ADVERTISEMENT

ജനുവരി 2023, ലണ്ടൻ.

 

ബേക്കർ തെരുവിനോടു വിടചൊല്ലി വീണ്ടും ട്യൂബ് ട്രെയിനിൽ കയറി പാഡിംഗ്ടൻ, മരിൽബോൺ സ്റ്റേഷനുകൾ സന്ദർശിച്ചു. ലോർഡ്സ്, ഹൈഡ് പാർക്ക്, വെംബ്ളി എല്ലാം ഈ വഴിയിൽ. പക്ഷേ ഇന്നിനിയില്ല. തെരുവിൽ ഒരു വലം വച്ചു തിരിച്ചു വന്നു. മാനം മൂടിയ തണുത്ത ദിനത്തിൽ നിത്യജീവിതം പുലരുന്നു. കാലം ചലിച്ചു കൊണ്ടിരിക്കുന്നു, കാൽപനികം ആധുനികമാകുന്നു, ക്രമേണ ആധുനികവും മണ്ണടിയുന്നു. പ്രെട്ട് സ്നാക്ക് ബാറിൽ ലഞ്ച് സാൻഡ് വിച്ച്. ഇന്നലത്തെ ഹോപ്പ് ഓൺ ബസ് മാപ്പ് നോക്കിയപ്പോൾ നാലു മണിക്ക് ജാക്ക് ദ് റിപ്പറിന്റെ വഴിയിൽ ഒരു വോക്കിംഗ് ടൂറുണ്ട്. 'ഇളംകാറ്റ് വീശുന്ന ഈ സായാഹ്നത്തിൽ നഗരത്തിലൂടെ ഒരു നടത്തമായാലോ, വാട്സൻ?' (The resident patient).

FOUR
നാലാമത്തെ കൊലപാതകം നടന്ന സ്ഥലം

 

five
വൈറ്റ്ചാപൽ ഏരിയ, ലണ്ടൻ

കുറ്റാന്വേഷകന്റെ കാലടികൾ പിന്തുടർന്ന ഈ ദിവസം ഒരു നരാധമന്റെ പദചലനം തേടി അവസാനിപ്പിക്കാം. ഇരുട്ടിൽ ചുവപ്പിന്റെ പഠനം!  നാൽപ്പത്തഞ്ച് മിനിറ്റിനുള്ളിൽ ടവർ ഹില്ലിൽ ചെല്ലണം. വീണ്ടും ട്യൂബിലേറി അധോതല പാതകൾ പിന്നിട്ട് ചെന്നു ചേരുമ്പോൾ നേരം വൈകി. വേദനിക്കുന്ന കാലുമായി ഓടിയെത്തുമ്പോൾ യാത്ര തുടങ്ങാൻ പോകുന്നു. ഒരു പരിചിത മുഖം, ഇന്നലെ ലണ്ടൻ നഗരത്തിന്റെ പുരാതന വഴിയിലൂടെ എന്നെ നയിച്ച ഗൈഡ് ടിം. അയാൾ എന്നെ യാത്രയിൽ ചേരാൻ അനുവദിച്ചു. കൂടെ മറ്റു രണ്ടു സഞ്ചാരികൾ.

three
വൈറ്റ്ചാപൽ, ലണ്ടൻ

 

പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടനെ കുറിച്ചുള്ള ചിത്രം ലഭിക്കണമെങ്കിൽ ആർതർ കോനൻ ഡോയലിനെ മാത്രമല്ല, ഡിക്കൻസിനേയും താക്കറെയേയും ഹാർഡിയേയും വായിക്കണം. ലോകശ്രദ്ധ നേടിയ ആ വൻനഗരത്തിലെ സാമൂഹ്യ വ്യവസ്ഥ എങ്ങനെ കുറ്റകൃത്യങ്ങൾക്ക് വിളനിലമായി?എങ്ങനെ മൊറിയാർട്ടി അധോലോകത്തിന്റെ അധിപനായി? എങ്ങനെ ഹോംസ് എന്ന അന്വേഷകനുണ്ടായി? സ്കോട്ട്ലൻഡിലെ എഡിൻബറ സ്വദേശിയായ ഡോയൽ നഗരത്തിൽ ജീവിച്ചു രചന നടത്തുമ്പോൾ അതിന് ആന്തരിക-ബാഹ്യമായ രണ്ടു തലമുണ്ട്. നാൽവർ ചിഹ്നത്തിൽ മേരി മോസ്റ്റണെ സുരക്ഷിതമായ ഒരിടത്താക്കി തിരിച്ചു പോകുന്ന വാട്സന്റെ ആത്മഗതം ശ്രദ്ധേയം (ഞങ്ങളെ ആവേശിച്ച വന്യമായ, ഇരുണ്ട വ്യവഹാരത്തിടയിൽ ആ പ്രശാന്തമായ ഇംഗ്ലീഷ് ഭവനത്തിന്റെ വളരെ പെട്ടെന്ന് മാഞ്ഞുപോയ ക്ഷണികമായ ദൃശ്യം പോലും ആശ്വാസകരമായി). ഡോയലിന്റെ ദിനങ്ങളിൽ ലണ്ടൻ നഗരത്തിന്റെ വേഗം കൂടുകയായിരുന്നു. ലോക്കോമോട്ടീവ്, സ്റ്റീം ഷിപ്പ്, ടെലഗ്രാഫ്. അടുത്ത പടിയായി റേഡിയോ, വിമാനം, ഫിംഗർപ്രിന്റിംഗ് എന്നിവ ഏതാനും വർഷം അകലെ. ലോകത്തെ നിയന്ത്രിക്കുന്ന ബ്രിട്ടന്റെ കേന്ദ്രബിന്ദുവാണ് ലണ്ടൻ. നഗരത്തിലെ ബഹുലോകങ്ങളെ ഡോയൽ തിരഞ്ഞു. കുടിയേറ്റത്തിലൂടെ ജനസംഖ്യ ക്രമാതീതമായി വർധിച്ച കാലം. ആന്തരികമായി പരിവർത്തനം ചെയ്യപ്പെട്ടു വികസിക്കുന്ന നഗരത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ അധികരിച്ചു.  പക്ഷെ ദാരിദ്ര്യം അപ്പോഴും ഒരു യാഥാർത്ഥ്യം. ഒരു അധിനിവേശ ശക്തിയുടെ ജനതയുടെ മുപ്പത് ശതമാനവും വറുതിയിലെന്നത് വൈരുദ്ധ്യമാണ്.

eight
റിപ്പറിന്റെ പാത

 

അപാരമായ ധിഷണ, നിരീക്ഷണ പാടവം, വിശകലനം എന്നിവ കൂടാതെ ഹോംസിന് മറ്റൊരു ശേഷിയുമുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ബന്ധം സ്ഥാപിക്കുക, അവരെ അനുകരിക്കുക, ബന്ധിപ്പിക്കുക. വേഷം മാറാനുള്ള കഴിവ് കഥകളെ രസകരമാക്കുന്നു, നിർണായക വിവരങ്ങൾ നൽകുന്നു. സഹോദരൻ മൈക്രോഫ്റ്റിൽ ഇല്ലാത്ത ഈ കഴിവ് ഹോംസിന്റെ നഗര സഞ്ചാരങ്ങൾക്ക് നരവംശപരമായ ഗുണം നൽകുന്നു. കറുപ്പ് തീറ്റക്കാർ, മയക്കുമരുന്നിന് അടിമകൾ (The man with twisted lip). യൗവനവും ലൈംഗികശേഷിയും വീണ്ടെടുക്കാൻ ഏതറ്റം വരെയും പോകുന്ന വൃദ്ധനായ പ്രഫസർ (The creeping man). ബേക്കർ തെരുവിന്റെ സന്തതികളായ ബാലന്മാർ. ആഢംബര ഹോട്ടലുകളിലും ക്ളബ്ബുകളിലും കാണപ്പെടുന്ന മാന്യന്മാർ, അവരിലെ മൂടുപടങ്ങൾ. കെട്ടിട നിർമാണത്തിലെ ചതിക്കുഴികൾ (The Norwood builder). നഗരത്തിലെ പുകമഞ്ഞ് അന്തരീക്ഷ മലിനീകരണത്തിന്റെ ഫലം, വ്യാവസായിക പുരോഗതിയുടെ ബാക്കിപത്രം. അതേ സമയം ഡാർട്ട്മൂറിലെ മൂടൽമഞ്ഞ് പ്രകൃതിദത്തം, പക്ഷേ വർഗ്ഗസമരം ചതുപ്പിൽ മരണത്തെ ഒരുക്കി വച്ചിരിക്കുന്നു.

