ADVERTISEMENT

നൊർവീജിയൻ നോവലിസ്റ്റ് കാൾ ഓവ് ക്നോസ്‌ഗാഡിന്റെ 'ദ വൂൽവ്സ് ഓഫ് ഇറ്റേണിറ്റി'യിൽ, ഇതിനു മുൻപിറങ്ങിയ 'മോണിങ് സ്റ്റാർ' എന്ന നോവലിലെ ചില സൂചകങ്ങളുടെ വിവരണം നമുക്കു ലഭിക്കുന്നു. ആ നോവലിലേതുപോലെ ബഹുസ്വര ആഖ്യാനമാണിതിലും. 'മോണിങ് സ്റ്റാറിലെ' ദുരൂഹത നിറഞ്ഞ  ആണവ റിയാക്ടർ നൽകുന്ന സൂചന എന്താണെന്ന് ഇവിടെ കുറച്ചുകൂടി വ്യക്തമാകുന്നു. 1980കളിലെ നോ‍ർവേയിലെ ഒരു ഗ്രാമീണപട്ടണത്തിലാണു കഥ ആരംഭിക്കുന്നത്. ആണവച്ചോർച്ച ഉണർത്തുന്ന വിചാരങ്ങളുടെ പശ്ചാത്തലത്തിൽ കഥ വികസിക്കുന്നു. നോർവേയിലെയോ സ്വീഡനിലെയോ ആണവനിലയമല്ല, സോവിയറ്റ് യൂണിയനിലെ ചെർണോബിലെ ആണവനിലയത്തിലാണു സ്ഫോടനമുണ്ടായത്. അവിടെനിന്നുയർന്ന ആണവമേഘങ്ങൾ യൂറോപ്പിലേക്കു പ്രവേശിച്ചു നോർവേയുടെ ആകാശത്തും അന്തരീഷത്തിലും അത് ഭയാനകമായി ഇരുണ്ടുപടരുന്നു. 

KarlOveKnausgaard
കാൾ ഓവ് ക്നോസ്‌ഗാഡ്, Image Credit: Chester Higgins Jr—The New York Times/Redux

ആദ്യഭാഗത്തു പ്രത്യക്ഷനാകുന്ന സീവേർട്ടിനു പത്തൊൻപതു വയസ്സേയുള്ളു; സൈനികസേവനം പൂർത്തിയാക്കും മുൻപേ പറഞ്ഞുവിട്ടതിനാൽ വീട്ടിൽ വന്നിരിപ്പാണ്. അമ്മയും 12 വയസ്സായ അനുജനും മാത്രമേ വീട്ടിലുള്ളു. അച്ഛൻ മരിച്ചുപോയി. മരിച്ചുപോയ അച്ഛനെക്കുറിച്ചുള്ള വിചിത്രമായ സ്വപ്നങ്ങളാണ് അവനെ അലട്ടുന്നത്. അമ്മ രണ്ടിടത്തു ജോലിക്കു പോയിട്ടാണു കുടുംബം പോറ്റുന്നത്. അമ്മയോടു സ്നേഹവും കരുതലും ഉണ്ടെങ്കിലും അവരുടെ പഴ്സിലെ പണം എടുത്തു  മദ്യപിച്ചു കറങ്ങിനടക്കാനും കാണുന്ന പെണ്ണുങ്ങളോടെല്ലാം കൂടെ വരുന്നോയെന്നു ചോദിക്കാനും മടിയില്ലാത്ത ആളാണ്, കൂട്ടുകാരന്റെ, ഒരിക്കലും നേരിൽ കാണാത്ത ഗേൾഫ്രണ്ടിനെ വിചാരിച്ചു സ്വയംഭോഗം വരെ ചെയ്യുന്നുണ്ടു കക്ഷി. ക്നോസ്‌ഗാഡിന്റെ ചെറുപ്പക്കാരിൽ വെറുപ്പും ദാർശനികതയും ഒരേ അളവിലാണു സംഗമിക്കുന്നതെന്നു കാണാം. അദ്ദേഹത്തിന്റെ 'മൈ സ്ട്രഗിൾസ്' നോവൽ പരമ്പരയിലെ 'ബോയ്‌ഹുഡ് ഐലന്റ്' ആണ് ഇതിന്റെ ആദ്യഭാഗം വായിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ വന്നത്. എന്നാൽ, ഇവിടെ ദുരൂഹമായ ഭീതിയുടെയും മരണവിചാരങ്ങളുടെയും അന്തരീഷമാണുള്ളത്. വായന മുന്നേറുന്തോറും ദുരൂഹതയേറുന്നു; പുതിയ ചോദ്യങ്ങൾ ഉയരുന്നു. 

കുട്ടിയായിരുന്നപ്പോഴുള്ള ആദ്യ ഓ‍ർമ ഏതാണെന്ന് സീവേർട്ടിനോട് അനുജൻ ചോദിക്കുന്നുണ്ട്. ഒരു തൂക്കുപാലത്തിൽ നിന്നു ചാടിക്കളിച്ചതാണ് ആദ്യ ഓർമ എന്ന് സീവേർട്ട് മറുപടി പറയുന്നു. പാലത്തിലെ കയറിൽപ്പിടിച്ചു നിന്ന് പാലം ആടിക്കൊണ്ടിരിക്കാനായി മൂന്നോ നാലോ തവണ ചാടിയിട്ടുണ്ടാകും. താഴെ വെള്ളം കുതിച്ചുപോകുന്നതും കാണാം. ​ഞാൻ ചിരിക്കുകയായിരുന്നു. സന്തോഷം കൊണ്ട്.  ഈ വിവരണത്തോടുള്ള പ്രതികരണമായി അനുജൻ ചോദിച്ചത് ഇതാണ് – ഓ‍ർമയിൽ നാം നമ്മെ അകത്തുനിന്നാണോ പുറത്തുനിന്നാണോ കാണുന്നത് ? ഞാൻ എന്നെ പുറത്തുനിന്നാണു കാണുന്നതെന്ന് കഥാപാത്രത്തിന്റെ മറുപടി; പക്ഷേ ഒരാൾക്ക് സ്വയം പുറത്തുനിന്നു തന്നെ നോക്കാനാവില്ലല്ലോ എന്ന് അനുജൻ. സത്യം. പക്ഷേ ഓർമയിൽ ആകാമെന്ന് സീവേർട്ട്. ഈ സംഭാഷണം തുടരുമ്പോൾ അനുജൻ മറ്റൊരു ചോദ്യം കൂടി ഉന്നയിക്കുന്നു – സ്വപ്നത്തിലും നീ പുറത്തുനിന്നാണോ നിന്നെ കാണുന്നത്?

karl-ove

ഈ ചോദ്യത്തിനു ക്യത്യമായി മറുപടി സീവേർട്ടിനു നൽകാനാകുന്നില്ല. ഞാൻ പക്ഷേ, അതെപ്പറ്റി പിന്നെയും ആലോചിച്ചു. നോവൽ ആരംഭിക്കുന്നത് 1970കളിലെ പ്രശസ്തമായ ഒരു മ്യൂസിക് ബാൻഡിനെ ഓർത്തുകൊണ്ടാണ്. ആ റോക്ക് സംഗീതത്തിൽ ഇപ്പോൾ അസാധാരണമായൊന്നും കണ്ടേക്കില്ലെങ്കിലും നാം ചെറുപ്പമായിരിക്കേ കേട്ട ചില പാട്ടുകൾ ഓർമ മായുംവരെ നമ്മുടെ ചോരയിൽ ഒരുതരം തരിപ്പുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആ ഗാനങ്ങൾ നമ്മുടെയുള്ളിലെ ഒരു കാലമോ അനുഭവമോ ആയി ചേർന്നുകിടക്കുകയായിരിക്കും. ഗാനത്തിലെ വരികളെക്കാൾ, ഈണത്തെക്കാൾ തീവ്രമായി ഗാനത്തിന്റെ ഓർമ നിങ്ങളിൽ കോരിത്തരിക്കുന്നു. അതിനാൽ  ഭീതിദമെന്നു പറയാവുന്ന ഒരു കഥ പറയാനൊരുങ്ങുമ്പോൾ കൗമാരത്തിലോ യൗവനത്തിലോ കൊണ്ടുനടന്ന ഗാനത്തെ തിരികെക്കൊണ്ടുവരാനാണു തോന്നുക. 

ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ മുതിർന്ന സുഹൃത്ത്, മുരുകൻ, എനിക്കു ധാരാളം ചിത്രകഥകൾ വായിക്കാൻ തരുമായിരുന്നു. കോളജ് പഠനം നിർത്തിയ മുരുകൻ തൊട്ടടുത്ത പട്ടണങ്ങളിലെല്ലാം പോയി പതിവായി സിനിമ കാണും. പട്ടണത്തിൽനിന്നു വാങ്ങിയ ചിത്രകഥാപുസ്തകങ്ങൾ എനിക്കുകൊണ്ടുത്തരും. സിനിമാക്കഥകൾ പറയും. അവന്റെ സഹോദരി എന്റെ ക്ലാസിലായിരുന്നു. ഞാൻ അവരുടെ വീട്ടിൽ പതിവായിപ്പോയി. ഞങ്ങൾ വീട്ടുപടിയിൽ ഇരുന്നു ചായ കുടിക്കും. വീടിനകത്തുനിന്നു ടെയ്പ് റിക്കോർഡറിൽ മുരുകൻ ഇളയരാജയുടെ പാട്ടുകൾ വയ്ക്കും. ഒരു കസെറ്റിനു പിന്നാലെ മറ്റൊന്നായി അതു നീളും. തമിഴ്നാട്ടിലെ അവരുടെ ഊരിൽ വർഷങ്ങൾക്കുശേഷം ഞാൻ പോയി. അങ്ങോട്ടുള്ള യാത്രയിൽ ബസിൽവച്ചും ഞാൻ ഇളയരാജയെ കേട്ടു. എനിക്കു വിഷാദം തോന്നി. ഞാൻ മുരുകനോട് ഇതെപ്പറ്റി പറഞ്ഞു. അപ്പോൾ അയാൾ, കട്ടിലിന് അടിയിൽനിന്ന് പെട്ടി എടുത്തു തുറന്നുകാണിച്ചു. അതിൽ പഴയൊരു ടേപ് റിക്കോർഡറും നിറയെ കസെറ്റുകളുമായിരുന്നു. പഴയ വസ്തുക്കൾ അയാളെപ്പോലെ ദീർഘകാലത്തേക്ക് എടുത്തുവയ്ക്കാൻ എനിക്കു ധൈര്യമില്ല. ഭൂതകാലത്തെ, മരിച്ചതിനെ, അങ്ങനെ  കണ്ടുനിൽക്കുക പ്രയാസകരമാണ് - പഴയ പാത്രങ്ങൾ, പൊട്ടിയ ചെരുപ്പുകൾ, ഉടഞ്ഞ ചെടിച്ചട്ടികൾ, ഒഴിഞ്ഞ പേനകൾ, സിഗരറ്റ്കൂടുകൾ, കമ്പിപൊട്ടിയ ഗിറ്റാർ, പഴയ ഫൊട്ടോഗ്രഫുകൾ, നെഗറ്റീവുകൾ, നിലച്ച വാച്ചുകൾ ഇതെല്ലാം മുരുകൻ പല പെട്ടികളിലായി എടുത്തുവച്ചിരുന്നു. എനിക്ക് വീർപ്പുമുട്ടലുണ്ടായി. 

HalehLizaGafori
ഹാലെ ലിസ ഗഫൂറി, Image Credit: https://www.halehliza.com/home-1

മുരുകന് ഞാൻ സംസാരിക്കുന്നതുകേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കേ എനിക്കു ചിത്രകഥകളും കഥപുസ്തകങ്ങളും അയാൾ വാങ്ങിത്തന്നത് എന്നെക്കൊണ്ടു അത് ഉറക്കെ വായിച്ചുകേൾപ്പിക്കാൻ വേണ്ടിയുമായിരുന്നു. ആ സൗഹൃദത്തിന്റെ ഓർമകൾ, അതിലെ സുഖങ്ങൾ ഇളയരാജയിൽനിന്നു വേർപെടുത്താൻ എനിക്കു കഴിയുകയില്ല. അത് വിചിത്രമായ ഒരു സങ്കലനമായിരുന്നു-ചില ഭൂപ്രദേശങ്ങളും മനുഷ്യരും സ്പർശനങ്ങളുമെല്ലാം സിനിമയും സിനിമാപ്പാട്ടുകളുമായി ഇഴചേർന്നുകിടക്കുന്നത്. ഇതു സമാന്തരമായ ഒരു പ്രതലത്തിലാണു മനുഷ്യരുടെ പുസ്തകാനുഭവങ്ങളും സ്ഥിതി ചെയ്യുന്നത്. 

വർഷങ്ങളോളം ഞാനും മുരുകനും തമ്മിൽ കാണാറുണ്ടായിരുന്നില്ല. സംസാരം തന്നെയും കുറഞ്ഞുകുറഞ്ഞുവന്നു. 2017 ലാണ്, മുരുകൻ അപ്രതീക്ഷിതമായി ഒരു പുസ്തകം വാങ്ങി അയച്ചുതന്നു. ഈ പുസ്തകം നീ ഒരിക്കലും മറക്കാൻപോകുന്നില്ല എന്ന ഒരു കുറിപ്പോടെ എനിക്കു കിട്ടിയ ആ പുസ്തകം റൂമിയുടെ കവിതകൾക്ക് അമേരിക്കൻ കവി കോൾമാൻ ബാർക്സ് നടത്തിയ ഇംഗ്ലിഷ് പരിഭാഷയായിരുന്നു. അദ്ഭുതകരമായി തോന്നിയത്, ആ സമയം ഞാൻ മസ്നവി വായിക്കുകയായിരുന്നു, ഒപ്പം റൂമിയുടെ ജീവിതം പറയുന്ന എലിഫ് ഷഫാക്കിന്റെ 'ഫോർട്ടി റൂൾസ് ഓഫ് ലവ്' പരിഭാഷപ്പെടുത്തുകയും. ഇത്തരം ആകസ്മികതകളുടെ ആഹ്ലാദം അവസാനിക്കുന്നില്ലെന്ന് ഇപ്പോൾ അറിയുന്നു.

MaryRuefle
മേരി റൂഫൽ, Image Credit: Hannah Ensor

കഴിഞ്ഞദിവസം ലഭിച്ച പുതിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ അപ്രതീക്ഷിതമായി പേർഷ്യൻ ഗായികയും കവിയുമായ ഹാലെ ലിസ ഗഫൂറി ഇംഗ്ലിഷിലാക്കിയ റൂമിയുടെ കാവ്യങ്ങളായ 'ഗോൾഡ്' എന്ന സമാഹാരവും ഉണ്ടായിരുന്നു. ഞാൻ അത് ആവശ്യപ്പെട്ടതായിരുന്നില്ല. സുഹൃത്ത് ഫോണിൽ പറഞ്ഞു, നിനക്ക് അത് ഇഷ്ടമാകുമെന്നു കരുതി ഞാൻ ഉൾപ്പെടുത്തിയതാണ്. "ഷംസെ തബ്രിസിനെ കണ്ട നിമിഷം, ഞാൻ കണ്ടു പരമോന്നതമാം സമുദ്രം, നിധി, ഞാനെന്ന സ്വർണഖനി" എന്ന് റൂമി. കൂട്ടുകാരെല്ലാം അകലെയിരിക്കുന്നു. അവർ വേഗം തിരിച്ചെത്തുമോയെന്ന് അറിയില്ല. എങ്കിലും അവരുടെ അദൃശ്യമായ വിരലുകളുടെ സ്പർശം അറിയുന്നു; ഇല്ലായിരുന്നുവെങ്കിൽ ഈ വായനകളോ വാക്കുകളോ വിചാരങ്ങളോ അസംബന്ധമോ വിരസതയോ നിറഞ്ഞതായി മാറിയേനെ. അമേരിക്കൻ കവി മേരി റൂഫലിന്റെ കവിതയിൽ ഇങ്ങനെ വായിക്കുന്നു- ‘മണ്ണിൽ നാം മാലിന്യങ്ങൾ അടക്കം ചെയ്യുന്നു, മരിച്ചവരെയും അടക്കം ചെയ്യുന്നു. അവരെ പെട്ടിയിലോ തുണിയിലോ പൊതിഞ്ഞു മറവു ചെയ്യുന്നു. മാലിന്യങ്ങളും പൊതിഞ്ഞു കുഴിയിലിട്ടു മൂടുന്നു. മരിച്ചവർ മണ്ണിലാണ്ടുപോകുന്നു.വിത്തുകളും നാം മണ്ണിലടക്കം ചെയ്യുന്നു.വിത്തിനെ അടക്കുകയെന്നാൽ അതു നടുകയെന്നാണ് അർത്ഥം. വിത്തുകൾ മുളകളായി മണ്ണിനു മീതെ തിരിച്ചുവന്നില്ലെങ്കിൽ നാം ദുഃഖിക്കുന്നു. മുള വന്നാൽ നാം സന്തോഷിക്കുന്നു. മണ്ണിൽനിന്ന് ഒരു പൂവുണ്ടാകുമ്പോൾ, കായുണ്ടാകുമ്പോൾ നാം സന്തോഷിക്കുന്നു. ഭൂമിയിൽ നാമേറ്റവും പ്രതീക്ഷിക്കുന്നതു പൂക്കളെയാണ്.’

മേരി റൂഫലിന്റെ ഈ വരികളിൽ വിത്തിൽനിന്ന് ചെടിയും പൂവുമെന്നപോലെ, ഭൂതത്തിൽനിന്ന്, മരണത്തിൽനിന്ന്, വാക്കും കവിതയും ഉണ്ടാകുന്നതുകൂടി ഞാൻ കാണുന്നു. കടുത്ത നിസ്സംഗതയിൽ, ഇല്ലായ്മയിലിരുന്ന ഞാൻ പൊടുന്നനെ ഉന്മേഷവാനായി. വീട്ടുപടിയിൽ കാറ്റേറ്റു നാമിരുന്നു നുകർന്ന ചായയും ഇളയരാജയും വർഷങ്ങളുടെ മണ്ണടിയിൽ മാഞ്ഞുപോയെങ്കിലും  അവ കഥകളോ കവിതകളോ ആയി മുളപൊട്ടുമെന്നത് വലിയ പ്രതീക്ഷയാണ്. ഷംസ് പോയശേഷമാണു റൂമി കവിതയുടെ സമുദ്രമായി മാറിയത്. മണ്ണടിഞ്ഞുപോയ ഷംസാണു റൂമിയെ സ്വർണഖനിയാക്കിയത്. "അനുഗ്രഹിച്ചാലും കരുണാപൂർണമാം കഥാമൃതം പാർന്നെൻ ബധിരശ്രോതത്തെ”, എന്നാണു വിജയലക്ഷ്മി പ്രത്യാശിക്കുന്നത്.  

ilayaraja-80th-birthday
ഇളയരാജ

ഒരിക്കൽ ഞാൻ മുറിയുടെ ചുമരിൽ ഇളയരാജയുടെ പടം വച്ചിരുന്നു. എന്റെ മകന്റെ മുറിയുടെ ചുവരിൽ  ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടപ്പോൾ ഞാൻ അതോർത്തു. അക്കാലത്തെ മറ്റു കടലാസുകൾക്കും വസ്തുക്കൾക്കുമൊപ്പം ആ ചിത്രവും അപ്രത്യക്ഷമായിപ്പോയി. ഞാൻ ഇപ്പോൾ ആരുടെയും ചിത്രം തൂക്കാറില്ല. ചിത്രങ്ങളില്ലാത്ത ചുമരാണെങ്കിലും മണ്ണടിഞ്ഞകാലം വാൽനക്ഷത്രങ്ങളെ ഇടയ്ക്കിടെ അവിടെ മിന്നിക്കടന്നുപോകുന്നു. അതിൽനിന്നു കഥകളുടെ ശാഖകൾ വളർന്നുപടരുന്നതു ഞാൻ സങ്കൽപിക്കുന്നു.

Content Highlights: Ezhuthumesha | Ajay P Mangatt |  Karl Ove Knausgaard | Ilairaja | Haleh Liza Gafori | Mary Ruefle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT