ജീവിച്ചു കൊതിതീരാത്ത അവളെ കൊണ്ടുപോകാൻ കാൻസറെത്തിയപ്പോൾ...

girl
പ്രതീകാത്മക ചിത്രം
SHARE

പൂക്കാത്ത പൂമരങ്ങൾ (കഥ)

ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന 'മിയ'യെ ശല്യപ്പെടുത്താതെ മുറി വൃത്തിയാക്കുകയായിരുന്ന 'മാഗി' തൂവെള്ള ബെഡ്ഷീറ്റിലെ രക്തപുഷ്ങ്ങളെ നോക്കി ഒരു നെടുവീർപ്പോടെ അത് ചുരുട്ടിയെടുക്കുമ്പോൾ 'മിയ' തിരിഞ്ഞു നിന്ന് ദയനീയമായി പുഞ്ചിരിച്ചു...

"മാഗിയാന്റീ.. അവനിന്നലെയും വന്നു. രാത്രി ഒട്ടും ഉറങ്ങിയില്ല. എന്റെ തുടകളിലൂടെ ഒഴുകിയിറങ്ങിയ ചുവന്ന ചിത്രങ്ങൾ കണ്ടില്ലേ... വേദന കൊണ്ട് കരയാൻ പോലും വയ്യാതായി"

മാഗിയുടെ കണ്ണുകൾ ഈറനണിഞ്ഞു.. വർഷങ്ങളായി ഒരു അമ്മയുടെ സ്ഥാനമാണ്. മിയ മോളുടെ മമ്മിക്ക് സുഖമില്ലാതായപ്പോൾ രണ്ട് വയസുകാരി മിയയെ നോക്കാൻ അവളുടെ പപ്പ ആൻഡ്രൂസ് വരുത്തിയതാണ് ബന്ധുവായ മാഗിയെ. മിയയുടെ ആറാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടപ്പോൾ മാഗി അവിടെത്തന്നെ താമസമായി.. മിയ വലിയ കുട്ടിയായപ്പോൾ ആൻഡ്രൂസ് വീണ്ടും വിവാഹിതനായി വിദേശത്തു തന്നെയായി താമസം. മമ്മിയുറങ്ങുന്ന മണ്ണും മമ്മിയുടെ മണമുള്ള വീടും അതിനോട് ചേർന്ന ഹോസ്പിറ്റലുമെല്ലാം വിട്ട് പപ്പക്കൊപ്പം പോവാൻ മിയ വിസമ്മതിച്ചു.. വല്ലപ്പോഴും മാത്രമേ പപ്പ മോളെ കാണാൻ വന്നിരുന്നുള്ളൂ.. ഡോക്ടറായിരുന്ന മമ്മിയുടെ ഹോസ്പിറ്റലും അതിനോട് ചേർന്ന പാലിയേറ്റീവ് കെയർ യൂണിറ്റും മിയയാണ് ഒരു ട്രസ്റ്റിന് കൈമാറിയത്.

മാഗി മിയയുടെ നെറ്റിയിലൊന്ന് തലോടിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു...

"ആന്റീ.. ഒരു കറുത്ത നിഴലായി എന്റെ പിറകേയുണ്ടവൻ.. പണ്ടെന്നോ ഒരു സുഹൃത്ത് പറഞ്ഞിരുന്നു, കറുപ്പും ഒരു നിറമാണ്, അതിൽ വർണ്ണങ്ങൾ കാണണമെന്ന്.. എന്നാൽ കറുപ്പ് കാണുമ്പോൾ അറിയാതെ പേടിച്ചു പോവുന്നു. ഈ ജീവിതത്തോട് അത്രയേറെ ഇഷ്ടമാണല്ലോ ആന്റീ.. "

പറഞ്ഞു തീരുമ്പോൾ മിയയുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.

