ADVERTISEMENT

പതിനേഴാം നൂറ്റാണ്ടിലാണ് ഫ്രഞ്ച് ഭരണകൂടം കച്ചവടത്തിനായി മയ്യഴിയിൽ താവളമുറപ്പിക്കുന്നത്. പുഴയും കടലും സംഗമിക്കുന്ന അഴി. മനോഹരമായ അഴി മയ്യഴി. ബ്രിട്ടീഷുകാരോട് എതിർത്ത് നിൽക്കാനുള്ള ഇടമായി മാറിയ ദേശം. 1954 ലാണ് ഫ്രഞ്ചുകാർ മയ്യഴി വിടുന്നത്. മയ്യഴിയിലെ വിമോചന പരിസരത്ത്‌ നിന്ന് വേണം ഈ നോവൽ വായിക്കേണ്ടത്.

''അനാദിയായി പരന്നുകിടക്കുന്ന സമുദ്രത്തിൽ, അങ്ങകലെ ഒരു വലിയ കണ്ണീർതുള്ളിപോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാവുകൾ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിൽ ഒന്ന് ദാസനായിരുന്നു.'' മലയാള നോവൽ സാഹിത്യത്തിൽ എം. മുകുന്ദൻ കൊത്തിവച്ച വരികൾ. 1974ൽ മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക് സഹൃദയരെ നോവലിസ്റ്റിന്റെ തട്ടകത്തിലേക്ക് എത്തിച്ച ലോകപ്രശസ്ത കൃതി.

ഇരുപത്തഞ്ചുവയസ്സുള്ളപ്പോൾ എം. മുകുന്ദൻ എഴുതിയ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് അമ്പതിന്റെ നിറവ്. മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവരാണ് കുഞ്ഞനന്തൻമാസ്റ്ററും ദാസനും ചന്ദ്രികയും കുറമ്പിയമ്മയും ലെസ്ളിസായ്‌വും മൂപ്പന്റെ ബംഗ്ലാവും എല്ലാം. മയ്യഴി ഫ്രഞ്ച് അധീന പ്രദേശമായത് മുകുന്ദൻ എന്ന സാഹിത്യകാരനെ സൃഷ്ടിച്ചു. ഫ്രഞ്ച് ഭാഷ മുകുന്ദനാണ് അല്ലെങ്കിൽ മുകുന്ദനാണ് ഫ്രഞ്ച്. പക്ഷേ പ്രധാന കഥകളും നോവലുകളും രചിക്കപ്പെട്ടത് ഡൽഹിയിലാണ്. 1963 മുതൽ അദ്ദേഹത്തിന്റെ പേന ദില്ലിയിലാണല്ലോ. അദ്ദേഹത്തിന് സർഗാത്മകത ജീവിതത്തിന്റെ ഭാഗമല്ല ജീവിതം തന്നെയാണ്.

m-mukundan
എം. മുകുന്ദൻ

ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധം കഴിഞ്ഞ സമയത്ത് ഡൽഹിയിലെത്തി കമ്യൂണിസ്റ്റ്പാർട്ടിയുടെ പിളർപ്പിനു മുൻപുള്ള മഹാസമ്മേളനം കണ്ട്‌ ഇന്ത്യ കമ്യൂണിസ്റ്റ്പാർട്ടി ഭരിക്കുമെന്ന് കരുതിയ കാലത്തു തുടങ്ങിയ സർഗ്ഗവൈഭവം. തലയിലും മനസ്സിലും അഗ്നിപടർന്നനാളുകൾ. യൗവനത്തിന്റെ തീനാളങ്ങൾ. അസ്തിത്വദുഃഖത്തിന്റെ ദിനരാത്രങ്ങൾ. മയ്യഴിയിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിൽ എത്തിയ തണുത്തു വിറയ്ക്കുന്ന നാളുകളിൽ മുകുന്ദന് ചൂട് പകർന്നത് ഫ്രഞ്ച്സാഹിത്യം സഹൃദയർ അറിഞ്ഞത് ദാമുറൈറ്ററെയും കൗസുവിനെയും കുറമ്പിയമ്മയെയും ദാസനെയും ഗിരിജയെയും ചന്ദ്രികയെയും എല്ലാമാണ്.

ഇതാ നിങ്ങൾ അഴീക്കൽ കടപ്പുറത്തേക്കു വരൂ, സൂര്യോദയത്തിലെ മൂപ്പൻ സായ്‌വിന്റെ മനോഹരമായ ബംഗ്ലാവ് കടലിൽ നിഴലിച്ചിരുന്നു കാണാം. പൈൻ മരങ്ങളുടെയും യൂക്കാലിപ്റ്റസിന്റെയും ഇടയിലെ ബംഗ്ലാവ് മനോഹരമായ ഒരു ചിത്രം പോലെ.

വെള്ളിയാങ്കല്ല് എന്ന സങ്കൽപം / യാഥാർഥ്യം

മുത്തശ്ശി മുകുന്ദനോട് പറഞ്ഞു കൊടുത്ത കഥകളിൽ ഒന്നാണ് വെള്ളിയാങ്കല്ല് എന്ന സങ്കൽപം. ആർക്കും പോകാൻ സാധിക്കാത്ത ഒരിടമായി സമുദ്രത്തിൽ തിളങ്ങിനിന്ന ശില. കടലിലെ പാറക്കൂട്ടങ്ങൾക്ക്‌ മുകളിൽ പറക്കുന്ന തുമ്പികൾ. മയ്യഴിക്കാരുടെ ജന്മം എന്തുകൊണ്ട് ഇങ്ങനെയായി എന്നതിന് അവർക്കു കാണിക്കാൻ അങ്ങകലെയുള്ള വെള്ളിയാങ്കല്ല്. എല്ലാം അവിടെ നിന്നു വരുന്നു അവിടേക്കു തന്നെ പോകുന്നു. അദ്ദേഹം നോവലെഴുതുന്ന കാലത്തുപോലും അങ്ങനെ ഒരു സ്ഥലത്തേക്ക് പോകുവാൻ സാധിക്കും എന്ന് വിശ്വസിച്ചിട്ടില്ല. പിന്നീട് ജനങ്ങൾ മോട്ടോർ ബോട്ടുകളിൽ അവിടെ പോകുവാൻ തുടങ്ങിയല്ലോ. ആഫ്രിക്കയിലും ഇതുപോലെ ഒരു സ്ഥലമുണ്ടെന്ന് നോവലിന്റെ ഫ്രഞ്ച്‌വിവർത്തനം വായിച്ച ഒരു വ്യക്തി നോവലിസ്റ്റിനോട് പറയുന്നുണ്ട്. ദാസന്റെ ജനനം -അതിഭൗതിക രഹസ്യങ്ങളെ ഗർഭം ധരിച്ചു കിടക്കുന്ന സമുദ്രത്തിൽ അകലെ സ്ഥിതി ചെയ്യുന്ന, ജന്മങ്ങൾക്കിടയിലെ ആത്മാവുകളുടെ വിശ്രമസ്ഥലമായ വെള്ളിയാങ്കല്ലിൽ നിന്ന് ഒരു തുമ്പി മയ്യഴിയിലേക്ക് പറന്നുവന്നു. മയ്യഴിയുടെ വിമോചനത്തിനായി പിറവി കൊണ്ടവൻ ദാസൻ. ദാസന് മലയാളികളുടെ മനസ്സിൽ എന്നും യൗവനം. അമ്പതു വർഷമായെങ്കിലും ഇവിടെ ജീവിക്കുന്ന ദാസൻ.

മയ്യഴിയെക്കുറിച്ചു എസ്.കെ. പൊറ്റെക്കാട്ട് പല കഥകളും രചിച്ചിട്ടുണ്ട്. ഒരു നോവൽ കൂടി എഴുതാനുള്ള പദ്ധതി ഉണ്ട് (1970) എന്ന് അറിഞ്ഞതും എം. മുകുന്ദൻ രാവും പകലും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എഴുതിത്തീർത്തു. നോവൽ എൻ. വി. കൃഷ്ണവാരിയരെയും എം. ടി. വാസുദേവൻനായരെയും കാണിച്ചുവെങ്കിലും അവർക്കതു പ്രസിദ്ധീകരണ യോഗ്യമായി തോന്നിയില്ല. പിന്നീട് മൂന്നു വർഷമെടുത്താണ് ഇപ്പോഴും വായിക്കപ്പെടുന്ന മയ്യഴിയുടെ ഇതിഹാസം പിറന്നത്. ഇടതുപക്ഷം ആദ്യകാലത്തു ഈ നോവലിനെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. ഒരു പക്ഷെ പ്രധാന കഥാപാത്രത്തിന്റെ തകർച്ച ഇടതുപക്ഷചിന്തകർക്കു സ്വീകാര്യമായിരുന്നില്ല എന്ന് വേണം കരുതാൻ.

m-mukundan
എം. മുകുന്ദൻ

ദാസനിൽ മുകുന്ദനുണ്ടോ അല്ലെങ്കിൽ മുകുന്ദനിൽ ദാസനുണ്ടോ?

ദാസനിപ്പോൾ എഴുപത്തഞ്ച് - എൺപതു വയസ്സായിക്കാണുമെന്ന് ഈ അടുത്തകാലത്ത് ഒരു സ്വകാര്യ സംഭാഷണത്തിൽ എം. മുകുന്ദൻ പറഞ്ഞതായി ഓർക്കുന്നു. മുകുന്ദന്റെ മനസ്സിനെ വളരെ അലട്ടിയിട്ടുള്ള ഒരാളാണ് മിച്ചിലോട്ടു മാധവൻ. സ്കോളർഷിപ്പു കിട്ടി ഫ്രാൻസിലൊക്കെ പോയി ഉപരിപഠനം നടത്തിയ ഒരു വ്യക്തി. അദ്ദേഹത്തെ പ്രധാന കഥാപാത്രമായി എഴുതണമെന്ന ഒരാഗ്രഹം മയ്യഴിയുടെ കഥാകാരന് ഉണ്ടായിരുന്നുവെങ്കിലും എഴുതിയില്ല എന്നാണ് പറയുന്നത്. പക്ഷെ ദാസന്റെ ദുരന്തം മാധവന്റെ ദുരന്തവുമായി സാമ്യമുണ്ട്. ഫ്രാൻ‌സിൽ പോയി ജർമ്മനിക്കെതിരായി പോരാടിയ പ്രതിരോധ പ്രസ്ഥാനത്തിൽ പങ്കാളിയായ മയ്യഴിക്കാരൻ. ഫ്രാൻസിനു വേണ്ടി പൊരുതിയ മാധവന്റെ ജീവിതം ഒരു പ്രത്യയശാസ്ത്ര ദുരന്തമായി നോവലിസ്റ്റ് കാണുന്നു .വിദ്യാർഥിയായ കാലത്ത് തന്നെ നോവലിസ്റ്റിനു ഇടതുപക്ഷവുമായി ബന്ധമുണ്ടായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റുകാരനാവുക എന്നത് ജീവിതത്തിന്റെ ഉയർന്ന ഒരു തലത്തിലേക്ക് എത്തപ്പെട്ടു എന്ന തോന്നലാണ് ഉണ്ടാക്കിയിരുന്നത്. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ശക്തമായ പ്രചരണമുള്ള കാലമായിരുന്നു അത്. മനസ്സിൽ കുളിർമ്മയുണ്ടാക്കുന്ന കമ്മ്യൂണിസം. രക്തച്ചൊരിച്ചിലുകൾ ഇല്ലാത്ത രോഷപ്രകടനങ്ങളില്ലാത്ത മാനവികതയുടെ മുഖമുദ്ര.

കുഞ്ഞനന്തൻ മാസ്റ്റർ - മയ്യഴിയിലെ ആദ്യ കമ്മ്യൂണിസ്റ്റ്

എം. മുകുന്ദന് ഏറ്റവും പ്രിയ കഥാപാത്രം. പ്രപഞ്ചത്തിൽ നിറഞ്ഞു പരക്കാൻ വെമ്പുന്ന രോഗിയായ, മരണത്തെ വെറുക്കുന്ന കുഞ്ഞനന്തൻ മാസ്റ്റർ. ദാസന്റെ അധ്യാപകൻ, വഴികാട്ടി, ഉപദേഷ്ടാവ്. എണീറ്റ് നടക്കാൻ കഴിയില്ലെങ്കിലും വിദ്യാർഥികളെ നനുത്ത സ്വരത്തിൽ പഠിപ്പിച്ചിരുന്ന മാസ്റ്റർ. മയ്യഴിയിൽ കമ്മ്യൂണിസത്തിന്റെ വിത്തുകൾ പാകിയ മാതൃക അധ്യാപകൻ. മയ്യഴി വിമോചനസമര നേതാവായ, സാമൂഹ്യ പരിഷ്കർത്താവായ ഐ. കെ. കുമാരൻ മാസ്റ്ററാണ് നോവലിസ്റ്റിന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്. കാൾ മാർക്സും ലെനിനും സ്റ്റാലിനും മയ്യഴിക്കാർ ആദ്യമായി കണ്ടത് കുഞ്ഞനന്തൻ മാസ്റ്ററുടെ പൂമുഖത്തത്രെ.

literature-interview-with-jcb-prize-winner-writer-m-mukundan
എം. മുകുന്ദൻ

കമ്മ്യൂണിസം ഹ്യുമനിസമാണ്. അധികം പഠിച്ചിട്ടില്ലാത്ത ആ കാലത്തു പോലും മാനവികതയുടെ മുഖമുദ്രയായി മലയാളിയുടെ മനസ്സിൽ മുകുന്ദൻ കൊത്തിവക്കുന്നത് കമ്മ്യൂണിസത്തിന്റെ ആധാരശിലകളാണ്. ആകാശത്തിലെ അമ്പിളി മാമനെപ്പോലെ ഇക്കാലത്തും കമ്മ്യൂണിസം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എഴുത്തുകാരൻ. മുകളിലേക്ക് നോക്കുമ്പോൾ മനസ്സിൽ കുളിർമ്മയുണ്ടാക്കുന്ന കമ്മ്യൂണിസമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. രക്തച്ചൊരിച്ചിലുകളില്ലാത്ത വിപ്ലവ ധാർഷ്ട്യമില്ലാത്ത കമ്മ്യൂണിസം.

അവസാന ദിനങ്ങളിൽ കിടപ്പിലായ മാസ്റ്റർ ദാസനെ വിളിച്ചുവരുത്തി പറയുന്നുണ്ട് ''നിന്നെ എന്തിനാണ് വിളിച്ചുവരുത്തിയതെന്ന് എനിക്ക് തന്നെ അറിയില്ല. എനിക്ക് നിന്നോടൊന്നെ പറയാനുള്ളു - ഈ അവസ്ഥയിലും ഞാൻ സന്തോഷവാനാണ്. മരണത്തിന് മാത്രമേ എന്റെ ഈ സന്തോഷത്തെ നശിപ്പിക്കുവാൻ കഴിയൂ" "ഈ ലോകത്തിൽ ദുഃഖവും സന്തോഷവുമുണ്ടോ മാഷേ? ജീവിതമേയുള്ളൂ'' ജീവിച്ചിരിക്കുക എന്ന അസ്‌തിത്വബോധം ഏറ്റവും കൂടിയ അളവിൽ പ്രകടമാക്കുന്ന കഥാപാത്രമാണ് കുഞ്ഞനന്തൻ മാസ്റ്റർ. കുഞ്ഞനന്തൻ മാസ്റ്ററുടെ അസ്തിത്വം ജീവിതമാണ്. അപരന്റെ വേദന ഇല്ലാതാക്കാൻ ഉള്ള ശാന്തിമന്ത്രങ്ങളുമായി ഒരു അധ്യാപകൻ.

കുറമ്പിയമ്മ - ഫ്രാൻസിലേക്ക് പോകുവാൻ ഒരുങ്ങിയിരിക്കുന്ന മുത്തശ്ശി

മയ്യഴിയിൽ യഥാർഥത്തിൽ ജീവിച്ചിരുന്നവരാണ് കുറമ്പിയമ്മ എന്ന് ഒരു അഭിമുഖത്തിൽ നോവലിസ്റ്റ് പറയുന്നുണ്ട്. "ലെസ്ലിസായ്‌വിന്റെ കുതിരയല്ലേ, അതൊരു കുതിര്യയിരുന്നു'' കുറമ്പിയമ്മ പറയും. ''തലേം പൊന്തിച്ചുള്ള അയിന്റെ പാച്ചല് ഒന്ന് കാണണ്ടതാ'' സങ്കരവർഗക്കാരനായ സായിപ്പിന്റെ കുതിരയെപ്പോലും ബഹുമാനിക്കുന്ന, ആരാധിക്കുന്ന ഒരു സാധു.

മൂപ്പൻസായ്‌വിന്റെ കാർ (മയ്യഴിയിൽ അക്കാലത്തു അപൂർവം) കാണാനായി മയ്യഴിമക്കൾ മുഴുവൻ തുറമുഖത്തു ചെന്നിരുന്നു ''എണെ കൗസൂ.. കണ്ണാടിപോലെ തെളങ്ങാ.. മൊകം നോക്കി ചാന്ത് തൊടാം. ഇഞ്ഞി കണ്ടില്ലലോ ന്റെ കൗസൂ'' സായിപ്പിന്റെ കാർ കണ്ട കൗതുകവും ആരാധനയും നിറഞ്ഞുനിൽക്കുന്ന മയ്യഴി മണ്ണിന്റെ വൃദ്ധയുടെ വാക്കുകളാണിവ. ദാസന്റെ ജനനത്തിന് സാക്ഷിയായ കുറമ്പിയമ്മ. വേവലാതിയോടെ പുറത്തുകാത്തു നിന്ന മുത്തശ്ശി. ദാസന് മയ്യഴിയുടെ ചരിത്രം പറഞ്ഞു കൊടുത്ത, പൊടിവലിക്കുന്ന കുറമ്പിയമ്മ. ഫ്രഞ്ചുകാർ മയ്യഴിയിൽ നിന്ന് പോകുന്നതിന് ദുഃഖിച്ചവരുടെ പ്രതിനിധി. ജരാനര ബാധിച്ചു കിടപ്പിലായപ്പോൾ പോലും അവർ ചോദിക്കുന്നത് ഫ്രാൻസിലേക്കുള്ള കപ്പലിനെക്കുറിച്ചാണ്. സ്വാതന്ത്ര്യം ഫ്രാൻസിലാണെന്നു കരുതുന്നവരുടെ പ്രതിനിധി. ബ്രിട്ടീഷ് അധിനിവേശം പോലായിരുന്നില്ല ഫ്രഞ്ച് ആധിപത്യം. ഫ്രഞ്ച് പൗരനായി ജനിച്ച നോവലിസ്റ്റ് സാക്ഷിയാണല്ലോ. ജനന സർട്ടിഫിക്കറ്റ് ഫ്രഞ്ചിലായ  നോവലിസ്റ്റിന്റെ ഇതിഹാസം ഇന്നും വായിക്കപ്പെടുന്നത് ജീവിതദുരന്തങ്ങളെ തിരമാല പോലെ.

English Summary:

Article about the novel Mayyazhippuzhayude Theerangalil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com