sections
MORE

നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാതിരുന്ന ഒരു കാലത്തെ സ്കൂൾവിനോദയാത്രയുടെ ഓർമയ്ക്ക്...

boy-studying
പ്രതീകാത്മക ചിത്രം
SHARE

തിരിച്ചറിവ് (കഥ)

"പപ്പാ അനുസിനെ ഉച്ചൂളിൽ ചേർക്കാൻ പോണില്ലെ?" കാലത്തു തന്നെ മോളുടെ വിളിയിലാണ് ഞാൻ ഉണർന്നത്! രാത്രിയിൽ അമിതമായ മൊബൈൽ ഉപയോഗത്തിൽ ഉറക്കം ശരിയാവാത്തതിലുള്ള ക്ഷീണത്തോടെ എണീറ്റു.

ആ അരുമണി പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ടുള്ള കൊഞ്ചലിലാണ് മോളെ സ്കൂളിൽ ചേർക്കണമല്ലോ എന്ന ബോധോദയം വന്നത്. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് ഞാനും ഭാര്യയും അനുമോളും സ്കൂൾ ലക്ഷ്യമാക്കി യാത്രയായി. വീട്ടിൽ നിന്ന് ബൈക്കിൽ കഷ്ടിച്ച് പതിനഞ്ച് മിനുറ്റ് യാത്ര.

പടുകൂറ്റൻ കെട്ടിടങ്ങൾ.! സ്കൂളോ അതോ മറ്റെന്തെങ്കിലുമാണോ എന്നു മനസിലാക്കാൻ തന്നെ പ്രയാസം. മുന്നിലുള്ള ഗേറ്റ് ഞങ്ങൾക്കു വേണ്ടി മലർക്കെ തുറന്നു. ഭീമാകാരമായ ആ ഗേറ്റ് തുറക്കുമ്പോൾ തന്നെ അന്തരീക്ഷം ശബ്ദമുഖരിതമായി. പാർക്കിംഗ് ഏരിയയിൽ ബുള്ളറ്റ് വെച്ച് ഓഫിസിനെ ലക്ഷ്യമാക്കി നടന്നു.അവിടെ പുതിയ കുട്ടികൾക്കുള്ള അഡ്മിഷന്റെ തിരക്കായിരുന്നു.ഞങ്ങളുടെ ഊഴവും കാത്തിരിപ്പായി കുറച്ചു സമയത്തിനു ശേഷം പ്യുൺ എന്നു തോന്നിക്കുന്ന ഒരാൾ ഞങ്ങളെയും ഓഫിസിലേക്ക് ആനയിച്ചു!

ഹെഡ് ടീച്ചറുടെ വിശാലമായ മുറിയിലേയ്ക്ക് പ്രവേശിച്ച് ടേബിളിനു മുൻപിലെ കസേരയിൽ ഇരുപ്പുറപ്പിച്ചു. ആദ്യം തന്നെ അവർ പറഞ്ഞു തുടങ്ങിയത് സ്കൂൾ ഡോണേഷനും, ഫീസും മറ്റുമായിരുന്നു.! ഒരു വർഷത്തേക്ക് നാൽപ്പതിനായിരം രൂപ അഡ്മിഷൻ ഫീയും, ഇരുപത്തയ്യായിരം രൂപ ഡൊണേഷനും.

എന്ത് നല്ല കൊള്ള.! പോയി പോയി പാവപ്പെട്ടവന് വിദ്യ അപ്രാപ്യമാകുന്ന സമയം വിദൂരമല്ലെന്ന് പറയാതെ പറയുന്ന യുഗം! കുറെ പേപ്പർ പൂരിപ്പിക്കാൻ ഉണ്ടായിരുന്നു. എന്തോ! അതൊക്കെ ഭാര്യയെ ഏൽപിച്ചു മോളെയും കൂട്ടി സ്കൂളിന്റെ പരിസരത്തു കൂടെ കുറച്ചു നടക്കാൻ ഇറങ്ങി.. ഓരോ ക്ലാസ് മുറിക്കു പുറത്തും ഓരോ ചെടിച്ചട്ടിയും പേരിന് ഒരു ചെടിയും ഉണ്ടെന്നല്ലാതെ അവിടെ മരങ്ങളൊന്നും തന്നെ കാണാൻ കഴിഞ്ഞില്ല.

