sections
MORE

എങ്ങനെ സഹിക്കാനാവും ആ കുഞ്ഞിന്റെ വേദന? മകനെ നഷ്ടപ്പെട്ട ഒരമ്മ എഴുതുന്നു

newborn
പ്രതീകാത്മക ചിത്രം
SHARE

എന്റെ പത്തൊൻപതാം വയസ്സിൽ... ഒരു പാവക്കുട്ടിയേപ്പോലെ എന്റെ കൈയിൽ അവളെ കിട്ടിയതു കൊണ്ടാവാം, നഴ്സറി ക്ലാസ്സിൽ അയക്കും വരെ ഞാനും, അമ്മുവും (മോളും) ഒരു മണിക്കൂർ പോലും പിരിഞ്ഞ് നിൽക്കാതെ ഇരുന്നത്. 

ആദ്യമായി അമ്മുവിനെ അംഗൻവാടിയിൽ അയച്ചപ്പോൾ എന്റെ മുഖഭാവം കണ്ട് ''കുട്ടിയേ സൈന്യത്തിലാണോ ചേർത്തത്..?" എന്ന് തമാശക്കാരിയായ ഒരു ചേച്ചി ചോദിച്ചത് ഇന്നും ഞാൻ ഓർത്തു പോകുന്നു... 

അമ്മുവിന് അംഗൻ വാടിയിൽ പോകാനുള്ള മടിയേക്കാൾ എനിക്ക് അവളെ കൂടെ നിന്നും വിടാനായിരുന്നു മടി... രാവിലെ പത്തിനു ചെല്ലേണ്ട നഴ്സറിയിൽ ഞങ്ങൾ ചെല്ലുമ്പോൾ പത്തരയാകും! മൂന്നരയ്ക്ക് മാത്രം മറ്റു കുട്ടികളെ വിളിക്കാൻ മാതാപിതാക്കൾ വരുമ്പോൾ ഞാൻ രണ്ടര മുതൽ നഴ്സറിക്ക് മുന്നിൽ ഉണ്ടാവും. മൂന്നു വയസ്സിലും കുഞ്ഞിന്റെ ഫീഡിംഗ് നിർത്തിയിട്ടില്ലായിരുന്നു.

എല്ലാവരും പറയും മോളെ നഴ്സറിയിൽ വിട്ടു കഴിഞ്ഞാൽ പിന്നെ പണികളെല്ലാം തീർക്കാൻ ഒരുപാട് സമയമുണ്ടല്ലോ എന്നൊക്കെ. എന്നാൽ അവൾ വീട്ടിൽ ഇല്ലാത്തപ്പോൾ എനിക്ക് ജോലികളൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു. കൈയിലുണ്ടായിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടതു പോലെ..!

അങ്ങനെ ഞാൻ ശരിക്കും ഏകാന്തത എന്തെന്നറിഞ്ഞു തുടങ്ങിയ സമയത്താണ് രണ്ടാമതും അമ്മയാകാൻ പോകുന്ന വിവരം അറിഞ്ഞത്. ശരിക്കും എനിക്ക് സ്വർഗം കിട്ടിയ ഭാവമായിരുന്നു... പക്ഷേ, എനിക്കുണ്ടായ സന്തോഷം ബാക്കി ഉള്ളവരുടെ മുഖത്ത് കണ്ടില്ല. കൂടാതെ അബോർഷൻ ചെയ്യാനും അവരെന്നെ നിർബന്ധിച്ചു. അതിന് അവർ പറഞ്ഞ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളും മൂത്ത കുട്ടിയെ നോക്കാൻ മറ്റാരുമില്ല എന്നതുമായിരുന്നു.

