ADVERTISEMENT

അവസാന താളിലെ പൂർണ വിരാമത്തിൽ അവസാനിക്കാൻ മാത്രമാണ് മിക്ക പുസ്തകങ്ങളുടെയും വിധി. എന്നാൽ അപൂർവം പുസ്തകങ്ങൾ അവിടെ നിന്നാണ് തുടങ്ങുന്നത്. മണ്ണിൽ വീണ വിത്തെന്ന പോലെ ഭൂമിയെ ധ്യാനിച്ച്, ആകാശത്തെ സ്വപ്നം കണ്ട് പുതു ജീവിതത്തിന്റെ ചില്ല നീളുന്നു. പുതിയ അസ്തിത്വം നേടുന്നു. വളർച്ച എന്ന അദ്ഭുതം സംഭവിക്കുന്നു. അതിനു സാക്ഷ്യം വഹിക്കാൻ നിയോഗം ലഭിക്കുന്നത് മികച്ച എഴുത്തുകാർക്കു മാത്രമാണ്. എഴുത്തുമേശയിൽ നിന്ന്, ആശയങ്ങൾ മുളച്ച മനസ്സിൽ നിന്ന്, ഏകാന്ത ചിന്തകൾക്കു കവചമൊരുക്കിയ ചുവരുകൾക്കുള്ളിൽ നിന്നു പുറത്തേക്കു വളരുന്ന പുസ്തകങ്ങളിൽ ജീവൻ തുടിക്കുന്നു. കൃതികൾ ജീവിക്കുന്നു; അവയിലൂടെ എഴുത്തുകാരും. 

അവസാന താളിനു ശേഷവും ജീവൻ തുടിക്കുന്ന പുസ്തകമാണ് മാനുവൽ ജോർജിന്റെ സനാരി. വായിച്ചാലും തീരാത്ത, പിന്തുടരുന്ന നോവൽ. കുറ്റവാളിക്കു പകരം മറഞ്ഞിരിക്കുന്ന കുറ്റത്തെ അന്വേഷിക്കുന്ന കൃതി. നവാഗതന്റെ മിസ്റ്ററി ത്രില്ലർ. എന്നാൽ, ഈ വിശേഷണങ്ങൾ കടന്നും കൃതി സഞ്ചരിക്കുന്നു. വായനക്കാരെക്കൂടി പങ്കാളികളാക്കി, ആത്മപുസ്തകം രചിക്കാൻ പ്രചോദിപ്പിക്കുന്നു. അതും അന്വേഷണം തന്നെയാണ്. ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കുറ്റത്തെ തേടി. അതു കൂടി ഏറ്റെടുക്കുമ്പോഴാണ് ജീവിതത്തിന് അർഥമുണ്ടാകുന്നത്. അതു കാലം ഏൽപ്പിക്കുന്ന കടമ കൂടിയാണ്. അതിനെക്കുറിച്ച് ഓർമിപ്പിക്കുന്നതു കൊണ്ടുകൂടിയാണ് സനാരി അപൂർവ നോവലാകുന്നത്; അസാധാരണ സൃഷ്ടിയാകുന്നതും. 

മനുഷ്യന് ഒരു മതം മതി എന്നു പറഞ്ഞ ഗുരുവിനോട് അതേതു മതം എന്നു ചോദിച്ചിട്ടുണ്ട് ശിഷ്യൻ. സംശയം തോന്നിയ, തോന്നാവുന്ന എല്ലാവർക്കും വേണ്ടിയായിരുന്നു ആ ചോദ്യം. അന്നു മാത്രമല്ല, ഇന്നും, എന്നും പ്രസക്തിയുണ്ട് ആ ചോദ്യത്തിന്. അതിലേറെ ഉത്തരത്തിനും. ഒരു മതത്തിൽ വിശ്വസിക്കുമ്പോൾ, മറ്റു മതങ്ങൾ എന്ന സാന്നിധ്യമുണ്ട്. വ്യത്യാസവും വേർതിരിവുമുണ്ട്. വിശ്വാസത്തിനൊപ്പം അവിശ്വാസത്തിനും സ്ഥാനമുണ്ട്. മതങ്ങളെ അറിയൂ എന്നു ഗുരു വിശദീകരിച്ചു. സ്വയം അറിയൂ എന്ന് ഉദ്ബോധിപ്പിച്ചു. ‌അറിയുമ്പോൾ തെളിയുന്നത് പല മതങ്ങളല്ല; ഒന്നു മാത്രമാണ്. അവിടെ വിശ്വാസവും അവിശ്വാസവുമില്ല. വെറുപ്പും വിദ്വേഷവുമില്ല. സാന്നിധ്യവും അസാന്നിധ്യവുമില്ല. പലതിനു പകരം ഒരൊറ്റ ഒന്ന്. അത് അറിവാണ്. പരമമായ അറിവ്. അതു തന്നെ ഏക മതവും. 

അറിവിന്റെ പൊരുൾ തേടിയ ഗുരുവിൽ നിന്നാണു സനാരി തുടങ്ങുന്നത്. ഗുരുവാക്യം പൂർണമായി മനസ്സിലാകാൻ അവസാന താളിലെത്തണം. അവിടെയും ഗുരുവുണ്ട്. ഗുരുസാഗരമുണ്ട്. ആഴമേറിയ അറിവിന്റെ സാഗരം.

സനാരിയിൽ അന്വേഷണം തുടങ്ങുന്നത് പൊലീസ് ഓഫിസറാണെങ്കിലും ഔദ്യോഗികമല്ല. എന്നാൽ തീർത്തും സ്വകാര്യവുമല്ല. ജീവിതത്തിന് അദ്ദേഹം കടപ്പെട്ടിരിക്കുന്ന പുരോഹിതനാണു കൂട്ട്. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ തയാറാവാത്ത ഫാദർ അലോഷ്യസ് അന്വേഷണത്തിലെ പങ്കാളി മാത്രമല്ല, സംശയിക്കപ്പെടേണ്ട വ്യക്തി കൂടിയാകുന്നു. സംശയ നിഴലിലാകുന്ന അച്ചനെ കൂടെക്കൂട്ടി, പുതിയ കണ്ണികൾ ചേർത്ത് പുരോഗമിക്കുന്ന അന്വേഷണം ഉദ്വേഗജനകമാണ്. പതിറ്റാണ്ടുകൾ പിറകിലേക്കു സഞ്ചരിക്കുമ്പോൾ തെളിയുന്ന പ്രണയം, വഞ്ചന, ചൂഷണം. 42 പേരുടെ രക്തം അടയാളം വീഴ്ത്തിയ വിവാഹക്ഷണക്കത്ത് ഉയർത്തുന്ന അപായ സൂചന. അവഗണിക്കാവുന്നതല്ല കുറ്റകൃത്യം. നിസ്സാരമല്ല പ്രതികാരത്തിന്റെ തീവ്രത. പാതിവഴിയിൽ വിടാൻ തുടങ്ങുമ്പോഴെല്ലാം പുതുതായി ലഭിക്കുന്ന തെളിവുകൾ. വെളിപ്പെടുത്തലുകൾ. കുറ്റവാളിയും നിരപരാധിയും മാറിമറിയുമ്പോൾ ലക്ഷ്യം ഒരാളെത്തന്നെ ഉന്നം വയ്ക്കുന്നു. ഒരു സ്ത്രീയുടെ പ്രതികാരത്തിലേക്ക്. നിരപരാധികളും കുറ്റവാളികളും മുഖം മറച്ചും മുഖംമൂടിയിട്ടും അരങ്ങിൽ നിറയുമ്പോൾ ഒരു പേജിൽ പോലും നോവൽ വിരസമാവുന്നില്ല. എന്നാൽ, മറഞ്ഞിരിക്കുന്ന കുറ്റത്തെ തേടിയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടത് പൊലീസ് ഓഫിസറോ പുരോഹിതനോ അല്ല. കുറ്റകൃത്യത്തിന്റെ മുറിവുകൾ പേറി ഇന്നും ജീവിക്കുന്നവരല്ല. സാക്ഷികളും ഇരകളുമല്ല. വായനക്കാർ തന്നെയാണ്. സനാരി എന്ന നോവൽ, ഒരു താളിലും ഒരു വാക്കു പോലും എഴുതാത്ത മറ്റൊരു പുസ്തകം കൂടി വായനക്കാരെ ഏൽപിക്കുന്നു. എഴുതാൻ. പൂരിപ്പിക്കാൻ. വരികൾക്കിടയിലൂടെ വായിക്കാൻ. കുറ്റകൃത്യത്തിന്റെ വേര് കണ്ടെത്തി യഥാർഥ പ്രതിയെ തിരയാൻ. 