മാഗിയുടെ ഓർമകളിൽ കുഞ്ഞുമിയ കൊഞ്ചലോടെ "നോക്കിയേ ആന്റീ എന്റെ പൂക്കൾ" ന്ന് പറഞ്ഞ് മനോഹരമായി വരച്ച പൂക്കൾ കാണിക്കുന്നു.. പപ്പ വരുമ്പോഴൊക്കെ ചിത്രങ്ങൾ കാണിച്ച് "ഇത് പപ്പക്കു വേണോ മിയ മോളെ എപ്പോഴും ഓർക്കാൻ.." പ്രതീക്ഷകൾ നിറച്ച കുഞ്ഞു കണ്ണുകൾ വിടർത്തിച്ചോദിക്കുന്ന മിയ മോൾ... ഒന്ന് തലോടി ഒന്നും മിണ്ടാതെ ആൻഡ്രൂസ് പോകുമ്പോൾ അവളുടെ മുഖത്തൊരു ചിരി വിടരും.. അവഗണിക്കപ്പെട്ടതിന്റെ നീറ്റൽ മറയ്ക്കാൻ പുറത്തേക്കോടി ആർത്തു ചിരിക്കുന്ന ഒരു പാവം മിയ മോൾ... ഓർക്കുന്തോറും മാഗിയുടെ നെഞ്ചിന് ഒരു വല്ലാത്ത ഭാരമില്ലായ്മ അനുഭവപ്പെട്ടു...

മനോഹരമായി അടുക്കി വെച്ചിരിക്കുന്ന തന്റെ വസ്ത്രങ്ങരോന്നും നോക്കുകയായിരുന്നു മിയ... കൂടുതലും വെള്ളയിൽ പല വർണ്ണപ്പൂക്കളുള്ളത്... "ചേതൻ" പറയാറുണ്ട് വെളുത്ത വസ്ത്രത്തിൽ മിയ ഒരു പൂച്ചക്കുട്ടിയേപ്പോലെ സുന്ദരിയാണെന്ന്. ഹോസ്പിറ്റലും പാലിയേറ്റീവ് കെയർ യൂണിറ്റും അടങ്ങുന്ന ട്രസ്റ്റിന്റെ ചുമതല ചേതനാണ്. അരയ്ക്കു താഴെ തളർന്ന് വീൽ ചെയറിലാണെങ്കിലും ചേതന്റെ മനസ്സിന്റെ ശക്തിയും വേഗതയും അപാരമാണ്.. മിയയുടെ പഠനം പാതി നിർത്തിയ പാട്ടു പോലെ ബാക്കി നിന്നപ്പോൾ ഹോസ്പിറ്റലിലും പാലിയേറ്റീവ് യൂണിറ്റിലും നിത്യ സന്ദർശകയാവുകയായിരുന്നു മിയ..

ഒരു നെടുവീർപ്പോടെ, വെള്ളയിൽ വയലറ്റ് പൂക്കളുള്ള ഫ്രോക്കെടുത്ത് ധരിക്കുമ്പോൾ മിയയുടെ ചുണ്ടിൽ വീണ്ടും നിസ്സഹായതയുടെ പുഞ്ചിരി വിടർന്നു.. തലയിലൂടെ ഒരു സ്കാർഫ് വലിച്ചിട്ട് കണ്ണാടിയിൽ ഒരു നിമിഷം തന്നെത്തന്നെ നോക്കി നിന്നു.. ചുവന്ന ലിപ്സ്റ്റിക്കിന്റെ നനവുള്ള, ആരാലും ചുംബിക്കപ്പെടാത്ത ചുണ്ടുകൾ.. ഉറക്കക്ഷീണത്തിലും ആഗ്രഹങ്ങൾ നിറച്ചു വെച്ച കണ്ണുകൾ.. മാഗിയുടെ കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ നിന്നിരുന്ന ആരോ പെട്ടെന്ന് ഒളിഞ്ഞു നിന്ന പോലെ ഒരു തോന്നലിൽ നെഞ്ചിലൊരു സൂചി കേറിയപോലെ അവളൊന്നു പിടഞ്ഞു...

"മിയാ.. രാത്രി ഒട്ടും ഉറങ്ങിയില്ലല്ലോ.. ഇന്നിനി പോണോ പുറത്തേയ്ക്ക് ?"

"ചേതനെയൊന്ന് കാണണം ആന്റീ.. ഈ വീടുകൂടി ചേർക്കണം ട്രസ്റ്റിലേക്ക്.. "

"പപ്പയോട് പറയണ്ടേ മിയാ.. "

"ഇതെനിക്ക് തന്നപ്പോഴേ ഞാൻ പറഞ്ഞതാണല്ലോ എല്ലാം "

"എന്തിനാണ് മിയാ ഇപ്പോൾത്തന്നെ.. ഇനിയും സമയമുണ്ടല്ലോ"

"എവിടെയാണ് ആന്റീ സമയം..? ഞാൻ കാണുന്നുണ്ട് അവനെ.. എന്റെ പിറകിൽ നിന്നും എപ്പോൾ വേണമെങ്കിലും മുന്നിലേക്ക് കടന്നു വന്ന് ചേർത്തു പിടിച്ചു കൊണ്ടു പോകും എന്നന്നേക്കമായി.. "

മാഗിയുടെ മുഖത്ത് വേദനയും നിസ്സഹായതയും നിറഞ്ഞു നിന്നു..

"എന്താണ് മാഗിയാന്റീ എന്റെ ജീവിതമിങ്ങനെ? വേദനയോടെ ആർത്ത് കരഞ്ഞു മമ്മി പോയപ്പോൾ പപ്പ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു.. പിന്നെ തിരക്കുകളും യാത്രകളുമായി പപ്പ ഒരുപാട് ദൂരെയായി.. ആന്റിയുടെ കൈപിടിച്ചാണ് ഞാൻ ഒരു വലിയ പെണ്ണിലേക്ക് മാറുന്നത്.. പപ്പ തനിച്ചായിപ്പോകുന്നുണ്ടോന്ന് വേദനിച്ചിരുന്നു.. പക്ഷേ പുതിയ മമ്മിയുടെ വരവ് പപ്പയെ മുഴുവനായി നഷ്ടപ്പെടുത്തിയല്ലോ.. "

മാഗി കണ്ണുകൾ നിറച്ച് വാക്കുകൾ നഷ്ടപ്പെട്ട് എങ്ങോട്ടോ നോക്കി നിന്നു... അല്ലെങ്കിലും ഇതിനൊക്കെ എന്തു സമാധാനമാണ് ആ സാധു സ്ത്രീ പറയേണ്ടത് ...

മിയ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.. പല ദിവസങ്ങളിലും വേദനയോടെ തുടകളിലൂടെ ഒലിച്ചിറങ്ങുന്ന ചുവന്ന ചായം ഉടുപ്പിലും നിലത്തും ചിത്രങ്ങൾ തീർക്കാൻ തുടങ്ങിയപ്പോൾ ഹോസ്പിറ്റലിലെ നിത്യസന്ദർശകയായതാണ്.. പല നിറങ്ങളിൽ, പല രൂപത്തിൽ വലിപ്പത്തിൽ വേദന ചെറുക്കാൻ ആയുധങ്ങളെഴുതുന്ന ഡോക്ടർ പോലും സഹതാപത്തോടെ നോക്കുമ്പോൾ അറിയുകയായിരുന്നു നടക്കാൻ ഇനിയും അധികദൂരമില്ലെന്ന്... ഒരു മകനോ മകൾക്കോ പത്ത് മാസം കിടക്കയൊരുക്കേണ്ടിടത്ത് വിത്തുകൾ മുളച്ച് പൊങ്ങിയത് അറിയാൻ തന്നെ വൈകിപ്പോയിരുന്നു.. ജീവനില്ലാത്ത ഉപകരണങ്ങളാൽ കന്യകാത്വം നഷ്ടപ്പെട്ടവളുടെ പിറകേ അന്നു മുതൽ അവനുണ്ട്...

