sections
MORE

കുഞ്ഞുങ്ങളാണ്, ക്രൂരത അരുതേ...

sad-girl
SHARE

ഒരു കുഞ്ഞു പൂവ് (കഥ)

പാതിയടഞ്ഞ കണ്ണുകൾ ഇടയ്ക്കിടെ ചിമ്മുന്നുണ്ട്. ദേഹത്തവിടെയിവിടെയായി നഖം കൊണ്ടു പോറിയപോലുള്ള ചോരയിറ്റുന്ന മുറിപ്പാടുകൾ. ഇളം മേനിയാണ്, പിഞ്ചുകുഞ്ഞാണ്‌ കഷ്ടിച്ച് എന്റെ ദേവൂന്റെ പ്രായംകാണും. ഒരു പൂ ഞെരടുന്ന ലാഘവത്തോടെ.. ഒന്നേ നോക്കിയുള്ളൂ, കടവരാന്തയിൽ നൂൽബന്ധമില്ലാതെ ചോരയൊലിക്കുന്ന ദേഹവുമായി കിടക്കുന്നതാണാദ്യം കണ്ടത്. അടുത്ത് കരഞ്ഞിരിക്കുന്ന അമ്മയുടെ കണ്ണിലെനിസ്സഹായാവസ്ഥയാണെന്നെ ഇവിടെ ഈ ആശുപത്രി വരാന്തയിലെത്തിച്ചത്. ഇടയ്ക്കെപ്പോഴോ ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോലെ ആ കുഞ്ഞിക്കണ്ണുകൾ തുറന്നപ്പോൾ ഇത്രയേ പറഞ്ഞുള്ളു   "അമ്മീ.. വോ ദാദാ.."

ഡോക്ടറുടെ ക്യാബിനുള്ളിലേക്കെന്നെ വിളിച്ചപ്പോഴും , അവരുടെ മെഡിക്കൽ സയൻസിലെ കുറെ പദങ്ങൾ എന്റെ മുന്നിൽ നിരത്തി വെച്ചപ്പോഴും മനസ്സിലേക്കോടിയെത്തിയത് ആ കുഞ്ഞുപൂവിന്റെ മുഖം മാത്രമാണ് .പേരറിയാത്ത ആ കുഞ്ഞുപൂവിന്റെ മുഖം. ആ കണ്ണുകളിലെ കുട്ടിത്തം. വേദനകൾക്കിടയിലും ഇടയ്ക്കൊന്നു പുഞ്ചിരിക്കുന്ന ആ മുഖം..

ആശുപത്രിയിൽ നിന്നിറങ്ങാൻ നേരം കുഞ്ഞുപൂവിന്റെ അമ്മയുടെ അടുത്ത് കുറച്ചു നേരം നിന്നു. നിസ്സഹായതയ്ക്കപ്പുറം പേടിയും നിരാശയും ഒറ്റപ്പെട്ടവളുടെ വേദനയും ഞാനാ കണ്ണുകളിൽ കണ്ടു. ഞങ്ങളുടെ ഇടയിൽമൗനം ഇരുട്ടു പോലെ കനത്തു കിടന്നു . ഒന്നും പറയാതെ ഞാൻ ഇറങ്ങി നടന്നു. വീടെത്തിയിട്ടും ആ കുഞ്ഞുപൂവിന്റെ മുഖം മാത്രമായിരുന്നെന്റെ കൺമുന്നിൽ തെളിഞ്ഞത് .

പിറ്റേദിവസവും അതിന്റെ പിറ്റേന്നും പിന്നെ ആ ഒരാഴ്ചക്കാലവും ഞാനാ ആശുപത്രിയിലെ സ്ഥിര സന്ദർശകയായിരുന്നു. ഊരും പേരും അറിയാതിരുന്നിട്ടും എന്തോ വല്ലാത്തൊരാത്മബന്ധം  തോന്നിത്തുടങ്ങിയിരുന്നു .

