സനാരിയിൽ ഒരു സായാഹ്നം

Mail This Article
എഴുത്തുകാരും വായനക്കാരും കൂട്ടുകാരും ഒത്തുചേരുന്ന, 'സനാരിയിൽ ഒരു സായാഹ്നം' പരിപാടി സെപ്റ്റംബർ 30 ശനിയാഴ്ച നടക്കുന്നു. കോട്ടയം ഗുഡ്ഷെപ്പേഡ് റോഡിലുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ വൈകിട്ട് 4.30 മുതൽ 7.30 വരെയാണു പരിപാടി.
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച മാനുവൽ ജോർജിന്റെ ‘സനാരി’ എന്ന നോവൽ പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കിട്ട് ‘കൂട്ടൂകെട്’ ഒരുക്കുന്ന ഈ ഒത്തുചേരലിൽ പ്രശസ്ത എഴുത്തുകാരായ ടി.ഡി. രാമകൃഷ്ണൻ, ജോസ് പനച്ചിപ്പുറം, ജി.ആർ. ഇന്ദുഗോപൻ, ജിസ ജോസ്, രവിവർമ തമ്പുരാൻ, രാജീവ് ശിവശങ്കർ, മനോജ് തെക്കേടത്ത്, സംസ്ഥാന അവാർഡ് ജേതാവായ സിനിമ സംവിധായിക ശ്രുതി ശരണ്യം എന്നിവരടക്കം ഒട്ടേറെ പേർ പങ്കെടുക്കും.
എഴുത്തിനെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാമുള്ള തുറന്ന സംസാരവും സംവാദവമാണ് പരിപാടിയിൽ മുഖ്യം. ഒപ്പം സൗഹൃദം പങ്കിടലും പുസ്തകവായനയും ബുക് സൈനിങ്ങും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പുസ്തകങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്.
വിവരങ്ങൾക്ക്: 85478 61054

സനാരി - മാനുവൽ ജോർജ്
ആരുടെ ജീവിതമാണ് നമ്മളെല്ലാം ജീവിക്കുന്നതെന്ന ദാർശനിക ചോദ്യം കൂടി ഉന്നയിക്കുന്ന വ്യത്യസ്തമായ മിസ്റ്ററി ത്രില്ലറാണ് മാനുവൽ ജോർജിന്റെ ആദ്യ പുസ്തകമായ ‘സനാരി’. കുറ്റം ചെയ്തത് ആര്, അതിന്റെ ഇരകൾ ആര്, കുറ്റത്തിനു പിന്നിലെ പ്രേരണയെന്ത് എന്നതെല്ലാം ഓരോരോ അടരുകളായി തെളിഞ്ഞുവരുമ്പോഴും എന്താണ് കുറ്റം എന്നത് വലിയൊരു സമസ്യയായി നോവലിന്റെ അവസാനം വരെ വായനക്കാരനെ ത്രസിപ്പിക്കുന്നുവെന്നതാണ് സനാരിയുടെ പ്രത്യേകത. ‘കുറ്റവാളിയല്ല, കുറ്റമാണ് മറഞ്ഞിരിക്കുന്നത്’ എന്ന നോവലിന്റെ ടാഗ്‌ലൈൻ അന്വർഥമാകുന്നു ഇവിടെ. ഒളിഞ്ഞിരിക്കുന്ന ആ മിസ്റ്ററിയാണ് ‘സനാരി’യെ മലയാളത്തിലെ വളരെ വ്യത്യസ്മായ ഒരു കൃതിയാക്കി മാറ്റുന്നത്. എന്നാൽ, ഇതൊരു കുറ്റാന്വേഷണ നോവൽ മാത്രമല്ല. കഥ നടക്കുന്നതു വർഷങ്ങൾ പിന്നിലാണെങ്കിലും സമകാലിക ഇന്ത്യൻ ജീവിതമെന്നു നമുക്കു തോന്നുന്നത്രയും കാലികസ്വഭാവമുള്ള സംഭവങ്ങളുടെ വേദിയാകുന്നുണ്ട് ‘സനാരി’ എന്ന സാങ്കൽപിക ഗ്രാമം. ഇതിനെല്ലാമപ്പുറം, ഗാഢമായ ആധ്യാത്മിക, ദാർശനികാന്വേഷണത്തിന്റെ പശ്ചാത്തലം സനാരിയെ ഒരു മിസ്റ്റിക് അനുഭവം കൂടിയാക്കുന്നുണ്ട്.
ബൈബിൾ, നോവലിന്റെ ഒരു പ്രധാന പ്രേരകവും അന്തർധാരയുമാണ്. അങ്ങനെ, പലതലങ്ങളിൽ നമ്മെ ആഴത്തിൽ തൊടുന്നുണ്ട് ‘സനാരി.’
(മനോരമ ബുക്സ് പ്രസിദ്ധീകരിച്ച സനാരി എഴുത്തുകാരന്റെ കയ്യൊപ്പോടെ 20 % വിലക്കുറവിൽ വാങ്ങാനുള്ള അവസരം പരിപാടിയുടെ ഭാഗമായുണ്ട്. മറ്റു പുസ്തകങ്ങളും വാങ്ങാം.)
Content Highlights: Sanari | Manual George | Malayalam literature