ADVERTISEMENT

വലിയ ദുഃഖമോ പട്ടിണിയോ അറിയാത്ത ഒരാൾക്ക് ജീവിതത്തിൽ ഒരു ശൂന്യത തോന്നാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഉണ്ടും ഉറങ്ങിയും മാത്രം ദിവസങ്ങൾ കടന്നുപോകുന്നുവെന്ന നിരാശയിൽ മുട്ടെ വളരുന്ന ആ ശൂന്യതയിൽനിന്നു പുറത്തു ചാടാനുളള ഉപാധിയായിട്ടാണ് അയാൾ എഴുതാൻ തുടങ്ങിയത്. അതിനാൽ എഴുത്ത് അസ്വഭാവികമോ അസാധ്യമോ അല്ല,  അനിവാര്യമെന്നാണുഞാൻ വിശ്വസിക്കുന്നത്.  അവിടെ മാത്രമാണ്‌  എനിക്ക് ഏകാഗ്രതയും സമാധാനവും കിട്ടുന്നത്. പട്ടിണിയിലോ രോഗത്തിലോ പ്രാരാബ്ധത്തിലോ ആണ്ടുപോകാത്തതുകൊണ്ട്‌, തീവ്രമായ ജീവിതാനുഭവമില്ലാതെ എങ്ങനെയാണ് നിങ്ങളൊക്കെ നല്ല സാഹിത്യമെഴുതുക എന്ന് സ്ഥിരമായി പുച്ഛിക്കാറുള്ള ഒരു  അധ്യാപകനെ ഞാനോർക്കാറുണ്ട്.

ഭാഷയിലും സാഹിത്യത്തിലും നാമേറ്റവും ഓമനിക്കുന്നതു ജാതിയെ ആണ് എന്ന അനുഭവം എനിക്ക് അവിടെനിന്നാണു തുടങ്ങുന്നത്. പറമ്പിന്റെ അതിർത്തിയിൽനിന്ന് ഒറ്റക്കല്ലുകൾ ചവുട്ടി താഴേക്ക് ഇറങ്ങിച്ചെന്നാൽ എന്റെ കൂട്ടുകാരന്റെ വീടായി. അവന്റെ ചേച്ചി  നാടകനടിയായിരുന്നു.  എന്നെയും അവനെയും മുറ്റത്ത്  ഒരു ചാക്ക് വിരിച്ച് അതിന്മേലിരുത്തിയിട്ടു ചാണകം മെഴുകിയ തറയിൽ ഞങ്ങൾക്ക് അഭിമുഖമായി നിന്ന് അവർ  അഭിനയിച്ചുകാട്ടുകയും നീണ്ട വാക്യങ്ങൾ ഉച്ചത്തിൽ പറയുകയും ചെയ്തിരുന്നു. ആ കൂട്ടുകാരനും വീടും അവിടെനിന്ന് മാഞ്ഞുപോയെങ്കിലും ആ നടി എനിക്ക്‌മുന്നിൽ നടത്തിയ റിഹേഴ്സലുകൾ ഞാനൊരിക്കലും മറക്കുകയില്ല. മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളുടെ ജീവിതവും മരണവും ഓർമ്മയിലാണു വസിക്കുന്നത്‌. എന്റെ വിശപ്പോ ദു:ഖമോ അല്ല അവരുടെതാണു ഞാൻ അനുഭവിച്ചത്‌.

ജെറാൾഡ്‌ മർനേൻ, Picture Credit: ABC-Arts-Zan-Wimberley
ജെറാൾഡ്‌ മർനേൻ, Picture Credit: ABC-Arts-Zan-Wimberley

