അപ്രതീക്ഷിതമായി എഴുത്തിലേക്ക്, വിറ്റു പോയത് 20 ദശലക്ഷം പുസ്തകങ്ങൾ; കോളിൻ ഹൂവർ എന്ന പ്രണയത്തിന്റെ പര്യായം
Mail This Article
'ഇറ്റ് എൻഡ്സ് വിത്ത് അസ്', 'വെരിറ്റി', 'അഗ്ലി ലവ്' എന്നീ ബെസ്റ്റ് സെല്ലറുകളെക്കുറിച്ച് കേൾക്കാത്ത വായനക്കാർ ഇന്ന് വിരളമായിരിക്കും. സമീപ വർഷങ്ങളിൽ ഒരു സാഹിത്യ പ്രതിഭാസമായി മാറിയിരിക്കുന്ന കോളിൻ ഹൂവർ എന്ന എഴുത്തുകാരി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാരുടെ പ്രിയപ്പെട്ടവളാണ്. വികാരഭരിതമായ കഥകളിലൂടെ വായനക്കാരെ ആകർഷിക്കുന്ന ഹൂവർ, അസാധാരണമായിട്ടാണ് സാഹിത്യയാത്ര ആരംഭിച്ചത്.
ഡിസംബർ 11, 1979-ൽ ടെക്‌സാസിലെ സൾഫർ സ്പ്രിംഗ്‌സിൽ ജനിച്ച ഹൂവറിന്റെ സാഹിത്യരംഗത്തേക്കുള്ള അപ്രതീക്ഷിതമായിട്ടായിരുന്നു. ഒരു സാമൂഹിക പ്രവർത്തകയായി ജോലി ചെയ്യുന്നതിനിടയിൽ, സമ്മർദ്ദം അകറ്റാനുള്ള ഒരു മാർഗമായിട്ടാണ് ഹൂവർ എഴുതാൻ തുടങ്ങിയത്. 2012-ൽ തന്റെ ആദ്യ നോവലായ സ്ലാംഡ് സ്വയം പ്രസിദ്ധീകരിച്ച ഹൂവർ, ഗുഡ്‌റീഡ്‌സ് പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ തന്റെ പുസ്തകത്തിന്റെ സ്വീകാര്യത കണ്ടാണ് എഴുത്തുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
മുഖ്യധാരാ വിജയം കണ്ടെത്തുന്നതിന് മുമ്പ് ഹൂവർ സ്വയം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ അവളെ സമീപിച്ചു. താമസിയാതെ, ഹൂവറിന്റെ കരിയർ കുതിച്ചുയർന്നു. ഹോപ്‌ലെസ്സ് (2012), മെയ്ബി സംഡേ (2014), അഗ്ലി ലവ് (2014), നവംബർ 9 (2015), റിമൈൻഡേഴ്സ് ഓഫ് ഹിം (2022) എന്നിങ്ങനെ ജനപ്രിയമായ നിരവധി കൃതികൾ ഹൂവർ എഴുതി.
ഹൃദയഭേദകമായ പ്രണയങ്ങളുടെയും അപ്രതീക്ഷിതമായ കഥാസന്ദർഭങ്ങളുടെയും പര്യായമായി മാറി കോളിൻ ഹൂവർ. പലപ്പോഴും റൊമാൻസ് നോവലുകള്‍ പൊതു വായനയിൽ നിന്ന് മാറ്റി നിർത്തപ്പെടാറുണ്ടെങ്കിലും പ്രണയത്തിനപ്പുറം മനുഷ്യ വികാരങ്ങളുടെ ആഴങ്ങൾ പരിശോധിക്കുന്ന ഹൂവറിന്റെ രചനകൾ വായനക്കാരെ സുഹൃത്തുക്കളാക്കി മാറ്റുന്നു. ആർദ്രതയുടെ നിമിഷങ്ങളുമായി ഇഴചേർന്ന്, യഥാർഥ ജീവിത പോരാട്ടങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങളുടെ പ്രധാന വിഷയങ്ങൾ നഷ്ടം, മാനസികാരോഗ്യ പ്രശ്നങ്ങൾ, ദുഃഖം, വിശ്വാസവഞ്ചന, ആസക്തി എന്നിവയാണ്.