അന്ന് ചിന്നി ചിണുങ്ങിയൊരു മഴ പെയ്തിറങ്ങിയ  പകൽ , ആശുപത്രി വരാന്തയിലേക്കോടികയറിയ എനിക്ക് മനസ്സു തണുക്കുന്നൊരാ വാർത്ത കേൾക്കാനിടയായി, പുറത്തെ മഴയൊരു അനുഗ്രഹമാണെന്നു തോന്നിപ്പോയനിമിഷങ്ങൾ . എന്റെ കുഞ്ഞുപൂവ് സംസാരിച്ചു തുടങ്ങി . മയക്കം വിട്ടെഴുന്നേറ്റ് അമ്മയെ നോക്കി പുഞ്ചിരിച്ചു . ആ അമ്മയുടെ മുഖത്ത് അന്നു ഞാൻ കണ്ടത് നന്ദിയുടെയും പ്രത്യാശയുടെയും വെളിച്ചമാണ്. ആ സന്തോഷത്തിൽനിന്ന് പുറത്തിറങ്ങിയ ഞാൻ ഡോക്ടറുടെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. ഇനി ഒന്നും പേടിക്കാനില്ലെന്നും ഇത് ഒരു അത്ഭുതമാണെന്നും കട്ടി കണ്ണട വെച്ചുമറച്ച കണ്ണുകൾ കൊണ്ടെന്നെ നോക്കിക്കൊണ്ട് അവർ പറഞ്ഞു. പക്ഷേ, ഇനിയും എനിക്ക് ചെയ്തു തീർക്കാനുണ്ടെന്ന
തോന്നൽ ആ ഒരാഴ്ചക്കാലം മുഴുവൻ എന്റെ മനസ്സിലുള്ളതുകൊണ്ടായിരിക്കാം പുറത്തെ വരാന്തയിലേക്കിറങ്ങി ഞാൻ ഫോണെടുത്തു പണ്ടെന്നോ സേവ് ചെയ്തു വെച്ചൊരു നമ്പറിലേക്ക് വിളിച്ചതും. ഫോണിലൂടെ ഞാൻ ഇത്രയേ പറഞ്ഞുള്ളു " എന്റെ കൂടെ നാലു പേരുണ്ട്, അവർക്കവിടെ ഒരു കുറവും ഉണ്ടായിരിക്കില്ലെന്ന പൂർണ്ണ വിശ്വാസമുണ്ടെനിക്ക് "

നിറഞ്ഞ ചിരിയോടെയാണവർ ഞങ്ങളെ സ്വീകരിച്ചത്. ഉള്ളിലെ പേടികൊണ്ടായിരിക്കാം എന്റെ കൈ മുറുകെ പിടിച്ചാണ് ആ 'അമ്മ നിന്നത്. ഞാൻ അവരുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചുകൊണ്ട് പേടിക്കണ്ടെന്നു പറഞ്ഞു.

അവിടെ നിന്ന് നിറഞ്ഞ മനസ്സുമായാണ് ഞാൻ തിരിച്ചിറങ്ങിയത് . പുറത്ത്അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ഒന്നുറപ്പാണ് ഈ മതിൽക്കെട്ടിനകത്ത് അവർ സുരക്ഷിതരാണ്. ഇതിനപ്പുറത്തെ ലോകത്തെ ഭയന്നാലുംഇവിടം അവർക്കു സ്വർഗ്ഗമാണ്. എന്റെ കുഞ്ഞുപൂവും ആ അമ്മയും ബാക്കി പൂമൊട്ടുകളും നിറഞ്ഞ ചിരിയോടെയെന്നെ യാത്രയാക്കി..പുറത്തെ മഴയ്‌ക്കൊപ്പം ഞാനും നടന്നു,  എന്റെ പൂവിന്റെ അടുത്തേക്ക്...

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA