ADVERTISEMENT

'a band of little golden beads around a tanned neck'

-Franz Kafka/ Dairies

വിഷാദവിരസമായ ഒരു ദിവസം, 1995ൽ, അർധരാത്രിക്കുശേഷമുള്ള ബസിൽ കയറി ഞാൻ നാലഞ്ചുമണിക്കൂറിലേറെ യാത്ര ചെയ്തു സേലത്ത് എത്തി. നേരം പുലരുന്നതും കാത്തു ബസ്സ്റ്റേഷനിലിരുന്നു. ടെലിഫോൺ ബൂത്തിൽനിന്ന് അവന്റെ വീട്ടിലേക്കു വിളിച്ചു. പരുഷമായ ഒരു സ്വരം ഫോണെടുത്തു. ഞാൻ എന്റെ പേരു പറഞ്ഞു. നിമിഷങ്ങൾ കടന്നുപോയി. അവന്റെ സ്വരം കേട്ടു. എന്നോടു 10 മിനിറ്റ് കൂടി കാത്തുനിൽക്കാൻ പറഞ്ഞു. ഫോൺ വച്ചശേഷം ബസ് സ്റ്റേഷനിൽ പെരുകുന്ന ആളുകളെയും വാഹനങ്ങളെയും നോക്കുമ്പോൾ, അതേ മടുപ്പോടെ അടുത്ത ബസ്സിൽ കയറി തിരികെപ്പോയാലോ എന്നു ഞാൻ വിചാരിച്ചു. അവൻ ഇവിടെയെല്ലാം എന്നെത്തിരഞ്ഞു നടന്നു കാണാതെ മടങ്ങിപ്പോകും. അതുവിചാരിച്ചപ്പോൾ എനിക്ക് പൊടുന്നനെ ഒരു സന്തോഷം അനുഭവപ്പെട്ടു. ഉത്സാഹത്തോടെ ഞാൻ റോഡരികിൽ അവനെക്കാത്തുനിന്നു. 

മറീന സ്വെറ്റീവയുടെ കവിതകളുടെ ഒരു സമാഹാരം ലൈബ്രറിയിൽനിന്ന് എടുത്തത് എന്റെ കൈവശമുണ്ടായിരുന്നു. ആ ദിവസങ്ങളിൽ ഞാൻ ആ കവിതകൾ കൊണ്ടുനടന്ന് ആവർത്തിച്ചുവായിക്കുകയായിരുന്നു. അതിന്റെ ആമുഖത്തിൽ, ഒക്ടോബർ വിപ്ളവത്തിനുശേഷമുണ്ടായ ക്ഷാമകാലത്ത് കവിയുടെ കുഞ്ഞ് പട്ടിണി കിടന്നു മരിച്ചതിനെപ്പറ്റിയും 1922ൽ റഷ്യ വിട്ട് പാരിസിലും ബർലിനിലും പ്രാഗിലുമായി അവർ അലഞ്ഞതും വിശദമായി എഴുതിയിരുന്നു.  

കുറച്ചുകഴിഞ്ഞപ്പോൾ സൈക്കിളിൽ അവൻ വന്നു. അവന്റെ തലമുടി പാറിപ്പറന്നും കണ്ണുകൾ ഉറക്കംതൂങ്ങിയുമിരുന്നു. അവന്റെ വീട്ടിലേക്കു ഒന്നോ രണ്ടോ കിലോമീറ്റർ പോകണം. ആ യാത്രയിൽ  സൈക്കിൾ കൂടുതൽ കനമുള്ള സ്വരങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. 

