ADVERTISEMENT

‘‘ചോക്കു പറഞ്ഞു : 'ഡസ്റ്റർ ചേട്ടാ

എന്റെ വേദന അറിയാമോ?
എല്ലാവർക്കും ക്ഷ, ണ്ണ
എഴുതാനെന്റെ ഉടൽ വേണം.....
എങ്കിലുമനിയാ, എന്നും നിന്നെ
തുടച്ചു നീക്കാനെന്റെ വിധി.’’ - ഒരു ഏഴാം ക്ലാസുകാരിയുടെ കവിതയാണിത്!! 

കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ നവംബർ ഒന്നിന് മലയാണ്മ തുളുമ്പുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുന്ന ‘ഇലകൾ പറക്കുന്നു’ എന്ന കവിതാ സമാഹാരത്തിലെ വരികളാണിവ.

സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിലെ 31 ക്ലാസ്മുറികളിലും അധ്യാപകർ കയറിയിറങ്ങി ചോദിച്ചു, കവിതയെഴുതാൻ കൊതിയുള്ളവരുണ്ടോ എന്ന്. ജിവിതത്തിലിന്നു വരെ പാഠപുസ്തകത്തിലെയല്ലാതെ ഒരു കവിതപോലും വായിക്കുകയോ ചൊല്ലുകയോ ചെയ്തിട്ടില്ലാത്തവരും കവിതയെ കൈക്കുമ്പിളിലാക്കി നടക്കുന്നവരും ചാടിയിറങ്ങിചെന്നു. അവരെ ഒരു ദിവസം കവിതയെന്താണെന്നു സ്കൂൾ പഠിപ്പിച്ചു! അന്നു കവിതയെ കാണാൻ കൊതിയോടെ ഇറങ്ങിവന്ന 49 കുട്ടികൾ ചേർന്നിരുന്ന് കൊതിയോടെ എഴുതിയത് 122 കവിതകളാണ്. ആ കവിതകൾ ഇൗ കേരളപ്പിറവി ദിനത്തിൽ പുസ്തകമാക്കി പ്രകാശനം ചെയ്യുകയാണ് ആ സ്കൂൾ. 

1092 വിദ്യാർഥികളിൽ നിന്നും കരുത്തും കാമ്പുമുള്ള കവിതയ്ക്കു ജന്മം നൽകിയ 49 പേരെ നവംബർ ഒന്നിന് മലയാണ്മ തുളുമ്പുന്ന ചടങ്ങിൽ ‘ഇലകൾ പറക്കുന്നു’ എന്ന കവിതാസമാഹാരം സമ്മാനിച്ച് ആദരിക്കും. അവരെഴുതിയ കവിതകൾക്കു സഹപാഠികൾ വരച്ച ചിത്രങ്ങൾ കൂട്ടിരിക്കും.

പ്രശസ്ത എഴുത്തുകാരനായ പി.രാമൻ പുസ്തക അവതാരികയിൽ ഇങ്ങനെ കുറിക്കുന്നു: 

ലോകത്തിനിതാ ഒരു പുതിയ പേര്..

റോട്ടിലേക്കിറങ്ങി ഇടവഴിയിലേക്കു തിരിഞ്ഞ് കുന്നു കേറിയിറങ്ങി വയൽ വരമ്പിലൂടെ പോയി പുഴക്കരയിലെത്തി കാട്ടിൽ വഴി തെറ്റി നീങ്ങേ പെട്ടെന്നു നോക്കുമ്പോൾ ഒരു പൂന്തോട്ടത്തിലൂടെ ഞാൻ മെല്ലെ നടന്നു നീങ്ങുന്നതായി കാണപ്പെട്ടു, ഈ കവിതകളിലൂടെ ഒരു വട്ടം കറങ്ങി വന്നപ്പോൾ. കുട്ടികൾ ഭാഷകൊണ്ടവരുടെ ലോകം പണിയുന്നു. ഭാഷയുടെ വിരൽ പരമാവധി തെളിയിച്ചെടുത്ത് തെളിമയോടെ എഴുതുന്നു. കണ്ണു തുറന്നപ്പോൾ കണ്ട ലോകത്തിന് പുതുതായി പേരിടുന്നു ഈ കുട്ടികൾ. 

കുട്ടൻ പ്ലാവ്
എന്റെ വീട്ടിൽ ഒരു പ്ലാവുണ്ട്.
ഞാൻ അതിനെ കുട്ടൻപ്ലാവ് എന്നുവിളിക്കുന്നു.
ആ പേര് എനിക്കും പ്ലാവിനും മാത്രമേ അറിയൂ.
ഞാൻ അടുത്തുചെല്ലുമ്പോൾ
കുട്ടൻപ്ലാവ് കുനിഞ്ഞുതരും.
കൊമ്പുകൾ നിലത്തുകുത്തി
ചില്ലകളാട്ടി അങ്ങനെ നിൽക്കും.
ചവിട്ടി അങ്ങ് കയറും ഞാൻ.
പ്ലാവിലെ ചക്കകൾ
അപ്പോൾ ചിരിക്കും.
ഓരോ ചക്കയും ചിരിച്ചു
ഒരു കൂട്ടച്ചിരി ഉണ്ടാകും.
ഞാനല്ലാതെ ആരും അത് കേൾക്കില്ല.
ഇപ്പോൾ ഞാൻ
പ്ലാവിന്റെ മുകളിലാണ്.
ഇവിടെ ഇരുന്നാൽ
നാട് മുഴുവൻ കാണാം.
ഓരോ വീട്ടിലെയും
കാഴ്ചകൾ
അവരറിയാതെ 
കുട്ടൻപ്ലാവ് എനിക്കു കാണിച്ചുതരും.
എല്ലാ രഹസ്യവും 
പറഞ്ഞുതരും കുട്ടൻപ്ലാവ്.
ഒരു കുഴിയാനത്തുമ്പി
ഇപ്പോൾ കുട്ടൻപ്ലാവിന്റെ മസ്തകം ചുറ്റി
എന്നെ ചുറ്റി 
പറക്കുന്നു.

വീട്ടുമുറ്റത്തെ പ്ലാവിന് കുട്ടൻ പ്ലാവ് എന്നു പേരിടും പോലെ. എന്നെ ജീവിക്കാൻ അനുവദിക്കൂ എന്ന അപേക്ഷ കേട്ടു നോക്കുമ്പോൾ കാൽക്കീഴിൽ ഒരു പായൽ. അതു കവിതയാക്കുമ്പോൾ കവിതക്കു പേര് അത്ഭുതം. കാഴ്ച്ചകളിൽ കുട്ടികൾക്കിന്നു വിസ്മയമില്ല. പക്ഷേ ഭാഷയിലൂടെ നോക്കുമ്പോൾ ശരിക്കും വിസ്മയം. പക്ഷി എന്നെ എടുത്തുയർത്തുന്ന വിസ്മയം. പ്രകൃതിവിസ്മയം, സ്വപ്നവിസ്മയം..... എന്നാൽ അത് സ്വാഭാവികമായ ഭാഷയിൽ കൃത്രിമത്വമില്ലാതെ പറയാൻ അവർ ശീലിക്കുന്നു. നേരേ ഇരിക്കാതെ ചുരുണ്ടും പിരിഞ്ഞും ഇരിക്കുന്ന മുടി കത്രികകൊണ്ടു മുറിച്ചു ശരിയാക്കുന്ന സ്വാഭാവികതയോടെ അവർ ഭാഷയിൽ പണിയുന്നു. വിസ്മയ ലോകത്തേക്ക് എന്നെ കൊണ്ടുപോകുന്ന കുട്ടികളുടെ കവിതാ ഭാഷക്ക് എന്റെ വന്ദനം. 5 മുതൽ 10 വരെ പഠിക്കുന്ന കുട്ടികളുടെ കവിതയിലെ ചിന്തയും ചൂരും വായിച്ചറിയാൻ ചില കവിതാ ഭാഗങ്ങൾ മാത്രം ഇതാ:

മൈക്കിന് മനസ്സുണ്ട്
മൈക്കിന് ഒന്നും മനസ്സിലാവില്ല
എന്നു വിചാരിക്കരുത്.
എല്ലാം മനസ്സിലാക്കിയിട്ടാണ്
അത് വാക്കുകൾ
ഉച്ചത്തിൽ പറയുന്നത്.
വാക്കുകൾ
വലിയ കാര്യം ആണ്.
മൈക്കിന് ഒന്നും മനസ്സിലാവില്ല
എന്നു വിചാരിക്കരുത്.
എല്ലാം മനസ്സിലാക്കിയിട്ടാണ്
അത് വാക്കുകൾ
ഉച്ചത്തിൽ പറയുന്നത്.
വാക്കുകൾ
വലിയ കാര്യം ആണ്.
അതിന്റെ അർഥം അറിയില്ലെങ്കിൽ
അതൊച്ച.
അർഥമറിഞ്ഞാൽ ജീവിതം.
തുപ്പൽ ഏറ്റുവാങ്ങി
ഒച്ച പകരം തരുന്ന
ഒരു അടിമയല്ല, മൈക്ക്....
അതിനൊരു മനസ്സുണ്ട്. അങ്ങും ഇങ്ങും നടന്നാൽ
നിങ്ങളുടെ
കണ്ട്രോൾ
അതോടെ പോവുകില്ലേ?

വാഴ
തെക്കേ മുറ്റത്താൾക്കൂട്ടം,
ഉടൽ നിറയെ കൈകളുമായി
ഒരുത്തിനിന്നു
പിറുപിറുക്കുന്നു!

എന്റെ സ്വർഗം
വീടാണ് സ്വർഗം.
അത് പണിതത്
കല്ലാലല്ല
മരത്താലല്ല
ഇരുമ്പാലല്ല
കണക്കാലല്ല.
കരുതൽ കൊണ്ടാണ്.

ഉപ്പേരിയും തോരനും
അങ്ങ് മലബാറിൽ ഉപ്പേരി
പക്ഷേ, ഇവിടത് തോരൻ.
ഇവിടെ തോരൻ
അവിടുപ്പേരി
ആഹാ! തോരൻ!
അല്ല , ഉപ്പേരി!
തലതിരിഞ്ഞത്
തെക്കിനോ വടക്കിനോ?
ഇനിയൊരു യുദ്ധം
ഇതിന്മേൽ ആകാം.

വിശപ്പിന്റെ വിളി
ഉച്ചനേരം
സ്കൂളിൽ നാലാം പീരിയഡ്
കണക്കാണെന്നു തോന്നുന്നു,
അതോ ഫിസിക്സോ?
ഉച്ചിയിൽ സൂര്യൻ കത്തുന്നു.
അതിലും അധികമായി
എനിക്കെന്റെ 
വയറു കത്തുന്നു.
ബോർഡിലെ ഇക്വേഷന്
ഇന്നെന്താ ഇത്ര നീളം..!
അതൊരിക്കലും തീരില്ലേ?
എല്ലാക്ലാസിൽനിന്നും
പലപല ഭാഷയിലുള്ള നിലവിളികൾ കേൾക്കുന്നു.
ഈ സാറന്മാർക്കെന്താ വിശപ്പില്ലാത്തത്?
അതോ വിശപ്പുകൊണ്ടാണോ
നാലാം പീരിയഡ് ഇവർ
ഇത്ര ഉച്ചത്തിൽ ഉച്ചത്തിൽ
പഠിപ്പിക്കുന്നത്?

വടി
വട്ടക്കണ്ണട
നീണ്ട മീശ
മുറ്റിയ താടി
ശൂന്യമായ മുടി.
ഒരു ഭീകരായുധം ക്ലാസിൽ വരുന്നു.
പിഷും
പുഷും
എന്ന
ഡോൾബി സൗണ്ടോടെ.
കത്തി
തുപ്പാക്കി
കെ ജി എഫ്
ജയിലർ
സിനിമകൾ ഒന്നിച്ചു കാണുന്ന രസം കൊണ്ടു
മൂത്രം ഒഴിച്ചുപോകും
പാവം പ്രേക്ഷകർ.

മയക്കം
മമ്മൂട്ടിയെ തമിഴന്റെ ബാധകൂടി.
ഞാൻ വീടിന്റെ കതക് തല്ലിപ്പൊളിച്ചു.
ഒരു പട്ടി മുന്നിൽ നിൽക്കുന്നു.
അങ്ങോട്ടും ഇങ്ങോട്ടും
അതെന്നെ വിടുന്നില്ല.
കൈകൂപ്പി ക്ഷമചോദിച്ചു
ക്ഷമ നക്കിത്തിന്നു
പട്ടി മാഞ്ഞു.
അങ്ങനെ ഇടിയും മിന്നലും
ഉണ്ടായി.
പെരുമഴ എല്ലാറ്റിനെയും
വാരിക്കോരി നനച്ചു.
ഞാൻ മാത്രം
നനയാതെ
നിന്നു.
വീടുവിട്ടു.
ഇനി മയക്കം വിട്ട്
എങ്ങോട്ടെങ്കിലും
പോകണം.

ഗുഹ
ഉറക്കത്തിന്റെ
ഗുഹയിൽനിന്ന്
ഒരുവിധം പുറത്തുവന്നു.
അപ്പോൾ ബോർഡിൽ ആരോ എഴുതിയിരിക്കുന്നു :
"ഗുഹയെന്നൊരു വാക്ക്‌
അതിനെന്തു മുഴക്കം. "

പിഴുന്നു

ഒരു മരം
പിഴുതെടുക്കുന്നു..
അമ്മയുടെ കണ്ണുകൾ
പിഴുതെടുക്കുന്നു.

കാൽ പന്ത്
എന്തു തെറ്റ്?
ഏതു മുജ്ജൻമ ശാപം?
എല്ലാവർക്കും എന്നെ തൊഴിക്കണം.
തലങ്ങും വിലങ്ങും
കുറേ മല്ലന്മാർ  നിർത്താതെ തൊഴിക്കുന്നു.
അതുകണ്ടു ലോകം ആർത്തു വിളിക്കുന്നു.
ഉള്ളിലെ ഇത്തിരി
കാറ്റൊന്ന് പോയിക്കിട്ടിയിരുന്നെങ്കിൽ
എന്നു മണ്ണിലുരുണ്ടു കരയുമ്പോൾ
ഗാലറി പൊട്ടിത്തെറിക്കുന്നു :-
ഗോൾ!!

ഗ്ലാസിനു പനി
ചൂട് ചായ
നാവുപൊളി.
'അമ്മേ എന്തുപണിയാ
ഈ കാണിച്ചേ?'
'ഗ്ലാസിനു പനിയാ
മോനേ '
'എങ്കിൽ ആശുപത്രിയിൽ
കൊണ്ടു പോകാം.'
ഗ്ലാസ്സെടുത്തു
വെള്ളത്തിലെറിഞ്ഞു.
ഇന്ന് ഞാൻ ചായ
എന്നു പറഞ്ഞാൽ
ഷായ
എന്നേ നിങ്ങൾ കേൾക്കൂ..

അനെറ്റിന്റെ പൂമ്പാറ്റകൾ
എന്റെ പൂമ്പാറ്റകളെ നിങ്ങൾക്കു
അനെറ്റിന്റെ പൂമ്പാറ്റകൾ എന്നുവിളിക്കാം.
അവ എന്നെ വിട്ടുപോകില്ല.
എപ്പോഴും ചുറ്റിപ്പറക്കും.
ഞാൻ ഇപ്പോൾ അങ്ങനെ ഒരു പൂന്തോട്ടമായി മാറിയിട്ടുണ്ട്.
എവിടെപ്പോയാലും
ഒപ്പം അവയുണ്ട്.
ഉടലാകെ പൂമ്പാറ്റകളുടെ ചിറകടി.
ഞാനുറങ്ങുമ്പോൾ
പുതപ്പിനുമേൽ
ഒട്ടും ഭാരമില്ലാതെ
ഇരുന്നു വിശ്രമിക്കും.
എന്റെ ഹൃദയം ഒരു ദിവസം
പൂമ്പാറ്റച്ചിറകു മുളച്ച്
അവക്കൊപ്പം പാറി നടക്കും.
അനെറ്റിന്റെ നിങ്ങൾ കാണില്ല.
അനെറ്റിന്റെ പൂമ്പാറ്റകളെ
മാത്രം കാണും.

മഴയോടൊപ്പം
മഴയുടെ ശബ്ദം
മനസ്സിൽ പൂക്കൾ
കുളിർമഴ.
മഴയുടെ വിരലിൽ
പിടിച്ചു നടക്കുന്നു.
മഴയോടൊത്തു കളിക്കുന്നു.
വർത്തമാനം പറയുന്നു.
അലിഞ്ഞുപോകുന്നു
സങ്കടങ്ങൾ.

ചോക്ക്
എഴുത്
എഴുത്
എഴുതി എഴുതി നിറയ്ക്ക്.
എല്ലാ ഭാഷയിലും
എന്തും ഏതും എഴുതി നിറയ്ക്ക്‌.
തേഞ്ഞു തീരുന്നതു ഞാൻ.
അവസാനത്തെ തുണ്ടും
ഉരച്ചുരച്ചു
സന്തോഷിക്ക്.
എന്റെ ജീവിതം
ഈ വിധം.
നിങ്ങൾ ഓർമിക്കണം
എന്നെനിക്കു വാശിയില്ല,
കറുപ്പിൽ
വെളുപ്പ്
എഴുതി
സ്വയം മറഞ്ഞ 
ഈ സാധുവിനെ. 

English Summary:

School students poem book release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com