ഒരാളുടെ ഓർമയെ അരിച്ചെടുക്കുന്നതിലും വലിയൊരു അനുഭവസത്തയെ എഴുത്തുകാരൻ വിശ്വസിക്കേണ്ടതില്ലെന്ന് ബോധ്യമാകാൻ എനിക്കു വർഷങ്ങൾ വേണ്ടിവന്നു. അതിനിടയിലെ ശൂന്യതയിലൂടെ എത്രയോ പേരുടെ പുസ്തകങ്ങളും എത്രയോ നിശ്ശൂന്യമായ വർഷങ്ങളും കടന്നുപോയി. സത്യത്തിൽ ഒരാൾ പതിനെട്ടിലോ ഇരുപതിലോ കഥകളെഴുതാൻ തുടങ്ങുന്നതും മറ്റൊരാളാൽ നാൽപതിനുശേഷം നോവലെഴുതുന്നതും തമ്മിൽ മൗലികമായ ചില വ്യത്യാസങ്ങളുണ്ട്. ആദ്യത്തെയാൾ ജന്മവാസനയാലാണു താൻ കഥയെഴുതുന്നതെന്നും തന്നെ വായിക്കാൻ ലോകത്തിനു ബാധ്യതയുണ്ടെന്നും വിശ്വസിക്കുന്നു. രണ്ടാമത്തെയാളാകട്ടെ തന്റെ ജീവിതത്തിൽ ഇനി കുറച്ചുവർഷങ്ങൾ മാത്രമാണുള്ളതെന്നും തനിക്ക് സന്തോഷിക്കാനായി എന്തെങ്കിലുമൊന്ന് ഈ സാധാരണ ജീവിതത്തിൽനിന്ന് കണ്ടുപിടിക്കണമെന്നും ആഗ്രഹിക്കുന്നു.

അങ്ങനെ ഏതുനിമിഷവും നിരാശയെ ഭയന്ന് എഴുതാൻ തുടങ്ങുമ്പോഴാണ്‌ ലോകം അയാൾക്കു മുന്നിൽ, മറ്റൊന്നായി അദ്ഭുതകരമായി പരിണമിക്കുന്നത്‌. ഏറ്റവും സൂക്ഷ്മമായ നിമിഷങ്ങൾ പോലും വിപുലമാകുന്നത്‌ അയാൾ അറിയുന്നു. മഹാശോകവും പ്രേമവും അയാളിൽ പ്രത്യക്ഷപ്പെടുന്നു. കാമം അതിന്റെ കുടുക്കുകൾ അഴിഞ്ഞ്‌ വിസ്തൃതമാകുന്നു; അപ്പോൾ പീറ്റർ നാടാഷിന്റെ കഥാപാത്രത്തെപ്പോലെ, അയാൾ അതിശയിക്കുന്നു, എന്റെ കാമത്തിന്‌ ഇത്രമാത്രം ഭാവനയോ!

ഭാവനയുടെയും ഭാഷയുടെയും ചേതന പാരമ്പര്യത്തിൽ നിന്നോ ജന്മത്തിൽനിന്നോ അല്ല നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന പ്രദേശത്തിന്റെ ആവാസഘടനയിൽ നിന്നാണു വരുന്നതെന്ന് ഞാൻ അറിയുന്നു. ഒരുപക്ഷേ സാഹിത്യത്തിൽ ഞാൻ ഒന്നും ചെയ്യുന്നില്ലെങ്കിലും ഒരു സ്ഥലം എന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്നുണ്ട്‌.

ജെറാൾഡ്‌ മർനേൻ 'ദ്‌ പ്ലെയിൻസ്‌' എന്ന നോവൽ എഴുതിയതിനെപ്പറ്റി പറഞ്ഞത്‌ ഇങ്ങനെയാണ്‌: “പരപ്പിന്റെ ഇതല്ലെങ്കിൽ ആ കാഴ്ചയാണ്‌ എന്നെ എഴുതാൻ സഹായിച്ചത്‌. വാക്കുകളുടെ വരവ്‌ മെല്ലെയാകാൻ തുടങ്ങുമ്പോൾ പക്ഷേ പ്രധാനമായും ഞാൻ ഉറ്റുനോക്കിയിരുന്നത്‌ ആ കുറ്റിച്ചെടികളെയാണ്‌. മെൽബൺ പ്രാന്തലിലെ ഒരു പിന്മുറ്റത്ത്‌ ഒരു വേലിപ്പടർപ്പിനു സമീപമായിരുന്നു അവ..” 

The-Plain

അപ്പോൾ ഈ പ്രചോദനം എന്നുപറയുന്നത്‌ എന്താണെന്നു മനസ്സിലായോ? പതിവായ ചില സ്ഥലങ്ങളിൽനിന്ന്, അചേതനമെന്നു കരുതുന്ന ചിലയിടങ്ങളിൽനിന്നു കഥയും കവിതയും ഉണ്ടായിവരുന്നത്‌ വിശദീകരിക്കുകയാണു മർനേൻ ചെയ്തത്‌. ഈ വിശദീകരണം ഞാൻ ശ്രദ്ധിച്ചു. എനിക്ക്‌ നിഗൂഢമായി തോന്നിയത്‌  എന്റെ ഓർമ്മ പതിവായി തിരഞ്ഞുപിടിച്ചുകൊണ്ടുവരാറുള്ള ചില സ്ഥലങ്ങളാണ്‌. സ്വപ്നങ്ങളിലും അവ പ്രത്യക്ഷപ്പെടുന്നു. ആ സ്ഥലങ്ങൾക്കോ അവിടെത്തെ എന്തെങ്കിലും വസ്തുക്കൾക്കോ ഒരു സവിശേഷതയോ അസാധാരണത്വമോ ഉള്ളതായി ആർക്കും തോന്നില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ അനുഭവരഹിതം, ഭാവനാശൂന്യം. പക്ഷേ എനിക്ക്‌ ഗൂഢമായ വികാരമോ വിചിത്രമായ വേദനയോ തോന്നാറുള്ളത്‌ ആ സ്ഥലങ്ങളിലാണ്‌.

ഞങ്ങളുടെ പള്ളിക്കൂടത്തിനു ചുറ്റും വളർന്നുപൊങ്ങിയിരുന്ന കൊങ്ങിണിപള്ളകൾ ഉദാഹരണം, ചുവന്ന കുഞ്ഞുപൂക്കൾ വിരിയുന്ന കുറ്റിക്കാട്‌, മുള്ളുകളുള്ള അവയുടെ തണ്ടുകൾ വേനലിൽ ഉള്ളിൽനിന്ന് ഉണക്കിയൊതുങ്ങി പശുക്കൾക്ക്‌ നൂഴ്‌ന്നുപോകാൻ കഴിയുന്ന വള്ളിക്കുടിലുകളാകുന്നു - ഈയൊരു സ്ഥലചിത്തമാണു എന്റെ എഴുത്തിന്റെ അനുഭവമണ്ഡലമെന്ന് എനിക്ക്‌ അറിയാം. ഞാൻ ആദ്യമേ പറഞ്ഞല്ലോ ഇതിൽ, എന്റെ ജനിതകത്തിൽ അസാധാരണമായി ഒന്നുമില്ല - കാറ്റടിക്കാത്ത ഒരു സായാഹ്നത്തിലെ അതീവവിരസമായ ഒരു മരണം പോലെ, അതുകുറച്ചുനേരം മാത്രം ഇവിടെ തങ്ങുന്നു, അല്ലെങ്കിൽ അപകടത്തിൽ മനുഷ്യന്റെ ചോരയും തലച്ചോറും ചിതറിയ ടാറിട്ട വഴി മിനിറ്റുകൾക്കകം വെള്ളമടിച്ചു കഴുകി വൃത്തിയാക്കുന്നതു കണ്ടിട്ടില്ലേ, വേദനയുടെയോ മരണത്തിന്റെയോ ദുർവ്വിധിയുടെയോ ആയ ഒരു കറ അങ്ങനെത്തന്നെ തുടച്ചുനീക്കി അതീവ സാധാരണമാക്കിയ ആ പ്രതലം പോലെയുള്ള   ഇടങ്ങൾ ചേർത്തുവച്ചാണ്‌ കഥയുണ്ടാക്കാൻ, എഴുതാൻ ശ്രമിക്കുന്നത്‌. 

ഡബ്ല്യു. ജി. സെബാൾഡ്, Picture Credit: Camera Press-Jillian Edelstein
ഡബ്ല്യു. ജി. സെബാൾഡ്, Picture Credit: Camera Press-Jillian Edelstein

ഓരോ നാളും അതതു പ്രായത്തിലെ സ്നേഹങ്ങളെ  കുറെ വിചാരിക്കുന്നു, ഇപ്പോഴില്ലാത്ത സ്നേഹങ്ങളെയും, മരിച്ചുപോയവരെയും, ഓടിപ്പോയവരെയും, മിണ്ടുന്നതു നിർത്തിയവരെയും ഓർക്കുന്നു. ഒരു പുലരിയിൽ ട്രെയിനിൽ ഉറങ്ങിയെണീറ്റ്‌ ഇറങ്ങാൻ കാത്തിരിക്കുമ്പോൾ വർഷങ്ങളായി മിണ്ടാറില്ലാത്ത ഒരു പഴയ കൂട്ടുകാരനെ അടുത്ത ബെർത്തിൽ കണ്ടു. പെട്ടെന്ന് ഒന്നും സംഭവിക്കാത്തപോലെ ഞങ്ങൾ മിണ്ടാൻ തുടങ്ങി. പ്ലാറ്റ്ഫോമിൽ ഇറങ്ങിനടന്നും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. പുലരിയിൽ പല്ലുതേക്കാതെ മിണ്ടുകയും ചിരിക്കുകയും ചെയ്യാം, ഉമ്മ വയ്ക്കാതിരുന്നാൽ മതി എന്ന് ആ സമയത്തെ ഞാൻ എടുത്തുവച്ചു. പക്ഷേ പീറ്റർ നാടാഷിന്റെ 'എ ബുക്‌ ഓഫ്‌ മെമ്മറീസ്‌' എന്ന നോവലിൽ കാമുകൻ കാമുകിയെ പല്ലുതേക്കാതെ വായിൽ ഉമ്മ വയ്ക്കുന്ന രംഗം വന്നപ്പോൾ ആ കഥാപാത്രത്തിന്റെ കാമനയിലൂടെ ഞാൻ കൂട്ടുകാരനെ ഓർത്തു. അയാളുടെ ചുണ്ടിൽ അല്ല, മൂക്കിന്റെ അറ്റത്ത്‌ ഉമ്മവച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു, പല്ലുതേക്കാതെ കഴിക്കാൻ ഏറ്റവും നല്ലത്‌ പുട്ടും കടലയുമാണ്‌. 

എനിക്ക്‌ ഇങ്ങനെ എഴുതിക്കൊണ്ടിരിക്കാൻ കഴിയുന്നത്‌ ഞാനെഴുതുന്നത്‌ പിന്നീടൊരിക്കലും വായിച്ചുനോക്കാത്തതുകൊണ്ടാണ്‌. എന്റെ നോവലോ ലേഖനമോ ഞാൻ വായിക്കാറില്ല. അത്‌ അങ്ങനെയേ മറന്നുപോകുന്നതുകൊണ്ടാണ്‌ വീണ്ടും മറ്റൊന്ന് എഴുതാൻ കഴിയുന്നത്‌. കണ്ണാടിക്കുമുൻപിൽ ഷേവ്‌ ചെയ്യുമ്പോഴല്ലാതെ ഞാൻ ചെന്നു നിൽക്കാറില്ല. എന്റേതല്ല, നിന്റെ മുഖത്തു നോക്കുമ്പോഴാണ്‌, വീണ്ടും വീണ്ടും നിന്നെ നോക്കുമ്പോഴാണ്‌ എഴുതാൻ തോന്നുന്നത്‌. പ്രതിബിംബം എന്തൊരു മായയാണ്‌, 

പെട്ടെന്ന് ഒരുദിവസം ഇവിടെനിന്ന് അപ്രത്യക്ഷമായി മറ്റൊരു ഭാഷയിൽ പിറക്കാനാകുമെങ്കിൽ അതു ഗംഭീരമാണ്‌. ബ്രോഡ്സ്കിയും നബോക്കോവും കുന്ദേരയും അതു സമർഥമായി ചെയ്തിട്ടുണ്ട്‌. എന്താണ്‌ ഇംഗ്ലിഷിൽ എഴുതാൻ ശ്രമിക്കാതിരുന്നത്‌ എന്ന് സെബാൾഡിനോട്‌ ചോദിക്കുന്നുണ്ട്‌. അത്‌ അപകടകരമായ സാഹസികതയാണെന്ന് സെബാൾഡ്‌ പറഞ്ഞു. ജർമ്മനിൽനിന്ന് ഇംഗ്ലിഷിലേക്കുള്ള ഭാഷാമാറ്റത്തിൽ ചിലപ്പോൾ സാഹിത്യം, എഴുത്ത്‌ അങ്ങനെയേ നഷ്ടമായിപ്പോകാം, കാരണം ഓർമ്മയെന്നതു ഭാഷയിലാണു വസിക്കുന്നത്‌, അതു ഭാഷ തന്നെയാണ്‌.

മറ്റൊരു ഭാഷയിൽ അതു വീണ്ടെടുക്കാനാവില്ല. ആ സ്മരണ കൂടുമാറിയെത്തിയില്ലെങ്കിലോ. ഈ ഭീതിയാണ്‌ രണ്ടാം ലോകയുദ്ധത്തിനുശേഷം ജർമ്മനി വിട്ട്‌ ഓടിപ്പോയിട്ടും ജർമ്മൻ ഭാഷയെ വിടാനാവാത്തത്‌. 

സെബാൾഡ്‌ പ്രകടിപ്പിക്കുന്ന ഈ ആധി സ്ഥലങ്ങളുടെ കാര്യത്തിൽ എനിക്കും തോന്നാറുണ്ട്‌. നാം ആ സ്ഥലത്തിൽനിന്ന് അകന്നുപോകുന്തോറും അത്‌ കൂടുതൽ വിപുലമായി നമ്മെ പൊതിയുന്നു. ഒരിക്കൽ അവിടം ഓർമ്മയിൽനിന്ന് വാർന്നുകഴിഞ്ഞാൽ പിന്നെന്തിനെക്കുറിച്ച്‌ എഴുതും?  ഭാഷയുടെ ഒഴുക്ക്‌ നിലച്ചുപോകുമോ അപ്പോൾ.? ഒരു നിമിഷം അല്ല, പല നിമിഷങ്ങൾ ഞാൻ അവിടെത്തന്നെ നിന്നു. ആ സ്ഥലവും സമയവും ഒഴുകുന്നത്‌ ഉടലിൽ അറിഞ്ഞു. എനിക്ക്‌ അറിയാം, ഈ സമയം എന്റേതുമാത്രമാണ്‌. ഇവിടെന്ന്, ഈ സ്ഥലത്തുനിന്ന് അതു സ്ഥിതി ചെയ്യുന്ന കാലത്തിൽനിന്ന് പുറത്തുപോയിട്ട്‌ മറ്റൊരാൾക്ക്‌ എനിക്കതു വിവരിക്കാനാവില്ല. നിനക്കും ഇവിടെവന്ന് കുറച്ചു സമയം നില്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ... 

എങ്കിൽ?

നീയും ഈ ഒഴുക്ക്‌ ഒരു ഈണമായി കേൾക്കുന്നു. അത്‌ മണൽത്തടത്തിലൂടെ ഒഴുകി പുല്ലുകൾക്കടിയിൽ മാഞ്ഞ്‌ അപ്പുറൻ ഒരു ചെരുവിലെ കൽക്കെട്ടുകൾക്കിടയിൽ പ്രത്യക്ഷമായി പുറത്തേക്ക്‌ തെറിക്കുന്നു. ഞാൻ മരിക്കുന്ന ദിവസം ആ വെള്ളത്തിന്റെ ചാട്ടം നീ കാണുമോ? 

വെള്ളത്തിൽ കാൽപാദവും കൈവെള്ളയും മുഖവും നെറ്റിയും കാതും നിറുകയും തൊട്ട്‌, ജലസമ്പർക്കം കൊണ്ടുമാത്രം ഞാൻ നിദ്രയിൽനിന്ന് ഭാഷയിലേക്ക്‌, സ്വരത്തിലേക്ക്‌, കടലാസിലെ പോറലുകളിലേക്ക്‌ മടങ്ങിപ്പോകുന്നത്‌ നീ ഓർക്കുമോ?

English Summary:

How Memories influence writing process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com