സ്നേഹവും അതിന്റെ അസംഖ്യം സങ്കീർണ്ണതകളും കഥാപാത്രങ്ങളിലൂടെ പറയുന്ന ഹൂവർ കഥാപാത്രനിർമ്മിതി പ്രത്യേക മുൻഗണന നൽകുന്നു. ബുദ്ധിമുട്ടുള്ള ഭൂതകാലങ്ങളും വൈകാരിക ദുർബലതയും അനിശ്ചിത ഭാവികളുമുള്ള ഈ കഥാപാത്രങ്ങൾ ഏതൊരു സാധാരണ മനുഷ്യനെയും പോലെയാണ്. അചഞ്ചലമായ സത്യസന്ധതയോടെ ഹൂവർ അവരുടെ കഥ പറയുമ്പോൾ, വായനക്കാർ സ്വന്തം ജീവിതം അതിൽ വായിച്ചെടുക്കുന്നു.
'അഗ്ലി ലവിലെ' ലില്ലി മുതൽ 'റിമൈൻഡേഴ്‌സ് ഓഫ് ഹിം' നവംബർ വരെ സ്വയം കണ്ടെത്താനുള്ള യാത്രയിലാണ്. ബന്ധങ്ങളിലൂടെയുണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളിൽ നിന്ന് രക്ഷനേടാനും ഭൂതകാലത്തിൽ നിന്നുള്ള ആഘാതത്തിൽ നിന്ന് സമാധാനം കണ്ടെത്താനും ശ്രമിക്കുന്നവരാണ് ഈ കഥാപാത്രങ്ങൾ. അവരുടെ ജീവിതത്തിലെ തെറ്റുകൾ എങ്ങനെ പാഠങ്ങളാക്കി മാറ്റുന്നു എന്നതിന്റെ അന്വേഷണമായി മാറുന്നു ഓരോ നോവലും.
ഹൂവറിന്റെ പല നോവലുകളിലും കുടുംബബന്ധങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാതാപിതാക്കളും, കുട്ടികളും, സഹോദരങ്ങളും, ഇണകളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ മുൻനിർത്തി, കുടുംബജീവിതത്തിന്റെ വെല്ലുവിളികളും വിജയങ്ങളും വിശകലനം ചെയ്യുകയാണ് ഓരോ നോവലും. ഈ സന്ദർഭങ്ങളിൽ ഹൂവറിന്റെ കഥാപാത്രങ്ങൾക്ക് ആശ്വാസവും പിന്തുണയും പ്രദാനം ചെയ്യുന്നത് സൗഹൃദങ്ങളാണ്.
2016-ൽ 'ഇറ്റ് എൻഡ്സ് വിത്ത് അസ്' എന്ന പുസ്തകം വായനക്കാരുടെ ഇടയിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയതിനു ശേഷമാണ് ഹൂവറിന്റെ പ്രശസ്തിയിലേക്കുള്ള ഉയർച്ച വേഗത്തിലായത്. 2022-ൽ ഈ പുസ്തകത്തിന്റെ മുൻ കഥയുമായി പ്രസിദ്ധീകരിച്ച 'ഇറ്റ് സ്റ്റാർട്ട്സ് വിത്ത് അസ്' എന്ന കൃതിയ്ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്. 2022-ൽ ബുക്ക്‌ടോക്കിൽ ഏറ്റവും ശുപാർശ ചെയ്യപ്പെടുന്ന എഴുത്തുകാരി എന്ന സ്ഥാനം ലഭിച്ചതോടെ, ഏകദേശം 20 ദശലക്ഷം പുസ്തകങ്ങൾ വിറ്റഴിഞ്ഞ എഴുത്തുകാരിയായി ഹൂവർ മാറി. 2023-ൽ ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ഹൂവറിനെ തിരഞ്ഞെടുത്തു
'ഹൂളിഗൻസ്' എന്നറിയപ്പെടുന്ന അർപ്പണബോധമുള്ള വലിയൊരു ആരാധകവൃന്ദം തന്നെ ഇന്ന് ഹൂവറിനുണ്ട്. വികാരത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ശക്തിയുടെ തെളിവാണ് ഹൂവറിന്റെ കഥ. സാഹിത്യലോകത്ത് ഒരു അതുല്യമായ പാത കൊത്തിയെടുത്ത ഹൂവറിന്റെ യാത്ര അവസാനിച്ചിട്ടില്ല എന്ന കാര്യം ഉറപ്പാണ്.