 

ten
ഇടുങ്ങിയ തെരുവിലെ കൊളാഷ്, വൈറ്റ്ചാപ്പൽ

ലണ്ടനിലെ ജനസമുദ്രം കുറ്റവാളികൾക്കും അവരുടെ ശത്രുക്കൾക്കും തുല്യ അവസരം നൽകുന്നുണ്ട്. സാമൂഹ്യ അസമത്വമുള്ള നഗര വിഹായസ്സിനു താഴെ മനുഷ്യർ പെരുകുമ്പോൾ അത് സ്വാഭാവികം. നഗരത്തിനു ചുറ്റുമുള്ള പട്ടണങ്ങൾ വികസിച്ചു. ട്യൂബിന്റെ വരവോടെ മിതമായ നിരക്കിൽ യാത്രാസൗകര്യം വർധിച്ചപ്പോൾ ചലനസ്വാതന്ത്ര്യം ലഭിച്ച ദരിദ്രരും, ആഢംബര മേഖലകൾ തങ്ങളുടേതാക്കിയ ധനികരും നഗരത്തെ കിഴക്കെന്നും പടിഞ്ഞാറെന്നും സാമ്പത്തികമായി വിഭജിച്ചു. 'നെപ്പോളിയന്റെ ആറു തലകളിൽ' ഹോംസിന്റെ അന്വേഷണം ലണ്ടന്റെ സൗന്ദര്യം, ഭോജനം, സാഹിത്യം, നാടകം, വ്യാപാരം, നാവിക കേന്ദ്രം എന്നിവയിലൂടെ പുരോഗമിക്കുന്നു. നെപ്പോളിയന്റെ പ്രതിമയുടെ തലകൾ ഒന്നൊന്നായി നശിപ്പിക്കപ്പെടുമ്പോൾ നഗരത്തിന്റെ വിവിധ അടരുകൾ വെളിവാകുന്നു. അവസാനം വായനക്കാർ യൂറോപ്പ് പുറന്തള്ളിയവരുടെ പുറമ്പോക്കിൽ ചെന്നു ചേരുന്നു. ഗ്യാസ്‌ വിളക്കുകൾ തെളിഞ്ഞ കെട്ടുപിണഞ്ഞ തെരുവുകളിൽ നേർവഴി തേടാൻ ഹോംസിനറിയാം, പക്ഷേ ദുർബലരായ മനുഷ്യർ ആ കുരുക്കിൽ പെട്ടു പോകുന്നു.

six
വൈറ്റ്ചാപൽ ഏരിയ, ലണ്ടൻ

 

വഴികാട്ടിയായ ടിം ഞങ്ങളെ വൈറ്റ്ചാപ്പൽ ഡിസ്ട്രിക്ടിലേക്ക് നയിക്കുന്നു. ശീതകാലത്ത് നാലു മണിക്ക് സന്ധ്യയാകും. നഗര വിളക്കുകൾ തെളിഞ്ഞു, ഉടനെ ഇരുൾ വീഴും. ബഹുനില മന്ദിരങ്ങൾ വൈദ്യുത ദീപപ്രഭയിൽ. നിരത്തിൽ ആഢംബര കാറുകൾക്ക് ശോഭയുണ്ട്. ഞങ്ങൾ നഗരത്തിന്റെ തിരക്കു കുറഞ്ഞ ഭാഗത്ത് പ്രവേശിച്ചു. സമൃദ്ധിയിൽ നിന്നും വളരെ പെട്ടെന്ന് വറുതിയിൽ എത്തിയ പോലെ. രണ്ടു സമാന്തര ലോകങ്ങളിൽ ജനങ്ങൾ അധിവസിക്കുന്നു. കല്ലുപാകിയ ഇടവഴിയിൽ കയറുമ്പോൾ അന്തരീക്ഷത്തിന് കനം കൂടി. അറ്റ്മോസ്ഫെറിക്! ടിം പറയുന്നു. മനോരോഗിയായ ഒരു കൊലയാളിയുടെ ഓർമ്മകൾ ശേഷിക്കുന്ന രംഗവേദി.  പഴമയെ ആഘോഷിക്കുന്ന നഗരത്തിന് അയാളെ ഒഴിവാക്കാനാകില്ല. ഇരുട്ട് വീണ സന്ധ്യ ഈ യാത്രക്ക് തികച്ചും അനുയോജ്യം. പകൽ വെളിച്ചത്തിൽ നടന്നാൽ തീവ്രത കിട്ടില്ല. അന്തരീക്ഷം ചോരയെ ഓർമിക്കാൻ ഉചിതം, ഇതെനിക്ക് ചുവപ്പിൽ ഒരു പഠനം.