ആ സമയത്താണ് ചേതനെ കൂടുതൽ അറിയുന്നത്.. അന്നേ ഹോസ്പിറ്റലിന്റെ ഒരു വിഹിതം പാലിയേറ്റീവിനുള്ളതായിരുന്നു.. ഒരു പുഞ്ചിരിയോടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ആശ്വസിപ്പിക്കുന്ന ഇരുനിറമുള്ള മനുഷ്യൻ.. ചെറുപ്പത്തിലേ അരയ്ക്ക് താഴെ തളർന്ന് വീൽചെയറിലാണ്...  അവനോട് സംസാരിക്കുമ്പോൾ തനിക്ക് ചിറകുകൾ മുളയ്ക്കുന്നതു പോലെ തോന്നും മിയക്ക്... പാലിയേറ്റീവ് യൂണിറ്റിന്റെ തൊട്ടടുത്ത പള്ളിയിലാണ് മമ്മി ഉറങ്ങുന്നത്.. അതിനാൽത്തന്നെ ആ വഴി പോകുമ്പോഴെല്ലാം മമ്മിയുടെ കല്ലറയിൽ വെക്കാൻ ഒരു പൂവ് കയ്യിൽ കരുതാറുണ്ട്..

മമ്മിയുടെ കല്ലറയിൽ പൂവെച്ച് പ്രാർഥിച്ച് വരുമ്പോൾ ഊർജ്ജം തരുന്ന ഒരു ചിരിയോടെ ചേതൻ കാത്തിരിക്കുന്നുണ്ടായിരുന്നു..

"ഹലോ മിയാ ആൻഡ്രൂസ്.. താങ്കളിന്ന് പതിവിലേറെ സുന്ദരിയായിരിക്കുന്നു. ഈ വെളുത്ത ഫ്രോക്കിൽ ഒരു പൂച്ചക്കുട്ടിയെപ്പോലെ മനോഹരമായിരിക്കുന്നു"

"ഹാ നന്ദി ചേതൻ.. എന്റെ പിറകിൽ കൂടിയവൻ എപ്പോൾ വേണമെങ്കിലും മുന്നിൽ വരാം.. അവനെ സ്വീകരിക്കാൻ ഞാനെപ്പോഴും സുന്ദരിയായിരിക്കണ്ടേ ചേതൻ..'' 

" മിയ ഇന്ന് അപ്സെറ്റ് ആണല്ലോ... ചിരിയിൽ പോലും ഒരു വരൾച്ച പോലെ.. "

"മമ്മിയുടെ കല്ലറയിൽ ഒരു റോസാപ്പൂ വെച്ച് വരികയാണ് ഞാൻ.. ഒരു പൂ എനിക്കാര് വെക്കും ചേതൻ? ഒരു മകനോ മകളോ ഇല്ല.. പപ്പ ഇവിടേക്ക് വരുമോന്ന് തന്നെ അറിയില്ല, മാഗിയാന്റി അവരുടെ വീട്ടിൽ പോകും... അനാഥയാവുമല്ലോ ഞാൻ.. എപ്പോഴെങ്കിലുമൊക്കെ ഒരു കുഞ്ഞുപൂവ് നീ വെക്കുമോ ചേതൻ..?"

"എന്തുപറ്റി മിയാ നിനക്ക്..? ഓരോന്നും ധൃതിവെച്ച് ചെയ്യുന്നു. വീടും ട്രസ്റ്റിലേക്ക് ചേർക്കാൻ ഒരുങ്ങുന്നു. "

"ഇതെല്ലാം ഒരുപാട് മുമ്പേയുള്ള ഇഷ്ടങ്ങളാണ് ചേതൻ.. വർണ്ണസ്വപ്നങ്ങൾ നിറച്ച എന്റെ വീടും ഞാൻ നിങ്ങൾക്കു തരികയാണ്"

"എല്ലാം മിയയുടെ ഇഷ്ടം പോലെ ചെയ്യാനാണ് ആൻഡ്രൂസ് അങ്കിൾ പറഞ്ഞത്.. വലിയ മനസ്സാണ് നിങ്ങൾക്കെല്ലാം "

" മനസ്സു മാത്രമേയുള്ളൂ ചേതൻ... ഒരേ സമയം ഒരു മകളാവാനും ഒരമ്മയാകാനും ആഗ്രഹിക്കുന്ന മനസ്സ്... വേറൊന്നുമില്ല.. തലോടാനും ചേർത്തു പിടിക്കാനും ഉമ്മവെക്കാനും ആരുമില്ല.. മാഗിയാന്റി കൂടെയില്ലായിരുന്നെങ്കിൽ ഞാനെന്നോ ഒരു പടമായ് തൂങ്ങിയേനെ ഇവിടെ " 

പൊട്ടിച്ചിരിച്ചാണ് മിയ പറഞ്ഞു നിർത്തിയത്.. ചേതൻ അവളെത്തന്നെ നോക്കുകയായിരുന്നു. അവൾ ചിറകറ്റു പോയ ഒരു പാവം ചിത്രശലഭം...

"ഹാ ചേതൻ.. എന്തൊക്കെയാണ് പുതിയ വിശേഷങ്ങൾ? സിതാരയുടെ ഓറഞ്ച് പഴുത്ത് പാകമായി വിളവെടുക്കാനായെന്ന് കേട്ടു.. "

" അതേ മിയാ... Pu de orange ൽ എത്തി നിൽക്കുന്ന സ്തനാർബുദം.. മുറിച്ചുമാറ്റാതെ വയ്യല്ലോ"

"സ്ത്രീത്വത്തിലാണല്ലോ ചേതൻ അവൻ വിത്തുകൾ മുളപ്പിക്കുന്നത്.. ചുവന്ന ചായം നിറച്ച് ചിത്രമെഴുതാൻ മാത്രം വിധിക്കപ്പെട്ട എന്റെ ഗർഭപാത്രത്തെ മുറിച്ചുമാറ്റാനും ധൈര്യമില്ലാർക്കും.. അവൻ പിടിവിടില്ലെന്ന്. "

"മിയാ.. സമാധാനമായിരിക്കൂ... വേദനകൾക്കുള്ള മരുന്നാണ് ഇവിടത്തെ പുഞ്ചിരികൾ... ഇവിടത്തെ അന്തേവാസികളോടൊപ്പം നിന്റെ വേദനകൾ കൂടി താങ്ങുവാൻ ശക്തിയുണ്ടെന്റെ തോളുകൾക്ക്... മനസ്സിലെ വേദനകൾ ഇറക്കി വെച്ചോളൂ മിസ് മിയാ ആൻഡ്രൂസ്.."

"എങ്ങനെയാണ് ചേതൻ നീ നിനക്ക് സ്വന്തമല്ലാത്തവരെ ഇത്രയധികം സ്നേഹിക്കുന്നത്?"

"ഞാനാരേയും സ്വന്തമാക്കുന്നില്ല മിയാ.. പകരം ഞാനവർക്ക് സ്വന്തമാവുകയാണ്.. ഈ ജീവനില്ലാത്ത പാതിയുടൽ കൊണ്ട് നടക്കുന്ന ഞാൻ ആരെയും സ്വന്തമാക്കില്ല.. ഞാനവർക്ക് സ്വന്തമാവുന്നതിൽ നിറഞ്ഞ സന്തോഷമാണെനിക്ക്."

"നീയൊരു തണൽ വീടാണ് ചേതൻ.. അവനെന്നെ കൂടെ കൊണ്ടു പോയാൽ എന്റെ വീട് നീ സനാഥരാക്കിയ നിന്റെ കുഞ്ഞുങ്ങൾക്കാണ്.. പൂക്കൾ നിറഞ്ഞ എന്റെ സാമ്രാജ്യത്തിൽ ആ ചിത്രശലഭങ്ങൾ പാറി നടക്കട്ടെ ചേതൻ... പോവുകയാണ് ഞാൻ.. ഇന്ന് വല്ലാതെ തളർന്നിരിക്കുന്നു ഞാൻ.."