MarinaTsvetaeva
മറീന സ്വെറ്റീവ Image Credit: Wikimedia Commons\Pyotr Ivanovich Shumov

ഞാൻ ചെല്ലുമെന്നു അവനു രണ്ടുദിവസമായി തോന്നിക്കൊണ്ടിരുന്നു, അന്നുകൂടി എത്തിയില്ലെങ്കിൽ ഒരു കത്തെഴുതാമെന്നു കരുതിയെന്ന് അവൻ എന്നോടു പറഞ്ഞു. മടക്കയാത്രയിൽ തനിച്ചുപോകണമല്ലോ എന്നോർക്കുമ്പോൾ ഒരു യാത്രയും ഇഷ്ടമാകുന്നില്ലെന്നു ഞാൻ പറഞ്ഞു. എന്തൊരു സുന്ദരമായ പുലരിയാണതെന്നു ഞങ്ങൾ വിചാരിച്ചു. ഇപ്പോഴറിയാം, അതുപോലെ പിന്നീടൊരിക്കലും ഒരു സൈക്കിൾയാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. സേലം ബസ് സ്റ്റേഷനിൽനിന്ന് ഉറക്കം മണക്കുന്ന അവനൊപ്പം സൈക്കിളിൽ ഞങ്ങൾ പട്ടണവഴി കടന്ന്, ജമന്തിപ്പാടങ്ങൾക്കിടയിലൂടെ പോയി. ആ പുലരിയെപ്പറ്റി ഓർക്കുമ്പോഴെല്ലാം പുതിയ ചിത്രങ്ങൾ മനസ്സിൽത്തെളിയും. അതിൽനിന്ന് കഥയോ കവിതയോ വരുന്നതുപോലെ അനുഭവപ്പെടും. വർഷങ്ങൾക്കുശേഷം ഞാൻ അതേവീട്ടിലേക്കു അവന്റെ കാറിൽ ചെയ്യുമ്പോൾ ആ സൈക്കിൾ ഒച്ച മടങ്ങിവന്നു. 

“അകലെ,ച്ചൂടാൽപ്പച്ച വറ്റിയ, നാളെത്തളി-രണിയാൻ പോകും മാവോ,ജീർണ്ണിക്കുമെല്ലിൻകൂടോ?” 

എന്ന ബാലാമണിയമ്മയുടെ ചോദ്യത്തിലെന്നപോലെ നഷ്ടമായ സർഗാനന്ദം, യൗവനഗന്ധം ഞാൻ അനുഭവിക്കുന്നു. ബാലാമണിയമ്മയുടെ കിനാവുകൾ എന്ന കവിത വർഷങ്ങൾക്കുശേഷമാണു ഞാൻ വായിച്ചത്. “പൂട്ടിപ്പോന്ന വീടിനിത്തുറന്നാലും, കാക്കുന്നു പുലർവെയിൽ”, എന്നു തുടങ്ങി ജീവിതത്തിലെ അമൂല്യമായ ചെറിയ നിമിഷങ്ങളെ ഓരോന്നും പേരെടുത്തുവിളിക്കുന്നുണ്ട് ആ കവിതയിൽ.

balamaniyamma-book--3-
ബാലാമണിയമ്മ

സൈക്കിളിലേറി ഞങ്ങൾ ചെല്ലുമ്പോൾ ഫോണിലൂടെ ഞാൻ കേട്ട പരുഷ സ്വരത്തിന്റെ ഉടമ, അവന്റെ അച്ഛൻ, മുറ്റത്തുനിൽക്കുന്നുണ്ടായിരുന്നു, നിറചിരിയോടെ. ഒരു അതിഥി വരുമെന്ന് അവൻ നൽകിയ സൂചന അവരെല്ലാം വിശ്വസിച്ചുവെന്ന് എനിക്കു പിന്നീടു മനസ്സിലായി. അവന്റെ മൂത്ത സഹോദരി, മുത്തുമണികളുള്ള ഒരു നെക്‌ലേസ് അണിഞ്ഞ് എവിടെയോ പോകാൻ ഒരുങ്ങിനിൽക്കുകയായിരുന്നു. 

വർഷങ്ങൾക്കുശേഷം നർത്തകി ആ നെക്ലേസിനെപ്പറ്റി എന്നോടു പറഞ്ഞു. ആ ദിവസം രാവിലെ അവൾ ഒരുങ്ങിക്കൊണ്ടിരിക്കേയാണു ഫോണടിച്ചത്. കുറച്ചുകഴിഞ്ഞു ഞാൻ ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്നു എന്നു പറഞ്ഞ് അവൻ സൈക്കിളിലെടുത്തുപോയി. അപ്പോൾ അവൾക്കുതോന്നി, ആ നെക്ലേസ് അണിയാമെന്ന്. അതുവരെ അതെപ്പറ്റി ഓർത്തിരുന്നില്ല. പെട്ടെന്ന് ആ നെക്‌ലേസ് മനസ്സിലേക്കു വന്നു. എന്താ കാരണമെന്നു ചോദിച്ചാൽ, ഒന്നുമില്ല, ഒരു രസത്തിന്. ശരിയല്ലേ, അതു നല്ല രസമല്ലായിരുന്നോ..? അവൾ ചോദിച്ചു. 

MarinaTsvetaevabook

ശരിയായിരുന്നു. അതു നല്ല രസമായിരുന്നു. മുത്തുമണികൾ തിളങ്ങുന്നതു ഞാൻ ഇപ്പോഴുമോർക്കുന്നു. “ഇരുളിന്നാഴങ്ങളിലുണർന്നു കിടന്നുകിടന്ന ഞാൻ കരളാൽത്തപ്പീ മുൻപേ തകർന്നോരഴകിനെ; കർമതേജസ്സാളുന്നൊരന്തരീഷത്തിൽപ്പാഞ്ഞ നമ്മുടെയമൂല്യമാം കൊച്ചുജീവിതത്തിനെ”, എന്ന ബാലാമണിയമ്മയുടെ വരികളിലാണ് ഞാൻ ആ തിളക്കം എടുത്തുവച്ചതെന്നു തോന്നാറുണ്ട്, ആ കവിതകളിലേക്കും ആ വർഷങ്ങളിലേക്കും മനോസഞ്ചാരം നടക്കുമ്പോഴെല്ലാം. Sweetness of eyelids over eyes എന്നാണു മറീന സ്വെറ്റീവയുടെ മൊഴി:

"All that I stealthily thought, is to me

Clear like a crystal clean

Us, with a timeless and endless riddle,

United in a dream." 

കാലരഹിതവും അനന്തവുമായ ഒരു കടങ്കഥയുമായി നാം സ്വപ്നത്തിൽ കൈകോർക്കുന്നതിന്റെ വ്യക്തതയായിരുന്നു അത്; ആ വർഷങ്ങൾക്ക് അങ്ങനെ ചില സവിശേഷതകളുണ്ടായിരുന്നു. വലിയ കവികളുടെ വരവുകൾ, അമ്പരിപ്പിക്കുന്ന ഗദ്യത്തിന്റെ പ്രകമ്പനങ്ങൾ, അവ‍ർക്കൊപ്പം യൗവനം ചെലവഴിക്കുക ജിജ്ഞാസകരമായിരുന്നു. 

