ADVERTISEMENT

പ്രിയ സുഹൃത്തേ, 

കത്തുകളെക്കുറിച്ചുള്ള കത്താണിത്. സൂരിനാഗമ്മ എന്ന സ്ത്രീ തന്റെ സഹോദരന് അയച്ച കത്തുകളെകറിച്ച് കേട്ടിട്ടുണ്ടോ എന്നറിയില്ല. സൂരിനാഗമ്മ ആന്ധ്രാക്കാരിയാണ്. രമണമഹർഷിയുടെ അവസാനകാലത്ത് അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ വചനങ്ങളെ അറിയുവാനും പകർത്തുവാനും കഴിഞ്ഞ ഭാഗ്യവതിയാണ്. അവർ സഹോദരനായ ഡി. എസ്. ശാസ്ത്രികൾക്കയച്ച കത്തുകൾ അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു. 'രമണാശ്രമത്തിൽ നിന്ന് കത്തുകൾ' എന്ന പേരിൽ മലയാളത്തിലേക്ക് നിതാന്ത്. എൽ. രാജ് പരിഭാഷ ചെയ്തിരിക്കുന്നു (പ്രസാധനം ശ്രീ രമണാശ്രമം തിരുവണ്ണാമല) പ്രസ്തുത കൃതിയെക്കുറിച്ച് എന്തെഴുതണമെന്ന ആശയക്കുഴപ്പമുണ്ട്.

ആത്മീയ ചിന്തയുടെ ബൃഹത് ലോകത്തെ ഒരു ചെറുകത്തിൽ ഉൾക്കൊള്ളിക്കാനാവില്ല എന്ന ബോധ്യത്താലാണ് ഈ ആശയക്കുഴപ്പം ബാധിച്ചത്. ആത്മീയതയുടെ നിലമെന്നാൽ അത്രയെളുപ്പം വഴക്കമുള്ള ഒന്നല്ല. ആർത്തിയും ദുരയും ഞാൻ ഞാൻ എന്ന അഹംബോധവും രൂപപ്പെടുത്തിയ മനസ്സുകളോട് എവ്വിധം ഈ ചിന്തകൾ സംസാരിക്കും എന്നതു തന്നെയാണ് പ്രാഥമികമായിട്ടുള്ള ചോദ്യവും പ്രധാന തടസവും. ഈ കത്തുകൾ വായിക്കുന്ന ഒരാളിൽ നമ്മളെത്തന്നെ നോക്കിക്കാണുവാനുള്ള സ്വച്ഛമായ ഒരു ജലപ്രതലം ലഭിച്ചേക്കാം. 

രമണമഹർഷി, Image Credit: https://www.davidgodman.org
രമണമഹർഷി, Image Credit: https://www.davidgodman.org

ആത്മീയ ഗുരുക്കന്മാരുടെ ഏറ്റവും വലിയ ദുര്യോഗമെന്നാൽ അവർ ജീവിച്ചിരിക്കെത്തന്നെ അവർക്കു ചുറ്റും വലയം കൊള്ളുന്ന മനുഷ്യർ ഇവരെ ആ മനുഷ്യർക്കനുസൃതമായി സൃഷ്ടിച്ചെടുക്കുവാൻ ശ്രമിക്കും. നിർമമരായ ഈ ഗുരുക്കന്മാരോ തങ്ങൾക്കാവും വിധം അതിനോട് ചെറുത്തു നിൽക്കാൻ ശ്രമിക്കും. ശ്രീ നാരായണഗുരുവിലും രമണമഹർഷിയിലുമെല്ലാം ഇത്തരം ചെറു പ്രതിരോധങ്ങൾ കാണാം. ഭക്തരെന്ന പേരിൽ ചുറ്റും കൂടുന്നവരുടെ അജ്ഞതയോടുള്ള സഹാനുഭൂതിയൊന്നുകൊണ്ടുമാത്രമാണ് പലപ്പോഴും ഇവർ അവരുടെ പല നിർബന്ധങ്ങൾക്കും വഴങ്ങുന്നത്.

രമണമഹർഷി ജ്ഞാനവൃക്ഷമാണ്. അതേ സമയം പല നിർബന്ധങ്ങളോടും മുഖം തിരിച്ച് നിൽക്കുകയും ചെയ്യുന്നു. താനൊരു ആൾദൈവമല്ല എന്നും അത്ഭുതപ്രവൃത്തിയല്ല ജീവിത നിയോഗമെന്നും അദ്ദേഹം ജീവിതം കൊണ്ട് പറയാൻ ശ്രമിച്ചിട്ടുണ്ട്. മൗനമായിരുന്നു അദ്ദേഹത്തിന്റെ  ഭാഷ. 'മൗനഘനാബ്ധി' എന്ന കത്തിലെ ചോദ്യോത്തരങ്ങൾ ഇങ്ങനെയാണ്:

"മൗനമെന്നാൽ ആത്മസ്വത്വത്തിൽ അമർന്നിരിക്കുക എന്നാണോ?" ഒരു ഭക്തൻ ചോദിച്ചു. 

"അതെ, ആത്മാവിൽ ആമഗ്നനാകാതെ പിന്നെ എങ്ങനെ മൗനമാകും!" ഭഗവാൻ പറഞ്ഞു.  

"ഒരുവന് ആത്മബോധമൊന്നുമില്ലങ്കിലും അവൻ ഒരു വാക്കും ഉരിയിടാതെ ഇരുന്നാൽ അത് മൗനമാകുമോ?എന്നാണ് എന്റെ സംശയം" അയാൾ ചോദിച്ചു.  

രമണമഹർഷിയുടെ ആശ്രമകവാടം, https://tiruvannamalaitourism.com
രമണമഹർഷിയുടെ ആശ്രമകവാടം, https://tiruvannamalaitourism.com

"അതെങ്ങനെ യഥാർത്ഥ മൗനമാകും? ചിലർ വായടച്ച് ഒന്നും ഉരിയാടാതെ ഇരിക്കുകയും എന്നാൽ കടലാസിൽ എഴുതിക്കാണിക്കുകയും മറ്റും ചെയ്തിട്ട് താൻ മൗനത്തിലാണെന്ന് പറയും. എന്നാൽ അത് വാസ്തവത്തിൽ മനസിന്റെ കർമമല്ലേ?" ഭഗവാൻ ചോദിച്ചു.  

രമണമഹർഷി ഇവിടെ പറയുന്നത് സഹജമൗനത്തെക്കുറിച്ചാണ്. മൗനമായിരിക്കുമ്പോഴും നമ്മുടെ മനസ് കലമ്പൽ കൂട്ടിയാലോ? വ്യക്തിക്ക് വാക്കിൽ നിന്ന് താത്ക്കാലികമായി പിൻമടങ്ങാം. മൗനമെന്നാൽ അനാദിയായ വാക്കാണ് എന്നാണദ്ദേഹം പറയുന്നത്. ഒരിക്കൽ റേഡിയോ നിലയക്കാർക്ക് അദ്ദേഹത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നുള്ള വിവരം ഒരാൾ രമണമഹർഷിയോട് പറഞ്ഞു. രമണമഹർഷി ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു "അതെങ്ങനെ സാദ്ധ്യമാകും? എന്റെ ശബ്ദം മൗനമാണ്. എങ്ങനെയാണ് മൗനത്തെ റെക്കോർഡ് ചെയ്യാൻ സാധിക്കുക?" 

എന്റെ ശബ്ദം മൗനമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇതാണ് രമണമഹർഷിയിൽ നിന്നും പഠിക്കേണ്ട പ്രധാന പാഠങ്ങളിൽ ഒന്ന്. റേഡിയോ നിലയക്കാർക്ക് ഉച്ചരിക്കപ്പെടുന്നതെന്തോ അതാണ് വേണ്ടത്. ഒരു യന്ത്രത്തിന് പിടിച്ചെടുക്കുവാൻ അതല്ലേ കഴിയുക? രമണമഹർഷിയിൽ ഉച്ചരിക്കൽ ഇല്ല. അതൊരു അടക്കമാണ്. അതിന്റെ ശബ്ദമോ മൗനവും. ഒരു യന്ത്രസാമഗ്രഹിക്ക് പിടിച്ചെടുക്കുവാൻ കഴിയാത്തത്ര ഘനസാന്ദ്രമാണ് ആ അകപ്പൊരുൾ. ആ പൊരുളറിയുവാൻ യന്ത്രസമാനരായവർക്ക് ഏറെ ബുദ്ധിമുട്ടാവും. അവരാണ് മുൻ ചൊന്ന ഭക്തർ. 

കൗപീനധാരിയായിരുന്നു രമണമഹർഷി. വാക്കുകളിൽ മാത്രമല്ല വസ്ത്രത്തിലും മിതത്വം പാലിച്ചു. അധികമെന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇല്ലായിരുന്നു. ലളിതമാവുക എന്നാൽ ഭൗതിക ചര്യയായി മാത്രമല്ല അദ്ദേഹം കണ്ടത്. അതൊരു ആത്മീയ പ്രവർത്തനമായിട്ടു കൂടിയാണ്. ആർത്തിക്ക് എതിരായ സഞ്ചാരമാണത്. അപ്പോൾ ഒന്നും വേണ്ട എന്ന തീരുമാനത്തിലെത്താൻ എളുപ്പമാണ്. ഒന്നും വേണ്ടാത്തവനിൽ ഈശ്വരാംശമുണ്ടാകും. അപരദ്വേഷമുണ്ടാവില്ല. മറ്റൊരാളിൽ നിന്ന് ഒന്നും പിടിച്ചെടുക്കുവാൻ ഉണ്ടാവില്ല. താണതരം എന്നു മറ്റുള്ളവർ കരുതന്നതെന്തും തനിക്ക് ഉപയോഗപ്രദമെങ്കിൽ അത് സ്വീകരിക്കുവാനുള്ള മനസുണ്ടാവും.

തിരുവില്വാമലൈ, https://tiruvannamalaitourism.com
തിരുവണ്ണാമലൈ, https://tiruvannamalaitourism.com

വില കൂടിയ ഊന്നുവടി അദ്ദേഹത്തിന് സമ്മാനിക്കുമ്പോൾ വെറുമൊരു മരക്കഷ്ണം മതി തനിക്ക് ഊന്നി നടക്കുവാൻ എന്ന് അദ്ദേഹം തീരുമാനിക്കുന്നത് അതുകൊണ്ടാണ്. വില കൂടിയ പെൻസിലുകൾ കിട്ടുമ്പോൾ താൻ ഉപയോഗിച്ചു കൊണ്ടിരുന്ന കുറ്റിപ്പെൻസിൽ ആണ് അദ്ദേഹം തിരയുന്നത്. കടലാസുകൾ പാഴാക്കാതെ മിച്ചം വരുന്നവ കീറി മറ്റൊരു പുസ്തകമാക്കി അദ്ദേഹം. ഒന്നും വലിച്ചെറിയുവാനുള്ളതല്ലന്ന് അദ്ദേഹം പ്രവൃത്തിയിലൂടെ കാണിച്ചു തന്നു. വെറുതെ ഫാൻ ഇടുമ്പോൾ വൈദ്യുതി അധികമാകുമെന്ന് പറഞ്ഞു. വിശറി ഉപയോഗിക്കുന്നതിൽ ആയിരുന്നു താത്പര്യം. ഷുമാക്കറും ഇവാൻ ഇല്ലിച്ചുമൊക്കെ ചെറുത് സുന്ദരമെന്നും സൈക്കിളിന്റെ ഗുണഗണങ്ങളെക്കുറിച്ച് പറയുന്നതിനൊക്കെ മുൻപ് ജീവിതത്താൽ ഈ സുന്ദരാനുഭവത്തെ രമണമഹർഷി നമുക്ക് കാട്ടിത്തന്നു. ഭക്ഷണം വിളമ്പുമ്പോൾ തനിക്ക് മുൻപേ മറ്റുള്ളവർക്ക് നൽകണമെന്ന് അദ്ദേഹം വാശി പിടിച്ചിരുന്നു. 

  • Also Read

ഞാൻ ആരാണ്? ഈ ഒരു ചോദ്യമാണ് അദ്ദേഹം തന്റെ മുന്നിലെത്തിയവരോട് ചോദിച്ചത്. ഓരോ മനുഷ്യനിലും അന്വേഷകനായ ഒരു സാധകനുണ്ടെങ്കിൽ അയാൾക്ക് ഇതിനുള്ള ഉത്തരത്തിലെത്താം. അത് ഞാൻ നീ എന്ന തിരിവില്ലാത്ത ഏകമാണ്. ഞാൻ തന്നെയാണ് നീയെന്ന പരമമായ സത്യം. ആ അറിവിലേക്കുള്ള സഞ്ചാരമതിദുർഘടം തന്നെ. അവിടെയാണ് ജപവും മറ്റും യാത്രാ സഹായിയായി മാറുന്നത്. താത്ക്കാലികമായ ഈ കൂട്ട് മെല്ലെ ഒഴിയുകയും നമ്മൾ സർവസ്വതന്ത്രരാവുകയും ചെയ്യും. ആ സ്വാതന്ത്ര്യത്തെ ആനന്ദമെന്ന് വിളിക്കാം. ആ അവസ്ഥയിലെത്തിയ ഒരാളെ ദുഃഖത്തിനോ വെറുപ്പിനോ തൊടാനാവില്ല. രമണമഹർഷി ആ നിലയിൽ എത്തിയ അപൂർവ്വ മനുഷ്യരിൽ ഒരാളായിരുന്നു.  

gandhiji-article
ഗാന്ധിജി

സഞ്ചാരമെന്നത് ഉള്ളിലേക്ക് മാത്രമെന്ന് അദ്ദേഹം പഠിപ്പിച്ചു. അത് മനസ്സിലാക്കാത്തവർ അദ്ദേഹത്തെ പലയിടത്തേക്കും ക്ഷണിച്ചു. പല ക്ഷേത്ര പ്രതിഷഠകൾക്കും വിളിച്ചു. എവിടേയ്ക്കും അദ്ദേഹം പോയില്ല. ഏത് ആൾക്കൂട്ടത്തിലും തനിക്ക് സ്വാസ്ഥ്യത്തോടെ ഇരിക്കാനാവുമെന്ന് അദ്ദേഹം തെളിയിച്ചു. ചുറ്റുമുള്ളതൊന്നും അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. ഒരു യോഗിക്ക് മാത്രം സാധ്യമായ ആത്മീയമായ അടക്കമാണത്. രമണമഹർഷിയും ഗാന്ധിജിയും പരസ്പരം നേരിൽ കണ്ടിരുന്നില്ലെങ്കിലും അവരെ തമ്മിൽ ചേർത്തു നിർത്തുന്ന ലാളിത്യമെന്ന ദർശനധാരയുണ്ടായിരുന്നു. ഗാന്ധിജിയുടെ നിര്യാണത്തിൽ അദ്ദേഹം ഏതൊരു ഇന്ത്യക്കാരനെയും പോലെ ദുഃഖിച്ചു. ഒരിക്കൽ രമണാശ്രമത്തിനടുത്തു ഒരു യോഗത്തിൽ പങ്കെടുക്കാൻ ഗാന്ധിജി വന്നിരുന്നു. ജനത്തിരക്ക് മൂലം അദ്ദേഹത്തിന് ആശ്രമത്തിലേക്ക് വരാൻ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം പശ്ചാത്താപമറിയിച്ചു. സബർമതിയിലോ വാർദ്ധയിലോ ആരെയെങ്കിലും ദുഃഖിതരായി കണ്ടാൽ അവരോട് രമണാശ്രമത്തിൽ പോയി ഒരു മാസം നിന്നിട്ടു വരൂ എന്ന് ഗാന്ധിജി പറയുമായിരുന്നു. 

നിരാകരിക്കാനും സ്വീകരിക്കുവാനും താങ്കൾക്ക് സ്വാതന്ത്ര്യമുണ്ടല്ലോ. അതിനാൽ സമയം പോലെ ഈ പുസ്തകം വായിക്കൂ. ചിലപ്പോൾ ചില ചോന്യങ്ങൾക്കുള്ള ഉത്തരം തെളിഞ്ഞാലോ? 

സ്നേഹപൂർവം 

UiR

English Summary:

Silence Speaks Volumes: Embracing Ramana Maharshi’s Teachings on Inner Stillness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com