സാധാരണ ഒരുപാട് സന്തോഷത്തോടെ യാത്ര പറയാതെ സംസാരിച്ചുകൊണ്ടു തന്നെ നടന്നു പോവാറാണ്. ഇന്ന് പിന്നിൽ നടക്കുന്ന നിഴലിനെ വ്യകതമായി കാണുന്ന പോലെ... തളർച്ചയോടെ വീട്ടിലെത്തിയ മിയ, മാഗി നീട്ടിയ വെള്ളം ആർത്തിയോടെ കുടിച്ച് ബെഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു... വെളുത്ത വസ്ത്രത്തിലെ വയലറ്റ് പൂക്കളോടൊപ്പം ചുവന്ന ചായം പടർന്നു കയറി.. വേദനയോടെ നോക്കുന്ന മിയയുടെ നെറ്റിയിൽ തലോടിക്കൊണ്ടിരുന്ന മാഗിയുടെ കൈകളിൽ അവന്റെ- മരണത്തിന്റെ വിയർപ്പുതുള്ളികൾ തടഞ്ഞു...

നിറങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മിയ ചുവന്ന ചായത്തിനും മരണത്തിന്റെ കറുപ്പിനും മുന്നിൽ വല്ലാതെ തളർന്നു പോയി... പിന്നിൽ നടന്നിരുന്ന കറുത്ത നിഴൽ മുന്നിലേക്ക് വന്ന് തന്നെ ആഞ്ഞു പുൽകുന്നതും, അടിവയറിനുള്ളിൽ ഒരായിരം ഞണ്ടുകൾ ഇറുക്കുന്നതും, ചുവന്ന ചായം വേഗത്തിൽ ചാലുകളായിയൊഴുകി ചിത്രങ്ങൾ തീർക്കുന്നതും അവളറിയുന്നുണ്ടായിരുന്നു.... നെഞ്ചിൽ ഒരായിരം സൂചിക്കുത്തുകളേറ്റു വാങ്ങി അവന്റെ മാറോട് ചേർന്ന് പിടഞ്ഞുപിടഞ്ഞങ്ങനെ ശാന്തമായുറങ്ങി... 

തുറന്നുവെച്ച മിഴികൾ അടപ്പിക്കുമ്പോൾ മാഗിയുടെ നെഞ്ചിലും തൊണ്ടയിലും അടങ്ങാത്ത തേങ്ങലുകൾ ശബ്ദമായും കണ്ണുനീരായും പുറത്തേക്കൊഴുകുകയായിരുന്നു ..

മിയയുടെ ആഗ്രഹം പോലെ മമ്മിയുടെ കല്ലറയ്ക്കടുത്തു തന്നെ അവളെയും അടക്കം ചെയ്യപ്പെട്ടു.. മാഗിയാന്റി നാട്ടിൽ പോവുകയും ആൻഡ്രൂസ് വിദേശത്തേക്ക് തിരിച്ചു പോവുകയും ചെയതു.. 

മിയയുടെ വീട്ടിൽ ചേതന്റെ ചുമതലയിൽ ഒരുപാട് മാലാഖക്കുഞ്ഞുങ്ങൾ താമസത്തിനെത്തി... മിയയുടെ കല്ലറയിൽ പൂക്കൾ വയ്ക്കാൻ കുഞ്ഞുകൈകൾ മത്സരിച്ചു.. ഓർമ ദിവസങ്ങളിൽ ചേതനും കുഞ്ഞുങ്ങളും മിയയുടെ കല്ലറ പലവർണ്ണ പുഷ്പങ്ങളാൽ അലങ്കരിച്ചു.. അപ്പോഴൊക്കെ ചേതന്റെ കാതുകളിൽ ഒരു ശബ്ദം മുഴങ്ങും.. "എനിക്കാരാണ് ചേതൻ പുഷപങ്ങൾ വെക്കാനുള്ളത്? ഒരു മകനോ മകളോ ഇല്ലല്ലോ... എപ്പോഴെങ്കിലുമൊക്കെ നീ വെക്കുമോ ചേതൻ എനിക്കായ് ഒരു പൂ എങ്കിലും...."

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA