ADVERTISEMENT

കൈകസിയുടെയും വിശ്രവസ്സിന്റെയും നാലാമത്തെ സന്താനമാണ് മീനാക്ഷി. രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിവരുടെ ഏക സഹോദരി. ലങ്ക എന്ന മനോഹര രാജ്യത്തെ ഏക രാജകുമാരി. എന്നിട്ടും മീനാക്ഷി അറിയപ്പെടുന്നത് ശൂർപ്പണഖയെന്നാണ്, ക്രൂരയായ രാക്ഷസിയായിട്ടാണ്. എന്തുകൊണ്ടാണത്? എന്നാണ് ശൂർപ്പണഖയുടെ ജീവിതകഥ?

Read More: മ്യൂസിയമായി മാറിയ ലോകത്തെ ആദ്യ നോവൽ; കാമുകിയുടെ വസ്തുക്കൾ ശേഖരിച്ചത് രഹസ്യമായി...

lankas-princess

രാമായണത്തിലെ കഥാപാത്രമായ ശൂർപ്പണഖയുടെ അറിയാക്കഥകളിലേക്ക് യാത്ര നടത്തുന്ന പുസ്തകമാണ് കവിത കെയ്ൻ എഴുതിയ 'ലങ്കാസ് പ്രിൻസസ്'. ശൂർപ്പണഖയെ ക്രൂരയായി അവതരിപ്പിക്കുന്നതിനെ വെല്ലുവിളിക്കുന്ന ഈ നോവൽ, അവളുടെ വീക്ഷണകോണിൽനിന്ന് കഥ വിവരിക്കുന്നു. ബ്രഹ്മ വൈവർത്ത പുരാണപ്രകാരം ശൂർപ്പണഖയുടെ പുനർജന്മമാണ് കുബ്ജ. മധുരയില്‍ വന്ന കൃഷ്ണൻ ത്രിവക്ര എന്നറിയപ്പെടുന്ന കുബ്ജയോട് അവളുടെ പുനർജന്മത്തിലെ കഥ പറയുന്നതായിട്ടാണ് നോവൽ ആരംഭിക്കുന്നത്.

വിശ്രവസ്സിനും കൈകേസിക്കും ഒരു പെൺകുട്ടി ജനിക്കുന്നു. ഒരു പെൺകുട്ടിയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വിശ്രവസ്സിന് സന്തോഷമുണ്ട്. കുഞ്ഞ് ഒരു ആൺകുട്ടിയായിരിക്കണം എന്നാഗ്രഹിച്ച കൈകസിയുടെ സ്വപ്നങ്ങളെല്ലാം തകർത്തു കൊണ്ടായിരുന്നു മീനാക്ഷിയുടെ ജനനം. ഇരുണ്ട അസുര പെൺകുട്ടിയായി ജനിച്ചയുടനെ അവളുടെ വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവൾ അവിവാഹിതയായും ഏകാകിയുമായി കഴിയേണ്ടി വരും. അവളെ ആരും വിവാഹം കഴിക്കില്ല. ആ രൂപമാണവൾക്ക് ശൂർപ്പണഖ എന്ന പേര് നൽകിയത്. അവൾ ഒരു ഭാരം മാത്രമായിരിക്കുമെന്നു കരുതിയ അമ്മ അവളെ വെറുത്തുവെങ്കിലും ആ സങ്കൽപത്തെ നിഷേധിച്ചുകൊണ്ട് മീനാക്ഷി സുന്ദരിയായ ഒരു സ്ത്രീയായി വളരുന്നു.

തന്റെ പ്രവൃത്തികൾക്കും ലോകവീക്ഷണത്തിനും നിരന്തരം വിമർശിക്കപ്പെട്ട പെൺകുട്ടിയായിരുന്നു മീനാക്ഷി. സഹോദരന്മാരായ രാവണനിൽനിന്നും വിഭീഷണനിൽനിന്നും അവൾക്ക് ഒരിക്കലും സ്നേഹം ലഭിച്ചില്ല. ഇടയ്ക്കെങ്കിലും അവളെ പിന്തുണച്ചത് കുംഭകർണ്ണൻ മാത്രമായിരുന്നു. ഏകാന്തതയും അപര്യാപ്തതയും അനുഭവപ്പെടുന്ന തരത്തിലാണ് അവൾ വളരുന്നത്. കുടുംബത്തിന് തന്നോടുള്ള സ്നേഹത്തെ അവൾ നിരന്തരം ചോദ്യം ചെയ്യുന്നു. വീട്ടിൽ താനൊരു അനാവശ്യ വസ്തുവാനെന്ന് അവൾ തിരിച്ചറിയുന്നു. പക്ഷേ അവൾ മാന്ത്രികവിദ്യയും വശീകരണ കലയും പഠിച്ച് സ്വയം പ്രതിരോധിച്ചു. മൂത്ത സഹോദരന്മാരെപ്പോലെ മൂർച്ചയുള്ളതായിരുന്നു അവളുടെ മനസ്സും. 

Read more at: വിജയ് രാഷ്ട്രീയം സിനിമയിലൂടെ പറയുമോ? അവസാന ചിത്രത്തിന്റെ കഥ രാഷ്ട്രീയ നോവലെന്ന് അഭ്യൂഹം...

ഏതെങ്കിലും ഒരു സ്ത്രീയെ അവളുടെ ഇഷ്ടത്തിനു വിരുദ്ധമായി പ്രാപിച്ചാൽ നാശമുണ്ടാകുമെന്ന ശാപം രാവണന് ലഭിച്ച കാലമാണ്. മകന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന കൈകസി, മീനാക്ഷിയെ പൂർണമായും അവഗണിച്ചുകൊണ്ട് തന്റെ മകനുവേണ്ടി വധുവിനെ തിരയാൻ തുടങ്ങുന്നു. ഈ പെരുമാറ്റം മീനാക്ഷിയുടെ ഹൃദയത്തിൽ വെറുപ്പിന്റെ ആഴം കൂട്ടുന്നു. ഒന്നു തുറന്നു സംസാരിക്കുവാൻ പോലുമാരുമില്ലാതെ കഴിയുന്നവളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. 

അങ്ങനെയിരിക്കയാണ് വിദ്യുജീവയെ മീനാക്ഷി കാണുന്നത്. എല്ലാം മുൻവിധികളെയും മാറ്റിമറിച്ചു കൊണ്ട് ആ അസുരപെണ്‍കുട്ടിയും പ്രണയത്തിലാകുന്നു. തന്റെ കാമുകൻ രാവണന്റെ ഏറ്റവും വലിയ ശത്രുവാണെന്ന് അറിയാമായിരുന്നുവെങ്കിലും ആ സ്നേഹം ഉപേക്ഷിക്കുവാൻ അവൾ തയാറാകുന്നില്ല. അവളുടെ കുടുംബത്തിൽ നിന്നുള്ള നിഷേധവും ഭീഷണിയും വകവയ്ക്കാതെ, വിദ്യുജീവ അവളെ വിവാഹം കഴിച്ച് മീനാക്ഷിയുടെ ജീവിതമായി മാറുന്നു. പക്ഷേ പ്രിയനെ കിട്ടിയ സന്തോഷം അവൾക്ക് അധികം നീളുന്നില്ല.  

കോപാകുലനായ രാവണന്റെ കൈകൊണ്ട് വിദ്യുജീവ യുദ്ധക്കളത്തിൽ കൊല്ലപ്പെടുന്നു. രാവണനെ ഈ ഭൂമുഖത്തുനിന്നു നീക്കി പ്രതികാരം ചെയ്യുമെന്ന തീരുമാനത്തിലേത്തിയ അവൾ ലങ്ക വിട്ട്, ദണ്ഡക വനത്തിൽ അമ്മാവനായ മാരീചനോടൊപ്പം താമസിക്കാൻ തീരുമാനിക്കുന്നു. അവൾ മീനാക്ഷി എന്ന സ്വത്വം ഉപേക്ഷിച്ച് ശൂർപ്പണഖ എന്നറിയപ്പെടാൻ തീരുമാനിക്കുന്നത് അന്നുമുതലാണ്. പ്രതികാരം ചെയ്യാനുള്ള ഭ്രാന്തൻ ചിന്ത മൂലം അവൾ രാവണൻ, രാമൻ, ലക്ഷ്മണൻ എന്നിവരുൾപ്പെടുന്ന ഒരു പ്രതികാര പദ്ധതി തയാറാക്കുന്നു. തന്നോട് തെറ്റ് ചെയ്ത എല്ലാവരോടും പ്രതികാരം ചെയ്യുന്ന ശൂർപ്പണഖയ്ക്ക് അതിന്റെ ദാരുണമായ ഫലങ്ങള്‍ സ്വയം അനുഭവിക്കേണ്ടി വരുന്നുണ്ട്. 

ശൂർപ്പണഖയുടെ വളർച്ചയിൽ കുട്ടിക്കാലത്തെ അവഗണന, പ്രിയപ്പെട്ടവരുടെ നഷ്ടം, സമൂഹത്തിന്റെ തിരസ്‌കരണം എന്നിവയുടെ ആഘാതം വളരെ വലുതാണ്. സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം നിഷേധിക്കപ്പെടുമ്പോൾ അവൾ തകർന്നു പോകുന്നു. പുരുഷാധിപത്യ സമൂഹത്തിലെ ഒരു സ്ത്രീയെന്ന നിലയിലുള്ള അവളുടെ സ്ഥാനമാണ് അതിന് പ്രധാന കാരണം. അധികാരവും പുരുഷത്വവും ഉണ്ടെങ്കിലെ ജീവിക്കാൻ അര്‍ഹതയുള്ളൂ എന്ന വാദം അവൾക്ക് അംഗീകരിക്കുവാനാകുന്നില്ല. 

ഒടുവിൽ, ലഭിച്ച സ്നേഹത്തെ ഇല്ലാതാക്കിയതോടെയാണ് അവൾ ക്രൂരയാകാൻ തീരുമാനിക്കുന്നത്. മോശം അനുഭവങ്ങൾ അവളുടെ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നു നോവൽ കാട്ടിതരുന്നു. ഇതിഹാസത്തിലെ ജനപ്രീതിയില്ലാത്ത, പാർശ്വവൽക്കരിക്കപ്പെട്ട ഒരു കഥാപാത്രത്തെ വിവരിക്കുന്നതിൽ കവിത കെയ്ൻ മികവ് കാട്ടിട്ടുണ്ട്. ശൂർപ്പണഖയുടെ ജീവിതത്തെക്കുറിച്ചറിയുവാൻ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ് 'ലങ്കാസ് പ്രിൻസസ്'. 

English Summary:

Discover the Other Side of the Epic: Surpanakha's Untold Saga in 'Lanka's Princess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com