ADVERTISEMENT

കുട്ടിക്കാലത്ത് ചുരത്തിലെ മഞ്ഞു പാളികൾക്കിടയിലൂടെ ആന വണ്ടിയിൽ തണുത്തുവിറച്ചു പോകുമ്പോൾ തോന്നാറുണ്ട് ആരാണപ്പാ ഈ കുത്തിറക്കം ഇങ്ങനെ പണിഞ്ഞു വച്ചതെന്ന്.. അന്നൊക്കെ അച്ഛൻ മടിയിലിരുത്തി കരിന്തണ്ടനെ പറ്റി പറയാറുണ്ട്...

ഒത്ത വണ്ണമുള്ള ദൃഢമായ പേശികളുള്ള എണ്ണ കറുപ്പാർന്ന കരിന്തണ്ടൻ. കേട്ടിരിക്കാൻ നല്ല രസമാണ്. പക്ഷേ ഇംഗ്ലിഷുകാരുടെ തോക്കിൻ മുനയിൽ കരിന്തണ്ടൻ മരിച്ചതറിഞ്ഞപ്പോൾ അന്നൊക്കെ സങ്കടം തോന്നിയിരുന്നു. ഇപ്പോൾ വീണ്ടും അച്ഛൻ പറഞ്ഞു തന്ന ആ കഥകൾ ഒന്നു കൂടി ഓർത്തു പോകുന്നു. 

അവിചാരിതമായാണ് സനൽ കൃഷ്ണ എഴുതിയ കരിന്തണ്ടൻ നോവൽ വായിച്ചത്... കരിന്തണ്ടനെപ്പറ്റി ഇതുവരെ കേട്ടതിലും മനോഹരമായ കൂട്ടിച്ചേർക്കലുകൾ.. 'കലിങ്ങ' അവൾ കരിന്തണ്ടനെ മനസാവരിച്ച കാട്ടുപെണ്ണാണ്. അവളുടെ നഷ്‌ടമായ മാനം കാടിന്റെ കണ്ണുനീര് കൂടിയാണ്. വേലപ്പാച്ചൻ എന്ന എന്തിനും കൂട്ടു പോരുന്ന ഉറ്റ ചങ്ങാതി, ഇംഗ്ലിഷുകാരനായ എൻജിനീയർ റോബർട്ട് വില്യം, കരിന്തണ്ടനെ വധിച്ച കേണൽ മക്ളോദ്, റോബർട്ട് അബർ കോമ്പി, കേണൽ ഹംബർ സ്റ്റോൺ, കൂടെ നിന്നു ചതിച്ച തങ്കൻ എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും വേറിട്ട അനുഭവമായി.

1750 മുതലുള്ള ഓരോ കാലഘട്ടങ്ങളും വിശദമായി പ്രതിപാദിച്ചതിനൊപ്പം അഘോരികളിലൂടെ കഥ പറഞ്ഞു പോയത് വ്യത്യസ്തമായ വായനാനുഭവം നൽകി. ഇപ്പോൾ ചുരം വഴി പോകുമ്പോൾ ഓർക്കുന്നു.. ചതിയൻ കണ്ണുകളുള്ള ഇംഗ്ലിഷുകാരെ.. മാനം നഷ്ടപ്പെട്ട കാട്ടു പെണ്ണിനെ ... തോക്കിൻ കുഴലിൽ വീര ചരമം പൂകിയ വേലപ്പാച്ചനെ... എല്ലാത്തിലുമുപരി ചങ്ങലക്കെട്ടിനുള്ളിൽ വീർപ്പുമുട്ടുന്ന പ്രിയപ്പെട്ട കരിന്തണ്ടനെ....

സനിൽ കൃഷ്ണ എഴുതിയ നോവൽ ഒലിവ് പബ്ലിക്കേഷനാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com