പൈസ ഇല്ലായിരുന്നു എന്നത് ഒരു സത്യമായിരുന്നെങ്കിലും, എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിച്ചില്ല. അതിനായി അവരോട് ഒരുപാട് കരയുകയും കാലു പിടിക്കുകയും ചെയ്തു. ചികിത്സ സർക്കാർ ആശുപത്രിയിൽ മതി, മോളെ ഞാൻ തന്നെ നോക്കിക്കൊള്ളാം എന്നൊക്കെ പറഞ്ഞ് ഞാൻ എന്റെ കുഞ്ഞിന്റെ ജീവനു വേണ്ടി വാദിച്ചു. ഇനിയും കൊല്ലാനാണ് തീരുമാനം എങ്കിൽ...  എന്നേയും മക്കളെ രണ്ടാളെയും ഒന്നിച്ചു കൊന്നുകളഞ്ഞെക്കൂ... എന്ന എന്റെ നിലപാട് കണ്ട് മനസ്സില്ലാമനസ്സോടെ അവർ സമ്മതിച്ചു. 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി തൊടുപുഴയിലെ അർച്ചന ആശുപത്രിയിലെ ഡോക്ടറെ കണ്ടു. എന്റെ നിർബന്ധ പ്രകാരം ആയിരുന്നതു കൊണ്ട് ആരുടേയും ഒരു കാര്യത്തിനും ഞാൻ ഒരു കുറവും വരുത്തിയില്ല. സാധാരണ ചെയ്യാറുണ്ടായിരുന്ന ജോലികളിലും കൂടുതൽ ജോലികൾ ഞാൻ ഓടി നടന്നു ചെയ്തു. നെല്ല് കുത്തിക്കൊണ്ടിരുന്ന അമ്മാമ്മമാർ പ്രസവിച്ച കഥകൾ വെച്ചു നോക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരം.

എന്നാൽ രണ്ടാം മാസം പകുതിയായി ഒരു ദിവസം ഞാൻ തറ തുടച്ചു കൊണ്ടിരുന്നപ്പോൾ കലശലായ വയറു വേദന വന്നു... എഴുന്നേറ്റപ്പോൾ കാലിലൂടെ രക്തം ഒലിച്ചു നിലത്ത് പടർന്നു. ചുവപ്പ് നിറം കണ്ടതും ശരീരത്തെക്കാളേറേ എന്റെ മനസ്സ് തകർന്നു. എന്നാലും അറിയാവുന്ന പ്രാർത്ഥനകളെല്ലാം മനസ്സിൽ ചൊല്ലി കൊണ്ട് ഹോസ്പിറ്റലിൽ പോയി. 

പോകുന്ന വഴി നീളെ "ന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ" എന്ന പ്രാർത്ഥനയായിരുന്നു. ഹോസ്പിറ്റലിൽ ചെന്ന ഉടനെ സ്കാൻ ചെയ്തു. പ്ലാസെന്റയ്ക്ക് പുറത്തുള്ള ബ്ലീഡിങ്ങാണ്. അതുകൊണ്ട് എംബ്രിയോയ്ക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ ഇത്രയും ബ്ലീഡിങ് ഉണ്ടായതു കൊണ്ട് ഫുൾ ബെഡ് റസ്റ്റ്‌ എടുക്കണം എന്നു കൂടി ചേർത്തു. 

രണ്ട് മാസം ഭർത്താവിന്റെ ഇളയ സഹോദരിയുടെ വീട്ടിൽ പോയി നിന്നു. ഒരു കൊച്ചു കുട്ടിയേ നോക്കുമ്പോലെ ചേച്ചി എന്നെ നോക്കി. പിന്നെയുള്ള സ്കാനിംഗിൽ കുട്ടിയ്ക്ക് കുഴപ്പമൊന്നും ഇല്ല എന്നു കേട്ടപ്പോൾ ആശ്വാസമായി. 

അധികം താമസിക്കാതെ കുട്ടിയുടെ അനക്കം ഞാൻ അറിഞ്ഞു തുടങ്ങി. അവനോടു വയറിൽ നോക്കി സംസാരിച്ചു തുടങ്ങി...

അപ്പോളേക്കും അമ്മു വയറ്റിലെ കുഞ്ഞുവാവ അനിയൻ വാവയാണെന്ന് സ്വയം ഉറപ്പിച്ചു "അപ്പു" എന്ന് പേരും നൽകി. അമ്മു ചോറ് കഴിക്കാൻ മടി കാണിച്ചാൽ ഉടനെ ഞാൻ

"അപ്പു... ദേ ഈ അമ്മുചേച്ചി കഴിക്കുന്നില്ലാട്ടോ" എന്നു പറഞ്ഞാൽ മതി അമ്മു അപ്പോൾ വാ തുറക്കും.

എന്നിട്ട് "അപ്പു... അമ്മുചേച്ചി കഴിച്ചുട്ടോ" എന്ന് അവൾ തന്നെ കുഞ്ഞാവയോട് പറയും. അങ്ങനെ അപ്പു വയറിനുള്ളിൽ ആയിരുന്നെങ്കിലും ഞങ്ങൾക്കൊപ്പം എല്ലാ കാര്യങ്ങളിലും അവനും കൂടി.

