ADVERTISEMENT

ഭയം (കഥ)

ആദ്യം ഒരു പൊട്ടുപോലെയാണ് കണ്ടു തുടങ്ങിയത്. ഞാൻ അത് കാര്യമാക്കാതെ റിയാദിലെ ഫ്ലാറ്റിൽ എന്റെ പെണ്ണിനോട് ചേർന്നു കിടന്നുറങ്ങി. പിറ്റേന്ന് പതിവ് പോലെ 5 മണിക്ക് അവൾ വിളിച്ചുണർത്തി. 

"എണീക്ക് ഇക്ക, ഇന്നലെയോ ഒഫീസിൽ പോയില്ല. ഇന്നിനി ലേറ്റ് ആക്കാതെ വേഗം റെഡി ആയി പോ."

വിളിച്ചുണർത്തിയിട്ട് അവൾ അടുക്കളയിലേക്ക് പോയ്.

കഷ്ടപ്പെട്ട് കണ്ണ് വലിച്ചു തുറന്നു എണീറ്റു അവൾ കൊണ്ടുതന്ന ചായ കുടിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് ഞാൻ വീണ്ടും ശ്രദ്ധിച്ചത്. പൊട്ടു പോലെ കണ്ട കറുത്ത പുള്ളിയുടെ വലുപ്പം വർദ്ധിച്ചു. ഇപ്പോൾ അത് പൂർണ്ണചന്ദ്രന്റെ അത്ര വലുപ്പം വെച്ചു. എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നിയ പോലെ തോന്നി. 

"എന്താണിത് ? പെട്ടെന്ന് എങ്ങനെ ഇങ്ങനെ ആയി?"

പല ചോദ്യങ്ങൾ ഉത്തരം കിട്ടാതെ മനസ്സിലൂടെ ഓടി കളിച്ചു. എത്രയും പെട്ടെന്ന് കാണിക്കണം. വെച്ചോണ്ടിരുന്നാൽ ശരിയാകില്ല. പല ചിന്തകളാൽ മനസ്സ് അസ്വസ്ഥമായി. വേഗം കുളിച്ചു റെഡിയായി പോകുവാൻ ധൃതി കൂട്ടി ഞാൻ. അവൾ ഒന്നും അറിയരുത് എന്നായിരുന്നു മനസ്സിലെ പ്രാർഥന. അവൾ കണ്ടുപിടിച്ചാൽ കൂടുതൽ തളരുക ഞാൻ തന്നെയായിരിക്കും. അവളുടെ കണ്ണിൽപ്പെടാതെ മുഖത്തെ ടെൻഷൻ മറച്ചു പിടിച്ചു വേഗം ഒഫീസിലേക്കു പോയി. ഒഫീസിൽ എത്തിയിട്ടും ഞാൻ നോക്കികൊണ്ടിരുന്നത് കറുത്ത പുള്ളിയുടെ കടന്നുകയറ്റം ആയിരുന്നു. അതിനു വലുപ്പം വെച്ചുവെച്ചു വന്നുകൊണ്ടേ ഇരുന്നു. സമയം ഇഴഞ്ഞിഴഞ്ഞ് അഞ്ചു മണി ആയതും ബത്തയിലുള്ള എന്റെ സുഹൃത്ത് നൗഫലിനെ വിളിച്ചു . 

"ഡാ നൗഫലെ, ഞാൻ നിന്റെ അടുത്തേയ്ക്കു വരുന്നുണ്ട്. നീ ഡ്യൂട്ടി കഴിഞ്ഞു ക്വാട്ടേഴ്സിലേക്ക് പോകരുത്. അൽപം വൈകിയാലും ഞാൻ എത്തും."

"ശരി ഡാ. ഞാൻ ഹോസ്പിറ്റലിനു മുന്നിലേ കാർ പാർക്കിങ് ഏരിയയിൽ ഉണ്ടാകും. നീ പതുക്കെ വാ." എന്നു പറഞ്ഞ് അവൻ ഫോൺ കട്ടാക്കി.

അവന്റെ അരികിൽ എത്തി ആ കറുത്ത പുള്ളി കാണിച്ചു കൊടുക്കാൻ എന്റെ കാറിനേക്കാൾ വേഗത്തിൽ എന്റെ മനസ്സ് കുതിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. വഴിയിൽ മുഴുവൻ ട്രാഫിക് ബ്ലോക്ക് ആയിരുന്നു. മനപ്പൂർവം ആരോ സൃഷ്ടിച്ചപോലെ തോന്നി. കറുത്ത പുള്ളിയിൽ അൽപ്പാൽപ്പം നിറവിത്യാസം കണ്ടു തുടങ്ങി. വീണ്ടും മനസ്സ് തളർന്നു.

നൗഫലിന്റെ അരികിൽ എത്തിയതും അവൻ എന്നോട് ചോദിച്ചു എവിടെ നിന്റെ കറുത്ത പുള്ളി കാണട്ടെ. 

ഞാൻ തല കുനിച്ചുകൊണ്ട് അവനു കാണിച്ചു കൊടുത്തു. അതു കണ്ട് അവൻ ഞെട്ടി തരിച്ചു.

"ഇനിയിത് വെച്ചോണ്ടിരുന്നിട്ട് കാര്യമില്ല. എത്രയും പെട്ടെന്നു കാണിക്കണം."

" ഇപ്പൊ തന്നെ നമുക്കു പോകണം. കാരണം അവൾ അറിഞ്ഞാൽ പ്രശ്നമാകും. പല തവണ അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. നമുക്കത് വേണ്ട എന്ന്."

ഇതിപ്പോ പെട്ടെന്നു പത്തു രണ്ടായിരം റിയാൽ പോകുന്ന കാര്യമാണ്. എന്തായാലും ചെയ്തതല്ലേ മതിയാകൂ. 

നൗഫൽ പെട്ടെന്നു തന്നെ അവന്റെ കൂട്ടുകാരനെ വിളിച്ചു. അവർ തമ്മിൽ സംസാരിച്ചു. ഫോണിന്റെ സ്പീക്കർ പൊത്തിപിടിച്ചു കൊണ്ട് അവൻ എന്നോട് അടക്കം പറഞ്ഞു. 

"ഷാനെ, ഇന്ന് നടക്കൂല. അവൻ സ്ഥലത്തില്ല. നാളെ ഹോസ്പിറ്റലിൽ വരുമ്പോൾ കാണാം എന്നു പറയുന്നു. എന്താ വേണ്ടത് ."

മനസ്സ് മടുത്തു ഞാൻ പതുക്കെ തലയാട്ടി കൊണ്ട് പറഞ്ഞു. "ശരി നാളെ മതി".

നൗഫൽ ഫോൺ കട്ട് ചെയ്തു എന്റെ  മുഖത്തെ സങ്കടവും ടെൻഷനും കണ്ടു ചോദിച്ചു . " മൂപ്പത്തിയോട് പറഞ്ഞില്ല ല്ലേ".

ഇരുവശത്തേയ്ക്കും തലയാട്ടികൊണ്ട് "ഇല്ല" എന്നു പറഞ്ഞു .

അവന്റെ മുഖത്തും ഭീതിയുടെ നിഴലുകൾ മിന്നിമറയുന്നത് ഞാൻ കണ്ടു. എന്നെ കാറിൽ കയറ്റി വിട്ട ശേഷവും അവൻ അവിടെ തന്നെ നിൽക്കുന്നത് മിറർ റിവ്യൂയിലൂടെ ഞാൻ കണ്ടു. 9 മണി ആയപ്പോഴാണ് തിരിച്ചു ഫ്ലാറ്റിൽ എത്തിയത്. കതക് തുറന്നതും അവളുടെ കൂർപ്പിച്ചുള്ള നോട്ടമാണ് എന്നെ എതിരേറ്റത്. വൈകിയതിലുള്ള രോക്ഷം, അത്രതന്നെ. ഞാൻ അത് അവഗണിച്ചു നേരെ റൂമിൽ ചെന്ന് ഡ്രസ്സ് മാറി സോഫയിൽ വന്നു കിടന്നു. അവൾ അപ്പോഴേക്കും ചായയുമായി വന്നു. ചായ കുടിച്ച് അവളോടായി പറഞ്ഞു. 

"വന്നെന്റെ അടുത്തിരിക്ക്. തല വേദനിക്കുന്നു. തടവി തായോ ".

എന്റെ മുടിയിഴകളിലൂടെ തലോടിയുള്ള അവളുടെ മസ്സാജ് എനിക്ക് ഏറെ പ്രിയമുള്ളതായിരുന്നു. 

"എന്താ ഇക്ക, എന്തു പറ്റി. ഒരു മൂഡ് ഓഫ് പോലെ. എന്തേലും ടെൻഷൻ ഉണ്ടോ. മുഖമൊക്കെ വല്ലാതിരിക്കുന്നു. ഇങ്ങനെ അല്ലാലോ എന്നും ഒഫീസിന്നു വന്നാൽ. എഫ്ബിയിൽ കുത്തിക്കൊണ്ട് ഇരിക്കുന്ന കാണാലോ. ഇന്നെന്തു പറ്റി." 

അവൾ ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു. എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി . പക്െ ഇന്നല്ലേൽ നാളെ അവൾ അറിയും. നാളെയല്ല, ഇന്നു രാത്രി തന്നെ അവൾ അറിയും. അതിലും ഭേദം ഞാൻ പറയുന്നതാണ്. 

ഡി,മോളെ "•••••••••••••••••••••••••••••••" .ഇന്നലെ തൊട്ട് ഉണ്ടായതെല്ലാം പറഞ്ഞു കഴിഞ്ഞ് ഞാൻ പതിയെ അവളുടെ മുഖത്തേയ്ക്കു ദയനീയമായി നോക്കി. ചുവന്ന ചാമ്പക്ക പോലെ മാറിയിരുന്നു അവളുടെ കണ്ണുകൾ.

"#%@%*$*%#%×@" 

അക്ഷരശ്ലോകം കേൾക്കുന്ന പോലെ എന്തോ ഒന്നു കേട്ട് നോക്കുമ്പോൾ ഞാൻ നിലത്താണ്. അവൾ എന്നെ തള്ളി താഴെയിട്ടതാണ്. 

"ഡോ മനുഷ്യാ, നിങ്ങളോട് പല തവണ ഞാൻ പറഞ്ഞതല്ലേ. ആ കുന്തം ഫോൺ വാങ്ങരുതെന്ന്. അപ്പോൾ ഏറ്റവും വില കൂടിയതു തന്നെ വാങ്ങിയാലേ നിങ്ങൾക്ക് ഉറക്കം വരൂ. ഇപ്പൊ അതിന്റെ ഡിസ്പ്ലേ പോയപ്പോ സമാധാനം ആയില്ലേ. രൂപ എത്ര ആകുമെന്നറിയോ ഇനി. അല്ലേൽ തന്നെ ആ കുന്തത്തിന്റെ ഹെഡ്സെറ്റ് പോയി, ചാർജർ പോയി എന്നു പറഞ്ഞു മാസാമാസം ഓരോന്ന് വാങ്ങുന്നുണ്ട്. നിങ്ങൾക്ക് എന്റെ പോലെ പതിനായിരത്തിന്റെ ഒരുഫോൺ വാങ്ങിയാൽ പോരെ. ഫേസ്ബുക്കിൽ ഇട്ട് കുത്താൻ അല്ലാതെ നിങ്ങൾക്കു വേറെ പണി ഒന്നും ഇല്ലല്ലോ. എനിക്കൊരു അയ്യായിരം രൂപ തരുമോ എന്ന് ഇന്നലെ ചോദിച്ചപ്പോൾ നിങ്ങളുടെ കൈയിൽ ഇല്ല. ഇനി ഇത് നന്നാക്കാൻ എവിടുന്നാ കാശ്. എനിക്കൊന്നു കാണണമല്ലോ." 

പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞു. നടുവും തല്ലി വീണ ഞാൻ താലോലിച്ചു ഓമനിച്ചു കൊണ്ട് നടന്ന എന്റെ ഫോണിന്റെ ഡിസ്‌പ്ലേയിലെ കറുത്ത പുള്ളിയെ നോക്കി. അത് ഏകദേശം ഡിസ്പ്ലേ മുഴുവനായി വ്യാപിച്ചു കഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com