 

ONE
വൈറ്റ്ചാപൽ ഏരിയ, ലണ്ടൻ

1888-ലെ ശരത്കാലം. ഈസ്റ്റ് എൻഡിലെ ദരിദ്രമായ ചേരിയിലെ അഞ്ച് വേശ്യകളുടെ നിണം വീണ് തെരുവ് നനഞ്ഞു കുതിർന്നു. 1887-91 കാലയളവിൽ വൈറ്റ് ചാപ്പൽ - സ്പിറ്റൽഫീൽഡ്സ് മേഖലയിൽ പതിനൊന്ന് കൊലപാതകം നടന്നിട്ടുണ്ട്. ചെയ്ത രീതിയിലെ (Modus operandi) സമാനത മുലമാണ് ഈ അഞ്ചു കൊലകൾ ജാക്ക് ദ് റിപ്പർ എന്ന ഒരൊറ്റ ഘാതകനിൽ ആരോപിക്കപ്പെടുന്നത്. സെക്ഷ്വൽ സാഡിസ്റ്റ്? മോറൽ പൊലീസ്? അയാൾ ആരായിരുന്നു, യഥാർത്ഥ പേര് എന്തായിരുന്നു? ഇന്നും വ്യക്തമല്ല. ജാക്ക് ദ് റിപ്പർ എന്ന നാമം ഒരു പത്രത്തിന്റെ ഓഫീസിലേക്ക് അയച്ച ചോര പുരണ്ട കത്തിലെ മുദ്രയാണ്. അതോടൊപ്പം ഇരകളിൽ ഒരുവളുടെ ഒരു വൃക്കയും അയാൾ കൊടുത്തു വിട്ടിരുന്നു. കത്തിയാൽ കഴുത്തു കണ്ടിച്ചു, ശരീരവും ലൈംഗിക അവയവങ്ങളും

വികൃതമാക്കുകയാണ് രീതി; എന്നാൽ മാനഭംഗത്തിന്റെ ലക്ഷണമില്ല. ആന്തരിക അവയവങ്ങൾ മുറിച്ചെടുത്ത് പുറത്തു വയ്ക്കും. മൃതദേഹങ്ങൾ കാണാനുള്ള ശേഷി അധികമാർക്കും ഉണ്ടായില്ല. ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പര കൊലയാളി! ഏറ്റവും കുപ്രശസ്തനും.

 

seven
ടിമ്മും എന്റെ സഹയാത്രികരും

ഈ ഹത്യകൾക്കു പിന്നിൽ ഒരു സാമൂഹ്യ പശ്ചാത്തലമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഐറിഷ് കുടിയേറ്റക്കാർ ഈസ്റ്റ് എൻഡിൽ തമ്പടിച്ചു. 1880 മുതൽ കിഴക്കൻ യൂറോപ്പിൽ നിന്നും പലായനം ചെയ്ത യഹൂദരും ഈ പ്രദേശത്ത് കുമിഞ്ഞു കൂടി. ജനസാന്ദ്രതയേറിയ, ദരിദ്ര പ്രദേശമായി ഈസ്റ്റ് എൻഡിലെ വൈറ്റ്ചാപ്പൽ. തൊഴിലില്ലായ്മ വർധിച്ചു, ജീവിത സാഹചര്യങ്ങൾ മോശമായി. ഒരു ഗതിയുമില്ലാത്ത വിഭാഗം രൂപം കൊണ്ടു. പോഷണം ലഭിക്കാതെ അഞ്ചു വയസ്സാകും മുമ്പേ കുട്ടികളിൽ പാതിയും മരിക്കും.  വില കുറഞ്ഞ മദ്യം സുലഭമായി, കൊള്ളയും കലഹവും ഹിംസയും പതിവായി. വിശപ്പിന്റെ വിളി ഒരു കൂട്ടം സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് നയിച്ചു. 1888-ൽ മെട്രൊപൊലിറ്റൻ പൊലീസിന്റെ കണക്ക് പ്രകാരം വൈറ്റ്ചാപ്പലിൽ 62 വേശ്യാലയങ്ങളും 1200 വേശ്യകളും ഉണ്ടായിരുന്നു. അഗതികൾക്കായുള്ള ഇരുന്നോറോളം ലോഡ്ജുകളിൽ എണ്ണായിരം പേർ നിറഞ്ഞു കവിഞ്ഞു. സമൂഹത്തിലെ അസ്വാരസ്യം, പ്രാദേശിക വാദം, വർഗ്ഗീയത, യഹൂദ വിദ്വേഷം - തിളച്ചു മറിയുന്ന വൈറ്റ് ചാപ്പലിൽ എന്തും സംഭവിക്കാമെന്ന സ്ഥിതി. സ്ഫോടനാത്മകമായ ആ അന്തരീക്ഷത്തിൽ രാത്രിയുടെ അന്ത്യയാമത്തിൽ, മൂടൽ മഞ്ഞിനിടയിലൂടെ കൊലക്കത്തിയുമായി രക്തദാഹിയായ ഒരു കൊലയാളി ഇറങ്ങി.

