ADVERTISEMENT

ആടുജീവിതം നിരന്തരം വായിക്കുന്നവരും ഒരിക്കൽ മാത്രം വായിച്ചിട്ടുള്ളവരും ഉണ്ടായിരുന്നു. കൊച്ചുകുട്ടികളും പ്രായമായവരുമുണ്ടായിരുന്നു. എല്ലാവരുടെയും ഉള്ളിലെവിടെയോ അത് തൊട്ടു. ചിലർക്ക് അത് ജീവിതത്തിനുള്ള പിടിവള്ളിയായി, ചിലർക്ക് അഭയവും ചിലർക്ക് സാന്ത്വനവുമായി. ‘ആടുജീവിതം’ എന്നത് മനുഷ്യന്റെ വേദനയെയും കഷ്ടപ്പാടിനെയും സഹനത്തെയും അടയാളപ്പെടുത്തുന്ന ഒരു വാക്കായി കേരളീയ സമൂഹം ഏറ്റെടുത്തു. അതും ഈ നോവലിന്റെ നിയോഗം. 

lal-jose-songs
ലാൽ ജോസ്

പുസ്തകം വന്ന് അധികം കഴിയും മുൻപ് ഒരുദിവസം പ്രമുഖ സംവിധായകനായ ലാൽ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകൾ നടത്തുകയും ഞങ്ങൾ തമ്മിൽ ഏതാണ്ട് ഒരു സമ്മതത്തിൽ എത്തുകയും ചെയ്‌തിരുന്നു. എന്നാൽ ആ സമയത്ത് അദ്ദേഹം അറബിക്കഥ എന്ന സിനിമ പുറത്തിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉടനെ മറ്റൊരു ‘അറബിക്കഥ’ ചെയ്യാൻ അദ്ദേഹത്തിനു പ്രശ്‌നമുണ്ടായിരുന്നു. എന്നാലും എന്നെങ്കിലും ഒരിക്കൽ ചെയ്യാം എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു. 

അപ്പോഴാണ് ബ്ലെസി ഇതേ ആവശ്യവുമായി എന്നെ സമീപിക്കുന്നത്. ആദ്യവിളിയിലും പിന്നത്തെ കൂടിക്കാഴ്‌ചയിലും തന്നെ ബ്ലെസി എന്ന സംവിധായകന് ഈ നോവലിന്റെ സിനിമാസാധ്യതകളെക്കുറിച്ചുള്ള അഗാധമായ ബോധ്യം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു. ഈ സിനിമക്ക് ആവശ്യമായ ഓരോ ഷോട്ടുകളും അപ്പോഴെ മനസിലുള്ളതുപോലെ സൂക്ഷ്മമായും വിശദമായുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. വെറുതെ ഒരു സിനിമ ചെയ്യുകയല്ല, അതിനപ്പുറം കാലവും ചരിത്രവും അടയാളപ്പെടുത്തി വയ്ക്കുന്ന ഒരു മഹത്തായ സൃഷ്ടിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളത് എന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം അന്നോളം ചെയ്‌ത സിനിമകളുടെ മൂല്യം ആ ബോധ്യത്തിനു കൂടുതൽ കരുത്ത് പകരുകയും ചെയ്‌തു.

blessy-book-adujeevitham-cover

അതുകൊണ്ടുതന്നെ മറ്റൊരാലോചനയില്ലാതെ സിനിമ ചെയ്യാനുള്ള അവകാശം ഞാൻ സന്തോഷപൂർവ്വം അദ്ദേഹത്തിനു കൈമാറുകയാണുണ്ടായത്. മലയാളക്കരയിലെ മറ്റേതൊരു സംവിധായകന്റെയും കൈയ്യിലെത്താതെ ബ്ലെസി എന്ന കഠിനാധ്വാനിയും പരിപൂർണ്ണത ആഗ്രഹിക്കുന്നവനുമായ ഒരു സംവിധായകന്റെ കൈയ്യിൽ തന്നെ എത്തിച്ചേരുക എന്നത് ആടുജീവിതത്തിന്റെ നിയോഗമായിരുന്നു എന്ന് തന്നെയാണ് ഞാനുറച്ച് വിശ്വസിക്കുന്നത് - ജീവിതം, ആടുജീവിതം എന്ന ബ്ലെസിയുടെ അനുഭവ പുസ്തകത്തിന്റെ അവതാരികയിൽ ബെന്യാമിൻ.

പുനസൃഷ്ടിക്കാൻ പ്രയാസമുള്ള കഥ സിനിമയാക്കി എന്നതുമാത്രമല്ല, ലക്ഷക്കണക്കിന് ആളുകൾ വായിച്ച ഒരു നോവൽ സിനിമയാക്കുക എന്ന വെല്ലുവിളികൂടിയാണ് ബ്ലെസി ഏറ്റെടുത്തത്. ആടുജീവിതം സിനിമയാക്കാനുള്ള യാത്ര മറ്റൊരു ആടുജീവിതമാണെന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 14 വർഷം നീണ്ട യാത്ര! 2013 ലാണ് ബ്ലെസി കളിമണ്ണ് സിനിമ ചെയ്യുന്നത്. കൃത്യം 11 വർഷത്തിനു ശേഷമാണ് ആടുജീവിതം സ്ക്രീനിൽ എത്തുന്നത്. ആടുജീവിതത്തിനു പിന്നാലെ പോയില്ലായിരുന്നു എങ്കിൽ കുറഞ്ഞത് 6 സിനിമയെങ്കിലും ബ്ലെസിക്ക് ഇതിനകം ചെയ്യാൻ കഴിയുമായിരുന്നു.

എന്തുകൊണ്ടായിരിക്കും ബ്ലെസി ഈ സിനിമയ്ക്കു മാത്രമായി ഇത്ര സമയം എടുത്തത്? ആദ്യ ഘട്ടത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ മുതൽ ലോക് ഡൗൺ കാലത്തെ ജോർദാൻ മരുഭൂമിയിലെ ജീവിതം വരെ വിശദമായി ജീവിതം, ആടുജീവിതം എന്ന പുസ്തകത്തിൽ ബ്ലെസി എഴുതിയിട്ടുണ്ട്. ഇതിനകം പ്രീബുക്കിങ് ആരംഭിച്ച പുസ്തകം ഉടൻ പുറത്തിറങ്ങും. മനോരമ ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലെസിയുടെ കയ്യൊപ്പോടുകൂടി പുസ്തകം ലഭിക്കാൻ ഇപ്പോൾ ഓർഡർ ചെയ്യാം. ഒറ്റ ക്ലിക്കിൽ പുസ്തകം വാങ്ങാംബുക്കിങ്ങിന് വിളിക്കൂ - 7902941983. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com