അറിഞ്ഞതിൽ നിന്നുള്ള മോചനത്തെക്കുറിച്ചും ഗുരുക്കൻമാർ പറ‍ഞ്ഞിട്ടുണ്ട്. നേടിയ അറിവ് പ്രതീക്ഷിച്ചതുപോലെ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നില്ലെങ്കിൽ ഇനിയെന്തിനു കാത്തിരിക്കണം. അറിഞ്ഞതിനെ ഉപേക്ഷിക്കുക. ഒരു പുസ്തകം മറ്റൊരു പുസ്തകത്തിനു ജൻമം കൊടുക്കുന്ന അദ്ഭുതമാണ് സനാരിയെ ശ്രദ്ധേയമാക്കുന്നത്. നവാഗതന്റെ മിസ്റ്ററി ത്രില്ലർ എന്ന വിശേഷണത്തിൽ നിന്ന് ഉയർത്തുന്നത്. കേവലം കുറ്റാന്വേഷണത്തിൽ നിന്ന് സത്യാന്വേഷണമാക്കുന്നതും. 

manuelgeorge
മാനുവൽ ജോർജ്

ഷെർലക് ഹോംസ് മുതൽ കുറ്റാന്വേഷണങ്ങൾക്ക് പതിവു രീതിയുണ്ട്. സനാരിയും പതിവു വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്നാൽ, സമർഥമായി വഴി മാറുന്നുമുണ്ട്.  ഇതുവരെ കേൾക്കാത്ത കഥയല്ല ഈ നോവൽ പറയുന്നത്. കഥാപാത്രങ്ങൾ പൂർണമായും അന്യരോ അപരിചിതരോ അല്ല. പരിചിതമായ വഴികളിലൂടെ, അപ്രതീക്ഷിത കുറ്റവാളിയിലേക്ക് എത്തിക്കുന്ന ഒരു നോവൽ കൂടി എന്ന നിരാശ പോലും ഒരു ഘട്ടത്തിൽ തോന്നാം. കുറ്റപ്പെടുത്തലും കൈ ചൂണ്ടുന്ന വാക്കും ഇത്ര വേഗം പശ്ചാത്താപത്തിലേക്കു നയിക്കുമോ എന്ന സംശയവും സ്വാഭാവികം. എന്നാൽ, അന്വേഷണം അവസാന ഘട്ടത്തിൽ എത്തുമ്പോൾ നിരാശ പാടേ മായുന്നു. ആശങ്കകൾ ഒഴിയുന്നു. സനാരി പശ്ചാത്തലം മാത്രമാണ്. പരിചയം തോന്നിയ കഥാപാത്രങ്ങൾ വഴികാട്ടികളും. മലയാള നോവൽ ഇതുവരെ വായിച്ചിട്ടേയില്ലാത്ത പ്രതികാരമാ‌ണ് സനാരി കാത്തുവച്ചിരിക്കുന്നത്. പഴയ ബൈബിളിന്റെ കീറിയ താളുകൾ. അടിവരയിട്ട വാചകങ്ങൾ. ഒരു നാടിന്റെ ചരിത്രത്തിലെ സമാധാനവും വർഗീയ കലാപവും. ഇരുസമുദായങ്ങളുടെ കൊലവിളികൾ. ഇനിയുള്ള അന്വേഷണം വായനക്കാർക്കുള്ളതാണ്. അത് ഏറ്റെടുക്കാതെ തരമില്ല. പ്രതിരോധിക്കാൻ അത്ര എളുപ്പമല്ല. നിഷേധിച്ചും തള്ളിക്കളഞ്ഞും പഴുത് തേടാനാവുമെന്ന് കരുതരുത്. 