nine
റിപ്പറിന്റെ പാത

 

ഭീതിയുടെ ഇരവുകൾ വരികയായി! ആദ്യ ഇര മേരി ആൻ നിക്കോൾസിന്റെ മൃതശരീരം ഓഗസ്റ്റ് 31 വെള്ളിയാഴ്ച വെളുപ്പിന് 3:40-ന് ഡൺവാർഡ് തെരുവിൽ കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞു സെപ്റ്റംബർ 8-ന് ആനി ചാപ്മാന്റെ ശരീരം ഹാൻബറി തെരുവിൽ 29-ആം നമ്പർ മുറിയുടെ പിന്നിൽ. അര മണിക്കൂർ മുമ്പ് അവൾ ഡിയർസ്റ്റോക്കർ ഹാറ്റും കറുത്ത ഓവർകോട്ടുമണിഞ്ഞ, കറുത്ത മുടിയുള്ള ഒരു മാന്യനുമായി സംസാരിച്ചു നിൽക്കുന്നതു കണ്ടവരുണ്ട്. സൈക്കോപാത്തുകൾക്ക് അപാരമായ ആജ്ഞാശക്തിയാണ്. അപകടമാണെന്ന് അറിഞ്ഞു തന്നെ ഇരകൾ ആകർഷിക്കപ്പെടും. സെപ്റ്റംബർ 30 ഞായറാഴ്ച റിപ്പറിന് ജോലി കൂടി. ഇരുളിൽ മൂർച്ചയുള്ള ആയുധം സീൽക്കാരത്തോടെ പലവുരു മിന്നിമാഞ്ഞു. രണ്ടു പേരുടെ ജീവൻ കൂടി പൊലിഞ്ഞു.  രാത്രി ഒരു മണിക്ക് എലിസബത്ത് സ്ട്രൈഡിനെ കഴുത്തിൽ മാരകമായ മുറിവോടെ കണ്ടെത്തി. റിപ്പറിന്റെ സ്ഥിരം രീതിയിൽ നിന്നു വിഭിന്നമായി ഇരയുടെ ശരീരം വികൃതമല്ല മറ്റാരോ തടസ്സപ്പെടുത്തിയതോ? പക്ഷേ ആ രാത്രിയിലെ ജോലി തീർന്നിരുന്നില്ല. ഒരു മണിക്കൂറിനുള്ളിൽ മൈറ്റർ സ്ക്വയറിൽ കാതറിൻ എഡോവ്സിന്റെ മൃതദേഹം കാണപ്പെട്ടു. പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കാതറിനെ ആ രാത്രിയിൽ അറസ്റ്റ് ചെയ്തിരുന്നു. വിട്ടയച്ച് ഒരു മണിക്കൂറിനകം കൊല്ലപ്പെട്ടു. കഴുത്തിൽ ആഴത്തിലുള്ള മുറിവ്, വെട്ടിമുറിച്ചു വികൃതമായി ചോരയിൽ മുങ്ങിയ ശരീരം. ലണ്ടൻ വീണ്ടും നടുങ്ങി, ഒരു മാസം നിശ്ശബ്ദനായ റിപ്പർ നവംബർ 9 വെള്ളിയാഴ്ച രാവിൽ വീണ്ടുമിറങ്ങി. സ്പിറ്റൽഫീൽഡിലെ ഡോർസെറ്റ് സ്ട്രീറ്റിലെ മുറിയിലെ കിടക്കയിൽ മേരി ജെയ്ൻ കെല്ലിയുടെ ശരീരം തിരിച്ചറിയാൻ കഴിയാത്തവിധം ഭീകരമായി.

