ADVERTISEMENT

ഓർമ്മ ഒരു സ്ഥലമായി നമുക്കു പുറത്തു സ്ഥിതി ചെയ്യുന്നതുകൊണ്ടാണു കുറെയധികം വർഷത്തിനുശേഷം അവിടെനിന്നു കഥയോ കവിതയോ പുറപ്പെട്ടുവരുന്നത്‌.  കലാജീവിതം ആരംഭിക്കുന്ന കാലത്ത്‌ ഇത്‌ അയാൾ അറിയണമെന്നില്ല, എത്ര ദൂരം സഞ്ചരിച്ചിട്ടായാലും ഒരിക്കൽ അവിടേക്കു ചെല്ലുമെന്നതും. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊറിയൻ താന്ത്രിക്‌ ബുദ്ധിസ്റ്റ്‌ ഹെയ്കോ കൗമാരത്തിൽ ഇന്ത്യയിലേക്കു സത്യാന്വേഷിയായി പുറപ്പെട്ടു. ഒരു ബോട്ടിൽ കയറി അപ്രത്യക്ഷനായി.  ഇരുപതാം നൂറ്റാണ്ടിൽ വടക്കുപടിഞ്ഞാറൻ ചൈനയിലെ  ഡുൺഹുവാങ്ങിലെ ഒരു ലൈബ്രറിയിൽനിന്നാണ്‌ ഇന്ത്യയിലെയും ചൈനയിലെയും ഹെയ്‌കോയുടെ സഞ്ചാരജീവിതത്തെപ്പറ്റിയുള്ള രേഖകൾ കണ്ടെത്തിയത്‌.  കൊറിയൻ കവി കോ ഉൻ, ഹെയ്കോയുടെ യാത്രയെ ഒരു കവിതയായി എഴുതി. മൺപാതകളിലൂടെ നടന്ന് തന്റെ മുപ്പതുകളിലാണ്‌ ഹെയ്കോ കശ്മീരിലെ ചുരത്തിൽ പ്രവേശിച്ചത്‌.  വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷിൻ ചിയാങ്ങിൽ ഒരു മരുപ്രദേശത്തുകൂടി നടക്കുമ്പോൾ ശരത്‌ കാലമായി. കാൽവയ്ക്കവേ മുന്നിൽ ഒരു തണ്ണീർമത്തന്റെ മുള കണ്ടു. എപ്പോഴോ അവിടെ വീണുപോയ ഒരു വിത്തായിരുന്നു അത്‌.

Ko-Un-Changbi-Publishers
കൊറിയൻ കവി കോ ഉൻ, Photo credit: Changbi-Publishers

എപ്പോഴും എടുത്തുനോക്കാറില്ലാത്ത ഒരോർമ്മ തിരഞ്ഞുചെല്ലുമ്പോള്‍, പ്രതീക്ഷിക്കാത്ത ഒരിടത്തായിരിക്കും ചെന്നുനില്‍ക്കുക.

വൈദ്യുതിബില്‍ അടയ്ക്കാന്‍ പോകാറുണ്ടായിരുന്ന ഓഫിസ് ഒരു കുന്നിന്‌റെ വക്കിലാണ്. രാവിലെത്തെ വെയിലുണ്ടെങ്കിലും മങ്ങിയ അന്തരീഷം തെളിഞ്ഞുവരുന്നതേയുള്ളു. പുല്ലുകളില്‍നിന്നു പുലരിയുടെ നനവ് പൂര്‍ണമായും പോയിട്ടില്ല. മിക്കവാറും തിരക്കുണ്ടാകും. ഇരുവശവും കുറ്റിക്കാട് നിറഞ്ഞ വഴിയിലേക്കു നീളുന്ന വരിയില്‍ നില്‍ക്കുമ്പോള്‍, പവര്‍ഹൗസിന്റെ ഹുങ്കാരത്തിന്‌റെ പശ്ചാത്തലത്തില്‍ പുഴയ്ക്കരെ റോഡിലൂടെ ഒച്ചയില്ലാതെ ഒരു ബസ് പോകുന്നു. അപ്പോള്‍ ഒരു മേഘം അപ്പുറം വലിയമലയില്‍നിന്നു താഴേക്കു തൂങ്ങിവന്നു.

വൈദ്യുതിബില്‍ അടയ്ക്കുന്ന ഓഫിസ് ആളെല്ലാം പോയി ഉച്ചകഴിഞ്ഞ് അടഞ്ഞുകിടക്കുന്നു. പുല്ലുകള്‍ വളര്‍ന്ന അതിന്‌റെ മുറ്റത്തുകൂടി നടന്ന് കെട്ടിടത്തിന്‌റെ പിന്‍വശത്തേക്കുപോയാല്‍ താഴേക്ക്, പവര്‍ഹൗസിന്‌റെ വളപ്പിലേക്കെത്തുന്ന കുത്തനെയുള്ള നീണ്ട പടികളുണ്ട്. ലൈബ്രറിയില്‍നിന്നു മടങ്ങുന്ന വഴിക്ക്, അതിന്‌റെ മുകളിലിരുന്നു ഞാനും അവനും സംസാരിക്കുന്നു. കാറ്റുണ്ട്. അതിനാല്‍ താളുകൾ വേഗം മറിഞ്ഞുപോകും. കുന്നിന്‌റെ രണ്ടാം ചെരിവിലെ ക്വാര്‍ട്ടേഴ്‌സിനു പിന്‍മുറ്റത്തു അയയില്‍ ഉണങ്ങാനിട്ട തുണികളെടുക്കാനായി ഒടുവില്‍ ഒരു സ്ത്രീ വന്നു. അവര്‍ക്കു ഞങ്ങളെ കാണാം. ഞങ്ങള്‍ക്ക് അവരെയും. പാറിപ്പറന്ന അവരുടെ തലമുടിയും ചെരുപ്പിടാത്ത കാല്‍പാദങ്ങളും ശ്രദ്ധിച്ചു.

പക്ഷേ ആരും പരസ്പരം കണ്ടതായി ഭാവിക്കാറില്ല. ഇത് ആ പ്രദേശത്തിന്‌റെ പ്രത്യേകതയാണ്. നിങ്ങള്‍ക്കത് മനസ്സിലാകണമെങ്കില്‍ അവിടെനിന്ന് അകലേക്കുപോയി പിന്നീട്‌ തിരിച്ചുവന്ന് ആ സ്ഥലത്തെ നോക്കണം. അപ്പോള്‍ അവിടേക്കു ഇങ്ങനെ ചില ദൃശ്യങ്ങള്‍ വരും.

Ko-Un-Barbara-Zanon-Getty-Images
കൊറിയൻ കവി കോ ഉൻ, Picture Credit: Barbara-Zanon-Getty-Images

ഞങ്ങള്‍ അവിടെയിരിക്കുന്നു സൂര്യന്‍ മറയുന്നതും കണ്ട്. ആ ക്വാര്‍ട്ടേഴ്‌സിനു പിന്നിലെ വിളക്കുകള്‍ തെളിയുമ്പോള്‍ വേഗമെണീറ്റ്, നേരം പോയല്ലോ എന്നു പറഞ്ഞു വീട്ടിലേക്കു നടക്കുന്നു. ഓരോ വൈകുന്നേരവും അവിടെയിരുന്നു വര്‍ത്തമാനം ആരംഭിക്കുമ്പോഴും പുസ്തകമെടുത്തു മറിക്കുമ്പോഴും അയയില്‍ തുണികളുണ്ടോ എന്നു നോക്കുന്നു. ഇപ്പോള്‍ അതെടുക്കാന്‍ അവര്‍ വരുമെന്ന്, ചെരുപ്പിടാതെ, മുടി കെട്ടിവയ്ക്കാതെ വരുമെന്നു ഞങ്ങള്‍ പറയുന്നു. അതു വളരെ കൃത്യമായ ഒരു ആവര്‍ത്തനമാണ്, സൂര്യന്‍ എന്നും പോയിമറയുന്നതുപോലെ.

നാം എപ്പോഴും എടുത്തുനോക്കാറില്ലാത്ത ഒരോര്‍മയിലേക്ക് പെട്ടെന്നു കയറിച്ചെല്ലേണ്ടിവരുമ്പോള്‍, പ്രതീക്ഷിക്കാത്ത ഒരിടത്താണ് അത് ഇരിക്കുന്നതെന്നു കാണുന്നു. വൈദ്യുതിബില്‍ അടയ്ക്കുന്ന കെട്ടിടമിരിക്കുന്ന കുന്നിന്‌റെ വക്കിലേക്ക് ഒരു മേഘം തൂങ്ങിവരുമെന്ന് എനിക്കറിയാം. എന്നാല്‍ ഒരു ദിവസം ക്വാര്‍ട്ടേഴ്‌സിന്‌റെ പിന്‍മുറ്റത്തെ അയ ശൂന്യമായിക്കിടന്നതും ആ വിളക്കുകള്‍ തെളിയാതെ വന്നതും ഞങ്ങള്‍ കണ്ടിരുന്നു. എന്നിട്ടും ആ ഓര്‍മ ആ കെട്ടിടത്തിന്‌റെ മങ്ങിയ അന്തരീഷത്തിലെവിടെയോ മാഞ്ഞുപോയിരുന്നു.  there were too many pasts in the world എന്നാണു കോ ഉന്‍ പറയുക. ചെറിയ ചെറിയ നിമിഷങ്ങളെ നിങ്ങള്‍ എങ്ങനെ എടുത്തുവയ്ക്കാനാണ്, അതിന്‌റെ വടിവുകള്‍ എങ്ങനെ ഓര്‍ക്കാനാണ്?