മോള് ഗ്രൗണ്ട് കാണിച്ചു കളിക്കാൻ പോവാൻ നിർബന്ധിച്ചപ്പോൾ അവളെയും കൂട്ടി അവിടെ ചെന്നു. വിശാലമായ കളിസ്ഥലം. പല നിറത്തിലുള്ള പരവതാനി വിരിച്ചു മനോഹരമാക്കിയിരിക്കുന്നു.

മോള് കളിക്കുന്നതും നോക്കി നിന്നപ്പോൾ ഓർമയിൽ എന്റെ പഠനകാലം തെളിഞ്ഞു വന്നു. മനോഹരമായ ഗ്രാമാന്തരീക്ഷത്തിലെ എന്റെ വിദ്യാലയം. കണ്ണുകളിൽ ചെറിയ നനവു പടരുമെങ്കിലും എന്നും ഓർമയിൽ തെളിഞ്ഞു നിൽക്കുന്ന എന്റെ വിദ്യാലയം. ഒരു ദിവസം കാലത്ത് ആദ്യപിരീഡ് കഴിഞ്ഞ് രണ്ടാമത്തെ പിരീഡ് തുടങ്ങാൻ രമേശൻ മാഷ് ക്ലാസിൽ വന്നു. പതിവിനു വിപരീതമായി അന്ന് യാത്ര പോകുന്നതിനെ പറ്റിയും അതിന്റെ ഗുണങ്ങളെ കുറിച്ചും വിശദമായി തന്നെ ക്ലാസ് നടത്തിയിട്ട് ഞങ്ങളോട് എല്ലാരോടുമായി പറഞ്ഞു..

"സ്കൂളിൽ നിന്ന് ഒരു യാത്ര പോവുന്നുണ്ട് ആരൊക്കെയാണ് വരുന്നത് അവരൊക്കെ ക്ലാസ് ലീഡറുടെ കയ്യിൽ പേര് കൊടുക്കണം. ബാക്കി വിശദാംശങ്ങൾ ഒരാഴ്ചക്കുള്ളിൽ നിങ്ങളെ അറിയിക്കും" എന്ന്! അന്ന് ക്ലാസിൽ ഇതു തന്നെയായിരുന്നു ചർച്ച. എവിടെ ആയിരിക്കും എങ്ങനെയായിരിക്കും പോവുന്നത് എന്ന ആകാംക്ഷ.

ഞാൻ സ്കൂൾ വിടാൻവേണ്ടി കാത്തിരിക്കുകയായിരുന്നു എങ്ങനെയെങ്കിലും ഉമ്മയോട് പറയാൻ. ഉമ്മ വിചാരിച്ചാലെ ഉപ്പയെ കൊണ്ടു സമ്മതിപ്പിക്കാൻ പറ്റു. വൈകുന്നേരം അവസാനത്തെ ബെൽ അടിച്ചതും ഒറ്റ ഓട്ടമായിരുന്നു. ഓട്ടത്തിനിടയിൽ പെട്ടിക്കടയിലെ ദാസേട്ടനെ ഒന്ന് നോക്കി ദിവസവും മോരും വെള്ളം അല്ലെങ്കിൽ ജോക്കര മിട്ഠായി വാങ്ങിക്കുന്ന ഞാൻ അന്ന് വാങ്ങാതെ പോവുന്നതിലുള്ള ദേഷ്യം ആ മുഖത്ത് കണ്ട പോലെ തോന്നി! 

അവിടെ നിന്ന് നേരെ കുന്ന് ഇറക്കമായിരുന്നു. ടാർ ചെയ്യാത്ത റോഡ്.. അവിടെ ഇവിടെ കുണ്ടും കുഴിയും ഒക്കെയായി നാടിന്റെ പുരോഗതി വിളിച്ചറിയിക്കുന്ന കാലം. വീട്ടിലെത്തിയപാടെ കൈയിലുള്ള നോട്ടുബുക്കും പുസ്തകവും മൂലയിലേക്ക് എറിഞ്ഞ് ഉമ്മയുടെ അടുക്കലേക്ക് പോയി. ആ കിതപ്പിൽ തന്നെ ഉമ്മാന്നും വിളിച്ച് അകത്തേക്ക് ഓടി... ഉമ്മ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.

"എന്താടാ മോനെ സ്കൂൾ നേരത്തെ വിട്ടോ?"

"ഇല്ലാ ഉമ്മാ എന്നും വിടുന്നതു പോലെ തന്നെ.. എന്തെ...?"

"ഓ എന്റെ മോൻ ഇന്ന് നേരത്തെ വീട്ടിൽ എത്തിയല്ലോ നല്ല കുട്ടി!"

അപ്പോഴാണ് ഞാനും അതോർത്തത്... ശരിയാണ് കൂട്ടുകാരോടൊക്കെ സൊറ പറഞ്ഞ് കോഴിയോടും പൂച്ചയോടും കിന്നരിച്ചു അവസാനമേ വീട്ടിൽ എത്താറുള്ളു എന്ന്.

ഉമ്മാന്റെ അടുത്തുപോയി ഇരിക്കാൻ ചെന്നപ്പോ ഉമ്മ മീൻ വൃത്തിയാക്കുകയായിരുന്നു.ഉപ്പ കൊണ്ടുവന്ന മീൻ അങ്ങനെ തന്നെ പാത്രം നിറച്ചും ഉണ്ടായിരുന്നതു കൊണ്ട് അന്ന് ഉമ്മാന്റെ ജോലിയൊക്കെ തീരാൻ അധികം താമസിച്ചിരുന്നു. ഞാൻ ഉറങ്ങാതെ ഉമ്മയെയും കാത്തിരുന്നു. ഉമ്മ വന്നപാടെ മാഷ്‌ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ വായിൽ കൊള്ളുന്നതു പോലെ ഞാനും അവതരിപ്പിച്ചു. കിടക്കുന്നതിന് മുന്നേ പോകാനുള്ള സമ്മതവും വാങ്ങിച്ചു.

പിന്നീടുള്ള ക്ലാസുകളിൽ ഇതുതന്നെയായിരുന്നു സംസാര വിഷയം. അങ്ങനെ ഒരു വർത്താനത്തിനിടയിലാണ് അടുത്തിരിക്കുന്ന മാഷിന്റെ മോൻ പറയുന്നത് ശ്രദ്ധയിൽ പെട്ടത് .. നൂറു രൂപ വേണമത്രേ ടൂർ പോവാൻ!  

ഇത് കേട്ടതും എന്റെ ഉത്സാഹം അസ്തമിച്ചു. അന്നന്നത്തെ ആഹാരത്തിനുള്ള വകയുമായി വരുന്ന എന്റെ ഉപ്പയോട് എനിക്കിത് പറയാനാകില്ല. എന്റെ ആഗ്രഹം നടത്തിത്തരാൻ കഴിയാതെ ആ കണ്ണുകൾ നിറഞ്ഞാൽ അതെനിക്കു താങ്ങാനാവില്ല.

വൈകുന്നേരം സ്കൂളിൽ നിന്നും വന്ന് വിഷമിച്ചിരിക്കുന്നതു കണ്ട ഉമ്മ കാര്യം അന്വേഷിച്ചു. പൈസയുടെ കാര്യം പറഞ്ഞപ്പോൾ കുറെ നേരം എന്നെ നോക്കിയിരുന്നു.. എന്നെ ചേർത്തിരുത്തി മുടിയിഴയിൽ തലോടി "വിഷമിക്കേണ്ട നമ്മുക്ക് ശ്രമിക്കാം... മോൻ ഒരുപാട് ആഗ്രഹിച്ചതല്ലെ.." എന്നും പറഞ്ഞ് മൂർദ്ധാവിൽ മുത്തം നൽകി.

പിന്നീട് അങ്ങോട്ട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. ഒരു ദിവസ്സം മാഷ് ക്ലാസിൽ വന്നത് കുറേ പേപ്പറും ചാർട്ടും കൊണ്ടായിരുന്നു.

നാളെ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലവും ഓരോരുത്തർ കരുതേണ്ട സാധനവും യാത്രാചെലവിലേക്കുള്ള നൂറു രൂപയും അങ്ങനെ കൂറേ കാര്യങ്ങൾ പറഞ്ഞു..

പതിവിലും നേരത്തെ എഴുന്നേറ്റു സ്കൂളിലേക്കു പോകാൻ തയാറായി ഉമ്മയെ വിളിച്ചു. 'ഉമ്മ' അപ്പുറത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

വിളികേട്ടതും ഓടിക്കിതച്ചു കൈയിൽ കുറച്ചു നോട്ടും ചില്ലറ തുട്ടുകളും ചേർത്ത് എന്റെ കയ്യിലേക്ക് ചൂരുട്ടി പിടിച്ചു തന്നു.

എണ്ണി നോക്കിയപ്പോൾ എൺപതു രൂപ. നിസ്സഹായതയോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കി. ഉമ്മയുടെ കണ്ണുകൾ കലങ്ങിയിരുന്നു.. കൂടുതൽ കരയിക്കണ്ട എന്നുകരുതി അതും വാങ്ങിച്ചു മടിച്ചു മടിച്ചു സ്കൂളിന്റെ പടികടന്നു. കളിമുറ്റത്ത് നടുഭാഗത്തായുള്ള നെല്ലിക്കമരത്തിന്റെ ചോട്ടിലായി പോയി നിന്നു... അവിടെ നിന്ന് നോക്കിയാൽ ടൂർ പോവാനുള്ള ബസ്സും കുട്ടികളുടെ ബഹളവും കാണാൻ പറ്റും.! തണുത്ത ഒരു കരസ്പർശം ഏറ്റപ്പോൾ ഞാൻ സ്ഥലകാല ബോധവാനായി പിന്നിലേക്കു തിരിഞ്ഞു നോക്കി ... മുൻഷി മാഷ്...

"അസ്സലാമു അലൈകും നീ ടൂർന് പോണില്ലേ " 

"വ അലൈകുമുസ്സലാം" ന്ന് പറഞ്ഞ് പരുങ്ങലോടു കൂടി മാഷിന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ വായിൽ നിന്ന് അക്ഷരങ്ങൾ പുറത്തേക്ക് വരുന്നില്ല. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി!

എന്നെയും പൈസ ചുരുട്ടി പിടിച്ചിരുന്ന കൈയിലേക്കും നോക്കിയ മാഷ് എന്റെ മുന്നിലേക്ക് കൈ നീട്ടി. യാന്ത്രികമായി എന്റെ കൈയിലുള്ള കാശ് ഞാൻ മാഷിന്റെ കൈയിൽ വെച്ചുകൊടുത്തു. തന്റെ കൈവെള്ളയിലേയ്ക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കിയ മാഷ് അതു മുഴുവൻ എന്റെ ഉടുപ്പിന്റെ പോക്കറ്റിലേയ്ക്ക് വച്ചു തന്ന് കൈയും പിടിച്ചു രമേശൻ മാഷിന്റെ മുന്നിലേക്കു പോയി. 

എന്നോട് ബസ്സിൽ പോയി ഇരുന്നോളാൻ പറഞ്ഞു. വിശ്വസിക്കണോ വേണ്ടേ എന്ന് അമ്പരന്നു നിന്ന എന്നെ നോക്കുന്ന രമേശൻ മാഷിന്റെ മുഖത്തെ ചിരികണ്ടപ്പോൾ അറിയാതെ ഞാൻ ബസ്സിലേക്ക് ചാടി കയറി. അവിടെ നിന്നും പുറത്തേക്ക് നോക്കിയപ്പോൾ മാഷിന്റെ കണ്ണുകളിലും നനവു പടർന്നിരിക്കുന്നതു കണ്ടു...

ഭാര്യയുടെ കൈ ചുമലിൽ സ്പർശിച്ചപ്പോഴാണ് ഓർമയിൽ നിന്ന് തിരിച്ചു വന്നത്. ആകെ അസ്വസ്ഥമായിരുന്നു മനസ്. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവളെയും മകളെയും കൂട്ടി അവിടെ നിന്നും എന്റെ ആ.. പഴയ വിദ്യാലയത്തിലേയ്ക്ക് പോയി. പടികടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ഞാനറിഞ്ഞു. എന്റെ കുഞ്ഞു പാദങ്ങൾ പതിഞ്ഞ മണ്ണ് എന്റെ അനുമോളെയും വരവേൽക്കുകയായിരുന്നു.. 

ഇലകളിൽ മർമ്മരമുണർത്തി ഒരിളം കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി..! നാടിന്റെ നന്മയും മണ്ണിന്റെ മണവുമറിഞ്ഞ് വളർന്നാലേ ജീവിതത്തിൽ അർഥമുള്ളൂ എന്ന് മനസ് മന്ത്രിച്ചു...

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA