ADVERTISEMENT

എഴുപതുകളുടെ തുടക്കത്തിൽ എഴുതിയ ആദ്യ നോവലിൽ പി.വൽസല തിരഞ്ഞെടുത്ത വിഷയം ഇന്നും തൊട്ടാൽ പൊള്ളുന്നത്. സമൂഹം തലനാരിഴ കീറി ചർച്ച ചെയ്യുന്നത്. ഇന്നും സമൂഹത്തെ വിഘടിപ്പിച്ച് കലാപങ്ങളും രക്തച്ചൊരിച്ചിലും സൃഷ്ടിക്കുന്നത്. സദാചാരസങ്കൽപങ്ങളുടെ കാപട്യം. സ്വതന്ത്രയായി ജീവിക്കുന്ന പെണ്ണ് നേരിടുന്ന പ്രതിസന്ധികളും. നെല്ല് എന്ന ആദ്യനോവലിലൂടെ വയനാട്ടിലെ തിരുനെല്ലിയുടെ വയലുകളിൽ സമൃദ്ധമായി വളരുന്ന നെല്ലിന്റെയും കതിരണിയുകയും പതിരാകുകയും ചെയ്ത പ്രതീക്ഷകളുടെയും കഥ മാത്രമല്ല വൽസല പറഞ്ഞത്, നെല്ലിനൊപ്പം ജീവിച്ചു മരിച്ച ഒരു കൂട്ടം മനുഷ്യർ മനസ്സു പറയുനതുകേട്ടു ജീവിച്ചപ്പോൾ നേരിട്ട വെല്ലുവിളികളും കൂടിയാണ്. ചൂഷണം ചെയ്യപ്പെട്ട വയനാട്ടിലെ മണ്ണിന്റെ കഥ തന്നെയാണ് അടിയാരായി ജീവിച്ച പെണ്ണുങ്ങളുടെയും കഥ. മണ്ണും പെണ്ണും ചൂഷണം ചെയ്യപ്പെട്ടു. ദുരുപയോഗിക്കപ്പെട്ടു. ആസക്തിയുടെയും അനിയന്ത്രിതമായ ദുരയുടെയും ഇരകളാക്കപ്പെട്ടു.

Nellu

പ്രകൃതിപോലും എതിരുനിന്നിട്ടും അടിച്ചേൽപിക്കപ്പെട്ട നിയന്ത്രണങ്ങളുടെ ചങ്ങലകളെ പൊട്ടിച്ചെറിയാൻ വെമ്പിയ കഥയിലൂടെ പെണ്ണെഴുത്തിനു നാന്ദി കുറിക്കുക കൂടിയായിരുന്നു വൽസല. എന്നാൽ പെണ്ണെഴുത്തും ഫെമിനിസവുമെല്ലാം പിന്നീട് ശരിയായും തെറ്റായും മനിസ്സിലാക്കപ്പെട്ടപ്പോഴും പുരുഷനെ നിഷേധിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്ന ഫെമിനിസമായിരുന്നില്ല വൽസല നെല്ലിലൂടെ പറഞ്ഞത്. പെണ്ണിനെ ഉപയോഗിച്ചു വലിച്ചെറിയുന്ന പുരുഷൻമാരെയും മണ്ണിൽനിന്ന് അമിതലാഭം കൊയ്യാനിറങ്ങിയ കച്ചവടക്കാരുടെയും കഥയ്ക്കൊപ്പം ‘ചീത്ത’യായ പെണ്ണിനെ വർഗ്ഗമോ വർണമോ നോക്കാതെ സ്വന്തം നെഞ്ചിൽ അഭിമാനത്തോടെ അടക്കിപ്പിടിച്ച പുരുഷന്റെയും കൂടി കഥയാണ്.

പി.വൽസല
പി.വൽസല

അരനൂറ്റാണ്ടു മുമ്പാണ് നെല്ലിലൂടെ ലിംഗനീതി എന്ന വിപ്ലവത്തെക്കുറിച്ച് വൽസല എഴുതിയത്. ആ നോവൽ ഇന്നും ശരിയായി വായിക്കാതെയും മനസ്സിലാക്കാതെയും എഴുത്തിലും ജീവിതത്തിലും വിപ്ലവത്തിന്റെ മേനി പറയുന്നവരുണ്ട്. അവരുടെ വ്യാജ അവകാശവാദങ്ങൾ ഒരിക്കലും അലോസരപ്പെടുത്തിയിട്ടില്ല വൽസല എന്നു എഴുത്തുകാരിയെ. അവകാശവാദങ്ങൾക്കപ്പുറം വിവേചനബുദ്ധിയുള്ള വായനക്കാർ തന്റെ കൃതികൾ വായിച്ചുമനസ്സിലാക്കുമെന്ന് അവർക്കറിയാമായിരുന്നു. പുതിയ പതിപ്പുകളിലൂടെ ഇന്നും വായനക്കാരെ ആകർഷിക്കുന്ന നെല്ല് എഴുത്തുകാരിയുടെ പ്രതീക്ഷ മുന്നോട്ടുകൊണ്ടുപോകുന്നു. 