 

മെട്രൊപൊലിറ്റൻ പൊലീസ് വൈറ്റ് ചാപ്പൽ ഡിവിഷൻ, അവരുടെ സ്കോട്ട്ലൻഡ് യാർഡ് സ്പെഷ്യൽ വിംഗ്, ലണ്ടൻ സിറ്റി പൊലീസ് - അന്വേഷണം തകൃതിയായി, പൗരന്മാരുടെ സുരക്ഷാ സംഘവും സജീവമായി. ശസ്ത്രക്രിയ വിദഗ്ദ്ധരും ഇറച്ചിവെട്ടുകാരും സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ. കൊല നടന്നത് വാരാന്ത്യത്തിലും പൊതു അവധി ദിനത്തിലുമാണ്. അപ്പോൾ കൊലയാളി വർക്കിംഗ് പ്രഫഷണൽ ആയിരിക്കണം. ഒരു സൈക്കോപാത്തിന്റെ വാരാന്ത്യ ആഘോഷം!

 

സിദ്ധാന്തങ്ങൾ നിരവധിയായി. റിപ്പർ പോളിഷ് കുടിയേറ്റക്കാരനാണോ? റോയൽ സർജൻ വില്യം ഗൾ? വിക്ടോറിയ രാജ്ഞിയുടെ അനന്തര അവകാശി ഡ്യൂക്ക് ക്ളാരൻസിന് വൈറ്റ് ഫീൽഡിലെ സുന്ദരിയായ അഭിസാരികയുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയുണ്ടോ? അവളെ പിടികൂടി മാനസികമായി പീഡിപ്പിച്ച് ഓർമ്മകൾ മായിച്ച ശേഷം, വിവരം അറിയാവുന്ന അഞ്ചു സുഹൃത്തുക്കളെ ഒന്നൊന്നായി വകവരുത്തിയതാണോ? ജോണി ഡെപ്പിന്റെ സിനിമ (From hell, 2001) ഈ തിയറിയാണ് അവതരിപ്പിക്കുന്നത്. കണ്ടാൽ രക്തം ഉറഞ്ഞു പോകുന്ന ചിത്രം, നരകത്തിൽ നിന്ന് വന്ന ഒരു കത്ത്. വെസ്റ്റ് എൻഡിലെ വരേണ്യനായ ഒരു പ്രഫഷണൽ ഈസ്റ്റ് എൻഡിലെ ചേരികൾ ശുദ്ധീകരിക്കുന്നു.

 

മാധ്യമ പ്രവർത്തന രംഗത്ത് ഒരു വഴിത്തിരിവായി റിപ്പർ കേസ്. അതിഭാവുകത്വം കലർന്ന റിപ്പോർട്ടിംഗ് സകല സീമയും ലംഘിച്ചു. പൊലീസിന്റെ അനാസ്ഥയ്ക്കു നേരെ വിരൽ ചൂണ്ടി കാർട്ടൂണുകൾ നിറഞ്ഞു. റിപ്പറിനെ ഫ്രാങ്കൻസ്റ്റൈനായും ഡ്രാക്കുലയായും ചിത്രീകരിച്ചു. അതേസമയം, സാമൂഹ്യ വിരുദ്ധർ യഹൂദർക്കെതിരെ ചുവരിൽ വ്യാജ ആരോപണങ്ങൾ എഴുതി. പൊതുജനം നൽകിയ അസ്ഥിരമായ വിവരങ്ങൾ വിനയായി. ഇന്നുവരെ നൂറിലധികം ട്രൂ ക്രൈം പുസ്തകങ്ങളും, എണ്ണമറ്റ ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും റിപ്പറുടെ പേരിലുണ്ട്. ക്രിമിനൽ സൈക്കോളജിയെ വികസിപ്പിച്ച ഈ കേസ് വർഷങ്ങളായി സിനിമയിലും ടിവിയിലും നാടകത്തിലും ഇഷ്ടവിഷയമായി. ഇപ്പോൾ മ്യൂസിയവും ടൂറിസ്റ്റ് വോക്കും പബ്ബും റിപ്പറിന്റെ പേരിലുണ്ട്, റിപ്പറോളജി എന്ന സമാന്തര ശാഖയും.

 

ഇരുൾ വീണ വഴിയിലൂടെ ഗൈഡ് ടിമ്മിനെ അനുഗമിച്ച് ഞങ്ങൾ നടന്നു. ഒരു മദ്യശാലയുടെ മുന്നിൽ നിന്നു. സർജനും ബാർബറുമായ ജോർജ് ചാപ്മാൻ ഈ പബ്ബിന്റെ നിലവറയിലാണ് കഴിഞ്ഞിരുന്നത്. മൂന്നു ഭാര്യമാരെ വിഷം കൊടുത്തു കൊന്നതിന് വധശിക്ഷ ലഭിച്ച അയാളാണോ റിപ്പർ? കല്ലുപാകിയ ഇടുങ്ങിയ തെരുവിലൂടെ വീണ്ടും മുന്നോട്ട്. 135 വർഷങ്ങൾ കടന്നു പോയിരിക്കുന്നു. തെരുവുകളുടെ പേരുകളും രൂപപദ്ധതിയും മാറിയിട്ടുണ്ട്. എന്നാൽ മാറാത്തതുമുണ്ട്. കൊലയാളി വിഹരിച്ചിരുന്ന ഇടവഴികൾക്ക് അതിരിട്ട ചില ഇഷ്ടിക കെട്ടിടങ്ങൾ ഇപ്പോഴുമുണ്ട്. ചിലയിടത്ത് ടിം രംഗം വിവരിക്കുന്നു - ഇവിടെയാണ് ആദ്യത്തെ ഇരയെ അവസാനമായി കണ്ടത്, ഇവിടെയാണ് രണ്ടാമത്തെ ഇര അന്തിയുറങ്ങിയത്, ഇവിടെയാണ് അഞ്ചാമത്തെ ഇരയുടെ  മൃതദേഹം കണ്ടെത്തിയത്. 

 

നിർധനരുടെ വാസസ്ഥലമായ ലോഡ്ജിംഗ് ഹൗസുകൾ ഇപ്പോൾ അപ്പാർട്ട്‌മെന്റുകളായി. ഈ മേഖലയിൽ സഹായ സംഘങ്ങളും പ്രവർത്തന നിരതമായിരുന്നു. കുടിയേറ്റക്കാരുടെ ഗെറ്റോ ഈസ്റ്റ് എൻഡ് ഇപ്പോഴും ദരിദ്രമാണ്. തീവ്രത കുറഞ്ഞിരിക്കാം, ക്രമസമാധാനം മെച്ചമായിരിക്കാം. പക്ഷേ വൃത്തി കുറഞ്ഞ തെരുവുകളും ഗ്രാഫിറ്റി നിറഞ്ഞ ചുവരുകളും അസുഖകരമായ വായുവും ഈയിടത്തിന്റെ ഉള്ളിൽ ഇപ്പോഴും പുകയുന്ന അശാന്തിയെ വെളിപ്പെടുത്തുന്നു. ബംഗ്ളാദേശി, ഇന്ത്യൻ, അറേബ്യൻ ഭക്ഷണ ശാലകൾ തിങ്ങി നിറഞ്ഞ ഒരു തെരുവ് പിന്നിട്ടു ഞങ്ങൾ നടന്നു. വൈറ്റ് ചാപ്പൽ എന്ന പേരിനു കാരണമായ പഴയൊരു പള്ളി കണ്ടു. ഗോൾസ്റ്റൺ തെരുവിൽ യഹൂദർക്കെതിരെ ചുവരെഴുത്ത് വന്നയിടം (The Juwes are the men that will not be blamed for nothing).  വർഗീയ കലാപം ഒഴിവാക്കാൻ പൊലീസ് അത് ഒറ്റ ദിവസം കൊണ്ട് മായിച്ചു, എന്നാൽ ആ തിടുക്കം ചില സംശയങ്ങൾ ഉയർത്തി. 

 

സ്പിറ്റൽഫീൽഡ്സിൽ മരണത്തിനു മുമ്പ് രണ്ട് ഇരകളെ കറുത്ത കോട്ട് ധരിച്ച ഒരു മാന്യനോടൊപ്പം കണ്ട ടെൻ ബെൽസ് പബ്ബ്. മറ്റൊരു മൂലയിൽ റിപ്പർ തീം റസ്റ്ററന്റ്. അന്നത്തെ ദൈനംദിന സംഭവങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും ചുവരിൽ ചിത്രമായുണ്ട്. മെട്രോപൊലിറ്റൻ പൊലീസ് മേധാവി റിപ്പറിന്റെ മറ നീക്കിയിരുന്നത്രേ - ഫ്രീമേസൺ സംഘത്തിലെ ഉന്നതനാണ് പ്രതി. പക്ഷേ പൊലീസ് മേധാവിയും അതേ സംഘടനയിലെ അംഗമായതിനാൽ സത്യം പുറത്തു വരില്ല.

 

നേരേത് നൂണയേതെന്ന് വേർതിരിക്കാൻ കഴിയാത്ത സ്ഥിതി. സംശയിക്കപ്പെടുന്നവരിൽ ഒരാൾ അഞ്ചാമത്തെ കൊലയ്ക്ക് ശേഷം തെയിംസ് നദിയിൽ ചാടി മരിച്ചിരുന്നു. അതിനു ശേഷം റിപ്പർ രീതിയിലുള്ള കൊല ഇല്ലാതായി. ജാക്ക് ദ് റിപ്പർ തെയിംസിൽ ജലസമാധി നേടിയോ? പുകമഞ്ഞ് മൂടിയ ഒരു ചോദ്യം. കൊല്ലുന്നവർക്കും കൊള്ളയടിക്കുന്നവർക്കും മനുഷ്യത്വത്തിന്റെ കണിക പോലുമില്ല. സമൂഹത്തിനു സ്വീകാര്യമായ സദാചാരവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ഭൂരിപക്ഷം മനുഷ്യരിൽ നിന്ന് വ്യത്യസ്തരാണ് സൈക്കോകൾ. സാമാന്യ ജനതയുടെ സദാചാരവും മൂല്യബോധവുമല്ല അവരെ നയിക്കുന്നത്. തെല്ലും കുറ്റബോധമില്ല, അവരുടെ കണ്ണിൽ ചെയ്തിയെല്ലാം ശരിയാണ്, അതിലുപരി നിയമപാലകരെ തോൽപ്പിക്കുന്ന മിടുക്കിൽ അഭിമാനവും. പരിപൂർണ്ണമായ ഒരു കൊലപാതകം അവരെ പ്രചോദിപ്പിക്കുന്നു, അതിനെ കലയുടെ തലത്തിലേക്ക് അവർ ഉയർത്തിയേക്കാം. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമുണ്ട്.

 

വീണ്ടും നഗരത്തിരക്കിൽ കടന്നപ്പോൾ ടിമ്മിന് ടിപ്പ് നൽകി ഞാൻ യാത്ര ചൊല്ലി. രണ്ടു ദിനങ്ങളിലായി അയാളെന്നെ ചരിത്രവഴികളിൽ നടത്തി. ഞാൻ ട്യൂബിൽ കയറി യൂസ്റ്റണിലേക്ക് നീങ്ങി. അടുത്ത ട്രെയിൻ മിൽട്ടൺ കീൻസിലേക്കു പായുമ്പോൾ ചോരശാസ്ത്രം പഠിപ്പിച്ച ആ പകലിനെ സ്മരിച്ചു. ഷെർലക് ഹോംസിൽ തുടങ്ങി ജാക്ക് ദ് റിപ്പറിൽ അവസാനിച്ച ദിനം. റിപ്പർ അരങ്ങേറുമ്പോൾ ഹോംസ് ലണ്ടന്റെ ഹൃദയത്തിൽ വാസം തുടങ്ങിയിട്ട് ഒരു വർഷമായിരുന്നു. പുറത്തെ ഇരുളിനെ നോക്കി ഞാനിരുന്നു. യാഥാർത്ഥ്യത്തിനും കൽപനയ്ക്കും ഇടയിലെ അതിർവരമ്പുകൾ മാഞ്ഞുമറഞ്ഞു പോയി.

 

(അവസാനിച്ചു)

Content Highlights: Sherlock Holmes | Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com