കഥയും കവിതയും നോവലും ധാരാളം വായിക്കുന്നുവെങ്കിലും, എഴുതണമെന്നു വിചാരിക്കുമ്പോഴെല്ലാം ഏതെങ്കിലും സമ്പ്രദായികമായ ഒരു രീതിയെ മുറുകെപ്പിടിക്കണമെന്നു തോന്നിയിട്ടില്ല. ക്രമബദ്ധമായോ ഉച്ചത്തിലോ കഥ പറയാൻ ഞാൻ ശീലിച്ചില്ല. പകരം ഒരൊറ്റ ഓർമയുടെ കാഴ്ചയിൽ ഉറച്ചുനിന്ന്, ഗന്ധത്തിൽ ലയിച്ചുനിന്ന് അതിൽനിന്നു മന്ത്രിക്കുന്ന സ്വരമുള്ള ഭാഷയിൽ ആ അനുഭവം ഭാവന ചെയ്യാനുള്ള ശ്രമമായിരുന്നു എന്റേത്. ഓരോ തവണ എഴുതുമ്പോഴും മുൻപെഴുതിയതിൽ എന്താണു കുറഞ്ഞുപോയതെന്നു തിരിച്ചറിയുന്നു. സ്വാഭാവികമായും അതേ ഓർമയുടെ വടിവിലേക്ക് കൂടുതൽ സൂക്ഷ്മതയോടെ തിരിച്ചുചെല്ലുന്നു, അതിനെ മറ്റൊരു വെളിച്ചത്തിൽ, മറ്റൊരു ദിക്കിൽനിന്നു വീണ്ടെടുക്കാൻ നോക്കുന്നു. ഇത്തരത്തിൽ പലമട്ടിലുള്ള ആവർത്തനമാണു ഗദ്യമെഴുത്ത് എന്ന് എനിക്കു തോന്നാറുണ്ട്. ഒരൊറ്റ കൂട്ടുകാരൻ കവിയോ ചിത്രകാരനോ കാമുകനോ ആകുന്നതുപോലെ ഒരേഒരു പെണ്ണ് നടിയും നർത്തകിയും കൂട്ടുകാരിയുമാകുന്നു. 

doctorzivago

‘ഡോക്ടർ ഷിവാഗോ’, മഹാരാജാസ് കോളജ് ഹോസ്റ്റലിലിരുന്നാണു ഞാൻ വായിച്ചത്. സ്വെറ്റീവയും പാസ്റ്റർനാക്കും കൈമാറിയ കത്തുകളുടെ ഒരു സമാഹാരം പിന്നീടു ഞാൻ വായിച്ചു. അവർ നേരിൽ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളു. ഒരിക്കലും നേരിൽ സംസാരിച്ചില്ല. പകരം കത്തുകളെഴുതി. രണ്ടാം ലോകയുദ്ധാരംഭത്തിൽ യൂറോപ്പിലെ പ്രവാസം അവസാനിപ്പിച്ച് മരീന സ്വെറ്റീവ റഷ്യയിലേക്കു തിരിച്ചുവന്നു ജീവിക്കുമ്പോൾ, ആ വീട്ടിൽ അടുക്കളയിലെ ഒരു മേശ മാത്രമാണുണ്ടായിരുന്നത്. പാചകം കഴിഞ്ഞ് ആ മേശയിലെ പാത്രങ്ങളെല്ലാം എടുത്തുമാറ്റിയിട്ട് അതിന്മേൽവച്ചാണ് അവർ എഴുതിയിരുന്നത്. ആ രംഗം ഞാൻ എപ്പോഴുമോർക്കും. സ്വെറ്റീവയുടെ ഫോട്ടോ കാണുമ്പോഴെല്ലാം ഞാൻ പരസ്പരബന്ധമില്ലാത്ത വിചാരങ്ങളിലേക്കു പോകും.‌

സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കേ വേനലവധികളിൽ എന്റെ ബന്ധുവീട്ടിൽ പോകുമ്പോൾ എന്റെ കസിനൊപ്പം തോട്ടിൽ കുളിക്കാൻ പോകുമായിരുന്നു. മുതിർന്ന പെൺകുട്ടിയായ അവൾ അടിവസ്ത്രങ്ങൾ അലക്കാൻ നേരം എന്നെ അവിടെനിന്ന് ഓടിച്ചുവിടും. പക്ഷേ, അവൾ മറ്റു തുണികൾ അലക്കുമ്പോഴും കുളിക്കുമ്പോൾ പോലും ഞാൻ തോട്ടിൻകരയിലിരിക്കാൻ സമ്മതിക്കുകയും ചെയ്യും. പത്തിരുപതു വർഷത്തിനുശേഷം ഒരു കൂടിക്കാഴ്ചയിൽ ഞാൻ അതെപ്പറ്റി, ഈ തോട്ടിൻകരയെപ്പറ്റി സൂചിപ്പിച്ചപ്പോൾ അവൾ കുറെനേരം മിണ്ടാതിരുന്നു. എന്നിട്ട് എന്റെ കണ്ണിൽനോക്കി പറഞ്ഞു, ‘എന്റെ അടിവസ്ത്രങ്ങളെല്ലാം അക്കാലത്തു കീറിപ്പറിഞ്ഞതായിരുന്നു. ഇല്ലായ്മയുടെ അപമാനം നിനക്ക് അറിയില്ലല്ലോ!’

boris-pasternak
ബോറിസ് പാസ്റ്റർനാക്ക്, Image credit: Jerry Cooke/CORBIS

അവൾ പ്രസാദവതിയായിരുന്നു, ചെറുപ്പത്തിൽ ഞാൻ നോട്ട്ബുക്കിലെഴുതിയതിനെല്ലാം അഭിനന്ദനം തന്ന ആളാണ്, വായിക്കാനൊരു നോവൽ വേണമെന്ന് അവൾ പറഞ്ഞിട്ടും ഞാൻ കൊണ്ടുപോയി കൊടുത്തില്ല, രോഗം മൂലം കിടപ്പിലായപ്പോൾ അവളെ കാണാൻപോയില്ല. തീരെ വയ്യാതായെന്നു കേട്ട് ഒരുദിവസം അവിടെച്ചെന്നപ്പോഴാകട്ടെ അവൾ അവിടെയുണ്ടായിരുന്നില്ല. വേദന സഹിക്കാനാവാതെ അന്നുരാവിലെ അവളെ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. പിന്നീട് ഞാൻ പോയത് അവൾ മരിച്ചദിവസമാണ്. 

MarinaTsvetaevapoemsbook

അപാരമായ സ്വാർത്ഥത, വിരസത, തളർച്ച എന്നിവ ഇല്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ലെന്ന് അറിഞ്ഞാണ് എഴുത്തിലേക്കു പോകുന്നത്. വാക്കുകളുടെയും വികാരങ്ങളുടെയും ഉറവിടങ്ങളെല്ലാം അപ്പോഴേക്കും മാഞ്ഞുപോയിട്ടുണ്ട്. ഓരോ ദിവസവും ഓരോ കഥയുടെ പിന്നാലെ ഞാൻ നടക്കുന്നു. എന്നാൽ അവിടേക്കു ചെല്ലാനാകുന്നില്ല; ഉറക്കങ്ങളിൽ തെളിയുന്ന സ്വപ്നങ്ങളിൽ നാമെത്ര ശ്രമിച്ചാലും നിന്നിടത്തുനിന്ന് അനങ്ങാൻ കഴിയാത്തതുപോലെ. എനിക്ക് ആകെപ്പാടെ ആ കഥകൾ ഉണ്ടായിരുന്ന സ്ഥലങ്ങൾ മാത്രമേ അറിയൂ. സ്ഥലങ്ങൾക്ക് സ്വന്തമായി ഒരു ഭാഷയും ഉണ്ട്.  അതു ഞാൻ അറിയാൻ ശ്രമിക്കുന്നു. അറിയാവുന്നത്രയും പകർത്തിവയ്ക്കുന്നു. പൂർണമായും ഗ്രഹിക്കാനാവാത്തതിനാൽ ഓരോവട്ടവും മാറ്റിയെഴുതേണ്ടി വരുന്നു.  

Today I am a heavenly guest in your land 

I saw the sleeplessness of the forest 

And the sleep of the fields..  

(Marina Tsvetaeva)

The Enchanting World of Marina Tsvetaeva: Reflections on Life and Art:

Exploring the Deep Connections Between Memory and Prose Writing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com