The-Plain

ഹിമാലയത്തില്‍ ഒരു പര്‍വതത്തിനു പേരിടണമെങ്കില്‍ കുറഞ്ഞത് 8,000 മീറ്ററെങ്കിലും ഉയരം വേണമെന്നു കേട്ടിട്ടുണ്ട്. പക്ഷേ, കോ ഉന്‍ പറയുന്നു, ഇന്നു സന്ധ്യക്കു ആയിരം മീറ്റര്‍ പോലും ഉയരമില്ലാത്ത പര്‍വതങ്ങള്‍ക്കു മുന്നിലും ഞാന്‍ ശിരസ്സ് കുനിക്കും. ഓരോന്നിനെയും പേരു ചൊല്ലി വിളിക്കും. ഏഷ്യയുടെ ഓരോ കോണിലും പേരില്ലാതെ, മഹത്വമില്ലാതെ തുടരുന്ന ഓരോ പര്‍വതവും സന്ദര്‍ശിച്ച് അവയെ കണ്ടുകണ്ട് വയസ്സാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവയെ ഓരോന്നും പേരു ചൊല്ലിവിളിച്ചു മരിച്ചുപോകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

ഏതാനും വർഷം മുന്‍പ് ഞാനും അവനും കൂടി പൂപ്പാറയില്‍നിന്ന് ബോഡിനായ്കനൂരിലേക്കുള്ള മലമ്പാതയിലെ ഒരു വളവില്‍ വണ്ടിനിര്‍ത്തി ഇറങ്ങിനില്‍ക്കുമ്പോള്‍ പൊടുന്നനെ മഴക്കോളു കണ്ടു. കരിമേഘങ്ങള്‍ താണുവന്നു. അപ്പോള്‍ ഞാന്‍ ആദ്യം കുന്നിനുവക്കിലെ കെട്ടിടത്തിനു പിന്നിലെ പടികള്‍ കണ്ടു. അയയില്‍നിന്ന് അവര്‍ തുണികള്‍ ഒന്നൊന്നായി, വൃത്തിയായി മടങ്ങിയെടുക്കുന്നതു കണ്ടു. എന്തായിരുന്നു അവരുടെ പേര് എന്ന് എനിക്ക്‌ എത്ര ശ്രമിച്ചിട്ടും ഓർമ്മ വന്നില്ല. ഞാന്‍ അവനോടും ചോദിച്ചു. അവന് സിഗരറ്റും പുസ്തകവുമല്ലാതെ മറ്റൊന്നുമോര്‍മയില്ല. എത്രയോവട്ടം ആ വീട്ടില്‍ പോയിരിക്കുന്നു. അവരുടെ അമ്മയുടെ നാടിനെപ്പറ്റി പറഞ്ഞത് ഓര്‍ക്കുന്നു. ആ സ്ഥലപ്പേരും മറന്നു. വിരസമായ ഈ നാടിനെക്കാള്‍ അവിടേക്കുപോകാനാണു താന്‍ കൊതിക്കുന്നതെന്ന് അവര്‍ എത്രവട്ടം നെടുവീര്‍പ്പോടെ പറഞ്ഞിരിക്കുന്നു.

frost-DmitriKessel-TheLIFEPictureCollectionviaGettyImages
ഇംഗ്ലിഷ് കവി റോബര്‍ട് ഫ്രോസ്റ്റ്, Picture Credit: Dmitri Kessel-The LIFE Picture Collection via Getty Images

കോ ഉന്‍ രണ്ടു കൂട്ടുകാരോടൊത്ത് ന്യൂഹാംഷറിലെ വൈറ്റ് മൗണ്ടനില്‍ പോയി. ആ പര്‍വതച്ചെരുവിലെവിടെയോ ആണ് ഒരിക്കല്‍ ഇംഗ്ലിഷ് കവി റോബര്‍ട് ഫ്രോസ്റ്റ് താമസിച്ചിരുന്നത്. ആ യാത്രയില്‍ കോ ഉന്‍ കൂട്ടംതെറ്റിത്തനിച്ചായി. ശിശിരകാലം പൊഴിയുന്ന ഇലകളുടെ അലകള്‍ക്കിടയില്‍ ദിക്കറിയാതെ അയാൾ കുഴഞ്ഞുവീണു. നിസ്സഹായതയ്ക്കു നടുവില്‍ കോ ഉൻ താന്‍ കടന്നുപോന്ന  ഓരോ സ്ഥലത്തിന്‌റെയും പേരുകള്‍ ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങി.

പേരുകള്‍ ഓരോന്നായി പറഞ്ഞുനോക്കൂ, ആ പേര് ഓര്‍മ വരും, അവന്‍ പറഞ്ഞു. ഞാനതു പരീക്ഷിച്ചുനോക്കാതിരുന്നില്ല. പക്ഷേ ആ പേരു മടങ്ങിവന്നില്ല. അവര്‍ അമ്മയുടെ നാട്ടിലേക്ക് ഓടിപ്പോയിട്ടുണ്ടാകുമോ.?

Was that a spirit howling once, or poetry..?

ജെറാൾഡ്‌ മർനേൻ, Picture Credit: ABC-Arts-Zan-Wimberley
ജെറാള്‍ഡ് മര്‍നെന്‍, Photo Credit: ABC-Arts-Zan-Wimberley

ആന്തരികമായ ഭൂപ്രദേശത്തുനിന്നു കണ്ടെടുക്കുന്ന ചെറിയ ഇടങ്ങളാണ്, സമയത്തിന്‌റെ ചെറുതരികളാണ്, എഴുത്തായി രൂപാന്തരം പ്രാപിക്കുന്നത്.  മൂകമായ പുലരിക്കു പുറംതിരിഞ്ഞ് ഒരാള്‍ വീടിനകത്തേക്കുപോയി വാതിലടയ്ക്കുന്നതുപോലെ ഒരു പ്രവൃത്തിയാണത്‌, ആന്തരികഭൂതലത്തിലേക്കു ചെന്നു മണ്ണും പുല്ലും പൊടിയും തൊടുന്നത്. പെട്ടെന്ന് മറ്റെല്ലാം മറന്ന് ഒരേ ഒരു നിമിഷത്തിലേക്ക് ആണ്ടുപോകുന്നത്. ജെറാള്‍ഡ് മര്‍നെനിന്‌റെ വിഖ്യാതമായ ദ് പ്ലെയിന്‍സ് എന്ന നോവലില്‍, മണ്ണില്‍കൂടുകൂട്ടുന്ന, പക്ഷികളെക്കുറിച്ച് അന്വേഷിക്കാന്‍ സമതലപ്പരപ്പിലൂടെ പോയ ഒരു കവിയെപ്പറ്റി പറയുന്നു. അയാൾ കവിതകൾ എഴുതിയത്‌ പ്രസിദ്ധീകരിക്കുന്നില്ല. പക്ഷികളെപ്പറ്റി അയാളെഴുതിയ പഠനത്തിന്റെ  വക്കുകളിലായിരുന്നു ആ കവിതകൾ..

വിസ്തൃതമായ സമതലങ്ങള്‍ക്കു നടുവില്‍ കുട്ടിക്കാലം ചെലവഴിച്ച ഏതൊരു വ്യക്തിയും  രണ്ടുതരം സമതലങ്ങളെ സ്വപ്‌നം കാണാറുണ്ട്. മർനെൻ പറയുന്നു, ഇടയ്ക്കിടെ ദൃശ്യമാകുന്നത് എന്നാല്‍ ചെന്നെത്താനാവാത്തത്. രണ്ടാമത്തേത്, ദിവസവും നാം കടന്നുപോകുന്നതും തിരികെ വരുന്നതുമാണെങ്കിലും അദൃശ്യമായി തുടരുന്ന ഭൂപ്രദേശം.  ഇവയിൽ എവിടെനിന്നാണു നിങ്ങളുടെ അടുത്ത  കവിത പുറപ്പെട്ടുവരുന്നത്‌?

English Summary:

Rediscovering Forgotten Memories: How Small Moments Shape Powerful Writing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com