് ഹോംസ് ഗിഫ്റ്റ് ഷോപ്പ്.

മുറികളുടെ വലിപ്പക്കുറവ് ശ്രദ്ധേയം. കഥകളിലെ വിവരണപ്രകാരം സൂക്ഷ്മമായി തയ്യാറാക്കിയ പരിസരം. അവിവാഹിതരായ രണ്ടു പേർക്ക് ഇതു ധാരാളം. അനാവശ്യ ആഢംബരമില്ല, എന്നാൽ വേണ്ടതെല്ലാമുണ്ട്. ഇരിപ്പുമുറിയിലെ നെരിപ്പോട്, ഹോംസിന്റെ വയലിൻ, രണ്ടു പേരുടെ തൊപ്പികൾ, പൈപ്പ്. ചുവരിൽ റൈഫിൾ, ആക്രമണ സജ്ജമായ ആയുധങ്ങൾ. അപകടകരമായ ജോലി, ഏതു തരക്കാരാണ് കയറി വരികയെന്ന് പറയാനാകില്ല. ജാലകത്തിനരികിലെ ഊണുമേശയിൽ ക്ലാസിക് ചാരുതയുള്ള പാത്രങ്ങൾ, കട്ലറി. ചുവപ്പു കലർന്ന വോൾപേപ്പർ, ചുവപ്പിന്റെ ഷേഡുള്ള കർട്ടൻ, ചുവപ്പിൽ ഒരു പഠനം.

sherlock-five
221 ബി ഉള്ളിൽ

പേരു കേട്ട കഥകളിലെ ചില രംഗങ്ങൾ മെഴുകു പ്രതിമയായുണ്ട്. ചെമ്പൻ മുടിക്കാരൻ ജാബേസ് വിൽസൺ ഇംഗ്ലീഷ് ശബ്ദതാരാവലി പകർത്തിയെഴുതുന്നു. ഞാനെന്റെ ചെമ്പൻ മുടിയിൽ വിരലോടിച്ചു. ഈ ദിനത്തിനു വേണ്ടി പ്രത്യേകം ചായമടിച്ചു വന്നതാണ്. എഴുത്തു മേശയിൽ ടൈംസ് ദിനപത്രം. കേസിനു തുമ്പുണ്ടാക്കാൻ ഹോംസ് ക്ലാസിഫൈഡ് കോളം തന്ത്രപരമായി ഉപയോഗിച്ചു. ഒരറ്റത്ത് രാസപരീക്ഷണ ശാല. ഇരുമ്പുകട്ടിലിട്ട ലളിതമായ കിടപ്പു മൂറിയുടെ ചുവരിൽ സ്ഥലത്തെ പ്രധാന കുറ്റവാളികളുടെ ചിത്രം. ക്രിമിനോളജിയുടെ പിതാവാണ് ഈ അപസർപ്പകൻ.

sherlock-six
221 ബി ഉള്ളിൽ

മൂന്നാം നിലയിലെ വാട്സന്റെ മുറിയുടെ ചുവരിൽ വൈദ്യശാസ്ത്ര പഠനം. മേശമേൽ വൈദ്യന്റെ ബാഗ്. എന്തിനധികം, ഒരു തട്ടുകൂടി കയറിയാൽ അവരുടെ വാഷ് റൂം, ക്ഷൗര സാമഗ്രികൾ, മച്ചിൽ യാത്രക്കുള്ള ട്രങ്ക് പെട്ടികൾ. ഇത് രണ്ടു പ്രഫഷണലുകളുടെ ഭവനമാണ്. ഹോംസിന്റെ ഓഫീസ് കണ്ടു കഴിഞ്ഞു. പക്ഷേ ഡോക്ടർ വാട്സന്റെ ക്ലിനിക്ക് എവിടെ? വാട്സൻ വിവാഹിതനായപ്പോൾ ജീവിച്ചതെവിടെ? ഇതുവരെ എനിക്കൊരു തുമ്പും കിട്ടിയില്ല. ചരിത്രകാരന്മാരുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ പതിയേണ്ടിയിരിക്കുന്നു.

sherlock-nine
മ്യൂസിയത്തോട് ചേർന്നുള്ള ഷെർലക് ഹോംസ് ഗിഫ്റ്റ് ഷോപ്പ്.

എന്റെ സംഘം പടയിറങ്ങിയതിനു ശേഷവും ഞാനവിടെ നിന്നു. അവസാന നിമിഷത്തിന്റെ മാന്ത്രികതയും നുകരാനായി. പക്ഷേ പുറത്തിറങ്ങുമ്പോൾ ഈ മുറികൾ ഞാൻ ഭാവനയിൽ കണ്ട 221 B-യുടെ ഏഴയലത്ത് എത്തുന്നില്ലെന്ന് അറിഞ്ഞു. അതാണ് സാഹിത്യകൃതിയുടെ ധർമ്മവും കാവ്യനീതിയും. വായിച്ചവരെല്ലാം അവരുടെ അനന്യമായ ലോകങ്ങൾ നിർമിച്ചു കഴിഞ്ഞു. പുറമേ പണിതതെല്ലാം ഒരു സ്മരണിക മാത്രമാണ്. ഹോംസും വാട്സനും ഈ ചുവരുകൾ ഭേദിച്ച് എന്നേ പുറത്തു പോയി, അവർ ഇപ്പോൾ മൾട്ടിവേഴ്സിലാണ്.

(തുടരും)

Content Highlights: Sherlock Holmes | Literary world | Baker street

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS