ADVERTISEMENT

ന്യൂയോർക്ക് സിറ്റിയിലെ സിപ്രിയാനി വാൾസ്ട്രീറ്റിൽ 74-ാമത് നാഷനൽ ബുക്ക് അവാർഡ് സമർപ്പണച്ചടങ്ങ് നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വിവിധ വിഭാഗങ്ങളിലെ രചയിതാക്കളുടെ നേട്ടങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തുന്ന ചടങ്ങിനായി ബുധനാഴ്ച രാത്രിയാണ് സാഹിത്യലോകം ഒത്തുകൂടിയത്. ഓപ്ര വിൻഫ്രി ആതിഥ്യം വഹിച്ച ചടങ്ങിൽ, ഫിക്‌ഷൻ, നോൺ ഫിക്‌ഷൻ, കവിത, യുവജന സാഹിത്യം, വിവർത്തന സാഹിത്യം എന്നീ വിഭാഗങ്ങളിലെ അഞ്ച് കൃതികള്‍ക്കാണ് പുരസ്കാരം നൽകിയത്. 'ബ്ലാക്ക്ഔട്ട്സ്' എന്ന നോവലിന് ഫിക്‌ഷനുള്ള അവാർഡ് നേടിയ ജസ്റ്റിൻ ടോറസ് തന്റെ പ്രസംഗത്തിനു മുന്നോടിയായി, നോമിനേഷൻ ലഭിച്ച മറ്റ് എഴുത്തുകാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു.

'ടെംപിൾ ഫോക്ക്' എന്ന ചെറുകഥാ സമാഹാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ട ആലിയ ബിലാൽ, എഴുത്തുകാർ സംയുക്തമായി തയാറാക്കിയ പ്രസ്താവന വേദിയിൽ വായിച്ചു. ‘പലസ്തീനിയൻ സിവിലിയന്മാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ അടിയന്തര മാനുഷിക ആവശ്യങ്ങൾ പരിഹരിക്കാൻ ഗാസയിൽ വെടിനിർത്തൽ വേണം. ഞങ്ങൾ യഹൂദ വിരുദ്ധതയെയും പലസ്തീൻ വിരുദ്ധ വികാരത്തെയും ഇസ്‌ലാമോഫോബിയയെയും ഒരുപോലെ എതിർക്കുന്നു, എല്ലാ കക്ഷികളുടെയും മാനുഷിക അന്തസ്സ് അംഗീകരിക്കുന്നു. കൂടുതൽ രക്തച്ചൊരിച്ചിൽ, ഈ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ ഒന്നും ചെയ്യില്ലെന്ന് തിരിച്ചറിയുന്നു.” കയ്യടിയോടെയാണ് ആ വാക്കുകൾ ചടങ്ങിൽ സ്വീകരിക്കപ്പെട്ടത്.

1950-ൽ തുടക്കമിട്ട നാഷനൽ ബുക്ക് അവാർഡ് അമേരിക്കയിലെ ഏറ്റവും വലിയ സാഹിത്യ അവാർഡുകളിൽ ഒന്നാണ്. അഞ്ച് മത്സര വിഭാഗങ്ങളിലെ വിജയികൾക്ക് 10,000 ഡോളർ വീതമാണ് സമ്മാനം. നെഡ് ബ്ലാക്ക്‌ഹോക്കിന്റെ 'ദ് റീഡിസ്‌കവറി ഓഫ് അമേരിക്ക: നേറ്റീവ് പീപ്പിൾസ് ആൻഡ് ദി അൺമേക്കിങ് ഓഫ് യുഎസ് ഹിസ്റ്ററി' എന്ന കൃതിക്ക് നോൺ ഫിക്‌ഷൻ സമ്മാനം ലഭിച്ചു, യുവജന സാഹിത്യ വിഭാഗത്തിൽ ഡാൻ സാന്ററ്റിന്റെ 'എ ഫസ്റ്റ് ടൈം ഫോർ എവരിവിങ്' പുരസ്കാരം നേടി. ക്രെയ്ഗ് സാന്റോസ് പെരസിന്റെ 'ഇൻകോർപറേറ്റഡ് ടെറിട്ടറി' മികച്ച കവിതാപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടു. പോർച്ചുഗീസിൽ നിന്ന് ബ്രൂണ ഡാന്റാസ് ലൊബാറ്റോ വിവർത്തനം ചെയ്ത സ്റ്റെനിയോ ഗാർഡലിന്റെ 'ദ് വേഡ്സ് ദാറ്റ് റിമെയിൻ' വിവർത്തന പുരസ്കാരത്തിന് അർഹമായി. 1,900 ലധികം കൃതികളിൽ നിന്നാണ് ഇത്തവണ വിജയികളെ തിരഞ്ഞെടുത്തത്.

English Summary:

Literary Luminaries Unite for Humanitarian Cause at 74th National Book Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com