നെല്ലിലെ നായികയെ കണ്ടെത്താനിറങ്ങുന്നവർക്ക് ഇന്നും അദ്ഭുതമാണ് മാര എന്ന പെണ്ണ്. അടിയാത്തി. ബ്രഹ്മഗിരിയുടെ ഉയരങ്ങളിലെ ഗരുഡപ്പാറ പോലെ കരുത്താർന്നവൾ. വീണുകിടക്കുന്ന കമ്പുപോലും മുളച്ചുപൊന്തുന്ന വയനാട്ടിലെ മണ്ണുപോലെ കറുത്തവളെങ്കിലും സ്നേഹത്തിന്റെ വിശുദ്ധിയും സമർപ്പണത്തിന്റെ പൂർണതയും നൻമയുടെ സൗന്ദര്യമുള്ളവൾ. മാരയുടെ മനസ്സു കീഴടക്കിയ പുരുഷനാണ് മല്ലൻ. ഒരു കാട്ടാനയെ ഒറ്റയ്ക്കു നേരിടാൻ കരുത്തുള്ളവൻ. കുറുമാട്ടി എന്ന മന്ത്രവാദിനി വശീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴും മല്ലൻ തന്റേതതുതന്നെയെന്ന് ഉറച്ചുവിശ്വസിച്ച പെണ്ണ്. രോഗത്തെത്തുടർന്ന് അവ്വ (അമ്മ) മരിച്ചപ്പോഴും ഒരു തുള്ളിക്കണ്ണീരുകൊണ്ടുപോലും അമ്മയോടുള്ള അടുപ്പത്തെ കളങ്കപ്പെടുത്താതിരുന്നവൾ.

അമ്മയുടെ മൃതദേഹത്തിനു കാവലിരിക്കുമ്പോൾ കരയുന്നതിനുപകരം ഒറ്റയ്ക്കുനേരിടേണ്ടിവരുന്ന വെല്ലുവിളികളായിരുന്നു മാരയുടെ മനസ്സിൽ. എന്തിനും ഏതിനും മല്ലൻ കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചു. വള്ളിയൂർക്കാവിലെ ആറാട്ടിന് കൈ നിറയെ വളയും കഴുത്തിൽ മാലയും നിറമുള്ള ചേലയും വാങ്ങിക്കൊടുത്ത് മല്ലൻ അവളെ സ്വന്തമാക്കിയതുമാണ്. നിഴലുപോലെ പതുങ്ങിനടക്കുന്ന കുറുമാട്ടിയുടെ കണ്ണു വെട്ടിച്ചായിരുന്നു അവരുടെ ഗാന്ധർവ്വവിവാഹം. പക്ഷേ, വിവാഹത്തിന് അനുമതി നൽകേണ്ട മൂപ്പനെ വ്യാജപ്രചാരണത്തിലൂടെ കുറുമാട്ടി വശത്താക്കുന്നു. സഹോദരീ സഹോദരൻമാരായി ജീവിക്കേണ്ട ഒരേ ഗോത്രത്തിൽപ്പെട്ടവരാണ് മാരയും മല്ലനുമെന്ന് കുറുമാട്ടി മൂപ്പനെ വിശ്വസിപ്പിച്ചു. നാട്ടിൽ പ്രചാരണം നടത്തി. അവർ തമ്മിലുള്ള വിവാഹം അവിശുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലാത്തതാണെന്നും നാട്ടുകാരെക്കൊണ്ട് വിശ്വസിപ്പിച്ചു.


പി. വൽസല
പി. വൽസല

പക്ഷേ, മാര തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. കുറുമാട്ടിയുടെ പ്രചാരണത്തിൽ തളരാതെ ഒറ്റയ്ക്ക് കൊടുംകാട്ടിലൂടെ യാത്രചെയ്ത് മാര മൂപ്പനെ കാണാൻപോകുന്നു. മല്ലനുമായുള്ള വിവാഹം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. ആയിരം നാണയം പിഴയായി കെട്ടിവച്ചാൽ വിവാഹം നടത്താമെന്ന് മൂപ്പൻ ഉറപ്പുകൊടുക്കുന്നു. ഒന്നോ രണ്ടോ നാണയങ്ങൾപോലും സമ്പത്തായി കരുതപ്പെട്ടിരുന്ന വർഗത്തിൽ ആയിരം നാണയം എന്നത് സ്വപ്നം കാണാനാവാത്ത സംഖ്യയാണ്. എന്നിട്ടും വയലിലെ ജോലിക്കൊപ്പം കൂപ്പിൽ പണിയെടുക്കാനും മല്ലൻ ഇറങ്ങിത്തിരിക്കുന്നു. അതവരുടെ ജീവിതത്തിൽ ദുരന്തത്തിന്റെ നിഴൽ വീഴ്ത്തുന്നു. പക്ഷേ, തളരാതെ, തകരാതെ പിടിച്ചുനിൽക്കുന്ന മാരയുടെ കരളുറപ്പാണ് നെല്ലിന്റെ ജീവൻ. 

പിഴച്ച പെണ്ണെന്ന ആക്ഷേപം ജീവിതത്തിലൂടനീളം കേൾക്കേണ്ടിവന്നു മാരയ്ക്ക്. ആചാരം ലംഘിച്ച് സ്വന്തം ഭർത്താവിന്റെ അകാലമരണത്തിനു കാരണക്കാരിയായവൾ എന്ന ആക്ഷേപവും കേട്ടു. ഒടുവിൽ, യജമാനനായ വെളുത്ത തമ്പുരാനെ കണ്ണു കാണിച്ച് മയക്കിയെടുത്തവൾ എന്ന ആരോപണവും. മാര തളർന്നില്ല. മല്ലൻ ഇല്ലാത്ത ജീവിതത്തിൽ തന്നോടു കരുണ കാണിച്ച വെളുത്ത തമ്പുരാനെ അവൾ ശുശ്രൂഷിച്ചു. അയാൾക്കുവേണ്ടി കാത്തിരുന്നു. പക്ഷേ, മാരയുടെ ശരീരത്തിനു വെറും കളിപ്പാട്ടത്തിന്റെ വില പോലും കൊടുത്തില്ല ജൻമി കുടുംബത്തിലെ 20 വയസ്സുപോലും തികയാത്ത പുതു തലമുറയിലെ ചെറുപ്പക്കാരൻ.

കീഴ്പ്പെടുത്തിയതിനുശേഷം ഇനി നീ എന്റെ സ്വത്താണെന്നും ഞാൻ നാളെയും വരുമെന്നും പറയുന്ന ഉണ്ണിത്തമ്പുരാനോട് മറിച്ചൊന്നും പറയാൻ നാവു പൊങ്ങിയില്ലെങ്കിലും പിറ്റേന്നുമുതൽ തന്നെത്തന്നെ സംരക്ഷിക്കാൻ മാര ഒരുങ്ങിയിരുന്നു. പക്ഷേ, തിരുനെല്ലിയിലെ കറുത്ത മണ്ണിന്റെ ഗതി തന്നെ തനിക്കും എന്നവൾക്കറിയാമായിരുന്നു.തോൽവി ഉറപ്പായിട്ടും വിധി അടിച്ചേൽപിച്ച സ്വന്തം വർഗ്ഗത്തോടും ശരീരം കളങ്കപ്പെടുത്തി തോൽപിക്കാൻ ശ്രമിച്ച പൗരുഷത്തോടും നടത്തിയ പോരാട്ടമാണ് മാരയെ മലയാള സാഹിത്യത്തിലെ കരളുറപ്പുള്ള കഥാപാത്രമാക്കുന്നത്.

ചീത്തയാക്കപ്പെട്ടിട്ടും തന്നിൽ ശരിയും നൻമയും അവശേഷിച്ചിട്ടുണ്ടെന്ന് മാരയ്ക്കറിയാം. എങ്കിലും ഉപാധികളില്ലാതെ സ്വീകരിക്കാൻ കൈ നീട്ടിയ വെളുത്ത തമ്പുരാനെ അവൾ തള്ളിമാറ്റുകയാണ്. തന്റെ ജീവിതം ഒറ്റയ്ക്കെന്ന് അവൾ തീരൂമാനിക്കുന്നു. അഥവാ ഒറ്റയ്ക്കു ജീവിച്ചും താൻ വെല്ലുവിളികളെ നേരിടുമെന്ന് പ്രഖ്യാപിക്കുകയാണ് മാര തന്റേടം നിറഞ്ഞ തീരുമാനത്തിലൂടെ. മാരയിലൂടെ എഴുപതുകളുടെ തുടക്കത്തിൽത്തന്നെ കേരള സമൂഹത്തിന്റെ കണ്ണും കാതും തുറപ്പിക്കാനാണ് വൽസ ശ്രമിച്ചത്; ആ ശ്രമം ഇന്നും പൂർണമായി വിജയിച്ചിട്ടില്ലെങ്കിലും. 

English Summary:

Nellu: P. Valsala's Timeless Exploration of Feminism and Farming in Kerala in her first novel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com