ഒരാൾക്ക് ഏറെയിഷ്ടപ്പെട്ട കൃതി മറ്റൊരാൾക്ക് വെറുക്കപ്പെട്ടതാകാം. തിരിച്ചും സംഭവിക്കാം. എന്നാൽ, വായിച്ചാൽ നിരാശപ്പെടേണ്ടിവരില്ലെന്ന ഉറപ്പിൽ ശുപാർശ ചെയ്യാവുന്ന പുസ്തകം കൂടിയാണ് സനാരി.

അറുപതു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ. മുറിഞ്ഞുനാറിയ വെള്ളസാരിയാണു വേഷം. മുറുക്കിച്ചുവന്ന ചുണ്ട്. ജഡ പിടിച്ച മുടി. മുഖത്തെ ചുളിവുകൾക്കിടയിൽ കറുത്ത ചെളിപ്പാടുകൾ.. കുറച്ചുകൂടി അടുത്തുനിന്നുള്ള കാഴ്ചയിൽ അവരുടെ കയ്യിലെ ക്രിസ്തുവിന്റെ തടി കൊണ്ടുള്ള ചെറുപ്രതിമ തെളിഞ്ഞുവന്നു. ഒരു സൂചി കൊണ്ട് അവർ ആ മുഖത്ത് പിന്നെയും പിന്നെയും കുത്തുന്നു. മുൾക്കിരീടം ധരിച്ച ക്രിസ്തുവിനെ എന്തിനായിരിക്കും അവർ വീണ്ടും വീണ്ടും മുറിവേൽപിക്കുന്നത് ?... 

എല്ലാ മുറിവുകളും ഉണങ്ങുന്നില്ല. ഉറങ്ങാനേ അനുവദിക്കാത്തവ. ഉണർന്നിരിക്കുന്ന ചിലർക്കെങ്കിലും ആ മുറിവുകളുടെ പേരിൽ പകരം ചോദിക്കേണ്ടതുണ്ട്. ഉത്തരമില്ലാത്ത ഏതു ചോദ്യമാണുള്ളത്. ഒരാളല്ലെങ്കിൽ മറ്റൊരാൾ. ഇന്നല്ലെങ്കിൽ നാളെ ഉത്തരം പറഞ്ഞേ തീരൂ; ചിലരെങ്കിലും ചോദ്യം ചോദിക്കുന്നതു നിർത്താത്തിടത്തോളം. ചോദ്യവും ഉത്തരവുമുള്ള ബൈബിൾ, സാന്ത്വനം പകരുന്ന വൈദികൻ, കൈ പിടിച്ചുയർത്തിയ മുഖങ്ങളെ മറക്കാത്തവർ, സ്നേഹത്തിനൊപ്പം ചതിയും ഓർത്തുവച്ചവർ, പ്രതികാരത്തിനു കാത്തിരുന്നവർ, ജീവിതത്തെ ആഴത്തിൽ സ്നേഹിച്ച്, സ്നേഹം തിരിച്ചറിഞ്ഞവർ, ജാതിയോ മതമോ വർഗമോ വർണമോ നോക്കാതെ കൂടെ കൂട്ടിയ കൂട്ടുകാർ. ഓരോ കഥാപാത്രത്തിനും സവിശേഷതയുണ്ട്. അവർ പറഞ്ഞതിനും പറയാത്ത വാക്കുകൾക്കു പോലും അർഥമുണ്ട്. 

ആർക്കെതിരെയാണ് പ്രതികാരം. ആര് ആരെയാണ് തേടുന്നത്. സ്നേഹിച്ചതും വെറുത്തതും ആരെയാണ്? സനാരിയിൽ നിന്ന് അന്വേഷണം തുടങ്ങാം. പിന്നിട്ട ജീവിതത്തിൽ നിന്ന് വരാനിരിക്കുന്ന നാളെയിലേക്ക്. കണ്ടെത്താനും കണ്ടുപിടിക്കാനുമല്ല; സ്വയം അറിയാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com