അമ്മുവിനെ ഗർഭിണിയായിരുന്നപ്പോൾ അവസാന മാസങ്ങളിൽ മാത്രമായിരുന്നു വലിയ അനക്കങ്ങൾ അറിഞ്ഞിരുന്നത്. എന്നാൽ അപ്പുവിന് ആറു മാസം ഒക്കെ ഉള്ളപ്പോൾ പോലും അവന്റെ ചില അനക്കങ്ങളിൽ എന്റെ മൂത്രം വരെ പോകുമായിരുന്നു... അവന്റെ ഓരോ ചലനങ്ങളിൽ പോലും ഞാൻ വേദന കൊണ്ടു പുളഞ്ഞു. എന്നാലും അവന്റെ വരവിനായി ഞാൻ ഒരുപാട് കൊതിച്ചു.

അവനു വേണ്ടി കുഞ്ഞുടുപ്പുകൾ തുന്നി... ഗർഭകാല പരിചരണ പുസ്തകങ്ങൾ ഒരുപാട് വായിച്ചു. എനിക്ക് ഏറെ ഇഷ്ടമുള്ള കട്ടൻ കാപ്പി വേണ്ടെന്നു വച്ചു. സൂചി കണ്ടാൽ ഓടിയിരുന്ന ഞാൻ അവനായി ഒരുപാട് പ്രൊജസ്‌ട്രോൺ ഇൻജക്ഷനുകൾ വാങ്ങിക്കൂട്ടി.

എന്തു കഴിച്ചാലും ഞാൻ ഛർദിച്ച് അവശയായി തീരുമായിരുന്നു... കിടന്നുറങ്ങാമെന്നു വച്ചാൽ അവൻ ഉറക്കില്ല. ചവിട്ടും കുത്തിനും പുറമേ കാല് വലിച്ചു കൂട്ടൽ... കൈകാൽ മരയ്ക്കൽ. തലകറങ്ങി വീഴ്ച എന്നു വേണ്ട അങ്ങനെ ഓരോ ദിവസം കഴിയുന്തോറും ഓരോരോ കലാപരിപാടികൾ...

അമ്മൂനെ കാണുമ്പോൾ എനിക്ക് സങ്കടം വരും. പാവം എനിക്ക് വയ്യാത്തതുകൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. അവളുടെ പ്രായത്തിൽ ഉള്ള കുട്ടികളുടേതായ വാശികളൊന്നും കാണിച്ച് അവളെന്നെ ബുദ്ധിമുട്ടിച്ചില്ല. 

അങ്ങനെ ഞങ്ങൾ കാത്തിരുന്ന ഒൻപതാം മാസം പടിവാതിക്കൽ എത്തി നിൽക്കേ, പതിവ് ചെക്കപ്പിന് പോയി. അവിടെ ചെന്നപ്പോൾ ഡേറ്റ് അറിയാനായി സ്കാൻ ചെയ്യണമെന്ന് പറഞ്ഞു.

കുഞ്ഞാവയുടെ ഫോട്ടോസ് എടുത്തിട്ട് വരാട്ടോ എന്ന് അമ്മുവിനോട് പറഞ്ഞിട്ട് സ്കാനിംഗിനായി കയറി. സ്കാനിംഗ് തുടങ്ങി. 

സാധാരണ മൂന്ന് ആല്ലെങ്കിൽ നാലുമിനിറ്റിൽ തീരുന്ന സ്കാനിംഗ് പത്തും പതിനഞ്ചും മിനിറ്റ് എടുത്തിട്ടും തീരുന്നില്ല... 

ഡോക്ടറുടെ മുഖത്ത് ഗൗരവം. എന്തോ കാര്യമുണ്ട്. എന്റെ ഹൃദയമിടിപ്പ് വർധിച്ചു. ഡോക്ടർ പിന്നീട് പറഞ്ഞ ഒന്നും ഞാൻ കേട്ടില്ല.

പക്ഷേ പിന്നീടുള്ള ദിവസങ്ങൾ ശരിക്കും നരകതുല്യം ആയിരുന്നു. 

പതുക്കെ ഞാൻ ആ സത്യം മനസ്സിലാക്കി ഞങ്ങളുടെ അപ്പുവിനു ഡയഫ്രമാറ്റിക്ക് ഹെർണിയ എന്ന രോഗം ഉണ്ടെന്നും അവന്റെ തൂക്കം വളരെ കുറവാണെന്നും കുഞ്ഞിന്റെ ജീവൻ ആപത്തിലാണെന്നും. 

പിന്നീടുള്ള ഓരോ നിമിഷവും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായുള്ള ഓട്ടത്തിൽ ആയിരുന്നു. പല തരത്തിലുള്ള ടെസ്റ്റുകൾ... മരുന്നുകൾ...

ആദ്യത്തേത് സദാപ്രസവം ആയിരുന്നെങ്കിലും രണ്ടാമത്തേത് കുഞ്ഞിന് ഒട്ടും പ്രഷർ കൊടുക്കാതെ ഇരിക്കാനായി സിസേറിയൻ മതിയെന്ന് ഡോക്ടർ പറഞ്ഞു, കൂടാതെ കുട്ടി ബ്രീച്ച് ആയിരുന്നു. 

സർജറിക്ക് നാലു ദിവസങ്ങൾക്കു മുൻപേ കോലഞ്ചേരി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയി. തിരക്കു മൂലം റൂം കിട്ടിയില്ല അമ്മുവിനെയും കൊണ്ട് ആ വലിയ വാർഡിൽ ചങ്കിൽ പഞ്ഞി വെച്ചാൽ കത്തുന്ന ടെൻഷനോടെ കഴിച്ചു കൂട്ടി. അങ്ങനെ ആ ദിവസം വന്നു. ആദ്യത്തെ സർജറി തന്നെ എന്റേതായിരുന്നു... കുട്ടിയുടെ നില ഗുരുതരമായിരുന്നതു കൊണ്ട് ഒരുപാട് ഡിപ്പാർട്മെന്റിലെ സീനിയർ ഡോക്ടർമാർ ഉണ്ടായിരുന്നു. സർജറി കഴിഞ്ഞ ഉടനെ കുട്ടിയെ ന്യൂനോട്ടൽ ഐസിയുവിലേക്ക് മാറ്റി. 

സെഡേക്ഷനിലായിരുന്ന ഞാൻ ഉണരുമ്പോൾ എല്ലാം കുട്ടിയേ അന്വേഷിച്ചു. ആരും കാണിച്ചു തന്നില്ല... ഒരു വട്ടം ഞാൻ എന്റെ കുഞ്ഞിന്റെ മുഖം ഒന്നു കണ്ടോട്ടെയെന്ന് എല്ലാവരോടും മാറി മാറി കെഞ്ചി... എന്നിട്ടും ആരും എനിക്ക് അവനെ കാണിച്ചു തന്നില്ല... ഞാൻ ഉണരുമ്പോൾ... അവർ എനിക്ക് സെഡേഷൻ തന്നുകൊണ്ടിരുന്നു... 

ഇടയ്ക്ക് എപ്പോളോ കണ്ണു തുറന്നപ്പോൾ ആരോ എന്നോട് പറഞ്ഞു എന്റെ അപ്പു ഞങ്ങളെ വിട്ടു പോയെന്ന്. കരയാൻ പോലും ശക്തിയില്ലാതെ മരവിച്ചു ഞാൻ കിടന്നു. 

എനിക്ക് അവനെ കാണണം... ഒരു വട്ടം എന്നെ ഒന്ന് കാണിക്കൂ എന്ന് ഒത്തിരി പറഞ്ഞെങ്കിലും എന്റെ ശബ്ദം പോലും എന്നെ തുണച്ചില്ല. 

പിന്നെയും ആരോ അടുത്തു വന്നു പറഞ്ഞു അവനെ വീട്ടിലേക്കു കൊണ്ടു പോകുകയാണെന്ന്. ഞാൻ അലറി അവിടെ നിന്ന എല്ലാവരുടെയും ചെവി പൊട്ടുമാറ് അലറി... എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണിച്ചു താ... ഓരോരുത്തരുടെയും പേര് വിളിച്ചു ഞാൻ അപേക്ഷിച്ചു

"പ്ലീസ് എന്റെ കുഞ്ഞിനെ എനിക്ക് ഒന്ന് കാണിച്ച് താ" എന്ന്. അവസാനം വെള്ള തുണിയിൽ പൊതിഞ്ഞ അവനെ എന്റെ അടുത്തു കൊണ്ടു വന്ന് കിടത്തി. വട്ടം കീറിയ വയറുമായി ഞാൻ അവനെ കാണാനായി ചെരിഞ്ഞു... എന്റെ കൈ ഞാൻ അവന്റെ നീല ഞരമ്പ് തെളിഞ്ഞു നിന്ന നെഞ്ചിൽ വച്ചു. "അപ്പു" എന്നു വിളിച്ചു... മരിച്ച ആൾ ജീവിക്കുമെങ്കിൽ ആ വിളിയിൽ അവൻ എണീറ്റ് വന്നേനെ... പിന്നീട് ഉള്ളതൊന്നും വ്യക്തമായി ഞാൻ ഓർക്കുന്നില്ല. 

എന്നാലും പിന്നീടുള്ള ദിവസങ്ങളിൽ അന്നേ അബോർഷൻ ചെയ്തിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ? വീട്ടുകാരെ ധിക്കരിച്ചു സ്നേഹിച്ചു കെട്ടിയതു കൊണ്ടാണ്. അടുത്തുള്ള കുടുംബക്ഷേത്രത്തിൽ പോകാത്തതു കൊണ്ടാണ് എന്നു തുടങ്ങിയ പല കുത്തലുകളും ഞാൻ കേട്ടു...

ഒരാളുടെ വീഴ്ചയിൽ കുത്താൻ ആളുകൾക്കെന്ത് രസമാണെന്ന് ഞാനറിഞ്ഞു. ആരോടും ഒന്നിനും ഞാൻ മറുപടി പറഞ്ഞില്ല. 

എന്നെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന അമ്മുവിന്റെയും മനസ്സിൽ ഈ സംഭവങ്ങൾ വലിയ ആഘാതമേൽപ്പിച്ചു. അവളെ കൂടി എനിക്ക് നഷ്ടമായാലോ എന്ന പേടിയിൽ പിന്നീട് ഇന്നോളം ഉള്ളിൽ നിന്നും വരാത്ത ചിരിയെ ഞാൻ കൃത്രിമമായി മുഖത്തണിഞ്ഞു. 

അഞ്ചര വർഷങ്ങൾ കഴിഞ്ഞെങ്കിലും അപ്പുവിനെ ഓർത്ത് കരയാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലൂടെ ഇന്നും കടന്ന് പോയിട്ടില്ല. 

ആ എനിക്ക് തൊടുപുഴയിലെ ആ കുട്ടിയെ രണ്ടാനച്ഛൻ സോഫയിൽ നിന്നും നിലത്തേക്ക് വലിച്ചു ചാടിച്ചു ചവിട്ടിയതും, തല ഭിത്തിയിൽ ഇടിക്കുന്നതും നോക്കി നിന്ന ആ സ്ത്രീ അമ്മയാണെന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടലുണ്ടായി!. അവർ ഒരു സ്ത്രീ പോലുമല്ല, ആയിരിക്കില്ല. 

ഒരു സ്ത്രീയ്ക്കും സ്വന്തം കുഞ്ഞിനെയെന്നല്ല മറ്റൊരു കുഞ്ഞിനെ ആണെങ്കിൽപ്പോലും അങ്ങനെ ഒന്നും ചെയ്യുന്നത് നോക്കി നിൽക്കാൻ പറ്റില്ല. 

അതുപോലെ പട്ടിണിക്കിട്ട് കൊന്ന കാര്യത്തിൽ എല്ലാവരും വീട്ടുകാർ അന്വേഷിക്കാത്തതാണ് കാരണം എന്ന് പറയുന്നു. 

അപ്പോൾ വീട്ടുകാർ ഇല്ലാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടു വന്ന് പട്ടിണിക്കിടാം എന്നാണോ?

രണ്ട് സംഭവങ്ങളിലെയും വില്ലൻമാർ ലഹരി ഉത്പന്നങ്ങൾക്ക് അടിമകൾ ആയിരുന്നെന്ന് അറിയാൻ സാധിച്ചു...! അവ പതിവായി ഉപയോഗിക്കുന്നവരിൽ അക്രമ വാസന കൂടി വരുന്നതായി പണ്ടേ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. അവ നിർത്തലാക്കേണ്ട ആവശ്യഗതയെ പറ്റി നമ്മൾ ചിന്തിക്കണം... നമ്മളോ നമ്മുടെ കുഞ്ഞുങ്ങളോ അവ സുലഭമായിരിക്കുവോളം ഈ ലോകത്തിൽ സുരക്ഷിതരല്ല.

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA